SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.11 PM IST

സംസ്ഥാനത്തൊട്ടാകെ സുഗന്ധം പരത്താൻ പച്ചപ്പൊന്ന് വിതരണത്തെച്ചൊല്ലി വിവാദങ്ങളും

karshaka-morcha


പ്രതിഷേധവുമായി കർഷക മോർച്ച


കട്ടപ്പന: ഇടുക്കിയുടെ സ്വന്തം പച്ചപ്പൊന്നിന്റെ സുഗന്ധം ഓണക്കിറ്റിലൂടെ സംസ്ഥാനത്തുടനീളം എത്താനൊരുങ്ങുന്നതിനിടെ കല്ലുകടിയായി വിവാദങ്ങളും തലപൊക്കുന്നു. വിലത്തകർച്ചയ്ക്കിടയിലും കർഷകർക്ക് ആശ്വാസം നൽകുന്നതാണ് കിറ്റിൽ 20 ഗ്രാം ഏലയ്ക്ക കൂടി വിതരണം ചെയ്യാനുള്ള സർക്കാർ തീരുമാനം. അതേസമയം ഏലയ്ക്ക വിതരണത്തിൽ വൻ അഴിമതിയാണെന്ന് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരണവും ശക്തമാണ്. സപ്ലൈകോ കർഷകരെ വഞ്ചിച്ചതായി ആരോപിച്ച് ബി.ജെ.പിയും സമരവുമായി രംഗത്തെത്തി. ഓണം, ക്രിസ്മസ്, വിഷു, റംസാൻ തുടങ്ങിയ വിശേഷദിവസങ്ങളിലെ സർക്കാരിന്റെ കിറ്റുകളിൽ 50 ഗ്രാം ഏലയ്ക്ക കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, കൃഷിമന്ത്രി, സിവിൽ സപ്ലൈസ് മന്ത്രി എന്നിവർക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പ് അപേക്ഷ നൽകിയിരുന്നു. തുടർന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ കൂടി ഇടപെടലിനെ തുടർന്ന് 20 ഗ്രാം ഏലയ്ക്ക കിറ്റിൽ ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. സർക്കാർ തീരുമാനത്തിന്റെ പ്രതിഫലനം സ്‌പൈസസ് ബോർഡിന്റെ ഇ ലേലങ്ങളിലും പ്രകടനമായിരുന്നു. ആഭ്യന്തര വിപണികളിലും ഏലയ്ക്ക വില ഉയർന്നു. തമിഴ്‌നാട്ടിൽ പൊങ്കൽ ഉത്സവകാലത്ത് റേഷൻ കാർഡുടമകൾക്ക് വിതരണം ചെയ്യുന്ന പൊങ്കൽ കിറ്റിൽ(പൊങ്കൽ പരിസ്) ഇടുക്കിയിൽ നിന്നു സംഭരിക്കുന്ന ഏലയ്ക്കായാണ് 5 ഗ്രാം വീതം നൽകിവരുന്നത്. കഴിഞ്ഞ തവണ 150 ടൺ ഏലയ്ക്ക ഇതിനായി സംഭരിച്ചിരുന്നു.
മന്ത്രിമാരായ അഡ്വ. ജി.ആർ. അനിൽ, റോഷി അഗസ്റ്റിൻ എന്നിവർ ഞായറാഴ്ച തൂക്കുപാലത്തെത്തി ഏലയ്ക്കയുമായി പോകുന്ന വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് കർമവും നിർവഹിച്ചു. പട്ടംകോളനി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് 10 ജില്ലകളിൽ ഏലയ്ക്ക വിതരണം ചെയ്യുന്നത്. 30 ടൺ ഏലയ്ക്കയാണ് ഇവർ ആളുകളിൽ നിന്ന് സംഭരിച്ച് സപ്ലൈകോയ്ക്ക് കൈമാറുന്നത്. കിലോഗ്രാമിന് 1400 രൂപയ്ക്കാണ് സപ്ലൈകോ വാങ്ങുന്നത്. എന്നാൽ കുറഞ്ഞ വിലയ്ക്ക് ഏലയ്ക്ക വാങ്ങി പായ്ക്കറ്റുകളാക്കി സപ്ലൈകോയ്ക്ക് നൽകി ബാങ്ക് വൻതുക ലാഭം നേടുന്നതായാണ് ആരോപണം. പായ്ക്കറ്റുകളിൽ നൽകുന്ന ഏലയ്ക്ക പല ഗ്രേഡുകളിലുള്ളതാണെന്നും ആക്ഷേപമുണ്ട്. സംസ്ഥാനത്തുടനീളം വിതരണം ചെയ്യാനായി 185 ടണ്ണോളം ഏലയ്ക്ക വേണ്ടിവരും. ജില്ലയിലെ 3 ഏജൻസികൾക്കാണ് ഇതിന്റെ കരാർ നൽകിയിരിക്കുന്നത്.
ഏലയ്ക്ക വിതരണം കർഷകരെ സഹായിക്കാനാണെന്നുള്ള വാദം തട്ടിപ്പാണെന്ന് കർഷക മോർച്ച ആരോപിച്ചു. കട്ടപ്പന സപ്ലൈകോ സൂപ്പർ മാർക്കറ്റിന് മുമ്പിൽ പ്രവർത്തകർ ധർണ നടത്തി. സർക്കാർ തീരുമാനം ചെറുകിട കർഷകർക്ക് ഗുണകരമാകില്ലെന്ന് ഇവർ ആരോപിച്ചു. ഏലയ്ക്ക വിലയിലും വലിയ മാറ്റമൊന്നുമില്ല. ഉയർന്ന ഗ്രേഡിലുള്ള കായ മാറ്റി നിലവാരം കുറഞ്ഞ ഉത്പ്പന്നമാണ് കിറ്റിൽ നൽകുന്നത്. ഇതിലൂടെ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള പട്ടം കോളനി സഹകരണ ബാങ്കിനും വൻകിട ഇടനിലക്കാർക്കും ലാഭമുണ്ടാക്കാനും കമ്മിഷൻ വാങ്ങാനും ഉദ്ദേശിച്ചുള്ളതാണ് പദ്ധതിയെന്നും കർഷക മോർച്ച ആരോപിച്ചു. ജില്ലാ പ്രസിഡന്റ് കെ.എൻ. പ്രകാശ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം.എൻ. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി. ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല, ഗോപി ഊളാനി, പി.എൻ. പ്രസാദ്, പ്രസാദ് വിലങ്ങുപാറ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.