SignIn
Kerala Kaumudi Online
Sunday, 19 September 2021 10.58 AM IST

വാക്‌സിൻ ആര് തരും ? പോർട്ടലോ പാ‌ർട്ടിയോ ?

vaccine

എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ എന്ന സിനിമാ ഡയലോഗ് മനസിൽ വച്ച് കൊവിഡ് പ്രതിരോധ വാക്സിന് വേണ്ടി കാത്തിരുന്നാൽ പണി പാളുമെന്നാണ് ആരോഗ്യ സംവിധാനങ്ങളും രാഷ്ട്രീയ പാർട്ടികളും നമ്മോടു പറയുന്നത്. വാക്സിന് വേണ്ടി അഞ്ചാറ് മാസമായി കാത്തിരിക്കുന്നവരുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒാരാേ സമയത്ത് പറയുന്നതു കേട്ട് കൊവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം കുത്തിവയ്പിന് വിളിവരുന്നതും കാത്ത് ഫോണിൽ നോക്കിയിരിക്കുകയാണ് പലരും. അങ്ങനെ നീണ്ട നാൾ കാത്തിരിക്കാനാണ് പലരുടെയും വിധി.

വാക്സിൻ വേണമെങ്കിൽ പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ മാത്രം പോരാ, പാർട്ടിയിലും രജിസ്റ്റർ ചെയ്യണമെന്ന് കാത്തിരിക്കുന്ന പലർക്കും അറിഞ്ഞുകൂടാ. പോർട്ടലും പാർട്ടിയും തമ്മിൽ ഒരു ബന്ധവുമില്ലെന്നത് വേറെ കാര്യം. പാർട്ടിയുണ്ടെങ്കിലേ വാക്സിനുള്ളൂ എന്നാണ് നാട്ടിലെ നയം. ഇൗ നയം നടപ്പാക്കിയത് വാക്സിൻ തരുന്ന കേന്ദ്രമോ അത് വിതരണം ചെയ്യുന്ന സംസ്ഥാനമോ അല്ല. പഞ്ചായത്തുകൾ ഭരിക്കുന്ന പാർട്ടിക്കാരാണ്. അതിന് ഇടതെന്നും വലതെന്നും ഇതൊന്നുമല്ലാത്തതെന്നും വേർതിരിവില്ല. ഇടതുപാർട്ടികൾ ഭരിക്കുന്ന പഞ്ചായത്തുകളിൽ വാക്സിൻ എടുത്തവരുടെ കണക്കെടുത്താൽ ഭൂരിപക്ഷം അവർക്കാകും. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ലഭിച്ച അതേ ഭൂരിപക്ഷം തന്നെ ഇപ്പോഴുമുണ്ടെന്ന് ഉറപ്പിക്കാനൊരു കുരുട്ടു വിദ്യയും കൂടിയാണ് ഇതെന്ന് നാട്ടുനുണയൻമാർ പറയുന്നു. ഇൗ വിദ്യ കണ്ടറിഞ്ഞ് വലതുപക്ഷ പാർട്ടികൾ ഭരിക്കുന്ന പഞ്ചായത്തുകളിലും അതേപടി നട‌പ്പാക്കിത്തുടങ്ങി.

