SignIn
Kerala Kaumudi Online
Wednesday, 22 September 2021 11.46 PM IST

ഹരികൃഷ്ണയുടെ പ്രേമം രതീഷിനെ കൊടും ക്രൂരനാക്കി !!

hari

ആലപ്പുഴ : ഭാര്യയ്ക്കൊപ്പം ഭാര്യാസഹോദരിയെയും മനസിൽ കുടിയിരുത്തുകയും ഇംഗിതത്തിന് വഴങ്ങാതെ വന്നപ്പോൾ കൊലപ്പെടുത്തുകയും ചെയ്ത കടക്കരപ്പള്ളി പുത്തൻകാട്ടുങ്കൽ രതീഷ് (ഉണ്ണി – 40) നാട്ടിൽ നിസാരക്കാരനല്ല. ഒളിഞ്ഞുനോട്ടത്തിൽ നാട്ടിൽ കുപ്രസിദ്ധനായിരുന്ന രതീഷിന്റെ മനോവൈകല്യങ്ങളിലും ക്രിമിനൽ ചിന്താഗതിയിലും വിവാഹശേഷവും മാറ്റം വന്നിട്ടില്ലെന്നതിന്റെ തെളിവാണ് ഭാര്യയുടെ സഹോദരിയായ കടക്കരപ്പള്ളി തളിശേരിത്തറ ഉല്ലാസ്- സുവർണ ദമ്പതികളുടെ ഇളയമകളായ ഹരികൃഷ്ണയെ (25) കൊലപ്പെടുത്തിയശേഷം നടത്തിയ മാനഭംഗം. പത്താംക്ളാസ് കഴിഞ്ഞ് നാട്ടിൽ ചുറ്റിത്തിരിഞ്ഞ രതീഷ്,​ വാഹനങ്ങളുടെ പാച്ച് വാർക്കും സ്‌പ്രേ പെയിന്റിംഗ് ജോലികളും പഠിക്കാനാണ് താൽപ്പര്യപ്പെട്ടത്. ഇക്കാലത്ത് നാട്ടിൽ സ്ഥിരം പ്രശ്നക്കാരനായിരുന്നു ഇയാൾ. സ്ത്രീകൾ തനിച്ച് താമസിക്കുന്ന വീടുകളിലെത്തി കുളിപ്പുരകളിലും കിടപ്പുമുറികളും ഒളിഞ്ഞുനോട്ടവും സ്ത്രീകളെയും പെൺകുട്ടികളെയും ശല്യപ്പെടുത്തലുമൊക്കെയായി നാട്ടിലെ സ്ഥിരം പ്രശ്നക്കാരൻ.

സ്ത്രീകളെ ശല്യപ്പെടുത്തിയതിനും ഒളിഞ്ഞുനോക്കിയതിനും നിരവധി തവണ നാട്ടുകാരുടെ കൈയുടെ ചൂടറിഞ്ഞ രതീഷ്,​ വീട്ടുകാർക്കും തലവേദനയായതോടെയാണ് വിസ സംഘടിപ്പിച്ച് ഗൾഫിലേക്ക് കയറ്റ് വിട്ടത്. മൂന്നുവർഷത്തോളം ഗൾഫിൽ ജോലിനോക്കി നാട്ടിൽ വന്നശേഷമാണ് നഴ്സിംഗ് കഴിഞ്ഞ് നിൽക്കുകയായിരുന്ന നീതുവിന്റെ വീട്ടിൽ വിവാഹാലോചനയുമായെത്തിയത്. ബ്രോക്കർ മുഖാന്തിരമായിരുന്നു ആലോചന.

ഗൾഫിൽ ജോലിയുള്ളതിനാലും വീടും തരക്കേടില്ലാത്ത ചുറ്റുപാടും പരസ്പരം അറിയുന്ന ആളുകളുമായതിനാൽ വീടിന് കഷ്ടിച്ച് രണ്ട് കിലോമീറ്റർ അകലം മാത്രമുള്ള രതീഷിന്റെ ആലോചന വീട്ടുകാർ ഉറപ്പിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഏതാനും മാസം കൂടി നാട്ടിൽ ചുറ്റിക്കറങ്ങിയശേഷം വീണ്ടും രതീഷ് ഗൾഫിലേക്ക് മടങ്ങിയെങ്കിലും രണ്ടുവർഷം പൂർത്തിയാകും മുമ്പേ തിരികെപോന്നു. പിന്നീടാണ് നാട്ടിലെ വർക്ക് ഷോപ്പുകളിൽ ജോലിക്ക് പോയിത്തുടങ്ങിയത്. ഗൾഫ് ജീവിതത്തിൽ നിന്നുണ്ടായ തുച്ഛമായ സമ്പാദ്യത്തിനൊപ്പം നീതുവിന്റെ വീട്ടിൽ നിന്ന് ലഭിച്ച സ്ത്രീധന പണവും ചേർത്താണ് ഇവർ‌ ഇപ്പോൾ താമസിക്കുന്ന വീട് വാങ്ങിയത്.

ചീന്തിയെറിഞ്ഞത്

ഒരു കുടുംബത്തിന്റെ സ്വപ്നം

ഏറെ പ്രതീക്ഷകളോടെ രണ്ട് പെൺമക്കളെ പഠിപ്പിച്ച് നല്ലനിലയിലാക്കിയ മാതാപിതാക്കളുടെ സ്വപ്നങ്ങളാണ് രതീഷിന്റെ കൊടുംക്രൂരതയിൽ തകർന്നത്. ഹരികൃഷ്‌ണയുടെ ചേച്ചി നീതുവിന്‌ സമാനതകളില്ലാത്ത ദുഃഖമാണ്‌ ഭർത്താവ്‌ രതീഷ്‌ സമ്മാനിച്ചത്‌. സഹോദരിയുടെ കൊലപാതകിയായി ഭർത്താവ്‌ മാറുമെന്ന്‌ അവർ സ്വപ്‌നത്തിൽ പോലും പ്രതീക്ഷിച്ചതല്ല. രണ്ട്‌ കുട്ടികളും ഉൾക്കൊള്ളുന്ന കുടുംബം പോറ്റാനായി എറണാകുളത്ത്‌ സ്വകാര്യ ആശുപത്രിയിൽ നഴ്‌സ്‌ ജോലി നോക്കുകയായിരുന്നു നീതു. അവർ ജോലിക്കുപോയ രാത്രിയാണ്‌ സ്വന്തംവീട്‌ ഭർത്താവ്‌ കൊലക്കളമാക്കിയത്‌. മാതാപിതാക്കൾ കൂലിപ്പണിയെടുത്താണ്‌ നീതുവിനെയും ഹരികൃഷ്ണയെയും വളർത്തിയതും പഠിപ്പിച്ചതും. നിർമ്മാണത്തൊഴിലാളിയായിരുന്ന അച്ഛൻ ഉല്ലാസ്‌ കുറേക്കാലമായി അസുഖം കാരണം പണിയെടുക്കാനാകാത്ത അവസ്ഥയിലാണ്‌. തയ്യൽ തൊഴിലാളിയാണ്‌ അമ്മ സുവർണ. ഹരികൃഷ്‌ണയ്‌ക്ക്‌ ആലപ്പുഴ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ താൽക്കാലിക നഴ്‌സ്‌ ജോലി ലഭിച്ചത്‌ കുടുംബത്തിന്‌ അനുഗ്രഹമായി. അദ്ധ്വാനിച്ച്‌ മിച്ചംവച്ചിരുന്ന പണം വിനിയോഗിച്ചാണ്‌ മൂത്തമകളുടെ വിവാഹം നടത്തിയത്‌. ഹരികൃഷ്ണയെയും നല്ലനിലയിൽ വിവാഹം ചെയ്ത് അയക്കണമെന്ന ചിന്തയിലായിരുന്നു അച്ഛനമ്മമാർ. ആൺമക്കളില്ലാത്ത തങ്ങൾക്ക്‌ മകന്‌ തുല്യമായ സാന്നിദ്ധ്യമാകുമെന്ന പ്രതീക്ഷയോടെയാണ്‌ രതീഷും നീതുവും തമ്മിലുള്ള വിവാഹം നടത്തിയത്‌. പക്ഷെ, സ്വപ്‌നമെല്ലാം ശനിയാഴ്‌ച പുലർച്ചെ തകർന്നടിഞ്ഞു. രതീഷ്‌ ഇളയമകളുടെ ജീവനെടുത്തത്‌ അറിഞ്ഞത് മുതൽ നെഞ്ചുപിളരുന്ന വേദനയിലാണ്‌ ഈ അച്ഛനും അമ്മയും. വിവാഹപ്രായമെത്തിയതോടെയാണ് ഹരികൃഷ്ണയിൽ രതീഷിന്റെ കഴുകൻ കണ്ണുകൾ വീണത്. ആശുപത്രിയിൽ നിന്ന് ജോലി കഴിഞ്ഞ് താമസിച്ച് വരുമ്പോഴും മറ്റും ഹരികൃഷ്ണയെ വിളിക്കാൻ പോകുകയും ചിലപ്പോൾ രാവിലെ കൊണ്ടുവിടുകയും മറ്റും ചെയ്തിരുന്ന രതീഷിന്റെ ഉള്ളിൽ ദുഷ്ചിന്ത ഒളിഞ്ഞിരിക്കുന്ന കാര്യം നീതുവോ,​ വീട്ടുകാരോ അറിഞ്ഞിരുന്നില്ല. നീതുവിനോടെന്ന പോലെ സ്വാതന്ത്ര്യത്തിലായിരുന്നു ഹരികൃഷ്ണയോടും വീട്ടുകാരുടെ സാന്നിദ്ധ്യത്തിൽ പോലും രതീഷ് ഇടപെട്ടിരുന്നത്. പരസ്യമായുള്ള സംസാരത്തിലോ പെരുമാറ്റത്തിലോ ആർക്കും അസ്വാഭാവികത തോന്നിയിരുന്നില്ല. എന്നാൽ,​ കഴിഞ്ഞ കുറേ നാളുകളായി ഹരികൃഷ്ണയുടെ കാര്യങ്ങളിൽ രതീഷിന് അമിത ഉത്കണ്ഠയും താൽപ്പര്യവുമായി. ഹരികൃഷ്ണ ആശുപത്രിയിൽ നിന്ന് ഇറങ്ങാൻ വൈകിയാലോ അവളുടെ ഫോൺ തിരക്കിലാണെന്ന് അറിഞ്ഞാലോ രതീഷ് അസ്വസ്ഥനാകുമായിരുന്നു. ഫോണിൽ ആരോടാണ് സംസാരിച്ചതെന്നും ഡ്യൂട്ടികഴിഞ്ഞിറങ്ങാൻ വൈകുന്നതെന്താണെന്നും മറ്റും ചോദ്യം ചെയ്യും.

