SignIn
Kerala Kaumudi Online
Thursday, 25 April 2024 10.55 PM IST

വ്യവസായ സൗഹൃദക്കാർ അറിയാൻ

kinfra

കിറ്റക്സ് സാബു തെലങ്കാന സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് അവിടെ വ്യവസായം തുടങ്ങാൻ തീരുമാനിച്ചതോടെയാണ് സംസ്ഥാനം വ്യവസായ സൗഹൃദമല്ലെന്നും ആണെന്നുമുള്ള ചർച്ചകളും വാദങ്ങളും ഉയർന്നത്. സംസ്ഥാനം വ്യവസായ സൗഹൃദമല്ലെന്ന് സാബുവും അദ്ദേഹത്തെ അനുകൂലിക്കുന്നവരും വാദിച്ചപ്പോൾ ഇവിടം വ്യവസായ അനുകൂലമാണെന്ന മറുവാദവുമായി സർക്കാരും സർക്കാരിനെ പിന്താങ്ങുന്നവരും കളം നിറഞ്ഞാടി. എന്നാൽ വ്യവസായം നടത്താനിറങ്ങി തിരിച്ചടി നേരിട്ട പലരും ഈ ദിവസങ്ങളിൽ രംഗത്തെത്തി. വ്യവസായത്തിലെ കയ്പേറിയ അനുഭവവുമായി നാടുവിട്ട ഒരുപാട് സാബുമാർ ഇങ്ങ് കൊല്ലത്തിരുന്ന് ഊറിച്ചിരിക്കുന്നുണ്ടായിരുന്നു അപ്പോൾ. കേരളം വ്യവസായ സൗഹൃദമെന്ന് പറഞ്ഞ് ഊറ്റം കൊണ്ടവരോട് എതിർവാദത്തിനോ തർക്കത്തിനോ പോകാതെ അവർ മൗനമായിരുന്നു . അതിന് പിന്നിൽ പ്രതിഷേധിച്ചിട്ട് കാര്യമില്ലെന്ന തിരിച്ചറിവായിരുന്നെന്ന് വ്യക്തം.

കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളിലൊന്നായ കശുഅണ്ടി വ്യവസായത്തിന്റെ ഈറ്റില്ലമായിരുന്നു ഒരുകാലത്ത് കൊല്ലം. കോടികളുടെ വിദേശനാണ്യം നേടിത്തരുന്ന ഈ വ്യവസായം കൊണ്ട് ജീവിതം കരുപ്പിടിപ്പിച്ചിരുന്നത് മൂന്ന് ലക്ഷത്തോളം തൊഴിലാളികളും അവരെ ആശ്രയിക്കുന്ന കുടുംബങ്ങളുമായിരുന്നു. കശുഅണ്ടി വ്യവസായത്തിന്റെ ഇന്നത്തെ അവസ്ഥ തന്നെ മതിയാകും ഇവിടം വ്യവസായ സൗഹൃദമാണോ അല്ലയോ എന്നറിയാൻ. വ്യവസായത്തിന്റെ സുവർണകാലത്ത് 950 ലേറെ കശുഅണ്ടി ഫാക്ടറികളുണ്ടായിരുന്നു. ഇതിൽ 90 ശതമാനവും കൊല്ലം ജില്ലയിൽ. ഇത് 10 വർഷം മുമ്പുള്ള ചരിത്രം. ഇന്നത്തെ അവസ്ഥ ഇങ്ങനെ: കഷ്ടിച്ച് 150 ഓളം ഫാക്ടറികളാണ് സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്നത്. ബാക്കി മുഴുവൻ വർഷങ്ങളായി അടഞ്ഞു കിടക്കുന്നു. പൊതുമേഖലയിൽ കശുഅണ്ടി വികസന കോർപ്പറേഷനു കീഴിൽ 30 ഉം കാപ്പക്സിനു കീഴിൽ പത്തും ഫാക്ടറികൾ പ്രവർത്തിക്കുന്നു. ഇതിലെല്ലാമായി 15000 ഓളം തൊഴിലാളികൾ. വർഷത്തിൽ 150- 170 ദിവസമാണ് ഇവിടെ ജോലിയുള്ളത്.

സ്വകാര്യ മുതലാളിമാർക്ക് എന്ത് പറ്റി ?

കൊല്ലത്തെ കശുഅണ്ടി വ്യവസായത്തെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്തിയ ഒട്ടേറെ സ്വകാര്യ സംരംഭകരുണ്ടായിരുന്നു. വെണ്ടർ കൃഷ്ണപിള്ളയും തങ്ങൾകുഞ്ഞ് മുസലിയാരും തുടക്കമിട്ട വ്യവസായത്തെ പിൽക്കാലത്ത് അവരുടെ പിന്മുറക്കാർ മാറ്റിമറിച്ചപ്പോൾ തൊഴിലാളി പ്രസ്ഥാനങ്ങളും മേഖലയിൽ ശക്തിയാർജ്ജിച്ചു. തൊഴിലാളികളുടെ അവകാശങ്ങൾ കൃത്യമായി ചോദിച്ചുവാങ്ങാൻ നേതൃത്വം നൽകിയ തൊഴിലാളി പ്രസ്ഥാനങ്ങൾ തന്നെ പിൽക്കാലത്ത് വ്യവസായത്തിന്റെ അന്തകരായി മാറിയതും ചരിത്രം. വെണ്ടർ കൃഷ്ണപിള്ളയുടെ മകനും സിനിമ നിർമ്മാതാവുമായ കെ.രവീന്ദ്രനാഥൻ നായരുടെ വിജയലക്ഷ്മി കാഷ്യു കമ്പനിക്ക് 15 ഫാക്ടറികളുണ്ടായിരുന്നു. തൊഴിലാളികൾക്ക് എല്ലാ ദിവസവും ജോലിയും കൃത്യമായി ശമ്പളവും മറ്റാനുകൂല്യങ്ങളുമൊക്കെ നൽകുമായിരുന്നു. ഇതിൽ രണ്ടെണ്ണമൊഴികെ മറ്റെല്ലാ ഫാക്ടറികളും വർഷങ്ങളായി പൂട്ടിക്കിടക്കുന്നു. മുസ്ലിം ലീഗ് നേതാവ് കൂടിയായ എ.യൂനുസ് കുഞ്ഞ് തന്റെ ഫാക്ടറികളിൽ ചിലത് എൻജിനിയറിംഗ് കോളേജുകളാക്കി മാറ്റി . ബാക്കിയുള്ളവ നിർത്തി. ഏഷ്യാറ്റിക്, ലക്ഷ്മൺ ആന്റ് കമ്പനി, ഇന്ത്യൻ നട്ട് പ്രോഡക്ട്സ്, ഓലം കാഷ്യു, മാർക്ക് കാഷ്യു തുടങ്ങിയ സ്ഥാപനങ്ങൾക്കുണ്ടായിരുന്ന ഫാക്ടറികളും പൂട്ടിക്കെട്ടി. എന്നാൽ ഈ സ്വകാര്യ മുതലാളിമാരൊക്കെ തങ്ങളുടെ വ്യവസായം 10 വർഷം മുമ്പേതന്നെ തമിഴ്നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിലേക്ക് പറിച്ചുനട്ടു. കൊല്ലത്തുകാരായ മുതലാളിമാരുടെ ഇവിടത്തെ ഫാക്ടറികൾ അടഞ്ഞുകിടക്കുമ്പോൾ അയൽ സംസ്ഥാനങ്ങളിൽ ഇവരുടെ നൂറുകണക്കിന് ഫാക്ടറികൾ തടസമില്ലാതെ പ്രവർത്തിക്കുന്നു. വ്യവസായ സൗഹൃദാന്തരീക്ഷമുണ്ടെന്ന് പറയുന്ന കേരളത്തിലെ കൂലിക്കൂടുതൽ, ട്രേഡ് യൂണിയനിസം, ഉത്പാദനച്ചിലവ് തുടങ്ങിയ പ്രശ്നങ്ങളൊന്നും അയൽ സംസ്ഥാനങ്ങളിൽ ഇവരെ അലട്ടുന്നില്ല. കേരളത്തിൽ ഒരു ചാക്ക് തോട്ടണ്ടി (80 കിലോഗ്രാം) സംസ്കരിക്കാൻ ചെലവ് 3000 രൂപയിലധികമാകും. എന്നാൽ അയൽ സംസ്ഥാനത്ത് ഇത് 1200- 1500 രൂപ മാത്രം. ഇവരെ എങ്ങനെ കുറ്റപ്പെടുത്താനാകും ? ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ 2016 ൽ അടഞ്ഞു കിടക്കുന്ന കശുഅണ്ടി ഫാക്ടറികളെല്ലാം തുറക്കുമെന്നായിരുന്നു പ്രധാന വാഗ്ദാനം. കശുഅണ്ടി വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ആ സർക്കാരിന്റെ കാലാവധി തീരും വരെയും സ്വകാര്യ ഫാക്ടറികൾ തുറപ്പിക്കാൻ ശ്രമിച്ചെങ്കിലും വ്യവസായികളെ തങ്ങളുടെ വഴിയിലേക്കെത്തിക്കാൻ കഴിഞ്ഞില്ല. ഭീമമായ നഷ്ടം സഹിച്ചുകൊണ്ട് ഫാക്ടറികൾ തുറക്കാൻ ആരും സന്നദ്ധരായില്ല. വ്യവസായ സൗഹൃദമെന്ന ഭംഗിവാക്കുകൾക്കും സംസ്ഥാനം വിട്ട സംരംഭകരെ തിരികെ കൊണ്ടുവരാനായില്ല.

പ്രതിസന്ധി കടുത്തത് 2015 മുതൽ

കശുഅണ്ടി വ്യവസായ മേഖലയിൽ കടുത്ത പ്രതിസന്ധിയുടെ തുടക്കം 2015 മുതലാണ്. ആ വർഷം ജനുവരി ഒന്ന് മുതൽ കശുഅണ്ടി തൊഴിലാളികൾക്ക് നിലവിലുണ്ടായിരുന്ന മിനിമം കൂലിയുടെ 35 ശതമാനം വർദ്ധിപ്പിച്ച് അന്നത്തെ യു.ഡി.എഫ് മന്ത്രിസഭയിൽ തൊഴിൽ മന്ത്രിയായിരുന്ന ഷിബുബേബിജോൺ ഉത്തരവിറക്കി. മുതലാളിമാരെ ചൊടിപ്പിച്ചതിന്റെ പ്രധാനകാരണം ഇതായിരുന്നു. ഇത്രയും വർദ്ധന വരുത്തിയിട്ടും മറ്റു തൊഴിൽമേഖലകളെ അപേക്ഷിച്ച് കശുഅണ്ടി മേഖലയിലായിരുന്നു കുറഞ്ഞ മിനിമം കൂലി. മുതലാളിമാർ കൂട്ടത്തോടെ സംസ്ഥാനം വിട്ടിട്ടും അന്നാരും അത് ചർച്ചയാക്കിയില്ലെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. ഇവിടെ വ്യവസായം നടത്താൻ കഴിയാതെ കടം കയറി കൊല്ലം ജില്ലയിൽ മാത്രം അഞ്ച് വ്യവസായികൾ ആത്മഹത്യ ചെയ്തു.

