SignIn
Kerala Kaumudi Online
Wednesday, 22 September 2021 11.41 PM IST

ചായയിലൂടെ പ്രയോഗിച്ചത് മാരകവിഷം, അലക്സാണ്ടറെ കൊന്നത് പുടിനോ ?

alexander-litvinenko

ഏതാനും വർഷങ്ങൾക്ക് മുമ്പ്, ബ്രിട്ടനിലെ പ്രശസ്തമായ ഒരു ഹോട്ടലിൽ തന്നെ കാണാനെത്തിയ രണ്ട് മുൻ സഹപ്രവർത്തകർക്കൊപ്പം ഒരു കപ്പ് ചായ കുടിച്ചു മുൻ റഷ്യൻ ചാരനായിരുന്ന അലക്സാണ്ടർ ലിറ്റ്വിനെങ്കോ. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ അലക്സാണ്ടർ കൊല്ലപ്പെട്ടു. അതിവിദഗ്ദ്ധമായി ആ ചായയിൽ ചേർക്കപ്പെട്ട വളരെ അപൂർവവും അപകടകാരിയുമായ റേഡീയോ ആക്ടീവ് ഐസോടോപ്പ് അലക്സാണ്ടറുടെ ഉള്ളിലെത്തുകയും പ്രതിരോധ വ്യവസ്ഥയും ആന്തരികാവയവങ്ങളും തകരാറിലായി ദയനീയമായി മരിക്കുകയുമായിരുന്നു. ഡിറ്റക്ടീവ് കഥകളെ പോലും വെല്ലുന്ന ഒരു കൊലപാതക തിരക്കഥയായിരുന്നു അവിടെ നടപ്പാക്കിയത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെതിരെ വിമർശന ശരങ്ങളുന്നയിച്ചിരുന്ന അലക്സാണ്ടറുടെ മരണത്തിന് പിന്നിലെ കരുനീക്കങ്ങളിലൂടെ....

 ചായയിലെ വിഷം

2006 നവംബർ 1, മദ്ധ്യ ലണ്ടനിലെ ഹോട്ടൽ മില്ലേനിയത്തിൽ നിന്ന് അലക്സാണ്ടർ ലിറ്റ്വിനെങ്കോ താനുമായി കണ്ടുമുട്ടിയ ആൻഡ്രെ ലുഗോവോയ്, ഡിമിട്രി കോവ്‌ടൺ എന്നീ മുൻ റഷ്യൻ ചാരന്മാർക്കൊപ്പം ഒരു കപ്പ് ചായ കുടിച്ചു. അധികം വൈകാതെ തന്നെ അലക്സാണ്ടറിന് അസ്വസ്തതകൾ അനുഭവപ്പെട്ടു. അന്ന് രാത്രി മുഴുവൻ അലക്സാണ്ടറിന് കടുത്ത ഛർദ്ദി അനുഭവപ്പെട്ടു. മൂന്ന് ദിവസങ്ങൾക്ക് ശേഷം വടക്കൻ ലണ്ടനിലെ ബാർനെറ്റ് ജനറൽ ഹോസ്പിറ്റലിൽ അലക്സാണ്ടറിനെ പ്രവേശിപ്പിച്ചു.

മണിക്കൂറുകൾ കഴിയും തോറും അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി. ശരിക്കും അദ്ദേഹത്തിന് എന്താണ് സംഭവിച്ചത്.? ആശുപത്രി അധികൃതർക്ക് പോലും കൃത്യമായി കണ്ടെത്താനായില്ല. എന്നാൽ, വിഷബാധയേറ്റതാണെന്ന് മനസിലായി. ആണവ വികിരണം ഏറ്റതിന് സമാനമായ ലക്ഷണങ്ങളായിരുന്നു അലക്സാണ്ടറിന്. എന്നാൽ, എന്താണെന്നോ എങ്ങനെ സംഭവിച്ചെന്നോ അജ്ഞാതം. ചുരുങ്ങിയ സമയത്തിനുള്ളിൽ അലക്സാണ്ടറുടെ രൂപം ആകെ മാറിയിരുന്നു.

