SignIn
Kerala Kaumudi Online
Friday, 29 March 2024 2.52 PM IST

ആത്മബോധത്തിന്റെ ദിവ്യദീപ്തി

subhananda-gurudevan

പതിനെട്ടാം നൂറ്റാണ്ടിലെ ആത്മീയഗുരുവും നവോത്ഥാന നായകനും ആത്മബോധോദയ സംഘസ്ഥാപകനുമായ ശുഭാനന്ദഗുരുദേവന്റെ 71 -ാമത് മഹാസമാധിദിനം ഇന്ന് പ്രാർത്ഥനകളോടെ വിശ്വാസസമൂഹം ആചരിക്കുകയാണ്. കേരള സമൂഹത്തിൽ നിലനിന്നിരുന്ന ജാതിമത വൈവിദ്ധ്യങ്ങളുടെ കലുഷിത അന്തരീക്ഷത്തിൽ ജ്ഞാനത്തിന്റെ കൈത്തിരിവെട്ടവുമായി സാമൂഹ്യ നവോത്ഥാനത്തിനു ചുക്കാൻപിടിച്ച ദർശനങ്ങളായിരുന്നു അദ്ദേഹം പകർന്നത്.
എണ്ണമറ്റ സന്യാസിവര്യന്മാർ നേതൃത്വം നൽകുന്ന ആത്മബോധോദയസംഘം
മനുഷ്യരെല്ലാവരും ഏകദൈവ സന്താനങ്ങൾ ആണെന്നുള്ള ആത്മീയബോധത്തിന്റെ വെളിച്ചം പകരുന്നു.
മദ്ധ്യതിരുവിതാംകൂറിലെ കർഷക ഗ്രാമമായിരുന്ന ബുധനൂരിൽ ഉൾപ്പെട്ട കുട്ടമ്പേരൂർ പ്രദേശത്ത് കുലായ്ക്കൽ എന്ന സാംബവ കുടുംബത്തിൽ കൊച്ചുനീലി ഇട്ട്യാതി ദമ്പതികൾക്ക് കൊല്ലവർഷം 1057 മേടം 17 ന് ജനിച്ച സന്താനമാണ് പിൽക്കാലത്ത് ശുഭാനന്ദ ഗുരുദേവൻ എന്ന ദിവ്യനാമത്തിൽ അറിയപ്പെട്ട മഹാഗുരു. സന്താനങ്ങളില്ലാതെ വിഷമിച്ച മാതാപിതാക്കളുടെ ദീർഘകാലത്തെ പ്രാർത്ഥനയുടെയും സത്‌കർമ്മങ്ങളുടെയും ഫലമായാണ് കുഞ്ഞു പിറന്നത്.
ബാലനായിരിക്കെ ഒരു ദിവ്യദർശനമുണ്ടായി. ദർശനത്തിന്റെ പൊരുളറിയാൻ ഏകാന്തധ്യാനത്തിൽ ഏറെനേരം മുഴുകിയിരുന്ന ആ ബാലനിൽ ഒരു മഹാജ്ഞാനിയെ ദർശിക്കാൻ പലർക്കും കഴിഞ്ഞിരുന്നു. ജാതിയുടെയും മതത്തിന്റെയും പേരിൽ അന്ന് നാട്ടിൽ നടമാടിയിരുന്ന ഉച്ചനീചത്വഭേദങ്ങൾ ആ ബാലന്റെ മനസിനെ ആഴത്തിൽ മുറിവേല്‌പിച്ചു. കന്നുകാലികൾക്ക് ലഭിച്ചിരുന്ന സ്വാതന്ത്ര്യം പോലും അവർണ ജാതികളെന്ന് മുദ്രകുത്തപ്പെട്ട സമൂഹത്തിന് നിഷേധിക്കപ്പെട്ടു. അവശജനങ്ങളെ ദുഃഖത്തിൽ നിന്ന് വിടുവിക്കാൻ മാർഗം തേടി യൗവനത്തിൽ നാടുവിട്ട് കഠിനതപം ചെയ്ത് ബോധോദയം പ്രാപിച്ച ഈ യുവാവ് തനിക്കു ലഭിച്ച ആത്മജ്ഞാനം അശരണരുടെ രക്ഷയ്ക്കായി വിനിയോഗിക്കാനുറച്ചു. ഉന്നതജാതിക്കാരിൽ നിന്ന് നേരിട്ട എതിർപ്പിനെയും പീഡനങ്ങളെയും വകവയ്ക്കാതെ പാവങ്ങളെ ഉപദേശിച്ചും പ്രാർത്ഥിച്ചും ജീവിച്ചു.

അവസരസമത്വത്തിനും ക്ഷേത്രപ്രവേശനത്തിനും വേണ്ടി ഗുരുദേവനും ശിഷ്യന്മാരുമൊത്ത് 1935 നവംബർ 25 ന് അന്നത്തെ ഭരണാധികാരിയായിരുന്ന ശ്രീചിത്തിര തിരുനാൾ മഹാരാജാവിനെ സന്ദർശിച്ച് മെമ്മോറാണ്ടം നൽകുകയുണ്ടായി. അധഃകൃതോദ്ധാരണ രംഗത്ത് ക്ഷേത്രപ്രവേശനം ഉൾപ്പടെയുള്ള കാര്യങ്ങളിൽ ശുഭാനന്ദ ഗുരുദേവന്റെ പ്രവർത്തനങ്ങൾ കാണാതെ പോകുന്നത് കേരളചരിത്രത്തിൽ കുറവായി അവശേഷിക്കുന്നു. ശുഭാനന്ദഗുരുദേവന്റെ ജീവചരിത്രം പഠനവിഷയമാക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. ജാതി-മത- വർഗ - വർണ വ്യവസ്ഥകൾക്കതീതമായി പണ്ഡിതനും പാമരനും ഒരുപോലെ ഏകദൈവാരാധന നടത്താൻ ഗുരുദേവൻ നാടിന്റെ നാനാഭാഗങ്ങളിൽ സ്ഥാപിച്ചവയാണ് ശുഭാനന്ദാശ്രമങ്ങൾ. 1125 കർക്കടകം 13 ന് ശുഭാനന്ദ ഗുരുദേവൻ സമാധിയായി. ഈശ്വരന്റെ അധിവാസം അവനവനിൽത്തന്നെ എന്ന് ബോദ്ധ്യപ്പെടുത്തുന്ന അത്ഭുത കർമ്മമാണ് ഗുരുനാഥൻ പകർന്നു നല്കുന്നത്. മഹാഗുരുവിന്റെ 71 -ാ മത് മഹാസമാധിദിനം ലോകമെമ്പാടും ശുഭാനന്ദ ശിഷ്യർ ആചരിക്കുകയാണ്. കേന്ദ്രസ്ഥാപനമായ മാവേലിക്കര ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ ഗുരുപൂജ, പ്രാർത്ഥന, ഏകദിന സ്തുതി, മൗനപ്രദക്ഷിണം, അനുഗ്രഹപ്രഭാഷണം, ആരാധന എന്നിവ ഉണ്ടായിരിക്കും.

(ലേഖകൻ ആത്മബോധോദയ സംഘം, ചെറുകോൽ ശുഭാനന്ദാശ്രമം ട്രസ്റ്റ് സെക്രട്ടറിയാണ് )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUBHANANDA GURUDEVAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.