SignIn
Kerala Kaumudi Online
Monday, 27 September 2021 1.14 PM IST

കളക്ടറുടെ ഉത്തരവും കുറെ പൊല്ലാപ്പും

photo

കൊവിഡിൽ കഴുത്തോളം കടത്തിൽ മുങ്ങി ആത്മഹത്യയിലേക്ക് നീങ്ങുന്ന വ്യാപാരി സമൂഹത്തെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ എന്താണ് വഴിയെന്നു ലോകം മുഴുവൻ തല പുകഞ്ഞു ചിന്തിച്ചു കൊണ്ടിരിക്കുന്ന കാലത്താണ് കണ്ണൂർ കളക്ടറുടെ വിവാദ ഉത്തരവ് വരുന്നത്. ദുരന്തനിവാരണ കമ്മിറ്റിയുടെ അദ്ധ്യക്ഷൻ എന്ന നിലയിൽ അദ്ദേഹത്തിന് അതല്ലാതെ എന്തു ചെയ്യാൻ കഴിയുമെന്നു പറയുന്നവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.
കണ്ണൂർ ജില്ലയിൽ വാണിജ്യ മേഖലകളും വിവിധ തൊഴിൽ രംഗങ്ങളും കൊവിഡ് വിമുക്ത സുരക്ഷിത മേഖലയാക്കുന്നതിനായി നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയാണ് കളക്ടർ ചെയ്തത്. വിഷം വാങ്ങാൻ പോലും കാശില്ലാത്ത സമയത്ത് മുന്നൂറും അഞ്ഞൂറും ചെലവാക്കി ടെസ്റ്റ് നടത്തുകയെന്നത് എന്തൊരു പരീക്ഷണമാണെന്നാണ് വ്യാപാരികൾ ചോദിച്ചത്. മറ്റെങ്ങുമില്ലാത്ത ഉത്തരവ് കണ്ണൂർ ജില്ലയിൽ മാത്രം നടപ്പാക്കുന്നതിനെ ഔചിത്യവും ചോദ്യം ചെയ്യപ്പെട്ടു. അതത് ഇടത്തെ സാഹചര്യങ്ങൾ കണക്കിലെടുത്ത് കളക്ടർക്ക് ഉത്തരവിറക്കാമെന്നു പറഞ്ഞ് ആരോഗ്യമന്ത്രി വീണാ ജോർജ് കളക്ടർക്ക് പിന്തുണ പ്രഖ്യാപിച്ചു. അതേ സമയം ദുരന്തനിവാരണ സമിതിയുടെ വൈസ് ചെയർമാൻ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ കളക്ടരുടെ നടപടിക്കെതിരെ രംഗത്ത് വരികയും ചെയ്തു.