അദ്ദേഹത്തിന്റെ തലമുടിയെല്ലാം കൊഴിഞ്ഞു പോയിരുന്നു. ശരീരം മെലിഞ്ഞു. മരണം അടുത്തെന്ന് മനസിലാക്കിയ അലക്സാണ്ടർ ഒരു കാര്യം വെളിപ്പെടുത്തി. റഷ്യൻ മാദ്ധ്യമ പ്രവർത്തകയായിരുന്ന പുടിൻ വിമർശക അന്ന പൊലിറ്റ്കോവ്സ്കായ ഒക്ടോബറിൽ വെടിയേറ്റ് കൊല്ലപ്പെട്ടത് സംബന്ധിച്ച അന്വേഷണം അദ്ദേഹം നടത്തിവരികയായിരുന്നു. മാത്രമല്ല, റഷ്യൻ മാഫിയകൾക്കുണ്ടായിരുന്ന സ്പാനിഷ് ബന്ധത്തെ പറ്റി അലക്സാണ്ടർ അന്വേഷിച്ചിരുന്നെന്നും സ്പെയിനിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നതായും പറയുന്നു.

നവംബർ 17ന് അലക്സാണ്ടറെ ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി. എന്നാൽ ആറ് ദിവസങ്ങൾക്ക് ശേഷം 43ാം വയസിൽ അലക്സാണ്ടർ മരണത്തിന് കീഴടങ്ങി. ഭാര്യ മറീനയും മകൻ അനറ്റോളിയും അദ്ദേഹത്തിനരികിലുണ്ടായിരുന്നു. തനിക്ക് സംഭവിച്ചതിനെല്ലാം ഉത്തരവാദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനാണെന്ന് അലക്സാണ്ടർ മരിക്കുന്നതിന് മുന്നേ തന്നോട് പറഞ്ഞതായി മറീന വെളിപ്പെടുത്തി.

 ആരാണ് അലക്സാണ്ടർ ലിറ്റ്വിനെങ്കോ ?

1980ൽ സോവിയറ്റ് മിലിട്ടറി യൂണിറ്റിൽ ചേർന്ന അലക്സാണ്ടർ പിന്നീട് സോവിയറ്റ് ചാരസംഘടനയായ കെ.ജി.ബിയുടെ ഭാഗമായി. 1990കളിൽ കെ.ജി.ബി ഇന്നത്തെ എഫ്.എസ്.ബി ആയി മാറിയതോടെ അലക്സാണ്ടർ ലെഫ്റ്റനന്റ് പദവിയിലേക്ക് ഉയർന്നു. പുടിനായിരുന്നു അന്ന് എഫ്.എസ്.ബി തലവൻ. എന്നാൽ 1998ൽ അലക്സാണ്ടറെ കെട്ടിചമച്ച കേസിൽ അറസ്റ്റ് ചെയ്തു. റഷ്യൻ വ്യവസായിയായ ബോറിസ് ബെറെസോവ്‌സ്കിയെ വധിക്കാനുള്ള ഗൂഢാലോചന നടക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഇത് (ബോറിസിനെ 2013ൽ ഇംഗ്ലണ്ടിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു).

ഒമ്പത് മാസം ജയിലിൽ കിടന്ന അലക്സാണ്ടറെ നിരപരാധിയെന്ന് കാട്ടി കോടതി വെറുതെ വിട്ടു. തന്റെ ജോലി ഉപേക്ഷിച്ച ശേഷം അലക്സാണ്ടർ ഒരു പുസ്തകം എഴുതുകയും അത് റഷ്യയിൽ വൻ വിവാദം സൃഷ്ടിക്കുകയും ചെയ്തു. 1999ൽ മോസ്കോയിലും മറ്റ് രണ്ട് നഗരങ്ങളിലും നടന്ന ബോംബ് സ്ഫോടനങ്ങളുടെ ഉത്തരവാദി പുടിനും കെ.എസ്.ബിയുമായിരുന്നു എന്നായിരുന്നു അത്. ചെച്നിയൻ വിഘടനവാദികൾക്ക് നേരെ ആക്രമണം നടത്താൻ സൃഷ്ടിച്ചതാണതെന്ന് പുസ്തകത്തിൽ പറയുന്നു.

പുടിനെ പറ്റിയുള്ള പല നിർണായക വിവരങ്ങളും അലക്സാണ്ടർ മനസിലാക്കിയിരുന്നു. 2000ത്തിൽ അലക്സാണ്ടർ യു.കെയിലേക്ക് കുടിയേറി. യു.കെയിലെത്തിയ അലക്സാണ്ടർ പുടിനെതിരെ ലേഖനങ്ങളിലൂടെ ഉൾപ്പെടെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. 2006ൽ അലക്സാണ്ടറിന് ബ്രിട്ടീഷ് പൗരത്വം ലഭിച്ചു. അലക്സാണ്ടറുടെ മരണത്തിന് പിന്നാലെ സംശയത്തിന്റെ നിഴലുകൾ നീണ്ടത് ആൻഡ്രെ ലുഗോവോയ്, ഡിമിട്രി കോവ്‌ടൺ എന്നിവരിലേക്കാണ്.

