SignIn
Kerala Kaumudi Online
Friday, 19 April 2024 4.32 AM IST

ഡിജിറ്റൽ ഇടപാടുകൾക്ക് കുതിപ്പേകാൻ ഇ - റുപ്പി

e-rupi

 ഇ-റുപ്പി സേവനങ്ങൾക്ക് പ്രധാനമന്ത്രി തുടക്കംകുറിച്ചു

ന്യൂഡൽഹി: ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച 'ഇ-റുപ്പി" പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വീഡിയോ കോൺഫറൻസിംഗിലൂടെ അവതരിപ്പിച്ചു. ഭാവി അധിഷ്‌ഠിതമായ പരിഷ്‌കാരമാണിതെന്നും അർഹർക്ക് നേരിട്ട് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതുൾപ്പെടെയുള്ള കേന്ദ്രപദ്ധതികൾ കൂടുതൽ കാര്യക്ഷമമാകാൻ ഇ-റുപ്പി സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡിജിറ്റൽ ഗവേണൻസിന് പുതിയമാനം നൽകുന്ന ഇ-റുപ്പി എന്ന പ്രീപെയ്ഡ് ഇ-വൗച്ചർ, തുടക്കത്തിൽ ആരോഗ്യമേഖലയിലാണ് പ്രയോജനപ്പെടുത്താനാവുക. സ്വകാര്യ ആശുപത്രികളിൽ നിന്ന് വാക്‌സിൻ നേടാനായി പണത്തിന് പകരം ഇ-റുപ്പി നൽകാം. വൈകാതെ ചികിത്സാ സഹായം, സൗജന്യഭക്ഷണ വിതരണം, വിദ്യാഭ്യാസ ഫീസ് തുടങ്ങി കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തും.

അർഹർക്ക് മാത്രം ഉപയോഗിക്കാവുന്ന, സുതാര്യവും സുരക്ഷിതമായ സംവിധാനമാണ് ഇ-റുപ്പി. ജനജീവിതവും ടെക്‌നോളജിയും ബന്ധപ്പെടുത്തി ഇന്ത്യ വളരുന്നതിന്റെ തെളിവാണ് ഈ സംവിധാനം. 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് രാജ്യം കടക്കവേയാണ് ഇതു നടപ്പാക്കാനായതെന്നത് സന്തോഷകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര ധനകാര്യ സേവന വകുപ്പ്, ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുമായി സഹകരിച്ച് നാഷണൽ പേമെന്റ്‌സ് അതോറിറ്റി ഒഫ് ഇന്ത്യയാണ് (എൻ.പി.സി.ഐ) ഇ-റുപ്പി വികസിപ്പിച്ചത്.

എന്താണ് ഇ-റുപ്പി?

 കറൻസിരഹിതമായ പണമിടപാട് സംവിധാനം. ക്യു.ആർ കോഡ് അല്ലെങ്കിൽ എസ്.എം.എസ് ആയി ഈ ഇ-വൗച്ചർ അർഹരുടെ ഫോണിൽ ലഭിക്കും.

 പണത്തിന് പകരം, ഇ-റുപ്പി ഉപയോഗിച്ച് സേവനങ്ങളോ ഉത്‌പന്നങ്ങളോ നേടാം.

 തുടക്കത്തിൽ ആരോഗ്യ മേഖലയിലാണ് ഉപയോഗിക്കാനാവുക

 11 പൊതു-സ്വകാര്യ ബാങ്കുകളുടെ പിന്തുണ ഇ-റുപ്പിക്കുണ്ട്.

പ്രവർത്തനരീതി

മൊബൈൽഫോണിൽ ക്യു.ആർ കോഡ് ആയോ എസ്.എം.എസ് ആയോ ആകും ഇ-റുപ്പി ലഭിക്കുക. ഉദാഹരണത്തിന് ഒരാൾ നിങ്ങൾക്ക് 500 രൂപ അടങ്ങിയ ഇ-റുപ്പി ക്യു.ആർ കോഡ് ആയി അയച്ചു എന്നിരിക്കട്ടെ. ആശുപത്രിയിൽ മരുന്നുവാങ്ങുമ്പോൾ പണത്തിന് പകരം ഈ ക്യു.ആർ കോഡ് കാണിച്ചാൽ മതിയാകും. കോണ്ടാക്‌ട്‌ലെസ് ആയി തന്നെ (കാർഡ് സ്വൈപ്പിംഗ് പോലെയുള്ള ഇടപെടലുകൾ ഇല്ല) ലളിതമായി ഇത്തരത്തിൽ പണം കൈമാറാം. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ആപ്പ്, ബാങ്ക് അക്കൗണ്ട് എന്നിവ ആവശ്യമില്ല.

ഉപയോഗം ആവശ്യത്തിന് മാത്രം

എന്ത് ആവശ്യത്തിനാണോ ലഭ്യമാക്കിയത്, അതിനുമാത്രമേ ഇ-റുപ്പി ഉപയോഗിക്കാനാകൂ. ബുക്ക് വാങ്ങാനാണ് ലഭിച്ചതെങ്കിൽ മറ്റ് ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്താനാവില്ല. വൈകാതെ കേന്ദ്ര ആനുകൂല്യങ്ങളായ വിവിധ ക്ഷേമപെൻഷനുകൾ, സബ്‌സിഡികൾ, കർഷകർക്ക് ബാങ്ക് അക്കൗണ്ടിൽ നേരിട്ട് പണം തുടങ്ങിയ സേവനങ്ങൾ ഇ-റുപ്പി മുഖേനയാകും ലഭ്യമാകുക. സ്വകാര്യ കമ്പനികൾക്കും ജീവനക്കാരുടെ ക്ഷേമത്തിനായി ഇ-റുപ്പി ഉപയോഗിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, E RUPI, DIGITAL TRANSACTIONS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.