SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.49 PM IST

നിയമത്തിന്റെ അന്തസ് പാലിക്കുന്ന വിധി

niyamasabha

നിയമസഭാ കൈയാങ്കളി കേസ് എന്നു കുപ്രസിദ്ധി നേടിയ സംഭവത്തിലുൾപ്പെട്ട ആറു ജനപ്രതിനിധികൾ വിചാരണ നേരിടുകതന്നെ വേണമെന്ന സുപ്രീംകോടതി വിധി സംസ്ഥാന സർക്കാരിനു വലിയ തിരിച്ചടി തന്നെയാണ്. കേരളത്തെ ലോകത്തിനു മുൻപിൽ വല്ലാതെ നാണം കെടുത്തിയ സംഭവപരമ്പരകളാണ് 2015 മാർച്ച് 13-ന് അന്നു ധനമന്ത്രിയായിരുന്ന കെ.എം. മാണിയുടെ അവസാന ബഡ്‌ജറ്റ് അവതരണത്തോടനുബന്ധിച്ച് നിയമസഭയിൽ അരങ്ങേറിയത്. അഴിമതിക്കറ പുരണ്ട ധനമന്ത്രി മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നത് എന്തുവിലകൊടുത്തും തടയാനുറച്ച് സഭയിലെത്തിയ എൽ.ഡി.എഫ് പ്രതിനിധികൾ കാണിച്ചുകൂട്ടിയ അതിക്രമങ്ങൾ സമാനതകളില്ലാത്തവയായിരുന്നു. അക്ഷരാർത്ഥത്തിൽ പോർക്കളമായി മാറിയ സഭാതലം ഏറെനേരം സംഘർഷത്തിലമർന്നു. ഉപകരണങ്ങൾ പലതും തകർക്കപ്പെട്ടു. സ്പീക്കറുടെ കസേര പോലും തള്ളിത്താഴെയിട്ടു. അംഗങ്ങളിൽ ചിലർക്ക് മർദ്ദനവുമേറ്റു. ഈ കൂട്ട ബഹളത്തിനിടയിലും ധനമന്ത്രി വല്ലവിധേനയും ബഡ്‌ജറ്റ് അവതരിപ്പിച്ചെന്നു വരുത്തി. സംസ്ഥാന നിയമസഭാ ചരിത്രത്തിലെ ഏറ്റവും വലിയ കളങ്കമായി മാറിയ ഈ സംഭവവുമായി ബന്ധപ്പെട്ട് മുൻ സർക്കാർ അന്നത്തെ ആറു നിയമസഭാംഗങ്ങൾക്കെതിരെ ക്രിമിനൽകേസ് എടുത്തിരുന്നു. തുടർന്നു വന്ന ഇടതു സർക്കാർ കേസ് പിൻവലിക്കാൻ ശ്രമിച്ചെങ്കിലും വിചാരണക്കോടതി കേസിൽ വാദം തുടരണമെന്നാണ് നിലപാടെടുത്തത്. പിന്നീട് ഹൈക്കോടതിയും അതേ നിലപാടെടുത്തു. ഈ വിധിക്കെതിരെ സർക്കാർ അപ്പീലുമായി സുപ്രീം കോടതിയെ സമീപിക്കാൻ ശ്രമം നടത്തവെ തന്നെ പല കേന്ദ്രങ്ങളും സർക്കാരിനു തിരിച്ചടിയുണ്ടാകുമെന്നു മുന്നറിയിപ്പുകൾ നൽകിയിരുന്നു. സംസ്ഥാനത്തെ പൗരസമൂഹം ഒരേസ്വരത്തിൽ അപലപിച്ച ആ സംഭവം ലഘൂകരിച്ചു കാണാനും അതിലുൾപ്പെട്ടവരെ വെള്ളപൂശാനുമുള്ള ശ്രമമായി സർക്കാർ നടപടിയെ പലരും കാണുകയും ചെയ്തു.

പ്രതീക്ഷിച്ചതു തന്നെയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. സഭയിലെ കൈയാങ്കളിയുമായി ബന്ധപ്പെട്ട കേസ് പിൻവലിക്കാനുള്ള സർക്കാർ അപേക്ഷ ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എം.ആർ. ഷാ എന്നിവരുൾപ്പെട്ട ബെഞ്ച് തള്ളിയിരിക്കുകയാണ്. കേസിൽ പ്രതികളായി ചേർത്തിട്ടുള്ള ആറു നേതാക്കൾക്കെതിരെ വിചാരണ തുടരാനും ആവശ്യപ്പെട്ടിട്ടുണ്ട്. ആറു പേരിലൊരാൾ ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണെന്ന പ്രത്യേകതയുമുണ്ട്.

നിയമസഭയിൽ നടക്കുന്ന ഏതു പ്രവൃത്തിയും പരിരക്ഷയുള്ളതാണെന്ന പൊതുധാരണ തിരുത്തുന്നതാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായ രൂക്ഷമായ പരാമർശങ്ങൾ. ഭരണഘടന നൽകുന്ന അവകാശങ്ങൾ ലംഘിക്കുന്നതായിരുന്നു നിയമസഭയിൽ നടന്ന അതിക്രമങ്ങൾ. അതുകൊണ്ടുതന്നെ കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ അപേക്ഷ തന്നെ ഏറെ അനുചിതവും നിയമത്തിനു നിരക്കാത്തതുമാണ്. സംഭവം നടന്നത് നിയമസഭയ്ക്കകത്തു വച്ചായതിനാൽ സ്പീക്കറാണ് തീരുമാനമെടുക്കാനുള്ള പരമാധികാരിയെന്നും ഈ കേസിൽ സ്പീക്കറുടെ അനുമതി പോലും വാങ്ങാതെയാണ് എം.എൽ.എമാർക്കെതിരെ കേസെടുത്തതെന്നുമുള്ള സർക്കാർ വാദങ്ങൾ കോടതി നിരാകരിച്ചിരിക്കുകയാണ്. സഭയ്ക്കകത്തുവച്ചായാലും ക്രിമിനൽകുറ്റം ആ നിലയിൽത്തന്നെയാണു കാണേണ്ടത്. അതിനു വിരുദ്ധമായി കുറ്റം ചെയ്തവർക്ക് സഭയുടെ പ്രത്യേകാവകാശങ്ങളെ കൂട്ടുപിടിച്ച് പരിരക്ഷ തേടുന്നത് ഭരണഘടനയോടും നിയമവ്യവസ്ഥയോടുമുള്ള വഞ്ചനയാണെന്ന കോടതിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്. സഭയ്ക്കകത്തായാലും പുറത്തായാലും കുറ്റം കുറ്റം തന്നെയാണ്. അക്രമം ചെയ്തിട്ട് പരിരക്ഷ തേടുന്നതു തന്നെ അപഹാസ്യമാണ്. ഈ കേസിൽ അതാണുണ്ടായിരിക്കുന്നത്. പൊതുമുതൽ നശീകരണം ആരു ചെയ്താലും ശിക്ഷ ഏറ്റുവാങ്ങിയേ മതിയാവൂ എന്നു ബോദ്ധ്യപ്പെടുത്താൻ കൂടി ഈ കേസ് നിമിത്തമാകേണ്ടതാണ്. ഭരണഘടനയുടെയും നിയമവ്യവസ്ഥയുടെയും അന്തസ് ഉയർത്തിപ്പിടിക്കുന്ന വിധിയാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.