ഒാരോരുത്തരും ഭരിക്കുന്ന പഞ്ചായത്തുകളിൽ വാക്സിൻ വിതരണത്തിൽ വേർതിരിവെന്ന് എതിർ പാർട്ടിക്കാർക്ക് പരാതിയില്ല. അവർക്ക് അവരുടേതായ ശക്തിക്ക് അനുസരിച്ച് വാക്സിൻ ലഭിക്കും. അത് അണികളിലെത്തിക്കാം. ചുരുക്കുത്തിൽ, പഞ്ചായത്തുകളിലെ ഭരണ, പ്രതിപക്ഷ പാർട്ടികൾ വാക്സിനുകൾ വീതിച്ചെടുത്ത് അണികൾക്ക് വിതരണം ചെയ്യുന്നു. അംഗങ്ങളില്ലാത്ത പാർട്ടിക്കാർ ശബ്ദമുയർത്തിയാൽ അവർക്കും ചോദിക്കുന്നത് കിട്ടും. ഇങ്ങനെ പാർട്ടികൾ തമ്മിലുള്ള പരസ്പര ധാരണയിലൂടെ വാക്സിൻ വിതരണം മുന്നേറുകയാണ്. ഒരു ദിവസം അഞ്ച് ലക്ഷത്തിന് അടുത്ത് വാക്സിനുകൾ കുത്തിവച്ചെന്ന് ആരോഗ്യമന്ത്രി അവകാശപ്പെട്ടപ്പോൾ, മന്ത്രിയുടെ മണ്ഡലത്തിലുള്ളവരും മൂക്കത്ത് വിരൽവച്ച് അതിശയിച്ചു. കൊവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് മാസങ്ങളായി കാത്തിരുന്നിട്ടും തനിക്കൊരു വാക്സിൻ കിട്ടിയില്ലല്ലോ എന്ന് അവർ സ്വയം ശപിക്കുകയും ചെയ്യുന്നു.

കൊവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ അറിയാത്തവർക്ക് സ്പോട്ട് രജിസ്ട്രേഷൻ ഏർപ്പെടുത്തിയത് ഗുണമായത് രാഷ്ട്രീയ പാർട്ടികൾക്കാണ്. കണക്ക് പറഞ്ഞ് പറഞ്ഞ് വാക്സിൻ വീതിച്ചെടുക്കൽ അത് എളുപ്പമാക്കി. ആളും സ്വാധീനവുമുണ്ടെങ്കിൽ വാക്സിൻ കിട്ടും എന്നതായി സ്ഥിതി. പാർട്ടിയില്ലാത്തവർ സ്പോട്ട് രജിസ്ട്രേഷൻ പ്രതീക്ഷിച്ച് ആരോഗ്യ കേന്ദ്രത്തിലെത്തിയാൽ വാക്സിൻ ലഭിക്കില്ല.

എല്ലാ വിഭാഗം ആളുകൾക്കും അർഹതപ്പെട്ടതാണ് വാക്സിൻ. കിട്ടുന്ന വാക്സിനുകൾ രാഷ്ട്രീയക്കാർ വീതം വച്ചെടുക്കുന്ന സമ്പ്രദായം പിടിച്ചുപറി പോലെയാണ്. അനുവദിച്ചുകൂടാത്ത ഇൗ സംവിധാനം തുടർന്ന് പോകുന്നത് വലിയ പരാതികൾക്ക് ഇട‌ നൽകിയിട്ടും തടയാൻ സർക്കാർ ശ്രമിക്കുന്നില്ല. വാക്സിൻ വിതരണം ഭംഗിയായി നടക്കുന്നുവെന്ന് വീമ്പ് പറഞ്ഞ് സർക്കാർ കൈയടി നേടാൻ ശ്രമിക്കുകയാണ്.

പ്രവാസികളുട‌െ പ്രയാസം

വാക്സിൻ സർട്ടിഫിക്കറ്റ് വിതരണത്തിലെ താളപ്പിഴകളുടെ ഇരകളാണ് പ്രവാസികൾ. ഒന്നാം ഡോസ് വാക്സിനെടുത്ത് 84 ദിവസം കഴിഞ്ഞ് രണ്ടാം ഡോസ് വാക്സിനെടുത്താൽ മതിയെന്ന ആദ്യ നിർദേശം പ്രവാസികളുടെ മടങ്ങിപ്പോക്കിനെ പ്രതിസന്ധിയിലാക്കിയിരുന്നു. കൊവിഡ് മഹാമാരി ദുരിതം വിതച്ച നാടുകളിൽ നിന്ന് ഉറ്റവരുടെ അടുത്തേക്ക് എത്തിയ പ്രവാസികൾ ആദ്യ ഡോസ് വാക്സിനെടുത്താൽ തൊഴിൽ സ്ഥലത്തേക്ക് തിരികെപ്പോകാൻ 84 ദിവസം കഴിഞ്ഞ് രണ്ടാം ഡോസ് ലഭിക്കുന്നതുവരെ കാത്തിരിക്കണമെന്ന നിബന്‌ധന മാറ്റിയത് കടുത്ത പ്രതിഷേധത്തെ തുടർന്നാണ്. നിബന്ധനകളിൽ ഇളവു വരുത്തി 28ദിവസം കഴിഞ്ഞ് രണ്ടാം ഡോസ് വാക്സിനെടുത്തവർ കൊവിഡ് സർട്ടിഫിക്കറ്റിന്റെ പേരിൽ പുതിയ പൊല്ലാപ്പ് നേരിടുകയാണ്. ആദ്യ ഡോസ് സ്വീകരിച്ചവർക്ക് കേന്ദ്ര സർക്കാരിന്റെയും രണ്ടാം ഡോസ് സ്വീകരിച്ചവർക്ക് സംസ്ഥാന സർക്കാരിന്റെയും സർട്ടിഫിക്കറ്റാണ് ലഭിക്കുന്നത്. വിദേശരാജ്യങ്ങളിലേക്ക് പോകണമെങ്കിൽ കേന്ദ്രസർക്കാരിന്റെ മുദ്രയും ക്യു ആർ കോഡും പതിച്ച രണ്ടാം ഡോസ് സർട്ടിഫിക്കറ്റാണ് പ്രവാസികൾക്ക് ആവശ്യം. രണ്ടാം ഡോസ് എടുത്തവർക്ക് സംസ്ഥാന സർക്കാരിന്റെ മുദ്ര യും ക്യൂ ആർ കോഡും പതിച്ച സർട്ടിഫിക്കറ്റാണ് കൊവിഡ് പോർട്ടലിൽ നിന്ന് ലഭിച്ചിരിക്കുന്നത്. ഇതിന് അംഗീകാരമില്ലാത്തതിനാൽ വിദേശങ്ങളിൽ എത്തുന്നവർ ക്വാറന്റൈനിൽ പോകണം. പിന്നീട് പുറത്തിറങ്ങണമെങ്കിൽ രണ്ടാം ഡോസ് വാക്സിൻ അവി‌ടെ വീണ്ടും എടുക്കണം. വാക്സിൻ സർട്ടിഫിക്കറ്റിലെ അപാകത ഒഴിവാക്കി കിട്ടാൻ സംസ്ഥാന ആരോഗ്യ വകുപ്പിനെ ബന്ധപ്പെട്ടവർക്ക് തത്‌കാലം ഒന്നും ചെയ്യാനില്ലെന്ന മറുപട‌ിയാണ് ലഭിച്ചത്. എന്തുകൊണ്ടാണ് രണ്ടുതരം സർട്ടിഫിക്കറ്റ് ലഭിക്കുന്നത് എന്നതിനു പോലും വ്യക്തമായ ഉത്തരമില്ല.

കൊവിഡ് രണ്ടാം തരംഗം നേരിടുന്നതിലെ ആസൂത്രണമില്ലായ്മയ്ക്ക് പഴി കേൾക്കുന്ന സർക്കാർ വാക്സിൻ വിതരണത്തിൽ ഉത്തരവാദിത്വമില്ലായ്മ കാട്ടിയിരിക്കുകയാണ്. ഒരു പാർട്ടിയോടും പ്രത്യേക മമത കാട്ടാത്തവർ വാക്സിൻ ലഭിക്കാതെ അവഗണിക്കപ്പെടുന്നു. രണ്ട് തരം വാക്സിൻ സർട്ടിഫിക്കറ്റ് കാരണം തൊഴിലിടങ്ങളിലേക്ക് മട‌ങ്ങാനാവാതെ പ്രവാസികൾ ദുരിതമനുഭവിക്കുന്നു. രണ്ട് പ്രശ്നങ്ങൾക്കു നേരെയും കണ്ണടയ്ക്കുന്ന സർക്കാർ കൊവിഡ് പ്രതിരോധം മികച്ചതെന്ന് അവകാശപ്പെടുകയാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PATHANAMTHITTA DIARY
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.