പരസ്യങ്ങളിലെ മുടി കാണുമ്പോൾ ആരുമൊന്ന് കൊതിക്കും. നീണ്ട് ഇടതൂർന്ന നല്ല മിനുമിനുസമുള്ള മുടിയിഴകൾ ഏതു പെൺകുട്ടിയുടെയും സ്വപ്നമായിരിക്കും. പ്രത്യേകിച്ച്, ചുരുണ്ട മുടിയുള്ളവർക്ക്. മുടി എങ്ങനെയും ഒന്ന് നിവർത്തിയെടുക്കാൻ പെടാപ്പാട് പെടുന്നവരാണ് ഏറെയും. സ്ട്രെയിറ്റനിംഗ്, സ്മൂത്തനിംഗ്, കെരാറ്റിനുമൊക്കെയായി സകല വിദ്യകളും പയറ്റും. എന്നാൽ കെമിക്കലുകളുപയോഗിച്ചുള്ള ട്രീറ്റ്മെന്റ് മുടിയ്ക്ക് ഗുണത്തേക്കാളേറെ ദോഷമായിരിക്കും സമ്മാനിക്കുക. പക്ഷേ, ചില നാടൻ വിദ്യകൾ വഴി ഒരുപരിധി വരെ മുടിയുടെ ചുരുളിമ കുറയ്ക്കാൻ കഴിയും. ഇതാ ചില സൂത്രങ്ങൾ...
തേങ്ങാപ്പാലും നാരങ്ങാനീരും ഉപയോഗിച്ച് മുടിചുരുൾ നിവർത്താം. ഒരു കപ്പിൽ തേങ്ങാപ്പാലെടുക്കുക. ഇതിലേക്ക് ഒരു മുറി നാരങ്ങയുടെ നീരു ചേർത്ത് നന്നായി ഇളക്കണം. ഈ കൂട്ട് അരമണിക്കൂർ നേരം ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കാം. ഇനി ഇത് മുടിയിൽ തേയ്ക്കണം. അതിനു ശേഷം ഡ്രൈയർ ഉപയോഗിച്ച് ഒരു ടവൽ ചൂടാക്കി മുടി മുഴുവൻ മൂടത്തക്ക വിധത്തിൽ കെട്ടി വയ്ക്കാം. അര മണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി നോക്കൂ. ചുരുളുകൾ നിവർന്നു മൃദുലമായ മുടി സ്വന്തമാകും.
ചുരുണ്ട മുടി നിവർത്താൻ പാൽ ഏറ്റവും സഹായകരമാണ്. പഴയ ഒരു സ്പ്രേക്കുപ്പിയിൽ പാൽ നിറച്ച ശേഷം അത് ഉണങ്ങിയ തലമുടിയിലേക്ക് സ്പ്രേ ചെയ്ത് നോക്കൂ. മുടിയിഴകളിലേക്ക് പാൽ ആഗിരണം ചെയ്യപ്പെടുന്നതിനായി അരമണിക്കൂർ അനുവദിക്കണം. ഇനി ഷാംപൂ ഉപയോഗിച്ചോ അല്ലാതെയോ മുടി കഴുകിക്കോളൂ. വ്യത്യാസം നിങ്ങൾക്കു തന്നെ മനസിലാകും.
ഒരു മുട്ടയുടെ വെള്ളയിൽ ഒരു കപ്പ് മുൾട്ടാണി മിട്ടിയും രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടിയും ചേർക്കുക. കുറുകിയ കുഴമ്പുപരുവത്തിലാകാൻ അൽപ്പം വെള്ളവും ചേർക്കാം. ഈ മിശ്രിതം മുടികളിൽ പുരട്ടിയ ശേഷം പല്ലകലമുള്ള ഒരു ചീർപ്പുപയോഗിച്ച് ചീകണം. ഒരു മണിക്കൂറിനു വെള്ളം ഉപയോഗിച്ച് ശേഷം മുടി കഴുകാം. ഇനി മുൻപ് പറഞ്ഞ പോലെ അൽപ്പം പാലു കൂടി സ്പ്രേ ചെയ്ത് 15 മിനിട്ടിനു ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കോളൂ. മുടി നിവരുമെന്നു മാത്രമല്ല കെട്ടുപിണയാതെ മനോഹരമായി മുടി ഒതുക്കിവയ്ക്കാനും നിങ്ങൾക്കു സാധിക്കും.
ഒലിവ് ഓയിൽ ഉപയോഗിച്ചും ചുരുൾ നിവർത്താം. രണ്ടു മുട്ടയെടുത്ത് ഉടച്ച ശേഷം അതിൽ ആവശ്യത്തിന് ഒലിവ് ഓയിൽ ചേർക്കുക. ഇവ നന്നായി അടിച്ച് കലർത്തണം. മുടിയിഴകൾ പൂർണ്ണമായി മൂടത്തക്ക വിധത്തിൽ ഈ മിശ്രിതം പുരട്ടാം. മുക്കാൽ മണിക്കൂറിനു ശേഷം ഷാംപു ഉപയോഗിച്ച് കഴുകാം. ചുരുളുകൾ നിവർന്ന് മുടി മനോഹരമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |