SignIn
Kerala Kaumudi Online
Thursday, 25 April 2024 9.53 AM IST

ബഹിഷ്കരണം മന്ത്രി ശിവൻകുട്ടിയുടെ ചെലവിൽ

niyamasabha

സുപ്രീംകോടതി വിധിയുടെ ഹാങ്ങോവറിൽ നിൽക്കുകയാൽ, 'താക്കോൽദ്വാര ശസ്ത്രക്രിയ' ആയിരുന്നു പ്രതിപക്ഷത്തിന് കരണീയം. പ്രതിഷേധം കടുക്കണം, പക്ഷേ നടുത്തളത്തിനകത്തേക്ക് നീളേണ്ട. അവർ വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കി. അങ്ങനെ പതിനഞ്ചാം കേരളനിയമസഭയിലെ പ്രതിപക്ഷത്തിന്റെ മുദ്രാവാക്യം വിളിയോടെയുള്ള ആദ്യത്തെ ബഹിഷ്കരണമഹോത്സവം മന്ത്രി വി. ശിവൻകുട്ടിയുടെ ചെലവിൽ അഭംഗുരം സംഭവിച്ചു.

നിയമസഭാ കൈയാങ്കളിക്കേസിലെ കോടതിവിധിയനുസരിച്ച് വിചാരണ നേരിടാൻ വിധിക്കപ്പെട്ട മന്ത്രി ശിവൻകുട്ടിയെ ഒരു നിമിഷം വൈകാതെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന മിനിമം ഡിമാൻഡുമായാണ് പി.ടി. തോമസും മറ്റും അടിയന്തരപ്രമേയവുമായെത്തിയത്. രാഷ്ട്രീയലാഭത്തിനായി എന്തും ചെയ്യുന്ന പ്രതിപക്ഷത്തിന്റെ ലീലാവിലാസം മാത്രമായി ഇതിനെ കണ്ട മുഖ്യമന്ത്രി ആവശ്യം തള്ളി. സുപ്രീംകോടതി വിധിയിൽ ആരെയും പേരെടുത്ത് പറഞ്ഞിട്ടില്ലാത്തതിനാൽ രാജിയുടെ പ്രശ്നമൊന്നും ഉദിക്കുന്നേയില്ലെന്ന് അദ്ദേഹം തീർത്തുപറഞ്ഞു.

പ്രതിപക്ഷം ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് അഞ്ചെട്ട് മിനിറ്റോളം ശിവൻകുട്ടിയെ പുലഭ്യം പറഞ്ഞ് മുദ്രാവാക്യം മുഴക്കി. കേൾക്കാനെന്തായാലും മന്ത്രി സഭയിലില്ലാതെ പോയി. അസുഖബാധിതനായ അദ്ദേഹം സഭയിലെത്തിയിരുന്നില്ല. അതിനിടയിൽ കയർമേഖലയുടെ പുനരുദ്ധാരണത്തിനായുള്ള ഒന്നാമത്തെ ശ്രദ്ധക്ഷണിക്കൽ പ്രമേയം പി.പി. ചിത്തരഞ്ജൻ അവതരിപ്പിച്ചു. മന്ത്രി പി. രാജീവ് മറുപടിക്കെഴുന്നേറ്റപ്പോൾ പ്രതിപക്ഷത്തെ ഓർമ്മിപ്പിച്ചു: "സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണെങ്കിൽ മുദ്രാവാക്യം വിളിച്ച് നടപടി തടസപ്പെടുത്തുന്നതും ഒഫൻസ് ആണ്." പ്രതിപക്ഷത്തെ എല്ലാവർക്കും സെലക്ടീവ് ഹിയറിംഗ് ആയതിനാൽ, അവർ മുദ്രാവാക്യംവിളിയുടെ ശബ്ദമൊന്ന് കൂട്ടിയതേയുള്ളൂ. രണ്ടാമത്തെ ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിക്കാനായി എം.കെ. മുനീറിനെ സ്പീക്കർ ക്ഷണിക്കാനൊരുങ്ങിയപ്പോഴേ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ബഹിഷ്കരണവും പ്രഖ്യാപിച്ചു. മുദ്രാവാക്യം വിളിയോടെ അവരിറങ്ങിപ്പോയി.

