SignIn
Kerala Kaumudi Online
Friday, 19 April 2024 7.46 PM IST

ഒരു രാജിക്ക് ചുറ്റിലും കറങ്ങിയിട്ടും...

niyamasabha

വെണ്ടയ്ക്കാ മിസ്സാകുന്ന സാമ്പാർ പോലെ എന്തിന്റെയോ ഒന്നിന്റെ കുറവ് രണ്ട് ദിവസമായി സഭ അനുഭവിക്കുന്നുണ്ട്. ഒരു രാജിക്ക് ചുറ്റിലുമായാണ് രണ്ട് ദിവസമായി സഭ കറങ്ങിക്കൊണ്ടിരിക്കുന്നത്. ആ കറക്കം ഏറ്റവും ചുരുങ്ങിയത് നടുത്തളത്തിലിറങ്ങിയുള്ള സ്തംഭനത്തോളം പോരേണ്ടതായിരുന്നു. പക്ഷേ, സീറ്റിലിരുന്നുള്ള മുദ്രാവാക്യംവിളിയിൽ ഒതുങ്ങുന്ന പ്രതിപക്ഷത്തെയാണ് കാണുന്നത്.

നടുത്തളത്തിന് ഈ പ്രതിപക്ഷത്തെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടെന്ന് തോന്നുന്നു. എന്തൊരു ക്രൂരമായ അവഗണനയാണ് ഇക്കൂട്ടരെന്നോട് കാട്ടുന്നതെന്ന മട്ട്!

നിയമസഭാ കൈയാങ്കളിക്കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ, അതിൽ വിചാരണ നേരിടേണ്ടി വരുന്ന പ്രതിയായ മന്ത്രി വി. ശിവൻകുട്ടി രാജിവച്ചേ മതിയാവൂ എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. നിയമനടപടി നേരിടും, പക്ഷേ മന്ത്രി രാജി വയ്ക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ലെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ അറുത്തുമുറിച്ച് പറഞ്ഞു. കഴിഞ്ഞ ദിവസം തന്നെ രാജിയില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചതാണ്. ഈ 'കോടതി'യിൽ ഇനിയൊരു അപ്പീലിന് സ്കോപ്പില്ലെന്ന് നല്ല ബോദ്ധ്യം പ്രതിപക്ഷത്തിനുമുണ്ടാവാതിരിക്കാൻ വഴിയില്ല. അതുകൊണ്ടുതന്നെയാണ് നടുത്തള ബഹളവും സ്തംഭനവുമൊക്കെ ഏതൊരാളും പ്രതീക്ഷിച്ചുപോകുന്നത്. പക്ഷേ, പ്രതിപക്ഷം രണ്ടു ദിവസവും ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് അല്പനേരം മുദ്രാവാക്യം വിളിക്കുകയും അതുകഴിഞ്ഞ് ഇറങ്ങിപ്പോവുകയുമാണ്. ഈയൊരവസ്ഥയായതിനാൽ, വെണ്ടയ്ക്കായുടെ കുറവ് ഈ സാമ്പാറിലില്ലേയെന്ന് ആരും ചിന്തിച്ച് പോകുന്നത് സ്വാഭാവികമാകുന്നു.

ഇന്നലെ ചോദ്യോത്തരവേളയിൽ തന്നെ പ്രതിപക്ഷം വിഷയമെടുത്തിട്ടു. പ്രതിപക്ഷനേതാവിനെ സംസാരിക്കാനനുവദിക്കണമെന്ന ആവശ്യത്തിന് സ്പീക്കർ എം.ബി. രാജേഷ് ആദ്യം വഴങ്ങിക്കൊടുത്തില്ല. അദ്ദേഹം ആദ്യ ചോദ്യത്തിന് മറുപടി നൽകാനായി വനംമന്ത്രിയെ ക്ഷണിച്ചു. ചോദ്യോത്തരവേളയിൽ മറ്റൊന്നും അനുവദിക്കില്ലെന്ന് പ്രതിപക്ഷനേതാവിന് നന്നായി അറിയാമെന്നാണ് ബഹളം കൂട്ടിയ അംഗങ്ങൾക്ക് സ്പീക്കറുടെ മറുപടി.

മന്ത്രിയുടെ ആദ്യവിശദീകരണത്തിന് പിന്നാലെ ഉപചോദ്യത്തിനായി ആദ്യ ചോദ്യകർത്താവിന്റെ നിയോഗം ലഭിച്ച പി.ടി. തോമസിനെ സ്പീക്കർ ക്ഷണിച്ചു. പ്രതിപക്ഷനേതാവിനെ സംസാരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ചോദ്യം ചോദിക്കുന്നില്ലെന്നായി തോമസ്. അടുത്ത ചോദ്യകർത്താവായ റോജി എം.ജോണിലേക്ക് സ്പീക്കർ കടന്നു. പ്രതിപക്ഷനേതാവിനെ സംസാരിക്കാൻ അനുവദിക്കുന്ന കീഴ്വഴക്കമുണ്ടായിട്ടുണ്ട്, സാർ- റോജി വിളിച്ചുപറഞ്ഞു.

എന്നാലെങ്കിലും അടങ്ങിക്കോളും എന്ന വ്യർത്ഥചിന്തയാലാണോ എന്നറിയില്ല, സ്പീക്കർ വഴങ്ങി. വളരെ സുപ്രധാനമായ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ വിചാരണയ്ക്ക് വിധേയനാകേണ്ട പൊതുവിദ്യാഭ്യാസമന്ത്രി രാജി വയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് മൈക്ക് കിട്ടിയ പാടേ ആവശ്യപ്പെട്ടു. ലോ ഒഫ് ദ ലാൻഡ് ആണ് സുപ്രീംകോടതി വിധി എന്നദ്ദേഹം പറഞ്ഞു. അതിനെതിരെ പരാമർശം നടത്താൻ ഏത് പൗരനും അവകാശമില്ലെന്നും. പക്ഷേ മുഖ്യമന്ത്രി വിധിക്കെതിരെ പരാമർശിക്കുന്നു എന്നതാണ് സതീശന്റെ കുറ്റപത്രം.

