SignIn
Kerala Kaumudi Online
Thursday, 23 September 2021 4.16 AM IST

ഹോക്കീലെ പെമ്പിള്ളേരെ കണ്ട്ക്കാ...

hockey-indian-womens

ഹോക്കിയിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വനിതകൾ സെമിയിൽ

ക്വാർട്ടറിൽ കരുത്തരായ ആസ്ട്രേലിയയെ 1-0ത്തിന് കീഴടക്കി

വിജയ ഗോൾ നേടിയത് ഗുർജിത് കൗർ

ടോക്യോ : ഇതാവണം പെമ്പിള്ളേർ. ഒന്നുമാവില്ലെന്നുകരുതി എഴുതിത്തള്ളിയവർക്ക് മുന്നിൽ ചക്ദേ സിനിമയിലേതുപോലെ ആസ്ട്രേലിയക്കാരെ അടിച്ചിട്ട് അവർ തലയുയർത്തിയങ്ങ് നിന്നു. ഈ ഒളിമ്പിക്സിൽ ഇന്ത്യൻ പുരുഷ ടീമിനെ7-1ന് തോൽപ്പിച്ച ആസ്ട്രേലിയക്കാരോട് ഇങ്ങനെയെങ്കിലുമൊന്ന് പകരം വീട്ടേണ്ടേ എന്ന ചോദവുമായി.

രണ്ട് തവണ ഒളിമ്പിക് സ്വർണം നേടിയിട്ടുള്ള, റാങ്കിംഗിൽ മുൻനിരയിലുള്ള ആസ്ട്രേലിയയെ ഇന്നലെ നടന്ന ക്വാർട്ടർ ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്താണ് ഇന്ത്യൻ വനിതകൾ ചരിത്രത്തിലാദ്യമായി ഒളിമ്പിക്സിന്റെ സെമി ഫൈനലിൽ കടന്നത്. ചാരത്തിൽ നിന്ന് കുതിച്ചുയരുന്ന ഫീനിക്സിനെപ്പോലെ ഉദയസൂര്യന്റെ നാട്ടിൽ ഉദിച്ചുയരുകയായിരുന്നു ഇന്ത്യൻ വനിതാ ടീം.

49 വർഷത്തിന് ശേഷം പുരുഷ ടീം സെമി ഉറപ്പിച്ചതിന് പിറ്റേദിവസം വനിതകളും നടാടെ സെമി ടിക്കറ്റ് ഉറപ്പിച്ചതോടെ ടോക്യോ ഇന്ത്യൻ ഹോക്കിയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ ഭൂമികയായി മാറി. പൂൾബിയിൽ ഒരു മത്സരവും തോൽക്കാതെ ഗ്രൂപ്പ് ചാമ്പ്യൻമാരായി ക്വാർട്ടറിനെത്തിയ ആസ്ട്രേലിയയെ രണ്ടാം ക്വാർട്ടറിൽ ഡ്രാഗ് ഫ്ലിക്കർ ഗുർജിത് കൗർ നേടിയ ഗോളിലാണ് ഇന്ത്യൻ വനിതകൾ മലർത്തിയടിച്ചത്. ആസ്ട്രേലിയയെപ്പോലെ കരുത്തരായ ടീമിനെതിരെ ഒരു ഗോളിന്റെ നേരിയ ലീഡ് അവസാന നിമിഷം വരെ കാത്ത് സൂക്ഷിച്ചതിൽ ഇന്ത്യൻ പ്രതിരോധ നിര നൂറിൽ നൂറ് മാർക്ക് അർഹിക്കുന്നു. പ്രത്യേകിച്ച് ഗോൾ കീപ്പർ സവിതാ പൂനിയ. അവസാന നിമിഷങ്ങളിൽ ഉൾപ്പെടെ പതറാതെ വലകാത്ത സവിതയുടെ അസാമാന്യ പ്രകടനവും ഇന്ത്യൻ വിജയത്തിൽ നിർണായകമായി. ഒരു ജയമകലെ ഇന്ത്യയെ കാത്ത് ഒളിമ്പിക്സ് മെഡലുണ്ട്.

കറുത്ത കുതിരകൾ

പൂളിൽ തുടർച്ചയായി മൂന്ന് മത്സരങ്ങളും തോറ്റ് പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചിടത്ത് നിന്നാണ് റാണി രാംപാലും സംഘവും ജീവൻമരണ പോരാട്ടം തുടങ്ങുന്നത്. അവശേഷിച്ച രണ്ട് നിർണായക മത്സരങ്ങളിലും പൊരുതി നേടിയ ജയവുമായി ക്വാർട്ടറിൽ എത്തിയ ടീം ഇന്ത്യ നഷ്ടപ്പെടാൻ ഒന്നുമില്ലാത്ത പോരാട്ടത്തിൽ സാക്ഷാൽ ആസ്ട്രേലിയയുടെ വെല്ലുവിളിയും അവസാനിപ്പിച്ചിരുക്കുന്നു. ഒളിമ്പിക്സ് വനിതാ ഹോക്കിയിൽ ഇന്ത്യയുടെ മികച്ച പ്രകടനമാണിത്. 1980ൽ വനിതാ ടീം നാലാം സ്ഥാനം നേടിയെങ്കിലും അന്ന് ആറ് ടീമേ മത്സരിക്കാനുണ്ടായിരുന്നുള്ളൂ.