കൈയാങ്കളിക്കേസ് പിൻവലിക്കാൻ സർക്കാരെടുത്ത നടപടി ഒരിക്കലും നിയമവിരുദ്ധമല്ലെന്ന് വിശദീകരിക്കാനാണ് മുഖ്യമന്ത്രി മെനക്കെട്ടത്. അടിയന്തരപ്രമേയ നോട്ടീസുമായെത്തിയ പി.ടി. തോമസ് ഫോമിലായിരുന്നു. കെ.എം.മാണിയുടെ പാർട്ടിക്കാരെ കുത്തിനോവിക്കാനുള്ള കടുംവെട്ട് വിദ്യകളുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ വരവ്.

2013 മാർച്ച് 13 വെള്ളിയാഴ്ച കേരള നിയമസഭയ്ക്ക് എക്കാലവും ദു:ഖവെള്ളിയാണ്, സാർ - അദ്ദേഹം വിലപിച്ചു. നാല് പതിമൂന്നുകൾ ഒന്നിച്ച ദിവസമാണതെന്ന് അദ്ദേഹം ഓർമ്മിച്ചു. പതിമൂന്നാം കേരള നിയമസഭയിലെ പതിമൂന്നാം സമ്മേളനത്തിൽ കെ.എം.മാണിയുടെ കർമ്മജീവിതത്തിലെ പതിമൂന്നാമത്തെ ബഡ്ജറ്റ് അവതരിപ്പിക്കപ്പെട്ട മാർച്ച് 13. ആന കരിമ്പിൻകാട്ടിൽ കയറിയത് പോലെന്ന ചൊല്ലിന് പകരം ശിവൻകുട്ടി നിയമസഭയിൽ കയറിയ പോലെന്ന പുതിയ ചൊല്ല് രൂപപ്പെട്ടതായി അദ്ദേഹം സങ്കല്പിച്ചു. കെടാത്ത തീയും ചാകാത്ത പുഴുവുമുള്ള നരകത്തിൽ മാണിയെത്തുമെന്ന് അധിക്ഷേപിച്ച അന്നത്തെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ വാക്കുകളും അദ്ദേഹമെടുത്തിട്ടു.

മാണിഗ്രൂപ്പുകാരുടെ ബഹളത്തിന് തോമസിനെ തടുക്കാനായില്ല. വി.എസിന്റെ ചില മാണിവിരുദ്ധ പ്രസംഗങ്ങൾ കൂടി വായിച്ച് തോമസ് വിട്ടുപോയ ഭാഗം പൂരിപ്പിച്ചത് പ്രതിപക്ഷനേതാവ് വി.ഡി. സതീശനായിരുന്നു. മാണിക്ക് പകരം ഉമ്മൻചാണ്ടി ബഡ്ജറ്റവതരിപ്പിച്ചോളൂ എന്ന ഒത്തുതീർപ്പ് വച്ചവരാണിപ്പോൾ യു.ഡി.എഫിന്റെ അഴിമതിക്കെതിരായ സമരമെന്ന് പറയുന്നതെന്നാണ് സതീശന്റെ പരിഹാസം. ഇതൊക്കെ കേട്ടിട്ട് ഈ മന്ത്രിസഭയിലിരിക്കാൻ നാണമുണ്ടോയെന്നദ്ദേഹം മന്ത്രി റോഷി അഗസ്റ്റിനെ നോക്കി ചോദിച്ചു. എം.വി.രാഘവനെ ഇവിടെയിട്ട് ചവിട്ടിയതിന് പ്രായശ്ചിത്തമായി അദ്ദേഹത്തിന്റെ മകന് സീറ്റും മാണിക്കെതിരായ ചെയ്തിക്ക് പ്രായശ്ചിത്തമായി അദ്ദേഹത്തിന്റെ മകന് എ.കെ.ജി സെന്ററിൽ ജ്ഞാനസ്നാനവും നടത്തുന്നതാണ് അദ്ദേഹം കണ്ടത്.