 പൊളോണിയം - 210

ബ്രിട്ടീഷ് പ്രതിരോധ വകുപ്പിന് കീഴിലുള്ള ന്യൂക്ലിയർ റിസേർച്ച് സെന്ററിൽ അലക്സാണ്ടറുടെ രക്തം പരിശോധിച്ചതോടെ റേഡിയോ ആക്ടീവ് പദാർത്ഥമായ പൊളോണിയം - 210 ആണ് മരണകാരണമെന്ന് കണ്ടെത്തി. അദ്ദേഹം കുടിച്ച ചായയിലൂടെയാകാം പൊളോണിയം ഉള്ളിലെത്തിയത്. അതെങ്ങനെയെന്ന് കണ്ടെത്താൽ അന്വേഷണം തുടങ്ങി. ആൻഡ്രെ സഞ്ചരിച്ച മില്ലേനിയം ഹോട്ടൽ, ഡാൻസിംഗ് ക്ലബ്, സ്റ്റേഡിയം തുടങ്ങിയ ഇടങ്ങളിൽ ഫോറൻസിക് വിദഗ്ദ്ധർ പൊളോണിയത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തി.

കൂടാതെ, ലണ്ടനിലെ ഒരു റെസ്റ്റോറന്റിൽ വച്ച് അന്ന പൊലിറ്റ്കോവ്സ്കായയുടെ മരണം സംബന്ധിച്ച ചില രേഖകൾ ഒരു ഇറ്റാലിയൻ പ്രൊഫസറിൽ നിന്ന് ആൻഡ്രെ വാങ്ങിയതായും അന്വേഷണത്തിൽ കണ്ടെത്തി. പൊളോണിയം സാന്നിദ്ധ്യം തന്നെയാണ് ഇതിന് വഴിവച്ചത്. ഡിമിട്രി കോവ്‌ടൺ സഞ്ചരിച്ച ഹീത്രോ എയർപോർട്ട്, മോസ്കോയിലെ ബ്രിട്ടീഷ് എംബസി, ജർമ്മനിയിലെ ഒരു ഫ്ലാറ്റ് എന്നിവിടങ്ങളിലും പൊളോണിയത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തി.

ഇതിൽ ആൻഡ്രെ പോയ സ്ഥലങ്ങളാണ് റേഡിയേഷൻ സാന്നിദ്ധ്യം കണ്ടെത്തിയ ഇടങ്ങളിൽ കൂടുതലും. മില്ലേനിയം ഹോട്ടലിൽ ഏറ്റവും കൂടുതൽ പൊളോണിയം റേഡിയേഷൻ കണ്ടെത്തിയതോടെ അലക്സാണ്ടറെ വീഴ്ത്തിയത് ചായ തന്നെയാണെന്ന് ഉറപ്പിച്ചു. മില്ലേനിയം ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ ആൻഡ്രെ തന്റെ കോട്ടിന്റെ പോക്കറ്റിൽ മുറുകെ പിടിച്ചിരുന്നത് കാണാമായിരുന്നു. പൊളോണിയം ഉപയോഗിക്കുന്ന രാജ്യമായ റഷ്യയിൽ അതിന്റെ ഉപയോഗം പുടിന്റെ അനുമതിയോടെ സർക്കാരിന് മാത്രം അനുവദിച്ചിട്ടുള്ളതാണ്. ഇക്കാരണത്താൽ അലക്സാണ്ടറുടെ മരണത്തിന് പിന്നിൽ റഷ്യയാണെന്ന അഭ്യൂഹം ശക്തമായി. അലക്സാണ്ടറിന് വിഷബാധയേറ്റതിന് പിന്നാലെ റഷ്യയിലെത്തിയ ആൻഡ്രെ മോസ്കോയിലെ ഒരു ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായും റിപ്പോർട്ടുകൾ ലഭിച്ചിരുന്നു.

