SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.25 AM IST

സ്ത്രീധന പീഡന മരണങ്ങൾക്ക് അറുതിയില്ല കൊല്ലത്ത് ജീവനൊടുക്കിയത് അരഡസനിലധികം യുവതികൾ

vis

കൊല്ലം : സ്ത്രീധനപീഡനത്തെയും ഭർത്താവിൽ നിന്നും ഭർത്തൃവീട്ടുകാരിൽ നിന്നും നേരിടേണ്ടിവന്ന ശാരീരിക, മാനസിക പീഡനത്തെയും തുടർന്ന് ആത്മഹത്യയിൽ അഭയം തേടുന്നവരുടെ എണ്ണം ജില്ലയിൽ പെരുകുന്നു. ശാസ്താംകോട്ടയിലെ മോട്ടോർവാഹന വകുപ്പ് ജീവനക്കാരനായ കിരൺകുമാറിന്റെ ഭാര്യ വിസ്മയയുടെ അസ്വാഭാവിക മരണം സംസ്ഥാനത്ത് ഏറെ ചർച്ചയാകുകയും അന്വേഷണവും നടപടികളും കാര്യക്ഷമമാകുകയും ചെയ്തതിന് പിന്നാലെയാണ് സ്ത്രീധനത്തിന്റെയും ഗാ‌ർഹിക പീഡനങ്ങളുടെയും ഇരകളായിരുന്നുവെന്ന് സംശയിക്കുന്ന വിധത്തിൽ ജില്ലയിൽ അരഡസനിലധികം യുവതികൾ ജീവനൊടുക്കിയ സംഭവങ്ങൾ ഉണ്ടായത്. ഭർതൃപിതാവിന്റെ നിരന്തരമായ മാനസിക പീഡനത്തെ തുടർന്ന് ഇന്നലെ കല്ലടയാറ്റിൽ ചാടി ജീവനൊടുക്കിയ രേവതിയാണ് ജില്ലയിലെ അവസാനമില്ലാത്ത പീഡന പരമ്പരകളുടെ ഒടുക്കത്തെ ഇര.


ജൂൺ23 ലിജി ജോൺ

സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ലിജി ജോണിനെ ഭർതൃഗൃഹത്തിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇളമ്പൽ എലിക്കോട് ഉറിക്കോട് അജിഭവനിൽ അജിയുടെ ഭാര്യയാണ് ലിജി. വീട്ടിലെ അടുക്കളയിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.

സംഭവസമയം വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. മക്കളായ ആരോണിനെയും ആബേലിനെയും സമീപത്തെ ബന്ധുവീട്ടിൽ ട്യൂഷന് അയച്ചിരുന്നു. കുട്ടികൾ മടങ്ങിയെത്തി വീട്ടിൽ പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും കതക് തുറക്കാനായില്ല. ബന്ധുവിന്റെ സഹായത്തോടെ ഉള്ളിൽ കടന്നപ്പോഴാണ് അടുക്കളയിൽ മൃതദേഹം കണ്ടത്. ലിജിയുടെ ഭർതൃമാതാപിതാക്കൾ സംഭവസമയം തൊഴിലുറപ്പ് ജോലിക്കായി പുറത്തായിരുന്നു.

ഭർത്താവ് അജി കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സാണ്. അജിയും വീട്ടിലുണ്ടായിരുന്നില്ല. പുനലൂരിലെ സ്വകാര്യ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്ന ലിജി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതാണെന്നാണ് കരുതുന്നത്.

കൊട്ടാരക്കരയിൽ ഐ.ഇ.എൽ.ടി.എസ്.കോഴ്സിന് ചേർന്ന് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുത്തുവരികയായിരുന്നു. പുനലൂർ പൊലീസ് സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്.

ജൂൺ 26 വിജിത

ഭർത്താവിൽനിന്ന് പീഡനമെന്ന പരാതിനിലനിൽക്കെ യുവതിയെ വീട്ടിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. പുത്തൻകുളത്തിന് സമീപം ചിറക്കരത്താഴം വിഷ്ണുഭവനിൽ റീനയുടെ മകൾ വിജിതയെയാണ് (30) ഒരു മാസം മുമ്പ് ഗൃഹപ്രവേശം നടത്തിയ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കുളിമുറിയുടെ കതക് അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. ഭർത്താവ് രതീഷിന്റെ പീഡനമാണ് സംഭവത്തിന് പിന്നിലെന്ന് വിജിതയുടെ അമ്മയും ബന്ധുക്കളും ആരോപിച്ചു.

രതീഷ് തന്നെയാണ് വിജിതയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. വിജിതയുടെ അമ്മയുടെ മൊഴി പ്രകാരം അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം നടന്നുവരികയാണ്.

