SignIn
Kerala Kaumudi Online
Wednesday, 22 September 2021 12.12 PM IST

ആ 'നിരോധിത വസ്തു'വുമായി അവരെത്തി

photo

'മിസാ'യിരുന്ന ആ 'നിരോധിതവസ്തു' വൈകിയാണെങ്കിലും ഇന്നലെ സഭയിലെത്തി. ബാനർ! ബെറ്റർ ലേറ്റ് ദാൻ നെവർ എന്നായതിനാൽ പ്രതിപക്ഷത്തിന്റെ വൈകലിനെ ന്യായീകരിക്കാം. കഴിഞ്ഞസഭയിൽ നടുത്തളത്തിലിറങ്ങി സ്പീക്കറുടെ മുഖം മറച്ചുപിടിക്കാൻ ഏറ്റവും ഫലപ്രദമായി പ്രതിപക്ഷം ഉപയോഗിച്ച ആയുധമാണ് ബാനർ. നടുത്തളസമരമില്ലാത്ത സഭയിൽ ബാനറൊരു പുരാവസ്തുവാകുന്നില്ലെന്ന് തെളിയിക്കേണ്ട ബാദ്ധ്യത കൂടി പ്രതിപക്ഷത്തിനുണ്ടെന്ന് കൂട്ടിക്കോ!

അസുഖം ഭേദമായെത്തിയ മന്ത്രി ശിവൻകുട്ടിയെ മാത്രമായി ക്ലസ്റ്റർ തിരിച്ച് ബഹിഷ്കരിക്കുകയെന്ന നിലപാടിലേക്ക് പ്രതിപക്ഷം മാറുകയുണ്ടായി. സഭയാകട്ടെ, മൂന്ന് ചോദ്യങ്ങൾ, രണ്ട് ശ്രദ്ധക്ഷണിക്കൽ പ്രമേയങ്ങൾ എന്നിങ്ങനെ, 'എ ഡേ വിത്ത് ശിവൻകുട്ടി' എന്ന മട്ടിലും.

ശിവൻകുട്ടിമന്ത്രിയോട് പ്രതിപക്ഷം ചോദ്യങ്ങൾ ചോദിച്ചില്ല. പകരം അദ്ദേഹം മറുപടി പറയുന്നേരം, 'ശിവൻകുട്ടിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുക' എന്ന് വെളുപ്പിൽ കറുപ്പ് കൊണ്ടെഴുതിയ ബാനർ ഉയർത്തിപ്പിടിച്ച് മുദ്രാവാക്യം മുഴക്കി. മന്ത്രി മുഹമ്മദ് റിയാസിനോട് അവർ മണിമണിയായി ചോദ്യങ്ങൾചോദിച്ച് സഹകരിച്ചു.

നിരോധിത വസ്തുക്കൾ സഭയിൽ കൊണ്ടുവരുന്നതിലെ ചട്ടവിരുദ്ധത സ്പീക്കർ എം.ബി. രാജേഷ് പ്രതിപക്ഷത്തെ ഓർമ്മിപ്പിച്ചു. എന്നാൽ, മൂന്നാംനിരക്കാരുടെ ഡസ്കിൽ സഭ തീരുംവരെ ബാനർ തൂക്കിയായിരുന്നു പ്രതിപക്ഷത്തിന്റെ മറുപടി!

നിരോധിതവസ്തുക്കൾ സഭയിൽ കൊണ്ടുവരുന്നത് വിലക്കിക്കൊണ്ടുള്ള 2005ലെ സ്പീക്കറുടെ റൂളിംഗ് ഓർമ്മിപ്പിച്ചിട്ടും, അവിടെത്തന്നെ പ്രദർശിപ്പിച്ച പ്രതിപക്ഷത്തിന്റെ നടപടിയിലെ അനൗചിത്യം, വാക്കൗട്ട് കഴിഞ്ഞെത്തിയ പ്രതിപക്ഷനേതാവിനോട് സ്പീക്കർ ചൂണ്ടിക്കാട്ടി. സ്പീക്കറുടെ വാദത്തെ അംഗീകരിച്ചശേഷം, ഇതിലും വലിയ അതിക്രമങ്ങൾ കാട്ടിയവരാണ് അപ്പുറത്തിരിക്കുന്നവരെന്ന് ഓർമ്മിപ്പിച്ച് സ്വന്തം ചെയ്തിയെ പ്രതിപക്ഷനേതാവ് ന്യായീകരിച്ചു.

സഹ്യപർവതത്തിനൊപ്പം പൊക്കത്തിൽ നിന്നിരുന്ന പബ്ലിക് സർവീസ് കമ്മിഷനെ കരുവന്നൂർ ബാങ്കിന്റെ നിലവാരത്തിലേക്ക് താഴ്ത്തരുതെന്ന് പരിഹസിച്ചാണ്, പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന ആവശ്യം അംഗീകരിക്കാത്തതിലുള്ള പ്രതിഷേധം, ശൂന്യവേളയിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകിയ ഷാഫിപറമ്പിൽ പ്രകടിപ്പിച്ചത്. കാലാവധി രണ്ട് മാസം നീട്ടണമെന്ന് കേരള അഡ്മിനിസ്ട്രേറ്രീവ് ട്രിബ്യൂണൽ വിധിച്ചിട്ടും പി.എസ്.സി അതിനെതിരെ അപ്പീൽ പോകാൻ തീരുമാനിച്ചതും സർക്കാർ അതിനെ പിന്തുണച്ചതും പാവം ഉദ്യോഗാർത്ഥികളോടുള്ള പകയാണെന്നാണ് ആക്ഷേപം.

കാലാവധി ഇതിന് മുമ്പ് നീട്ടിക്കൊടുത്തതും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ കർശന നടപടിയെടുത്തതുമടക്കമുള്ള തീരുമാനങ്ങൾ എണ്ണിപ്പറഞ്ഞാണ്, പ്രതിപക്ഷ ആവശ്യം അംഗീകരിക്കുന്നതിലെ പ്രായോഗികതടസം മുഖ്യമന്ത്രി ബോധിപ്പിക്കാൻ നോക്കിയത്. വലിയ തോതിൽ പി.എസ്.സിയെ ഇടിച്ചുതാഴ്ത്താൻ ഏതോ ഘട്ടത്തിൽ യു.ഡി.എഫ് ആരംഭിച്ച പദ്ധതിയുടെ ഭാഗമായാണ് പ്രമേയാവതാരകന്റെ ആക്ഷേപമെന്ന് അദ്ദേഹം വിലയിരുത്തി. റാങ്ക്പട്ടികയിലുൾപ്പെട്ടവരെല്ലാം നിയമിക്കപ്പെടും വരെ പട്ടിക നീട്ടിക്കൊണ്ടേയിരിക്കുക പ്രായോഗികമാണോ എന്നാണ് ചോദ്യം.

2018 ലെയും 19 ലെയും പ്രളയവും 20 മുതലിങ്ങോട്ടുള്ള കൊവിഡ് മഹാമാരിയുമൊക്കെ കാരണം നിയമനങ്ങൾ കാര്യമായി നടക്കാത്തതിനാലാണ് പാവപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സമരത്തിനിറങ്ങേണ്ടി വന്നതെന്ന് പ്രതിപക്ഷനേതാവ് തർക്കിച്ചു. ഐ ആം ദ സ്റ്റേറ്റ് എന്ന് പ്രഖ്യാപിക്കുന്ന ഉദ്യോഗസ്ഥരുടെ കാലമായതാണോ, മുഖ്യമന്ത്രിയെക്കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നത് എന്നാണദ്ദേഹത്തിന്റെ സംശയം. ആ പാവങ്ങളെ ശത്രുക്കളെപ്പോലെ കാണരുത്, മക്കളെപ്പോലെ കാണണമെന്ന് പറഞ്ഞദ്ദേഹം ഇറങ്ങിപ്പോക്ക് പ്രഖ്യാപിച്ചു.

മരാമത്തും വിനോദസഞ്ചാരവുമാണ് ചർച്ച ചെയ്യപ്പെടേണ്ടതെങ്കിലും ശിവൻകുട്ടിയെപ്പറ്റി പറയാതെന്ത് ചർച്ചയെന്ന മട്ടിലായിരുന്നു പലരും. കേരളത്തിന് അപമാനമുണ്ടാക്കിയ ശിവൻകുട്ടിയെ മാറ്റണമെന്ന് ടി. സിദ്ദിഖും ടി.വി. ഇബ്രാഹിമും മറ്റും വാദിച്ചു. ജീവനില്ലാത്ത മൈക്കിനും കസേരയ്ക്കും വേണ്ടി വാദിക്കുന്നവർ ജീവനുള്ള വനിതാഅംഗത്തെ പരിക്കേല്പിച്ചതിനെപ്പറ്റി മിണ്ടുന്നില്ലെന്നാരോപിച്ചത് എച്ച്. സലാം ആണ്. വിദ്യാർത്ഥിസമരകാലത്ത് ശിവൻകുട്ടിയേൽക്കേണ്ടി വന്നിട്ടുള്ള മർദ്ദനകഥകളെ കെ.ആൻസലൻ ഓർമ്മിപ്പിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NIYAMASABHAYIL
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.