 അന്വേഷണം

രണ്ട് മാസത്തെ അന്വേഷണത്തിന് ശേഷം 2007 മേയിൽ സ്കോട്ട്ലൻഡ് യാർഡിലെ ഡിറ്റക്‌റ്റീവുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആൻഡ്രെയ്ക്കെതിരെ കൊലക്കുറ്റം ചുമത്താൻ നിർദ്ദേശിക്കപ്പെട്ടു. എന്നാൽ, ആൻഡ്രെയും കോവ്‌ടണും അലക്സാണ്ടറുടെ മരണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ആവർത്തിച്ചു. അലക്സാണ്ടർ ബ്രിട്ടീഷ് ചാരനായി പ്രവർത്തിച്ചുവരികയായിരുന്നെന്നും ബ്രിട്ടീഷ് സെക്യൂരിറ്റി സർവീസ് തന്നെയാകും മരണത്തിന് പിന്നിലെന്നും മോസ്കോയിൽ വച്ച് ആൻഡ്രെ പറയുകയുണ്ടായി. ആൻഡ്രെയെ ബ്രിട്ടന് കൈമാറാനാകില്ലെന്ന് മോസ്കോ പ്രോസിക്യൂട്ടർ ജനറൽ ഉത്തരവിട്ടു.

ഇതോടെ ബ്രിട്ടീഷ് - റഷ്യൻ നയതന്ത്ര ബന്ധത്തിൽ ഉലച്ചിലുണ്ടായി. ഇരു രാജ്യങ്ങളും തങ്ങളുടെ എംബസികളിൽ നിന്ന് പരസ്പരം നാല് റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെയും നാല് ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥരെയും പുറത്താക്കി. ബ്രിട്ടനിൽ ഉയർന്ന പ്രതിഷേധങ്ങളുടെ ഫലമായി ബ്രിട്ടൻ ഒരു പൊതു അന്വേഷണം നടത്തുകയും അലക്സാണ്ടറുടെ കൊലപാതകം പുടിന്റെ അറിവോടെ ആകാനിടെയുണ്ടെന്ന നിഗമനത്തിലെത്തുകയും ചെയ്തു. എന്നാൽ, കേസ് രാഷ്ട്രിയവത്കരിക്കപ്പെട്ടെന്നും അത് ബ്രിട്ടനുമേലുള്ള ബന്ധത്തിലേക്ക് നിഴലായി പതിച്ചെന്നുമാണ് ആരോപണങ്ങൾ നിഷേധിച്ച റഷ്യയുടെ പ്രതികരണം.

 കുറ്റവാളികൾ സ്വതന്ത്രർ

അലക്സാണ്ടർ കൊല്ലപ്പെട്ട് വർഷങ്ങൾ പിന്നിട്ടിട്ടും ആ ദാരുണ മരണത്തിന് പിന്നിൽ കരുനീക്കം നടത്തിയ ആൻഡ്രെ ഉൾപ്പെടെയുള്ളവർ ഇന്ന് പൂർണ സ്വതന്ത്രരാണ്. അലക്സാണ്ടറുടെ മരണത്തിനും കഴിഞ്ഞ വർഷം റഷ്യൻ പ്രതിപക്ഷ നേതാവും പുടിന്റെ വിമർശകനുമായ അലക്സി നവാൻനിയ്ക്ക് നേരെ നടന്ന കൊലപാതക ശ്രമത്തിലും ഏറെ സാമ്യമുണ്ടായിരുന്നു. നവാൽനിയെ ആക്രമിച്ചത് നോവിചോക് എന്ന വിഷപദാർത്ഥം ഉപയോഗിച്ചായിരുന്നു. ജീവൻ രക്ഷപ്പെട്ടെങ്കിലും നവാൽനി വൈകാതെ ജയിലിടക്കപ്പെട്ടു. ഏറ്റവും വിചിത്രമായ കാര്യമെന്തെന്നാൽ അലക്സിയ്ക്ക് വിഷബാധയേറ്റത് സംബന്ധിച്ച് റഷ്യ നടത്തിയ അന്വേഷണത്തിൽ പ്രധാന റോളിലെത്തിയത് അലക്സാണ്ടറുടെ കൊലയ്ക്ക് പിന്നിലെ അതേ ആൻഡ്രെ ആയിരുന്നു എന്നതാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, ALEXANDER LITVINENKO, RUSSIA, KGB, FSB, POLONIUM 210, VLADIMIR PUTIN, DMITRY KOVTUN, ANDREY LUGOVOY
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.