ബംഗളൂരു: കർണാടകയുടെ 23-ാമത് മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മൈ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്നലെ രാവിലെ 11ന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും ചടങ്ങിൽ സന്നിഹിതനായിരുന്നു. ബൊമ്മൈയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള നേതാക്കൾ ട്വീറ്റ് ചെയ്തു
തുടർന്ന് ബൊമ്മൈയുടെ നേതൃത്വത്തിൽ മന്ത്രിസഭായോഗം ചേർന്നു.
കൃഷിക്കാരുടെ മക്കൾക്ക് സ്കോളർഷിപ്പ് പദ്ധതി, മുതിർന്ന പൗരൻമാർക്ക് പെൻഷൻ വർദ്ധന, വിധവകൾക്കും ഭിന്നശേഷിക്കാർക്കും സാമൂഹ്യ സുരക്ഷാ പദ്ധതികൾ തുടങ്ങിയവ അദ്ദേഹം പ്രഖ്യാപിച്ചു.
61കാരനായ ബൊമ്മൈ മുഖ്യമന്ത്രിയായതിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ആഹ്ളാദം പ്രകടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നു. യെദിയൂരപ്പയുടെ പിൻഗാമിയായി പ്രഖ്യാപനം വന്നതിന് പിന്നാലെ വീട്ടിലെത്തിയ ബൊമ്മൈയ പാട്ടുപാടിയാണ് കുടുംബാംഗങ്ങൾ വരവേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |