SignIn
Kerala Kaumudi Online
Thursday, 25 April 2024 5.11 AM IST

കാട്ടുകള്ളൻമാർക്കായി ചരടു വലിച്ചവരെയും പുറത്തുചാടിക്കണം

muttil

വനംകൊള്ളയിൽ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തു വന്നിരിക്കുന്നതെന്ന് സർക്കാർ തുടക്കത്തിലെ ഹൈക്കോടതിയിൽ സ്വീകരിച്ച നിലപാട് ഒരു കുറ്റസമ്മതമായിരുന്നു. ചെറിയ കണ്ണികളാണ് പുറത്തുവന്നിരിക്കുന്നതെന്നും കൊള്ളക്കാർ മറ്റാരോ ആണെന്നും പറഞ്ഞുവച്ചു. എന്നാൽ, ഭരണപരമായ ഭാഗത്തുനിന്ന് വന്ന വീഴ്ചകളാണ് വനംകൊള്ളകാർക്ക് കുടപിടിച്ചിരിക്കുന്നതെന്ന ഹൈക്കോടതിയുടെ വിലയിരുത്തൽ വലിയൊരു മാഫിയയെ തുറന്നുകാട്ടുകയാണ്. നിയമങ്ങളും ചട്ടങ്ങളും മറികടന്നുകൊണ്ടുള്ള ഉത്തരവുകൾ ഇറക്കുന്നത് ആർക്കു വേണ്ടിയെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അറിയാതെ ഇത്തരത്തിലുള്ള ഉത്തരവുകൾ പുറത്തിറങ്ങുന്നത് എങ്ങനെയെന്ന ചോദ്യത്തിനാണ് സർക്കാർ ഇനി മറുപടി നൽകേണ്ടത്. അടുത്തകാലത്ത് നടന്ന ഏറ്റവും വലിയ വനം കൊള്ളയാണിതെന്ന് സർക്കാർ വ്യക്തമാക്കുമ്പോഴും ഇപ്പോഴും യഥാർത്ഥ വസ്തുതകൾ പുറത്തുവന്നിട്ടില്ല.

വയനാട് മേപ്പാടി ഫോറസ്റ്റ് റേഞ്ചിലെ മുട്ടിൽ സൗത്ത് വില്ലേജിൽ ആദിവാസികൾക്ക് ഉൾപ്പെടെ പതിച്ചു നൽകിയ ഭൂമിയിലെ ഈട്ടിമരങ്ങൾ മുറിച്ചുകടത്തിയത് പുറത്തു വന്നതോടെയാണ് അടുത്തകാലത്തെ ഏറ്റവും വലിയ വനംകൊള്ളയുടെ കെട്ടഴിഞ്ഞത്. കൂടുതൽ ജില്ലകളിലെ വനം കൊള്ളയും പതുക്കെ പുറത്തുവന്നു. വയനാട്ടിലെ 101 ഈട്ടി മരങ്ങൾക്ക് പുറമേ തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിലായി 1700 ലധികം മരങ്ങളും മുറിച്ചുകടത്തിയെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ.

മരംകൊള്ളയ്ക്ക് പിന്നിൽ വലിയ മാഫിയയാണെന്ന കാര്യത്തിൽ തർക്കമില്ല. അവരിലെ ഇടനിലക്കാർ മാത്രമാണ് ഇപ്പോൾ ചിത്രത്തിലുള്ളത്. ഭരണഉദ്യോഗതലങ്ങളിൽ പിടിമുറുക്കിയ കാട്ടുകള്ളന്മാർ തിരശീലയ്ക്ക് പിന്നിലാണ്. അവരെ പുറത്തു കൊണ്ടുവരിക തന്നെ വേണം. അതിനായുള്ള ധീരവും ശക്തവുമായ നടപടികൾ വൈകുന്നത് ആശങ്ക ജനിപ്പിക്കുന്നു.

