ഇടുക്കി: മക്കളുടെ എണ്ണം കൂടിയാൽ സ്കോളർഷിപ്പ് നൽകാൻ ഇടുക്കി രൂപതയ്ക്ക് കീഴിലെ വിദ്യാലയം. കുഞ്ചിത്തണ്ണി ഹോളി ഫാമിലി പബ്ലിക് സ്കൂളിലാണ് രണ്ട് മക്കളിൽ കൂടുതലുള്ള കുടുംബത്തിന് മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ പേരിൽ സ്കോളർഷിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
മൂന്നാമത്തെ കുട്ടിയ്ക്ക് പകുതി ഫീസ്. നാലാമത്തേത് മുതലുള്ള കുട്ടികൾക്ക് സൗജന്യ പഠനം. ഇടുക്കി രൂപതാ മെത്രാനായിരുന്ന അന്തരിച്ച ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ പേരിലാണ് സ്കോളർഷിപ്പ്. ഈ വർഷം മുതൽ ആനുകൂല്യം ലഭിക്കും. കൂടുതൽ മക്കളുള്ള കുടുംബങ്ങൾക്ക് ആനുകൂല്യം പ്രഖ്യാപിച്ച പാലാ രൂപതയുടെ നടപടിയുടെ തുടർച്ചയാണ് തീരുമാനമെന്ന് സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ പറഞ്ഞു. അണു കുടുംബങ്ങളിലെ കുട്ടികൾ നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. കുട്ടികൾ കൂടുതലുള്ള കുടുംബമാണ് മികച്ച സമൂഹത്തിനാവശ്യം. രൂപതയിലെ മറ്റ് സ്കൂളുകളിലേക്കും ഇത് വ്യാപിപ്പിക്കാവുന്നതാണെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കൺവീനർ കൂടിയായ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |