SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.19 PM IST

കോടതിയെയും പൊലീസിനെയും കബളിപ്പിച്ചിട്ടും സെസിക്ക് സുഖവാസം

sesi

ആലപ്പുഴ : അഭിഭാഷക പരീക്ഷ പാസാകാതെ വക്കീൽ വേഷമണിഞ്ഞ് നീതിന്യായ വ്യവസ്ഥയെയും കേസിൽ കക്ഷികളായ പൊതുജനങ്ങളെയും കബളിപ്പിച്ചിട്ടും ആലപ്പുഴയിലെ വ്യാജവക്കീൽ സെസിയോട് പൊലീസിന് സ്നേഹം. ജാമ്യമെടുക്കാൻ ആലപ്പുഴയിലെ പ്രമുഖ അഭിഭാഷകനൊപ്പം കോടതിയിൽ ഹാജരായ സെസി തനിക്കെതിരായി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതറിഞ്ഞ് പൊലീസിനെയും അഭിഭാഷകരെയും കബളിപ്പിച്ച് കോടതിയിൽ നിന്ന് സമർത്ഥമായി കാറിൽ കയറി രക്ഷപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും ഇവരെ കണ്ടെത്താൻ പൊലീസിനും താൽപ്പര്യമില്ല. ചില ഉന്നത രാഷ്ട്രീയ നേതാക്കളുടെയും അഭിഭാഷകരുടെയും

സ്വാധീനമാണ് അറസ്റ്റ് ഒഴിവാക്കിയുള്ള പൊലീസിന്റെ പൊറാട്ട് നാടകത്തിന് പിന്നിലെന്നും ആരോപണമുണ്ട്. ബാർ അസോസിയേഷനിലെയും അഭിഭാഷക ലൈബ്രറിയിലെയും ചില രേഖകളും ഫയലുകളും രജിസ്റ്ററുകളും അപഹരിച്ച സംഭവത്തിൽ സെസിക്കെതിരെ മോഷണമുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസെടുക്കണമെന്നായിരുന്നു ബാർ അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നതെങ്കിലും ദുർബല വകുപ്പുകൾ ചേർത്ത് ജാമ്യം ലഭിക്കുന്ന വിധത്തിലാണ് പൊലീസ് ആദ്യം കേസെടുത്തത്. ബാർ അസോസിയേഷൻ സെക്രട്ടറി തന്നെ വാദിയായി നൽകിയ കേസിൽ പ്രതി നേരിട്ട് കീഴടങ്ങി ജാമ്യമെടുക്കട്ടെയെന്ന നിലപാടാണ് പൊലീസ് ആദ്യം സ്വീകരിച്ചത്. അതേസമയം, തെളിവുകൾ ശേഖരിക്കുകയാണെന്നും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ പോകാനുള്ള സാദ്ധ്യത ഒഴിവാക്കാനാണ് ശ്രമമെന്നും പൊലീസ് പറയുന്നു.

എന്നാൽ,​ സെസി സേവ്യർ ആലപ്പുഴ നഗരം വിട്ടു പോയിട്ടില്ലെന്നും ഇവരെ പിടികൂടാൻ പൊലീസ് കാര്യമായൊന്നും ചെയ്യുന്നില്ലെന്നും ഒരുവിഭാഗം അഭിഭാഷകർ ആരോപിച്ചു. വ്യക്തമായ തെളിവുകൾ ശേഖരിച്ചാലേ അറസ്റ്റ് ചെയ്യാൻ കഴിയൂവെന്ന നിലപാടിലാണ് പൊലീസ്. അതേസമയം വ്യാജ അഭിഭാഷകയായി വിലസിയ സെസി സേവ്യറുടെ വീട്ടിൽ കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തിരുന്നു. അംഗീകൃതമായ നിയമബിരുദമില്ലാതെ രണ്ടരവർഷത്തോളം വിവിധ കോടതികളിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്ത രാമങ്കരി നീണ്ടിശ്ശേരിയിൽ സെസിയുടെ ​വീട്ടിൽ നോർത്ത്​ സി. ഐ കെ പി. വിനോദ്​കുമാറിന്റെ നേതൃത്വത്തിലാണ്​ പരിശോധന നടത്തിയത്​.

ഇവരുടെ നിയമപഠനവുമായി ബന്ധപ്പെട്ടതും ബാർ അസോസിയേഷനിൽ അംഗത്വം നേടാൻ ഉപയോഗിച്ചതുമായ വിവിധസർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ പൊലീസ് ​ ഇവിടെ നിന്ന് പിടിച്ചെടുത്തു​. ഇതോടൊപ്പം സെസി സേവ്യർ അംഗത്വം നേടിയതിന്റെയും തെരഞ്ഞെടുപ്പിൽ മത്സരിച്ച്‌​ വിജയിച്ചതടക്കമുള്ള കാര്യങ്ങളുടെ മിനിറ്റ്​സ്​ അടക്കമുള്ള രേഖകൾ ഹാജരാക്കാൻ ബാർ അസോസിയേഷൻ ഭാരവാഹികളോടും പൊലീസ്​ നിർദ്ദേശിച്ചിട്ടുണ്ട്.