ഒരു ഉത്തരവ് വരും, അതു പിന്നെ തിരുത്തും. വീണ്ടും ഉത്തരവ്. അങ്ങനെ ഘോഷയാത്ര പോലെയാണ് ഉത്തരവുകളുടെ വരവ്. എല്ലാം കൂടി അവിയൽ പരുവത്തിലായതു പോലെ. തുഗ്ലക് പോലും സല്യൂട്ട് ചെയ്യുന്ന പരിഷ്‌കാരങ്ങൾക്കെതിരെ പ്രതിപക്ഷ സംഘടനകൾ പ്രതിഷേധവുമായി രംഗപ്രവേശം ചെയ്തു. കൊവിഡിനൊപ്പം സാധാരണ ജനജീവിതവും സാമ്പത്തിക പ്രക്രിയയും പൂർവസ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടുവരികയെന്ന ഉദ്ദേശ്യത്താടെയാണ് ജില്ലാ ദുരന്തനിവാരണ സമിതി ഇത്തരം ഉത്തരവിറക്കിയതെന്ന വിശദീകരണവുമായി ഇതിനകം കളക്ടർ രംഗത്ത് വന്നു. അപ്പോൾ തന്നെ കളക്ടരുടെ ഫേസ് ബുക്ക് പേജിൽ പ്രതിഷേധത്തിന്റെ പൊങ്കാലയായി.
കൊവിഡ് പ്രതിരോധ നടപടികൾ സാധാരണ മനുഷ്യരുടെ ജീവനോപാധികളെയും വാണിജ്യ, വ്യാപാര പ്രക്രിയയെയും ഏറെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കൊവിഡ് സാഹചര്യം തുടർന്ന് പോകുന്ന സ്ഥിതിയിൽ കൊവിഡിനൊപ്പം തന്നെ സമൂഹത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ എങ്ങനെ സാധാരണ രീതിയിൽ സാദ്ധ്യമാക്കാമെന്നാണ് ആലോചിക്കുന്നതെന്നാണ് കളക്ടറുടെ വാദം. ഈ പരിശ്രമത്തിന്റെ ഭാഗമായാണ് രണ്ട് ഡോസ് വാക്സിനോ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ വിവിധ മേഖലകളിൽ നിർബന്ധമാക്കുന്നതെന്നും കളക്ടർ പറഞ്ഞതും വിവാദമായി.
കൊവിഡ് വാക്സിൻ എടുക്കാനും 72 മണിക്കൂറിനുള്ളിലുളള ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള ഉത്തരവിൽ വ്യാപാരികളും പൊതുസമൂഹവും അന്തംവിട്ടു നിന്നു. തദ്ദേശസ്ഥാപനങ്ങൾ തയ്യാറാക്കുന്ന പട്ടികയിൽ ഉൾപ്പെട്ടവർക്കാണ് വാക്സിൻ നൽകുക. ഇവർ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം. ആകെ നൽകുന്ന വാക്സിന്റെ 50 ശതമാനം ആയിരിക്കും ഈ രീതിയിൽ തദ്ദേശസ്ഥാപനങ്ങൾ മുൻഗണന നിശ്ചയിച്ചു പട്ടിക തയ്യാറാക്കുക. വാക്സിൻ എടുക്കേണ്ടവർ തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വാക്സിൻ ഉറപ്പ് വരുത്തണം തുടങ്ങിയ തിട്ടൂരങ്ങളും കളക്ടറുടെ ഭാഗത്ത് നിന്നുണ്ടായി.
ഇതിനനുസരിച്ച് വാക്സിൻ വിതരണ സംവിധാനം പുന:ക്രമീകരിക്കാനും നിർദേശിച്ചിരുന്നു. പൊതു ഗതാഗത മേഖലയായ ബസ്, ഓട്ടോ, ടാക്സി എന്നിവയിലെ തൊഴിലാളികൾ, കടകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർ എന്നിവർക്കും രണ്ട് ഡോസ് വാക്സിനോ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധമാക്കും. രണ്ട് ഡോസ് വാക്സിൻ എടുക്കാത്തവർക്ക് 15 ദിവസത്തിലൊരിക്കൽ ആർ.ടി.പി.സിആർ ടെസ്റ്റിലെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടാകണം.
പൊതുജനങ്ങൾ ഏറെ സമ്പർക്കം പുലർത്തുന്ന ഇടങ്ങൾ കൊവിഡ് വ്യാപന സാദ്ധ്യത ഇല്ലാതാക്കി സുരക്ഷിതമാക്കാനാണ് ഈ നടപടി. ഇതുവഴി വിവിധ തൊഴിൽ രംഗങ്ങളെയും സാമ്പത്തിക മേഖലകളെയും കൊവിഡ് വിമുക്ത സുരക്ഷിതമേഖലയാക്കി അവിടങ്ങളിലെ സാധാരണ പ്രവർത്തനങ്ങൾ തടസമില്ലാതെ സാദ്ധ്യമാക്കും അങ്ങനെ പോകുന്നു കളക്ടറുടെ വചനങ്ങൾ.
കൊവിഡ് പൊസിറ്റീവ് ആകുന്നവർ ആവശ്യമായ ക്വാറന്റൈൻ സൗകര്യം ഇല്ലെങ്കിലും വീടുകളിൽ നിന്ന് മാറാൻ മടിക്കുന്ന സാഹചര്യം ഉണ്ട്. ഇത് അനുവദിക്കാനാവില്ലെന്നും കളക്ടർ മുന്നറിയിപ്പ് നടത്തി.
കൊവിഡ് വാക്സിനേഷന് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയുള്ള ഉത്തരവിനെതിരെ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്കിലടക്കമുള്ള സമൂഹമാദ്ധ്യമങ്ങളിൽ കടുത്ത ജനരോഷം പ്രതിഫലിച്ചതിന് പിന്നാലെയാണിത്.

വാക്സിനെടുക്കാൻ 72 മണിക്കൂറിനുള്ളിലുള്ള ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നായിരുന്നു ആദ്യ ഉത്തരവ്. ആർ.ടി.പി.സി.ആറിന് പകരം ആന്റിജൻ ടെസ്റ്റ് മതിയെന്നാണ് പുതിയ ഉത്തരവ്. ടെസ്റ്റിന് അതത് വാക്സിൻ കേന്ദ്രത്തിൽ സൗകര്യം ഒരുക്കുമെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ 72 മണിക്കൂറിനുള്ളിൽ എന്നതിന് പകരം 15 ദിവസത്തിനുള്ളിലെടുത്ത നെഗറ്റീവ് സർട്ടിഫിക്കറ്റ് മതിയെന്നും കളക്ടർ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗത്തിലെടുത്ത തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. 28 മുതൽ ഈ നിബന്ധന പ്രാബല്യത്തിൽ വരുമെന്നും അറിയിച്ചതാണ്. കടകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്ക് രണ്ട് ഡോസ് വാക്സിനോ നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധമാക്കിയ നടപടിക്കെതിരെ വ്യാപാരി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

വ്യാപാരികളുടെ പ്രതിഷേധം ശക്തമായതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സംഭവത്തിൽ ഇടപെട്ടു. തീരുമാനം പുന:പരിശോധിക്കുമെന്ന് പറഞ്ഞ ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റിന്റെ വാക്കുകളിൽ അവർക്ക് ആശ്വാസമായി. ഒടുവിൽ കളക്ടർ തീരുമാനം പിൻവലിക്കുകയും ചെയ്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KANNUR DIARY
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.