SignIn
Kerala Kaumudi Online
Thursday, 25 April 2024 10.15 AM IST

മെഡലില്ലാ മേരി

marykom

രണ്ട് റൗണ്ടുകളിൽ മികവ് കാട്ടിയിട്ടും പ്രീ ക്വാർട്ടർ കടക്കാതെ മേരികോം പുറത്ത്

ഇൻഗ്രിറ്റ് വലൻസിയയ്ക്ക് തുണയായത് തുടക്കം മുതൽ കാട്ടിയ അക്രമണ വീര്യം

ടോക്യോ : ഒളിമ്പിക് മത്സരവേദിയിൽ നിന്ന് ഇങ്ങനെ പടിയിറങ്ങേണ്ടിവരുമെന്ന് മേരികോം കരുതിക്കാണില്ല. ഇന്നലെ പ്രീ ക്വാർട്ടറിൽ കൊളംബിയക്കാരി ഇൻഗ്രിറ്റ് വലൻസിയയ്ക്കെതിരെ ഇഞ്ചോടിഞ്ച് പൊരുതിനോക്കിയിട്ടും മേരി പരാജയപ്പെട്ടുവെന്ന് ജഡ്ജിമാർ വിധിക്കുകയായിരുന്നു. ആദ്യ റൗണ്ടിൽ അൽപ്പമൊന്ന് പതറിയെങ്കിലും തുടർന്നുള്ള രണ്ട് റൗണ്ടുകളിലും മുൻതൂക്കം മേരിക്കായിരുന്നു. അതുകൊണ്ടുതന്നെ മത്സരഫലം പ്രഖ്യാപിക്കുമ്പോൾ ഉറച്ചപ്രതീക്ഷയിലായിരുന്നു 38കാരിയായ ഇന്ത്യൻ താരം.എന്നാൽവിധി തനിക്കെതിരായപ്പോൾ ദേഷ്യമോ നിരാശയോ കാട്ടാതെ ഒളിമ്പിക്സ് വേദിയോട് വിടചൊല്ലുന്ന ഉപചാരങ്ങൾ പൂർത്തിയാക്കി മേരി പടിയിറങ്ങി.പിന്നീട് മേരികോമും കോച്ച് ഛോട്ടേ ലാൽ യാദവും മത്സരഫലത്തിൽ അതൃപ്തി പരസ്യമാക്കുകയും ചെയ്തു.

അഞ്ച് ജഡ്ജ്മാരുടെ പോയിന്റ്

റിംഗിന്റെ നാലുഭാഗത്തായി മത്സരം വീക്ഷിക്കുന്ന അഞ്ച് ജഡ്ജ്മാരുടെ പോയിന്റുകളാണ് വിധി നിർണയിക്കുന്നത്. ഓരോ ജഡ്ജും ഓരോ റൗണ്ടിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് 10 പോയിന്റും മറ്റേയാൾക്ക് 9 പോയിന്റും നൽകും. കൂടുതൽ 10 കിട്ടുന്നവർ റൗണ്ടിൽ മുന്നിലെത്തും. മൂന്ന് റൗണ്ടിലും ഇത് ആവർത്തിക്കും. ഒടുവിൽ മൂന്ന് റൗണ്ടുകളിൽ ഏറ്റവും കൂടുതൽ പോയിന്റ് കിട്ടിയവർ വിജയിക്കും. അഞ്ച് ജഡ്ജുമാരും മൂന്ന് റൗണ്ടിലെയും വിജയിയായി ഒരേ ആളെ കണ്ടെത്തിയാൽ വിജയം 5-0ത്തിന്. നാലുപേർ ഒരാളെ പിന്തുണച്ചാൽ മാർജിൻ 4-1. മൂന്നുപേരുടെ പിന്തുണ കിട്ടുന്നയാൾക്ക് 3-2ന് ജയിക്കാം.

മേരിക്ക് സംഭവിച്ചത്

ആദ്യ റൗണ്ടിന് മണിമുഴങ്ങിയതുമുതൽ ആക്രമിച്ചുകളിക്കുകയായിരുന്നു വലൻസിയ.മേരിയാകട്ടെ അവസരങ്ങൾക്കായി കാത്തിരുന്നു. ആദ്യ റൗണ്ട് കഴിയുമ്പോൾ നാലുജഡ്ജുമാർ പിന്തുണച്ചത് വലൻസിയയെയായിരുന്നു. എന്നാൽ രണ്ടാം റൗണ്ടിൽ മേരി മികച്ച പ്രകടനം കാഴ്ചവച്ചു. മൂന്ന് ജഡ്ജുമാരുടെ പിന്തുണ കിട്ടി. അവസാന റൗണ്ടിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നെങ്കിലും നേരിയ മുൻതൂക്കം മേരിക്കായിരുന്നു. ഇതോടെ ആകെ കണക്കുകൂട്ടിയപ്പോൾ ഇരുവരും ഏറെക്കുറെ തുല്യതയിലായിരുന്നു.തുടർന്ന് മത്സരത്തിലുടനീളം വലൻസിയ പുറത്തെടുത്ത പോരാട്ടത്വരയും ഫെയർപ്ളേയും കണക്കിലെടുത്ത് വിജയിയെ പ്രഖ്യാപിക്കുകയായിരുന്നു.

എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ആദ്യ റൗണ്ടിൽ ഞങ്ങൾ രണ്ടുപേരും തന്ത്രങ്ങൾ പരസ്പരം മനസിലാക്കുകയായിരുന്നു. അവസാന രണ്ട് റൗണ്ടുകളിൽ ഞാനാണ് മികച്ചുനിന്നതെന്ന് കരുതുന്നു. എന്നിട്ടും ഫലം എന്തുകൊണ്ട് ഇങ്ങനെയായെന്ന് അറിയില്ല.

- എം.സി മേരികോം മത്സരശേഷം പറഞ്ഞത്

ആദ്യ റൗണ്ടിൽ ഇരുവരും തുല്യം തുല്യം നിന്നിട്ടും മേരികോമിനെ 1-4ന് പിന്നിലാക്കിയ സ്കോറിംഗ് സിസ്റ്റം എനിക്ക് മനസിലാകുന്നില്ല.വല്ലാത്ത നിർഭാഗ്യമായാണ് എനിക്ക് തോന്നുന്നത്.

- ഛോട്ടേ ലാൽ യാദവ്,മേരികോമിന്റെ പരിശീലകൻ

മഹാമേരി

ടോക്യോയിൽ മെഡലില്ലാതെ പടിയിറങ്ങേണ്ടിവന്നെങ്കിലും ഇന്ത്യൻ ബോക്സിംഗ് രംഗത്തെ മഹാമേരുതന്നെയാണ് മേരികോം.

6 ലോക ചാമ്പ്യൻഷിപ്പുകളിൽ സ്വർണം, ഓരോ വെള്ളിയും വെങ്കലവും

2012 ലണ്ടൻ ഒളിമ്പിക്സിൽ വെങ്കലം

2014 ഏഷ്യൻ ഗെയിംസിൽ സ്വർണവും 2010ൽ വെങ്കലവും

2018 കോമൺവെൽത്ത് ഗെയിംസിൽ സ്വർണം.

5 ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിൽ സ്വർണവും രണ്ട് വെള്ളിയും.

2002ൽ 20-ാം വയസിൽ അന്റാലിയയിൽ വച്ചാണ് മേരികോം ആദ്യമായി ലോക ചാമ്പ്യനായത്.

2018ൽ ന്യൂഡൽഹിയിൽ വച്ച് 36-ാം വയസിൽ ആറാം തവണ ലോക ചാമ്പ്യൻ.

2007ൽ ഇരട്ടആൺമക്കളുടെ അമ്മയായി.2013ൽ ഒരു മകൻ കൂടി പിറന്നു.2018ൽ ഒരു മകളെ ദത്തെടുത്തു.

2020ൽ പത്മവിഭൂഷൺ

2013 - പത്മഭൂഷൺ

2009 - ഖേൽരത്ന

2006 - പത്മശ്രീ

2003 - അർജുന

ഇടി നിറുത്തുമോ?

ഒളിമ്പിക്സിന് ശേഷം ബോക്സിംഗിൽ നിന്ന് വിരമിക്കുമോ എന്ന ചോദ്യത്തിന് മേരികോം നൽകിയ മറുപടി ഇങ്ങനെ

" രണ്ട് പതിറ്റാണ്ടായി ഞാൻ പോർക്കളത്തിലുണ്ട്. ഞാനിപ്പോഴും മത്സരിക്കാൻ ശക്തയാണ്.മനക്കരുത്തുണ്ടെങ്കിൽ ഏതുപ്രായത്തിലും മത്സരിക്കാം. അച്ചടക്കവും കൃത്യമായ പരിശീലനവും കൂടിവേണമെന്നുമാത്രം.മണിപ്പൂരിലെ ആണുങ്ങളും പെണ്ണുങ്ങളും പോരാട്ടവീര്യമുള്ളവരാണ്. പെണ്ണുങ്ങൾക്ക് അൽപ്പം കൂടും."

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MARYKOM
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.