മുൻ യു.ഡി.എഫ് ഭരണകാലത്ത് അഴിമതിക്കേസുകൾ പോലും പിൻവലിച്ചവരുടെ പുതിയ ന്യായവാദങ്ങളായാണ് പ്രതിപക്ഷവാദങ്ങളെ മുഖ്യമന്ത്രി വിലയിരുത്തിയത്. പാമോയിൽ കേസിലെ പ്രതിയായ വ്യക്തി വിജിലൻസ് വകുപ്പ് മറ്രൊരാളെ ഏല്പിച്ച് അധികാരത്തിൽ തുടർന്നത് അദ്ദേഹം ഓർമ്മിപ്പിച്ചു. ഉമ്മൻചാണ്ടി അവിടെയിരിപ്പുണ്ടായിരുന്നെങ്കിലും ആ പേരദ്ദേഹം പറഞ്ഞില്ല. യു.പി തൊട്ട് തമിഴ്നാട് വരെയുള്ള സഭകളിലുണ്ടായ അതിക്രമങ്ങൾ അക്കമിട്ട് വിവരിച്ച മുഖ്യമന്ത്രി അതൊന്നും ക്രിമിനൽകേസാവാത്തതും ചൂണ്ടിക്കാണിച്ചു. ഇവിടെ പ്രതിപക്ഷം ജനാധിപത്യത്തിന്റെ അന്തസ് ഇടിച്ചുതാഴ്ത്തിയെന്നാണ്, കൈയാങ്കളിക്കേസിന് പിന്നാലെ പോയതിനെ അദ്ദേഹം കുറ്റപ്പെടുത്തിയത്. പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിയെ ഉപമിച്ചത് കേസും തള്ളി കോടതിയും പിരിഞ്ഞശേഷം കോടതിവരാന്തയിലിരുന്ന് വാദിക്കുന്ന ചില വക്കീലന്മാരോടാണ് .

പ്രതിപക്ഷത്തിന്റെ അഭാവത്തിൽ ഗതാഗതം, മത്സ്യബന്ധനം, വാഹനനികുതി വകുപ്പുകളുടെ ധനാഭ്യർത്ഥനകളിന്മേൽ ചർച്ച നടന്നു. അടിയന്തരപ്രമേയ വേളയിൽ കുത്തിനോവിച്ച പ്രതിപക്ഷത്തിന് മറുപടി എണ്ണിപ്പറയാനുണ്ടായ നിയോഗം മാണിഗ്രൂപ്പിലെ ജോബ് മൈക്കിൾ ഭംഗിയാക്കി. അന്നത്തെ ആ കറുത്ത വെള്ളിക്ക് പിന്നിൽ കോൺഗ്രസ് നേതാക്കളുടെ ഗൂഢാലോചനയായിരുന്നുവെന്നദ്ദേഹം വെളിപ്പെടുത്തി. ചെങ്ങന്നൂർ ഉപതിര‌ഞ്ഞെടുപ്പ് വേളയിൽ മാണിയെ ധൃതരാഷ്ട്രാലിംഗനം ചെയ്തത് യു.ഡി.എഫ് നേതാക്കളാണെന്നും കുറ്റപ്പെടുത്തി. തിരുവനന്തപുരത്തേക്ക് ടിക്കറ്റെടുത്തിട്ട് കൊട്ടാരക്കരയിൽ ഇറക്കിവിട്ടുവത്രെ. അവിടെ ഇടതുപക്ഷത്തിന്റെ എ.സി വണ്ടി കിട്ടിയതിനാൽ സുഖമായി തിരുവനന്തപുരത്തെത്തി എന്നോർത്തപ്പോൾ അദ്ദേഹത്തിന് എന്തെന്നില്ലാത്ത ആത്മസംതൃപ്തി!

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIYAMASABHA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.