മമ്മൂട്ടി ആദ്യമായിമൂവി കാമറയെ അഭിമുഖീകരിച്ചിട്ട്ആഗസ്റ്റ് 6ന് 50 വർഷം പൂർത്തിയാകുമെങ്കിലും ഔദ്യോഗികആഘോഷങ്ങളുണ്ടാവില്ല
അമ്പത് വർഷങ്ങൾക്ക് മുൻപാണ് മമ്മൂട്ടി ആദ്യമായി മൂവി കാമറയെ അഭിമുഖീകരിച്ചത്. സത്യനെയും പ്രേംനസീറിനെയും ഷീലയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ ഒറ്റ ഷോട്ടിൽ.
തന്റെ അഭിനയത്തുടക്കത്തിന്റെ ആ ചിത്രം അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിലൂടെ മമ്മൂട്ടി പങ്കുവച്ചിരുന്നു.
1971-ൽ ആണ് അനുഭവങ്ങൾ പാളിച്ചകൾ റിലീസായത്. കണക്ക് പ്രകാരം മമ്മൂട്ടിയുടെ അഭിനയജീവിതത്തിന് അമ്പതാണ്ട് പൂർത്തിയാകുകയാണെങ്കിലും സിനിമകളിൽ തുടർച്ചയായി മമ്മൂട്ടി അഭിനയിച്ച് തുടങ്ങിയത് എൺപതുകളുടെ തുടക്കം മുതലാണെന്നതിനാൽ അമ്പതാണ്ടിന്റെ ഔദ്യോഗികാഘോഷങ്ങളൊന്നും വേണ്ടെന്നാണ് മമ്മൂട്ടിയുടെ ആരാധക സംഘടനകളുടെ തീരുമാനം. മമ്മൂട്ടിക്കും അതേ അഭിപ്രായമാണ്.
സെപ്തംബർ ഏഴിന് താരത്തിന്റെ ജന്മദിനം പതിവ് പോലെ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളോടെ വിപുലമായി ആഘോഷിക്കാനാണ് തീരുമാനം.
സമൂഹമാദ്ധ്യമങ്ങളിൽ 'മമ്മൂട്ടിസത്തിന്റെ അമ്പത് വർഷങ്ങൾ" എന്ന പേരിൽ അനൗദ്യോഗികാഘോഷങ്ങൾ അരങ്ങേറുന്നുണ്ട്.
1971 ആഗസ്റ്റ് ആറിനാണ് മമ്മൂട്ടി ആദ്യമായി മൂവി കാമറയെ അഭിമുഖീകരിച്ചത്. ഈ ആഗസ്റ്റ് ആറാം തീയതിയാണ് അനൗദ്യോഗിക അമ്പതാം വാർഷികാഘോഷങ്ങൾ അരങ്ങേറുക.
അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപർവ്വത്തിന്റെ ലൊക്കേഷനിലായിരിക്കും മമ്മൂട്ടി ഇത്തവണ ഓണമാഘോഷിക്കുക. ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം വരും ദിവസങ്ങളിൽ എറണാകുളത്ത് തുടങ്ങും. ബിഗ് ബിയ്ക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ചിത്രത്തിൽ സൗബിൻഷാഹിർ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ജിനുജോസഫ്, ഷൈൻ ടോം ചാക്കോ, നിസ്താർ, ലെന, വീണ നന്ദകുമാർ, തെലുങ്ക് താരം അനസൂയ ഭരദ്വാജ് തുടങ്ങിയവരും വേഷമിടുന്നുണ്ട്.
ഭീഷ്മപർവ്വത്തിന് ഇനി ഒരു മാസത്തെ ചിത്രീകരണമാണ് അവശേഷിക്കുന്നത്. മമ്മൂട്ടിയുടെ രംഗങ്ങൾ ഇരുപത് ദിവസം കൊണ്ട് പൂർത്തിയാകും.
ഭീഷ്മപർവ്വത്തിന് ശേഷം നവാഗതയായ രതീന സംവിധാനം ചെയ്യുന്ന പുഴുവിൽ മമ്മൂട്ടി അഭിനയിച്ച് തുടങ്ങും. സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ മമ്മൂട്ടിയുടെ പേഴ്സണൽ അസിസ്റ്റന്റ് എസ്. ജോർജും വേഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ചേർന്ന് നിർമ്മിക്കുന്ന പുഴുവിൽ പാർവതി തിരുവോത്താണ് നായിക. ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത സവിശേഷതകളേറെയുള്ള ഒരു കഥാപാത്രമാണ് പുഴുവിൽ മമ്മൂട്ടിയെ കാത്തിരിക്കുന്നത്.
കെ. മധു - എസ്. എൻ. സ്വാമി, ടീമൊരുക്കുന്ന സി.ബി.ഐ അഞ്ചാം ഭാഗമാണ് പുഴുവിന് ശേഷം മമ്മൂട്ടിയെ കാത്തിരിക്കുന്ന പ്രോജക്ട്. സ്വർഗചിത്രയുടെ ബാനറിൽ അപ്പച്ചനാണ് സി.ബി.ഐ അഞ്ചാം ഭാഗം നിർമ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |