SignIn
Kerala Kaumudi Online
Thursday, 25 April 2024 3.23 PM IST

പതിനാല് ലക്ഷം വ്യാപാരികൾ, നൽകുന്ന നികുതി 35000 കോടി; എന്നിട്ടും കൊവിഡ് പ്രതിസന്ധിയിൽ സഹായഹസ്‌തം നീട്ടാതെ സംസ്ഥാന സർക്കാർ

അർഷാദ് എന്ന വ്യാപാരിയുടെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ വൈറലായിരിക്കുകയാണ്. കൊവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സംസ്ഥാനത്തെ വ്യാപാരി വ്യവസായികളുടെ പ്രതിനിധിയാണ് അർഷാദ്. സ്വയം തൊഴിൽ ചെയ്യുന്ന ഓരോ വ്യക്തിയും പറയാൻ ആഗ്രഹിച്ച കാര്യമാണ് അർഷാദ് സർക്കാർ യോഗത്തിൽ വിളിച്ചു പറഞ്ഞത്. മൊറട്ടോറിയമോ നികുതിയിളവോ കറന്റ് ബില്ലിലെ ഇളവോ അടക്കമുള്ളവ ഇല്ലാതെ കടകൾ അടച്ചിടുന്നതിന്റെ യുക്തിയെയാണ് അർഷാദ് ചോദ്യം ചെയ്തത്.


സർക്കാരിന്റെ ടിപിആർ സംവിധാനം അശാസ്ത്രീയമാണെന്നും അർഷാദ് വിളിച്ചു പറയുന്നുണ്ട്. നെടുമങ്ങാട് നഗരസഭയിൽ നിന്ന അവലോകന യോഗത്തിലായിരുന്നു അർഷാദ് വൈകാരികമായി സംസാരിച്ചത്. ഈ വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ സംസ്ഥാനത്തെ വ്യാപാരികളുടെ ശബ്‌ദമായി വ്യാപകമായി പ്രചരിച്ചു.


'വരുമാനം നിലച്ചു, ലോൺ അടയ്ക്കാനുണ്ട്. മൊറട്ടോറിയമില്ല. വാടക കൊടുക്കണം, കറന്റ് ബില്ലിലും കുറവില്ല. ഇങ്ങനെ ഒന്നും കുറയ്ക്കാൻ തയ്യാറാവാതെ കടകൾ മാത്രം അടച്ചിട്ട് സഹകരിക്കണം എന്ന് പറയുന്ന വാദം ശരിയല്ല. സർക്കാർ സംവിധാനങ്ങളുമായി സഹകരിക്കാൻ ഒരു മടിയുമില്ല.ഞങ്ങളിനി ആത്മഹത്യ ചെയ്യണോ?' ഇതായിരുന്നു വൈറലായ അർഷാദിന്റെ വാക്കുകൾ.

ഈ മനുഷ്യന്റെ വാക്കുകൾ ഒരു വ്യക്തിയുടെയോ ഏതാനും വ്യക്തികളുടെയോ മാത്രം പ്രശ്നമല്ല. കേരളത്തിലെ മുഴുവൻ വ്യാപാരി വ്യവസായികളും ഇന്ന് കടന്നുപോകുന്നത് ഈയൊരു ജീവിതാവസ്ഥയിലൂടെയും മാനസിക നിലയിലൂടെയുമാണ്.

ഇടവിട്ടുള്ള ദിവസങ്ങളിൽ കട തുറക്കുന്നത് തികച്ചും അപ്രായോഗികവും ആശാസ്ത്രീയവുമാണെന്നാണ് വ്യാപാര മേഖലയിൽ ഉള്ളവർ പറയുന്നത്. ആഴ്ചയിൽ മൂന്ന് ദിവസമോ, ഒരു ദിവസമോ മാത്രമായി കടകൾ തുറക്കുന്നത് മൂലം വ്യാപാരത്തിൽ വൻ ഇടിവാണ് സംഭവിക്കുന്നത്. ചിലയിടങ്ങളിൽ ഇത്തരം രീതികൾ വ്യാപാരസ്ഥാപനങ്ങൾക്ക് മുൻപിൽ വലിയ തിരക്കുണ്ടാക്കുകയും, രോഗവ്യാപനത്തിന് കാരണമാകുകയും ചെയ്യുന്നു.

സംസ്ഥാനത്ത് ആകെ 14 ലക്ഷത്തോളം വ്യാപാരികളാണുള്ളത്. ജി.എസ്.ടി. ഇനത്തിൽ 35000 കോടി രൂപ ഇവർ സർക്കാരിന് നൽകുന്നു. പഞ്ചായത്ത് ലൈസൻസ്, തൊഴിൽ നികുതി എന്നിവയ്ക്ക് പുറമേയാണിത്. ഇങ്ങനെയൊക്കെയായിട്ടും ലോക്ഡൗൺ പ്രതിസന്ധിയിൽ വ്യാപാരികൾക്ക് സർക്കാർ സഹായഹസ്തം നീട്ടിയില്ലെന്നാണ് ആക്ഷേപം. ഇക്കാരണം കൊണ്ടാണ് കടക്കെണി മൂലം 20,000 പേർക്കാണ് വ്യാപാരം അവസാനിപ്പിക്കേണ്ടി വന്നത്. കടക്കെണി മൂലം നിരവധി പേരാണ് ജീവനൊടുക്കിയത്.

nerjkannuകൊവിഡ് രണ്ടാം തരംഗത്തിൽ പ്രതിസന്ധിയിലായ ചെറുകിട വ്യാപരികൾക്കും വ്യവസായികൾക്കും സർക്കാർ 5650 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചെങ്കിലും അത് വലിയൊരു വിഭാഗം വ്യാപാരികൾക്കും ഗുണകരമാവില്ല എന്ന് ആക്ഷേപമുണ്ട്.സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളിൽ നിന്നെടുത്ത വായ്പകൾക്കാണ് നിലവിൽ ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്.

വ്യാപാര മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഉടൻ ഇടപെടണം. ലോക്ഡൗൺ കാലയളവിൽ വ്യാപാര സ്ഥാപനങ്ങളുടെ വാടക ഒഴിവാക്കുന്നതിനും ഇളവ് അനുവദിക്കുന്നതിനും നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. ഇതു കാര്യക്ഷമമായി നടപ്പിലാക്കണം. അവശ്യ മേഖലയിൽ തൊഴിലെടുക്കുന്ന വ്യാപാരികൾക്ക് ആവശ്യമായ സംരക്ഷണം ഉറപ്പുവരുത്തണം. ഇക്കാര്യങ്ങളിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തരമായി ഇടപെടൽ ഉണ്ടായില്ലെങ്കിൽ കേരളത്തിലെ വ്യാപാരികൾ ഒന്നുകിൽ തെരുവിലിറങ്ങേണ്ടി വരികയോ അല്ലെങ്കിൽ തെരുവിൽ ഉറങ്ങേണ്ടി വരുകയോ ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NERKANNU, MERCHANTS, COVID
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.