SignIn
Kerala Kaumudi Online
Saturday, 20 April 2024 2.58 AM IST

വാക്സിനുമില്ല,​ പരിശോധനയുമില്ല;​ ഇങ്ങനെയുമൊരു പഞ്ചായത്തോ!

edamalakkudi

കൊവിഡ് പരിശോധനയോ,​ വാക്സിനേഷനോ ഇല്ലാത്ത ഒരു പഞ്ചായത്ത്! ഉത്തർപ്രദേശിലോ ബീഹാറിലോ അല്ല,​ കൊച്ചുകേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയാണ് ആ അപൂർവ പ്രദേശം. പ‌ഞ്ചായത്തിലെ ആരും ഇതുവരെ ഒരു ഡോസ് കൊവിഡ് വാക്സിൻ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേട്ടാൽ വിശ്വസിക്കുമോ. കേരളത്തിൽ ഏറ്റവും കുറവ് കൊവിഡ് ടെസ്റ്റ് നടക്കുന്ന പഞ്ചായത്തും മറ്റൊന്നല്ല. ഇടമലക്കുടിയിലിതു വരെ ഒരു കൊവിഡ് പരിശോധനാ ക്യാമ്പ് പോലും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയിട്ടില്ല. പുറത്ത് നിന്ന് ആരും എത്താത്തതിനാൽ ഇവിടെയുള്ളവർക്ക് കൊവിഡ് പരിശോധന ആവശ്യമില്ലെന്ന നിലപാടാണ് ആരോഗ്യവകുപ്പ് സ്വീകരിച്ചത്. പഞ്ചായത്തിലുള്ളവർ പുറത്ത് ആശുപത്രിയിലെവിടെയെങ്കിലും പോകുമ്പോൾ മാത്രമാണ് പരിശോധന നടത്തുന്നത്. ഇത്തരത്തിൽ ആകെ നൂറിൽ താഴെ പരിശോധനകൾക്ക് മാത്രമാണ്നടന്നിട്ടുള്ളത്. രണ്ടായിരത്തിലേറെ പേർ അധിവസിക്കുന്ന പഞ്ചായത്താണിത് !. അങ്ങനെ നടത്തിയ പരിശോധനയിലാണ് രണ്ട് പേർക്ക് രോഗം സ്ഥിരീകരിക്കുന്നതും. ഒരു യുവാവിനും വീട്ടമ്മയ്ക്കുമാണ് രോഗം ബാധിച്ചത്. അതുവരെ ഒരാൾക്കു പോലും കൊവിഡ് പിടിപെടാത്ത കേരളത്തിലെ ഏക പഞ്ചായത്തായിരുന്നു ഇടമലക്കുടി. സംസ്ഥാനത്ത് ആദ്യ കൊവിഡ് റിപ്പോർട്ട് ചെയ്ത് 16 മാസങ്ങൾക്കിപ്പുറമാണ് ഇവിടെ രോഗമെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. 2020ൽ സംസ്ഥാനത്ത് കൊവിഡ് വ്യാപകമായപ്പോൾ തന്നെ പുറത്ത് നിന്നുള്ളവരെ പ്രവേശിപ്പിക്കാതെ കർശന നിയന്ത്രണങ്ങൾ പഞ്ചായത്ത് സ്വീകരിച്ചതുവഴിയാണ് ഇത് സാധ്യമായത്. അതേസമയം കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേരും ഒരു മാസത്തിലേറെയായി ഇടമലക്കുടിയിലെത്തിയിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. രോഗം സ്ഥിരീകരിച്ച ഇഡ്ഡലിപ്പാറക്കുടി സ്വദേശിയായ 24 കാരൻ ഒരു മാസത്തോളമായി കോട്ടയം മെഡിക്കൽ കോളേജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനായിരുന്നു. ശാരീരിക പ്രശ്‌നം അനുഭവപ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇരുപ്പുക്കല്ല് കുടി സ്വദേശിയായ വീട്ടമ്മ മുമ്പ് ചികിത്സാർത്ഥം തമിഴ്‌നാട് വാൽപ്പാറയിൽ പോയിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലെത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി ഇടമലക്കുടിയിലുള്ലവർക്ക് സമ്പർക്കമില്ലെന്നും സമ്പർക്കമുള്ള മറ്റ് ബന്ധുക്കൾക്കാർക്കും രോഗം ബാധിച്ചിട്ടില്ലെന്നും ആരോഗ്യവകുപ്പ് പറയുന്നു.

യൂട്യൂബറെത്തിയതും വിവാദമായി

ഇതിനിടെ പുറത്ത് നിന്ന് ആരെയും പ്രവേശിപ്പിക്കാത്ത സംരക്ഷിത വനമേഖലയായ ഇടമലക്കുടിയിൽ കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാതിരുന്ന സമയം പ്രശസ്ത യുട്യൂബർ സുജിത് ഭക്തനെ കൊണ്ടുപോയ ഡീൻ കുര്യാക്കോസ് എം.പിയുടെ നടപടി വിവാദത്തിലായിരുന്നു. സമ്പൂർണ ലോക്ക് ഡൗൺ ദിനമായ ഞായറാഴ്ചയായിരുന്നു പുറത്ത് നിന്നുള്ളവർ ഇടമലക്കുടിയിലെത്തിയത്.