കംഗാരുക്കറി

മത്സരം തുടങ്ങും വരെ റാങ്കിംഗിൽ ആസ്ട്രേലിയയെക്കാൾ വളരെ താഴെ ഒമ്പതാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് ആരും സാദ്ധ്യത കൽപ്പിച്ചിരുന്നില്ല. എന്നാൽ സധൈര്യം നേരിടാൻ തന്നെയായിരുന്നു ടീം ഇന്ത്യയുടെ തീരുമാനം. തുടക്കത്തിൽ തന്നെ ആസ്ട്രേലിയ ഗോളിനടുത്തെത്തിയെങ്കിലും നിർഭാഗ്യം തടസ്സമായി. അംറോസിയ മലൺന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. ഒമ്പതാം മിനിട്ടിൽ വന്ദനാ കതാരിയുടെ ഷോട്ട് ഗോളിലേക്ക് തിരിച്ചുവിടാനുള്ള റാണിയുടെ ശ്രമവും പോസ്റ്റിൽ തട്ടി അവസാനിച്ചു. രണ്ടാം ക്വാർട്ടറിലും ആസ്ട്രേലിയ ആക്രമണം കടുപ്പിച്ചു. 20 -ാം മിനിട്ടിൽ അവർ പെനാൽറ്രി കോർണർ കണ്ടെത്തിയെങ്കിലും ഇന്ത്യ മനോഹരമായി പ്രതിരോധിച്ചു.

ഗുർജിത് ഗുഡ്

ഇരുപത്തിരണ്ടാം മിനിട്ടിൽ ഇന്ത്യ കാത്തിരുന്ന നിമിഷമെത്തി.മത്സരത്തിൽ ആദ്യമായികിട്ടിയ പെനാൽറ്റികോർണറിൽ നിന്നായിരുന്നു ഗോൾ പിറന്നത്. മനോഹരമായ ലോഫ്ലിക്കിലൂടെയാണ് ഗുർജിത് ഓസീസ് പ്രതിരോധം തുളച്ച് ഇന്ത്യയ്ക്ക് വിജയത്തിലേക്ക് വഴിതുറന്നുകൊടുത്തത്. ടൂർണമെന്റിൽ ഇതുവരെ അവസരത്തിനൊത്തുയരാതിരുന്ന ഗുർജിത് പക്ഷേ നിർണായക ഘട്ടത്തിൽ ഇന്ത്യയുടെ രക്ഷക വേഷത്തിൽ അവതരിക്കുകയായിരുന്നു.

കൊടും പ്രതിരോധം

ഗോൾ വഴങ്ങിയ ആസ്ട്രേലിയ തിരിച്ചടിക്കാനായി വർദ്ധിത വീര്യത്തോടെ ആക്രമിച്ചു കയറിയെങ്കിലും ഇന്ത്യൻ പ്രതിരോധം കോട്ടകെട്ടി അപകടങ്ങൾ ഒഴിവാക്കി. നിരവധി പെനാൽറ്റി കോർണറുകൾ വഴങ്ങിയെങ്കിലും അതെല്ലാം നിർവീര്യമാക്കുകയും ചെയ്തു. അവസാന നിമിഷം ആസ്ട്രേലിയ തുടരെ രണ്ട് അവസരങ്ങൾ തുറന്നെടുത്തെങ്കിലും സവിതയുടെ കൃത്യമായഇടപെടലുകൾ ഇന്ത്യയ്ക്ക് തുണയാവുകയായിരുന്നു.

ഇനി അർജന്റീന

ലോക രണ്ടാം റാങ്കുകാരായ അർജന്റീനയാണ് സെമിയിൽ ഇന്ത്യയുടെ എതിരാളികൾ. ഒളിമ്പിക്സിന് മുൻപ് അർജന്റീനയിൽ ഇന്ത്യ പര്യടനം നടത്തിയിരുന്നു അന്ന് സീനിയർ ടീമിനെതിരെ കളിച്ച രണ്ട് മത്സരങ്ങളിലും ഇന്ത്യ തോറ്റിരുന്നു. ഒരു മത്സരം സമനിലയായി. റിയോയിലെ വെങ്കല മെഡൽ ജേതാക്കളായ ജർമ്മനിയെ ക്വാർട്ടറിൽ വീഴ്ത്തിയാണ് അർജന്റീന സെമിയിൽ എത്തിയത്. നാളെയാണ് ഇന്ത്യ- അർജന്റീന സെമി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, HOCKEY INDIAN WOMENS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.