ജൂൺ 30 അനുജ

പടിഞ്ഞാറേ കൊല്ലം കന്നിമേൽച്ചേരി പുളിഞ്ചിക്കൽ വീട്ടിൽ സതീഷിന്റെ ഭാര്യ അനുജ ഇക്കഴിഞ്ഞ ജൂൺ 30-ന് രാത്രിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. രാത്രി ജോലി കഴിഞ്ഞെത്തിയ സതീഷും അനുജയും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതേത്തുടർന്ന് അനുജ മുറിയിൽക്കയറി വാതിലടച്ചു. ഇടയ്ക്ക് തർക്കങ്ങളുണ്ടാകുമ്പോൾ അനുജ വാതിലടച്ചു കിടക്കാറുള്ളതിനാൽ സതീഷ് ഇത് കാര്യമാക്കിയില്ല. ഇടയ്ക്ക് മയങ്ങിപ്പോയ ഇയാൾ രാത്രി പന്ത്രണ്ടുമണിയോടെ വാതിലിൽത്തട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ജനൽപ്പാളി വഴി നോക്കുമ്പോൾ അനുജ തൂങ്ങിനിൽക്കുന്നതാണ് കണ്ടത്. ഉടൻ വാതിൽ ചവിട്ടിപ്പൊളിച്ച് അനുജയെ ആശുപത്രിയിലെത്തിച്ചെങ്കിലും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു.

കഴിഞ്ഞ ഡിസംബറിലായിരുന്നു സതീഷിന്റെയും അനുജയുടെയും വിവാഹം. ഭർതൃമാതാവ് അനുജയോട് മോശമായി പെരുമാറിയിരുന്നതായി അനുജയുടെ ബന്ധുക്കൾ പറയുന്നു. അനുജയുടെ അച്ഛൻ അനിൽകുമാറിന്റെ പരാതിപ്രകാരം സതീഷിന്റെ അമ്മ സുനിജയ്‌ക്കെതിരെ ശക്തികുളങ്ങര പൊലീസ് ഗാർഹികപീഡനത്തിന് കേസെടുത്തു.

ജൂലായ് 19 ജയമോൾ

റെയിൽവേ ഉദ്യോഗസ്ഥനായ കുന്നിക്കോട് വിളക്കുടി സ്വദേശി ജോമോന്റെ ഭാര്യ ജയയെ വീട്ടിലെ കുളിമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജയമോളും ഭർത്താവ് ജോമോനും തമ്മിൽ കലഹം പതിവായിരുന്നു. സംഭവത്തിൽ ജയമോളുടെ വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത പൊലീസ് സ്ത്രീധന നിരോധനനിയമം,​ ഗാർഹിക പീഡന നിരോധന നിയമം തുടങ്ങിയവ പ്രകാരം ജോമോനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജൂലായ് 23 ധന്യാരാജേഷ്

വിസ്മയയെ മരിച്ചനിലയിൽ കണ്ടെത്തിയ ശാസ്താംനടയിലെ ഭർതൃവീട്ടിൽ ഏതാനും കിലോ മീറ്ററുകൾ മാത്രം അകലത്തിലാണ് കുന്നത്തൂർ നെടിയവിള രാജേഷിന്റെ ഭാര്യ ധന്യാദാസും (21) ജീവനൊടുക്കിയത്. ഭർതൃ പീഡനമാണ് മരണത്തിന് കാരണമെന്ന് ധന്യയുടെ വീട്ടുകാർ ആരോപിച്ചു.

ദീർഘകാലം പ്രണയത്തിലായിരുന്ന രാജേഷും ധന്യയും മൂന്ന് മാസം മുമ്പാണ് വിവാഹം കഴിച്ചത്. ഗാർഹികപീഡനത്തിന്റെ പേരിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

ജൂലായ് 29 രേവതി

ഭർതൃപിതാവിൽ നിന്നുണ്ടായ പരിഹാസങ്ങളും നിരന്തരമായ മാനസിക പീഡനങ്ങളും കാരണമാണ് പവിത്രേശ്വരം ഓതിരമുകൾ കിടങ്ങിൽ വീട്ടിൽ കൃഷ്ണകുമാറിന്റെയും ശശികലയുടെയും മകളായ രേവതി കല്ലടയാറ്റിൽ ചാടി കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. കിഴക്കേ കല്ലട നിലമേൽ സൈജു ഭവനിൽ സൈജുവിന്റെ ഭാര്യയായ രേവതി കൃഷ്ണ (23) വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് നാട്ടുകാർ നോക്കിനിൽക്കെ കൊല്ലം - തേനി പാതയിൽ കടപുഴ പാലത്തിൽ നിന്ന് കല്ലടയാറ്റിലേക്ക് ചാടുകയായിരുന്നു.

പതിനൊന്ന് മാസം മുമ്പായിരുന്നു വിവാഹം. ഭർത്താവ് സൈജു ദുബായിലാണ്. ഭർതൃപിതാവിനും മാതാവിനുമൊപ്പമായിരുന്നു താമസം. സൈജുവും രേവതിയും തമ്മിൽ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നുവെന്നാണ് വിവരം.

അഞ്ചുവർഷം 66 മരണം

കഴിഞ്ഞ 5 വർഷം നടന്നത് 66 സ്ത്രീധന പീഡന മരണങ്ങളാണ്. ഭർത്താവും വീട്ടുകാരും പീഡിപ്പിച്ച 15143 കേസുകളാണ് കഴിഞ്ഞ വർഷം ഉണ്ടായതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം മാത്രം 1080 കേസുകളാണ് ഉണ്ടായത്. 2020 ൽ 2715 കേസുകൾ രജിസ്റ്റർ ചെയ്തുവെന്നും ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകളിൽ പറയുന്നു.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ: 1056.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CASEDIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.