നേരത്തെ ചങ്ങനാശേരിയിൽ പ്രാക്ടീസ് ചെയ്യുന്ന സമയം അവിടെ ഒരു യുവ അഭിഭാഷകനുമായി സെസി അടുപ്പത്തിലായിരുന്നു. സെസിയുടെ യോഗ്യത സംബന്ധിച്ച എല്ലാ കാര്യങ്ങളും അഭിഭാഷകന് അറിയാമായിരുന്നു.

അതിന് ശേഷം ഇയാളുമായി തെറ്റുകയും ചങ്ങനാശേരി വിട്ട് ആലപ്പുഴയിൽ പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തതോടെ സെസി മറ്റൊരു യുവ അഭിഭാഷകനുമായി അടുപ്പത്തിലായി. ഇതിൽ പ്രകോപിതനായ മുൻ കാമുകനാണ് സെസിക്ക് യോഗ്യതയില്ലെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പുറത്താക്കിയത്.

അഭിഭാഷക കമ്മിഷൻ റിപ്പോർട്ടുകൾ സാധുവോ?

അഭിഭാഷക ചമഞ്ഞ് തട്ടിപ്പു നടത്തിയ കേസിലെ പ്രതി സെസി സേവ്യർ, മജിസ്ട്രേട്ട് കോടതികളിൽ സമർപ്പിച്ച അഭിഭാഷക കമ്മിഷൻ റിപ്പോർട്ടുകളുടെ നിയമപരമായ സാധുതയും കക്ഷികളിൽ ആശങ്കയ്ക്കിടയാക്കുന്നു. സിവിൽ നടപടി ചട്ടം ഓർഡർ 26 റൂൾ 9 പ്രകാരം തർക്ക വിഷയങ്ങളിൽ തെളിവെടുപ്പ് നടത്താൻ കോടതി കമ്മിഷനായി നിയോഗിക്കുന്ന വ്യക്തി അഭിഭാഷകൻ ആയിരിക്കണമെന്ന് നിഷ്കർഷിച്ചിട്ടില്ലാത്തതിനാൽ സെസി ഹാജരായ കേസുകളിൽ നിയമപ്രശ്നങ്ങളുണ്ടാകില്ലെന്ന് നിയമ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നുണ്ട്.

കോടതികൾക്ക് ഉചിതമെന്ന് തോന്നുന്ന ആരെയും കമ്മിഷനായി നിയോഗിച്ച് അവരുടെ റിപ്പോർട്ട് പരിശോധിച്ച് വിധി പ്രസ്താവിക്കാം. കേരളത്തിലെ കോടതികൾ കോർട്ട് ഓഫീസർ എന്ന നിലയിൽ അഭിഭാഷകരെ കമ്മിഷനായി നിയോഗിക്കുന്ന കീഴ്‌വഴക്കം ഉണ്ടെങ്കിലും അതാണ് ചട്ടമെന്ന് പറയാൻ കഴിയില്ലെന്നും നിയമ വിദഗ്ദർ വെളിപ്പെടുത്തുന്നു . അഭിഭാഷക ചമഞ്ഞ് സെസി റിപ്പോർട്ട് സമർപ്പിച്ച കേസുകളിൽ തർക്കം ഉന്നയിക്കാൻ കക്ഷികൾക്ക് അവകാശമുണ്ട്. ഈ സാഹചര്യത്തിൽ ആ റിപ്പോർട്ട് വീണ്ടും പരിശോധിച്ച് കോടതികൾക്ക് തീരുമാനം എടുക്കാമെന്നാണ് നിയമ വിദഗ്ദ്ധരുടെ അഭിപ്രായം.

റിപ്പോർട്ട് തയ്യാറാക്കിയ വ്യക്തി തട്ടിപ്പ് കേസിൽ പ്രതിയായത് കൊണ്ടുമാത്രം റിപ്പോർട്ട് അസാധുവാക്കേണ്ടതില്ല. തർക്കം ഉന്നയിക്കപ്പെടുന്ന കേസുകളിൽ സെസിയുടെ റിപ്പോർട്ട് വസ്തുതാപരമല്ലെന്ന് കോടതികൾക്ക് ബോദ്ധ്യപ്പെട്ടാൽ പുതിയ കമ്മിഷനെ നിയോഗിച്ച് റിപ്പോർട്ട് തേടാനും തെളിവെടുപ്പു നടത്താനും വിധി പുറപ്പെടുവിക്കാനും കഴിയുമെന്നാണ് നിയമവിദഗ്ദ്ധർ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SESI
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.