തൊഴിലാളികൾക്ക് ചൂഷണവും വിവേചനവും

കശുഅണ്ടി വ്യവസായ മേഖലയിൽ ഇന്ന് പരിമിതമായി പ്രവർത്തിക്കുന്ന ഫാക്ടറികളിലെ തൊഴിലാളികളുടെ ജീവിതം ഏറെ ദുരിതപൂർണമാണ്. കൊവിഡ് മഹാമാരിയുടെ കാലത്ത് വല്ലപ്പോഴും മാത്രമാണ് തൊഴിൽ ലഭിക്കുന്നത്. മിനിമം കൂലിയോ ഇ.എസ്.ഐ അടക്കമുള്ള ആനുകൂല്യങ്ങളോ ഇല്ല. വല്ലപ്പോഴും തൊഴിൽ ലഭിക്കുന്നതിനാൽ നിശ്ചിത ഹാജർ ഇല്ല. അതിനാൽ ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ ലഭിക്കാത്ത സാഹചര്യവും നിലനിൽക്കുന്നു. പൊതുമേഖലാ സ്ഥാപനമായ കശുഅണ്ടി വികസന കോർപ്പറേഷനും സഹകരണ അപ്പക്സ് സ്ഥാപനമായ കാപ്പക്സും ചേർന്ന് നടത്തുന്ന 40 ഫാക്ടറികൾ ഇടയ്ക്കിടെ പ്രവർത്തിപ്പിക്കുന്നെങ്കിലും ഇരുസ്ഥാപനങ്ങളും നടത്തിയ തോട്ടണ്ടി ഇടപാടുകൾ എക്കാലത്തും വിവാദമാകുന്നതും കോടികളുടെ അഴിമതിയാരോപണം ഉയരുന്നതുമാണ് ചരിത്രം. നഷ്ടം നികത്താൻ സർക്കാർ ഖജനാവിൽ നിന്ന് അടിയ്ക്കടി കോടികളുടെ സഹായം നൽകുമെങ്കിലും തൊഴിലാളികളെ മുൻനിർത്തി രാഷ്ട്രീയ കക്ഷികളും ട്രേഡ്‌ യൂണിയൻ നേതാക്കളും നടത്തിയിട്ടുള്ള അഴിമതിക്കഥകൾക്ക് പഞ്ഞമില്ല. 2005 മുതൽ 2015 വരെയുള്ള 10 വർഷക്കാലത്ത് നടന്ന തോട്ടണ്ടി ഇടപാടിലെ വൻ വെട്ടിപ്പിനെയും അഴിമതിയെയും കുറിച്ച് നടത്തിയ സി.ബി.ഐ അന്വേഷണത്തിന്റെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

കശുവ ണ്ടി തൊഴിലാളികൾ കടുത്ത വിവേചനം നേരിടുന്ന സ്ഥിതിയുമുണ്ട്. ഒരു കാലത്ത് മൂന്ന് ലക്ഷത്തോളം തൊഴിലാളികളുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് ഒന്നര ലക്ഷത്തോളമായി ചുരുങ്ങി. പൊതുമേഖലയിലെ 40 ഫാക്ടറികളിലായി 15000 ഓളം തൊഴിലാളികൾ ജോലിചെയ്യുന്നതൊഴിച്ചാൽ ബാക്കി സ്വകാര്യ മേഖലയിലാണ്. എല്ലാ രീതിയിലും വിവേചനം നേരിടുകയാണ് സ്വകാര്യ ഫാക്ടറി തൊഴിലാളികൾ. ഓണമെത്തുന്നതോടെ ബോണസിന്റെ കാര്യത്തിൽ മാത്രമല്ല, ശമ്പളത്തിലും ആനുകൂല്യങ്ങളിലുമെല്ലാം കടുത്ത വിവേചനമാണ്. പൊതുമേഖലാ ഫാക്ടറി തൊഴിലാളികൾ കൃത്യമായ ബോണസ് വാങ്ങുമ്പോൾ മുതലാളിമാർ കനിഞ്ഞു നൽകുന്ന തുച്ഛമായ ബോണസ് വാങ്ങി ഓണം ആഘോഷിക്കാനാണ് സ്വകാര്യ ഫാക്ടറി തൊഴിലാളികളുടെ വിധി. ഇവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ആശ്വാസധനം നൽകാൻ തയ്യാറാകണമെന്ന് കേരള പ്രദേശ് കശുഅണ്ടി തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ.വി സഹജൻ പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായമായിരുന്ന കശുഅണ്ടി വ്യവസായം നാടു നീങ്ങുകയും ലക്ഷക്കണക്കിന് തൊഴിലാളികൾ ആശയറ്റ് ജീവിക്കുകയും ചെയ്യുമ്പോൾ വ്യവസായ സൗഹൃദത്തിന്റെ പേരിൽ മേനി പറയുന്നവരോട് ഈ പാവങ്ങൾക്ക് പറയാനുള്ളത് ഒന്നുമാത്രം. തങ്ങൾക്ക് മാന്യമായി ജീവിക്കാൻ തൊഴിലും വേതനവും ഉറപ്പാക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOLLAM DIARY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.