നിയമങ്ങളും ചട്ടങ്ങളും മറികടന്ന് പട്ടയഭൂമിയിലെ മരം മുറിക്കാൻ സർക്കാർ ഭരണപരമായ ഉത്തരവു നൽകിയത് അലോസരപ്പെടുത്തുന്നതാണെന്നാണ് ഹൈക്കോടതിയുടെ കഴിഞ്ഞ ദിവസത്തെ പ്രധാന നിരീക്ഷണം. മുട്ടിൽ മരംമുറിക്കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യഹർജികൾ തള്ളികൊണ്ടായിരുന്നു ജസ്റ്റിസ് കെ. ഹരിപാലിന്റെ വിലയിരുത്തൽ. വയനാട് വാഴവറ്റ സ്വദേശികളും സഹോദരങ്ങളുമായ ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് സിംഗിൾ ബെഞ്ച് തള്ളിയത്. ഹർജിക്കാരുടെ കരങ്ങൾ ശുദ്ധമല്ലെന്ന് കോടതി തുറന്നടിച്ചു. പ്രതികൾ ഉദ്യോഗസ്ഥരെ സ്വാധീനിച്ചും രേഖകളിൽ കൃത്രിമം കാട്ടിയുമാണ് മരം മുറിച്ചു കടത്തിയത്. മരം മുറിക്ക് അനുമതി നൽകിയ മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസറുടെ നടപടികൾ ശരിയല്ല. പ്രതികളുടെ താളത്തിനൊത്ത് തുള്ളിയ വില്ലേജ് ഓഫീസർ അനുമതി നൽകാൻ കഴിയുന്ന രീതികളെല്ലാം പരീക്ഷിച്ചു. മരം മുറിയുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കിയതും യഥാർത്ഥപ്രതിയും സർക്കാരാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. 10,000 ക്യുബിക് അടി ഈട്ടിത്തടി വാഗ്ദാനം ചെയ്ത് റോജി 1.40 കോടി രൂപ മലബാർ ടിംബേഴ്‌സിൽ നിന്ന് വാങ്ങിയതായി ഫോറസ്റ്റ് ഓഫീസറുടെ റിപ്പോർട്ടിലും പറയുന്നു. എങ്ങനെയാണ് ഇത്രയും തടി ലഭ്യമാക്കുകയെന്നാണ് ഹൈക്കോടതിയുടെ ചോദ്യം. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഇതിനുള്ള ഉത്തരം ലഭിക്കുമെന്ന് കരുതാം. അന്വേഷണങ്ങളെ അട്ടിമറിക്കാൻ കെല്പുള്ളവരാണ് വനം മാഫിയ. അവർക്ക് മുന്നിൽ മുട്ടുമടക്കാതെയുള്ള ധീരമായ അന്വേഷണമാണ് വേണ്ടത്. എത്ര ഉന്നതരായാലും അവരെ പുകച്ചു പുറത്തു ചാടിച്ചാൽ മാത്രമേ സമാന സംഭവങ്ങൾ ഇനി അരങ്ങേറാതിരിക്കൂ.

വയനാട്ടിലെ മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് ഹർജിക്കാർ ഈട്ടിത്തടിയുൾപ്പെടെ മുറിച്ചു കടത്തിയെന്നാണ് കേസ്. മരം മുറിക്കാൻ അനുമതി നൽകുന്ന സർക്കാർ ഉത്തരവനുസരിച്ചാണ് മരങ്ങൾ മുറിച്ചതെന്നും വനഭൂമിയിൽ നിന്ന് മരം മുറിച്ചില്ലെന്നും ഹർജിക്കാർ വാദിച്ചു. പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി ഇതിനെ എതിർത്തു. റിസർവ് വനമേഖലയിൽ നിന്നുൾപ്പെടെ മരം മുറിച്ചെന്നും അഴിമതിക്കു കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി ആരംഭിച്ചെന്നും വിശദീകരിച്ചു. മരംമുറിയുമായി ബന്ധപ്പെട്ട 43 കേസുകളിൽ 37 എണ്ണത്തിൽ റോജി പ്രതിയാണെന്നും വ്യക്തമാക്കി. എന്നാൽ റോജിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് നേരത്തെ എങ്ങനെയാണ് കോടതിയിൽ റിപ്പോർട്ട് നൽകിയെന്ന് ഹൈക്കോടതി ചോദിച്ചു. ഇതിനൊന്നും ഇതുവരെ വ്യക്തമായ മറുപടി ആരുടെയും ഭാഗത്തുനിന്നും ലഭിച്ചിട്ടില്ല. അതിനാൽ ഒരു ഉത്തരവിന്റെ മറവിൽ കൃത്യമായ ആസൂത്രണത്തോടെയാണ് മരംകൊള്ള നടന്നതെന്ന് വ്യക്തം. ഉന്നത ഇടപെടലുകൾ നടത്തിയ ശേഷം ഒന്നുമറിയാത്ത പോലെ മറഞ്ഞിരിക്കുന്ന കാട്ടുകള്ളൻമാരെ എത്രയും വേഗം സമൂഹത്തിന് മുന്നിലെത്തിക്കണം. എങ്കിലേ നിയമങ്ങൾക്കും ചട്ടങ്ങൾക്കും പുല്ലുവില കല്‌പിക്കുന്നവരെ കൽത്തുറങ്കലിൽ അടയ്‌ക്കാൻ സാധിക്കൂ. എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണം. അതിനാൽ സർക്കാർ മാതൃകാപരമായ നടപടികളാണ് സ്വീകരിക്കേണ്ടത്. എ.ഡി.ജി.പി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം മരംമുറിയുടെ സത്യാവസ്ഥ പുറത്തു കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നവരും നിരവധിയാണ്.

ഈട്ടിത്തടി മുറിക്കാൻ റവന്യു വകുപ്പിന്റെ അനുമതി പോരെന്നും ഹൈക്കോടതി വ്യക്തമാക്കിയത് പലർക്കുമുള്ള മറുപടിയും ഉദ്യോഗസ്ഥർ ശ്രദ്ധിക്കേണ്ട കാര്യവുമാണ്. പട്ടയഭൂമിയിലെ ഈട്ടിത്തടി സർക്കാരിൽ നിക്ഷിപ്തമാണ്. പട്ടയഭൂമിയിലെ മരം മുറി സ്റ്റേ ചെയ്തിരുന്നെങ്കിലും വില്ലേജ് ഓഫീസർ ഇത് അവഗണിച്ചു. മുറിക്കുന്ന മരങ്ങൾക്ക് തുക നിശ്ചയിച്ച് കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയും മറികടന്നു. പ്രതികൾ അനുമതി തേടി മജിസ്‌ട്രേട്ട് കോടതിയെയും തെറ്റിദ്ധരിപ്പിക്കാൻ നോക്കി. ഇവരുടെ കൗശലം തിരിച്ചറിഞ്ഞ മജിസ്‌ട്രേട്ട് വഴങ്ങിയില്ല. പ്രതികൾ മരംവെട്ടാനും മുറിച്ചു നീക്കാനും അനുമതി വാങ്ങിയിരുന്നില്ലെന്ന വിലയിരുത്തൽ വനംകൊള്ളയ്ക്ക് പിന്നിലെ ഗൂഢനീക്കങ്ങൾ തുറന്നു കാട്ടുന്നു.

അന്വേഷണ റിപ്പോർട്ട്

പട്ടയം ഭൂമിയിലെ മരം മുറിക്കാൻ സർക്കാർ അനുമതി നൽകിയതിന്റെ മറവിൽ വനമേഖലയിൽ നിന്നുൾപ്പെടെ 14.42 കോടി രൂപയുടെ തടികളാണ് അനധികൃതമായി മുറിച്ചു കടത്തിയത്. വിവിധ ഫോറസ്റ്റ് റേഞ്ചുകളിലായി 296 കേസുകൾ രജിസ്റ്റർ ചെയ്തു. 48 കേസുകളുള്ള വയനാട്ടിലെ മേപ്പാടി റേഞ്ചാണ് മുന്നിൽ. മച്ചാട് റേഞ്ചിൽ 35 കേസുകളും പട്ടിക്കാട് 20 കേസുകളും കോതമംഗലം 14 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. ജൂൺ 28 വരെയുള്ള അന്വേഷണത്തിൽ 8.44 കോടി രൂപയുടെ തടികൾ കണ്ടെടുത്തു. തേക്ക്, ഈട്ടി തുടങ്ങിയ മരങ്ങളാണ് വൻതോതിൽ മുറിച്ചു കടത്തിയത്. പ്രകൃതി വിഭവങ്ങൾ വൻതോതിൽ ചൂഷണം ചെയ്തതിൽ ഗൂഢാലോചനയുണ്ടെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവി ജൂൺ പത്തിന് സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ നിയോഗിച്ചത്. വനം കേസുകൾക്കു പുറമേ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി 68 പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MARAMMURI
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.