ഇടമലക്കുടി ട്രൈബൽ ഗവ. സ്‌കൂളിന്റെ നവീകരണോദ്ഘാടനത്തിനാണ് എം.പിയും സംഘവും പോയത്. സ്‌കൂളിന് ടി.വിയുൾപ്പെടെയുള്ള വിദ്യാഭ്യാസ സഹായം നൽകാനാണ് സുജിത് സംഘത്തിനൊപ്പമെത്തിയത്. ഇയാൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ ചിത്രങ്ങൾ പങ്കുവച്ചപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. തുടർന്ന് ഇരുവർക്കുമെതിരെ നടപടിയാവശ്യപ്പെട്ട് എസ്.എഫ്.ഐയും എ.ഐ.വൈ.എഫും പരാതി നൽകി. എന്നാൽ ഇതിനിടെ പഞ്ചായത്തിലുള്ള രണ്ട് പേർക്ക് കൊവിഡ് ബാധിച്ചത് സന്ദർശനത്തിനെതിരെ ആക്ഷേപമുന്നയിച്ചവർക്ക് ശക്തി പകർന്നു. എന്നാൽ ഒരു മാസമായി പഞ്ചായത്തിലില്ലാത്തവ‌ർക്കാണ് രോഗം ബാധിച്ചതെന്നും തങ്ങളുടെ സന്ദർശനമല്ല ഇതിന് കാരണമെന്നുമായിരുന്നു എം.പിയുടെ വിശദീകരണം.

കുട്ടികളുടെ പഠനവും മുടങ്ങി

കൊവിഡ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ, കുട്ടികൾ സ്‌കൂളിൽ നേരിട്ടെത്തി പഠനം നടത്തിയിരുന്ന കേരളത്തിലെ ഏക സ്ഥലമായ ഇവിടത്തെ സ്‌കൂളിന്റെ പ്രവർത്തനം ദിവസങ്ങളോളം നിറുത്തിയിരുന്നു. എന്നാൽ ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയുടെ ഇടപെടലിനെ തുടർന്ന് സ്‌കൂളിന്റെ പ്രവർത്തനം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കഴിഞ്ഞ ദിവസം മുതൽ പുനരാരംഭിച്ചു. ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലുള്ള 139 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പ്രദേശത്ത് മൊബൈലിന് റേഞ്ചില്ലാത്തതിനാൽ ഓൺലൈൻ വിദ്യാഭ്യാസം നടക്കില്ല.

എന്ത് കൊണ്ട് വാക്സിനേഷനില്ല

അതുപോലെ പഞ്ചായത്തിലാർക്കും വാക്സിൻ നൽകാത്തതിലും ആരോഗ്യവകുപ്പിനും ജില്ലാ ഭരണകൂടത്തിനും വിശദീകരണമുണ്ട്. മുതുവാൻ സമുദായത്തിൽപ്പെട്ട ആദിവാസികൾ വാക്സിനേഷനെ എതിർക്കുകയാണെന്നതായിരുന്നു ഇവരുടെ ന്യായീകരണം. മാത്രമല്ല വനമേഖലയിലൂടെ കിലോമീറ്ററുകൾ സഞ്ചരിച്ച് ഇവിടെയെത്തി വാക്സിൻ നൽകുന്നതിലുള്ല പ്രായോഗിക ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടുന്നു. എന്നാൽ കഴിഞ്ഞ 13ന് ആദ്യമായി രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വാക്‌സിനേഷൻ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നു. പല തീയതികൾ തീരുമാനിച്ചെങ്കിലും ഓരോ കാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ടുപോയി. എന്തുവന്നാലും ഈ മാസം അവസാനം പരിശോധന നടത്തുമെന്നായിരുന്നു ഒടുവിൽ അറിയിച്ചിരുന്നത്. 18 വയസിന് മുകളിലുള്ള 1950 പേരാണ് പഞ്ചായത്തിലുള്ളത്. ഇവർക്കുള്ല വാക്സിൻ മാറ്റിയും വച്ചിരുന്നു. എന്നാൽ മഴ ശക്തമായതോടെ അതും ഉപേക്ഷിച്ചു. മാറ്റിവച്ച വാക്സിൻ മറ്റ് കേന്ദ്രങ്ങളിൽ വിതരണവും ചെയ്തു.

അടുത്തല്ല ഇടമലക്കുടി

മറ്റെവിടെയെങ്കിലും പോലെ എളുപ്പം എത്തിപ്പെടാൻ പറ്റുന്ന സ്ഥലമല്ല ഇടമലക്കുടിയെന്നതും നാം ഓർക്കണം.

മൂന്നാറിൽ നിന്ന് 35 കിലോ മീറ്റർ അകലെയുള്ള ഇടമലക്കുടിയിലെത്താൻ അഞ്ച് മണിക്കൂറോളം കൊടുംകാട്ടിലൂടെ സഞ്ചരിക്കണം. മൂന്നാർ മുതൽ പെട്ടിമുടി വരെ മാത്രമേ കാർ പോകൂ. പെട്ടിമുടിയിൽ നിന്ന് 12 കിലോ മീറ്ററോളം ജീപ്പിലും നടന്നും സഞ്ചരിച്ചാൽ ആദ്യ കുടിയായ സൊസൈറ്റികുടിയിലെത്തും. ഒരു കുടിയിൽ നിന്ന് അടുത്ത കുടിയിലെത്താൻ 12 മണിക്കൂർ നടക്കണം. ആകെയുള്ള 24 കുടികളിൽ വൈദ്യുതിയുള്ളത് മൂന്ന് കുടികളിൽ മാത്രമാണ്. എന്തായാലും ആദിമനിവാസികൾ അധിവസിക്കുന്ന ഇവിടെ എന്ത് സംവിധാനങ്ങൾ ഉപയോഗിച്ചാണെങ്കിലും വാക്സിനേഷൻ പൂർത്തിയാക്കേണ്ടത് സർക്കാർ കടമയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IDUKKI DIARY, EDAMALAKKUDI
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.