മുഖ്യമന്ത്രി പ്രകോപിതനായി. പരമോന്നത കോടതിയുടെ വിധി എല്ലാവരും അംഗീകരിക്കുമെന്ന് കഴിഞ്ഞദിവസം തുടക്കത്തിലും ഒടുക്കത്തിലും ആവർത്തിച്ചിട്ടും താൻ പറഞ്ഞതിനെ പ്രതിപക്ഷനേതാവ് വക്രീകരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പക്ഷേ, സഭയിലെ പ്രശ്നം സഭയ്ക്കകത്ത് തീർക്കാതെ പൊലീസിനെ ഏല്പിച്ച യു.ഡി.എഫ് സർക്കാരിന്റേത് അതീവ ഗുരുതരകുറ്റം തന്നെയായി അദ്ദേഹം വിലയിരുത്തി. ഇതേ കേസിൽ പ്രതികളായ ഇ.പി. ജയരാജനും കെ.ടി. ജലീലും കഴിഞ്ഞ സർക്കാരിൽ മന്ത്രിമാരായില്ലേയെന്നും അദ്ദേഹം പ്രതിപക്ഷത്തോട് ചോദിക്കുകയുണ്ടായി.

പ്രസംഗത്തിന്റെ ആമുഖത്തിലും അവസാനത്തിലും മുഖ്യമന്ത്രി കോടതിവിധിയെ അംഗീകരിക്കുന്നുവെന്ന് പറഞ്ഞിട്ട് ഇടയ്ക്ക് പറഞ്ഞതെല്ലാം വിധിക്കെതിരായതാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു പ്രതിപക്ഷനേതാവ്. വിചാരണയ്ക്ക് വിധേയനായി പ്രതിക്കൂട്ടിൽ കൈയുംകെട്ടി നിൽക്കേണ്ടി വരുന്ന മന്ത്രി രാജിവച്ചേ മതിയാവൂ എന്ന് സതീശൻ പറഞ്ഞു.

എന്നിട്ടദ്ദേഹമിരുന്നപ്പോൾ കഴിഞ്ഞദിവസത്തെ പതിവിനെ ഓർമ്മിപ്പിച്ച് പിൻനിരക്കാർ കോറസ് മുദ്രാവാക്യം വിളി തുടങ്ങി. ഇതിനിടയിൽ ചോദ്യോത്തരവേളയും മുറയ്ക്ക് നടന്നു. ഒമ്പതര മണിയായപ്പോൾ ചോദ്യത്തിന് മറുപടി പറയുകയായിരുന്ന മന്ത്രി കെ. രാധാകൃഷ്ണൻ, പ്രതിപക്ഷത്തോട് ഇരിക്കാനുപദേശിച്ചു. തൊട്ടുപിന്നാലെ പ്രതിപക്ഷനേതാവ് ബഹിഷ്കരണവും പ്രഖ്യാപിച്ചു.

പ്രതിപക്ഷ അഭാവത്തിൽ മറ്റ് നടപടിക്രമങ്ങൾ പതിവനുസരിച്ച് പൂർത്തിയാക്കി. കൊവിഡ് പ്രതിസന്ധി മൂലം അസംഘടിത തൊഴിലാളികൾ നേരിടുന്ന ദൈന്യാവസ്ഥയിലേക്ക് ശ്രദ്ധ ക്ഷണിച്ചത് കെ.കെ. ശൈലജയാണ്. വാദ്യ, തെയ്യം കലാകാരന്മാരടക്കമുള്ള ഇപ്പോഴാരും ശ്രദ്ധിക്കാത്തവരുടെ ദൈന്യമുഖങ്ങളിലേക്കാണ് ശൈലജ ശ്രദ്ധ ക്ഷണിച്ചത്. ചില ആശ്വാസ മറുപടികളൊക്കെ മന്ത്രി പി. രാജീവിൽ നിന്നുണ്ടായെങ്കിലും പ്രതിസന്ധിയെപ്പോഴും പ്രതിസന്ധി തന്നെയാണല്ലോ.

അനൗദ്യോഗികാംഗങ്ങളുടെ പ്രമേയദിവസമായിരുന്നു. ദേശീയതലത്തിൽ പുതിയ ഉന്നത വിദ്യാഭ്യാസനയം രൂപീകരിക്കണമെന്ന പ്രമേയവുമായെത്തിയത് എം. വിജിനാണ്. സഹകരണമേഖലയിലേക്ക് കടന്നുകയറാനുള്ള കേന്ദ്രനീക്കം ഉപേക്ഷിക്കണമെന്ന പ്രമേയവുമായി കെ.കെ.ശൈലജയും. തള്ളാനുള്ള പ്രമേയങ്ങൾ തള്ളിത്തന്നെ തീർക്കപ്പെട്ടപ്പോൾ, ഓൺലൈൻ ഗെയിമുകൾക്കെതിരായ പ്രമേയനോട്ടീസ് നൽകിയ മാത്യുകുഴൽനാടന് സ്വന്തം പ്രമേയം തള്ളപ്പെടുന്നത് കാണാനുള്ള ദുർവിധി ഒരു ബഹിഷ്കരണം കൊണ്ട് ഒഴിവായിക്കിട്ടി!

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIYAMASABHA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.