അരുതാത്ത അടുപ്പം

അടങ്ങാത്ത അഭിനിവേശം

ഹരികൃഷ്ണയ്ക്ക് വിവാഹ ആലോചനയ്ക്കായി വീട്ടുകാർ‌ ബ്രോക്കർമാരോടും മറ്റും കാര്യങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കെയാണ് അവൾക്ക് ഒപ്പം ജോലിചെയ്യുന്ന ഒരാളുമായി അടുപ്പമുണ്ടെന്ന വിവരം രഹസ്യമായി രതീഷിന്റെ ചെവിയിലെത്തിയത്. ഇത് അറിഞ്ഞതുമുതൽ സഹിക്കാനാകാതിരുന്ന രതീഷ് സംഭവദിവസം അവളെ ചേ‌ർത്തല തങ്കിക്കവലയിലെ ബസ് സ്റ്റോപ്പിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകാനെന്ന വ്യാജേന ബൈക്കിൽ കയറ്റിയത് മുതൽ ഇതേപ്പറ്റിയായിരുന്നു ചോദ്യം മുഴുവൻ. രതീഷിനെ തനിക്ക് ആനിലയിൽ കാണാനാകില്ലെന്നും തനിക്ക് അയാളുമായി അടുപ്പമുണ്ടെന്നും സമ്മതിച്ച ഹരികൃഷ്ണയെ യാത്രയ്ക്കിടെ ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. രതീഷിന്റെ ശകാരം സഹിക്കവയ്യാതെ ബൈക്കിൽ നിന്ന് ചാടുമെന്ന് ഹരികൃഷ്ണ ഭീഷണിപ്പെടുത്തിയെങ്കിലും നമുക്ക് വീട്ടിലിരുന്ന് ഇതേപ്പറ്റി സംസാരിച്ചിട്ട് പോകാമെന്ന് പറഞ്ഞാണ് കൊലപാതകം നടന്ന വീട്ടിലേക്ക് രതീഷ് അവളുമായെത്തിയത്. വീട്ടിലിരുന്ന് ഇത് സംബന്ധിച്ച് സംസാരിക്കുന്നതിനിടെ ഹരികൃഷ്ണ തന്റെ നിലപാടിൽ ഉറച്ചുനിന്നത് രതീഷിന് സഹിക്കാനായില്ല. കൈചുരുട്ടി അവളുടെ മുഖത്ത് ഇടിക്കുകയും കഴുത്തിന് കുത്തിപ്പിടിച്ച് ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തതോടെ അവൾ ബോധരഹിതയായി. ബോധം നഷ്ടപ്പെട്ട ഹരികൃഷ്ണയെ മാനഭംഗത്തിനിരയാക്കി. തുടർന്ന് മൃതദേഹം കുഴിച്ചുമൂടാനായിരുന്നു രതീഷിന്റെ നീക്കം. മൃതദേഹത്തെ മുറ്റത്തേക്ക് വലിച്ചിഴച്ചെങ്കിലും മഴകാരണം കുഴിച്ച് മൂടാനായില്ല. തുടർന്ന്

വീണ്ടും വീട്ടിനുള്ളിലെത്തിച്ച ശേഷം ഇയാൾ മുങ്ങുകയായിരുന്നു.

ജോലികഴിഞ്ഞ് ഹരികൃഷ്ണ വീട്ടിലെത്താതിരിക്കുകയും അവളെ ബസ് സ്റ്റോപ്പിൽ നിന്ന് കൂട്ടിക്കൊണ്ടുവരാറുണ്ടായിരുന്ന രതീഷിന്റെ മറുപടിയിലെ വൈരുദ്ധ്യവും കാരണം ഇവരുടെ വീട്ടിൽ തെരച്ചിൽ നടത്തുമ്പോഴാണ് മൃതദേഹം വീട്ടിൽ നിന്ന് കണ്ടെത്തിയത്. കൊലപാതകത്തിന്റെ ഗൂഢാലോചനയും ആസൂത്രണവുമുൾപ്പെടെയുള്ള കാര്യങ്ങളിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് കണ്ടെത്താനും കൂടുതൽ ചോദ്യം ചെയ്യാനും രതീഷിനെ വരും ദിവസങ്ങളിൽ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, CRIME
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.