SignIn
Kerala Kaumudi Online
Thursday, 23 September 2021 9.58 PM IST

കൊവിഡും കേരളവും പിന്നെ ഓണവും

vivadavela

കൊവിഡ് രണ്ടാംതരംഗം വിട്ടൊഴിയാതെ നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഇപ്പോൾ ഏറ്റവും മുന്നിൽ കേരളമാണ്. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ പുതിയ സർവേ ഫലമനുസരിച്ച്,​ കേരളത്തിൽ കൊവിഡ് പോസിറ്റിവിറ്റി ഉയർന്നുനിൽക്കാൻ കാരണം,​ ജനസംഖ്യയുടെ പകുതിയോളം ഇനിയും കൊവിഡിനെ പ്രതിരോധിക്കാൻ ശേഷി കൈവരിച്ചിട്ടില്ല എന്നതാണ്. ഇന്ത്യയിൽ ഇത് 30 ശതമാനമാണ് .

എന്നാൽ വാക്സിനേഷന്റെ കാര്യത്തിൽ കേരളം മുന്നിൽ നിൽക്കുന്നു എന്നതാണ് എടുത്തുപറയേണ്ട കാര്യം. ഇന്ത്യയിലാകെ 6.8 ശതമാനം പേർ മാത്രമാണ് ഇതുവരെ വാക്സിൻ സ്വീകരിച്ചിട്ടുള്ളത് . എന്നാൽ കേരളത്തിൽ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം പതിനാറ് ശതമാനമാണ്. ആരോഗ്യ വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന ട്രാക്ക്,​ ട്രേസ്,​ ടെസ്റ്റ് എന്ന ശാസ്ത്രീയവഴിയിലും മുൻപന്തിയിൽ കേരളമാണ്. ഏറ്റവും കൂടുതൽ കൊവിഡ് പരിശോധന നടത്തുന്നതിലും അതിൽത്തന്നെ ഫലപ്രദമായി കേസുകൾ കണ്ടെത്തുന്നതിലും മുൻപന്തിയിലാണ് കേരളം . പക്ഷേ,​ അതുകൊണ്ട് മാത്രമാണോ കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുകൾ ഉയർന്നു നിൽക്കുന്നത്?​

ഈ ചോദ്യത്തിന് ഐ.സി.എം.ആറിന്റേതടക്കമുള്ള ആരോഗ്യവിദഗ്ദ്ധരുടെ ഉത്തരം കേരളത്തിൽ രോഗപ്രതിരോധശേഷി കൈവരിക്കാനുള്ളവരുടെ എണ്ണം ഇനിയുമേറെയെന്നാണ്.

ശക്തമായ നിയന്ത്രണ നടപടികളിലൂടെയാണ് കേരളം കൊവിഡിനെ പിടിച്ചുനിറുത്താൻ ശ്രമിക്കുന്നതെന്ന് പ്രകീർത്തിക്കുന്നവരുണ്ട്. പക്ഷേ,​ നിയന്ത്രണങ്ങൾ എത്ര കടുപ്പിച്ചിട്ടും കേരളത്തിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി കുറയാത്തത് അധികാരത്തിലേറി രണ്ട് മാസം പിന്നിട്ട രണ്ടാം പിണറായി സർക്കാരിനെ കുഴയ്ക്കുന്ന പ്രശ്നമായി വളരുകയാണ്.

സാമ്പത്തികനില തകർന്നുനില്പാണ്. വിപണി ചലിക്കുന്നില്ല. നിത്യവൃത്തിക്കാരുടെ ദുരിതം പുറത്തേക്ക് വരുന്ന വാർത്തകളേക്കാളും ഭീകരമാണ്. വാരാന്ത്യ ലോക്ക്ഡൗൺ അശാസ്ത്രീയമെന്ന് പരക്കെ വിമർശനമുയരുന്നു. വ്യാപാരികളുടെ അവസ്ഥയും പരമദയനീയം. ഈയവസ്ഥയിലാണ്, ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുൻ ആരോഗ്യമന്ത്രി കൂടിയായ കെ.കെ. ശൈലജ നിയമസഭയിൽ അവതരിപ്പിച്ച ഒരു ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിന്റെ മാനം വലുതാകുന്നത്.

വ്യാപാരികളുടെയും മറ്റും പ്രതിഷേധങ്ങൾ പുറത്തേക്ക് വരുന്നത് കൊണ്ട് ജനമറിയുന്നുണ്ട്. എന്നാൽ ജനമറിയാത്ത എത്രയോ ജീവിതങ്ങൾ മുഖംമൂടികളായി ഒതുങ്ങുന്ന അവസ്ഥ കേരളം അഭിമുഖീകരിക്കുകയാണിപ്പോൾ. അത്യുത്തര മലബാറിലെ തെയ്യം കലാകാരന്മാരുടെയൊക്കെ ദൈന്യജീവിതം കെ.കെ. ശൈലജ എടുത്ത് പറഞ്ഞു. അതൊരുദാഹരണം മാത്രം. അങ്ങനെയുള്ള എത്രയെത്ര ജീവിതങ്ങൾ. പ്രൊഫഷണൽ നാടകത്തിൽ അഭിനയിച്ച് ജീവിതം തള്ളിനീക്കിയവരുണ്ട്. ആ നാടകസംഘങ്ങളുടെ അണിയറ വരുമാനത്തിൽ ജീവിച്ചവരുണ്ട്. അങ്ങനെയങ്ങനെ...

നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് വലിയ സ്വീകാര്യത നേടിക്കൊടുത്തത് കൊവിഡ് പ്രതിസന്ധി കാലത്തെ ഭക്ഷ്യധാന്യക്കിറ്റ് വിതരണമായിരുന്നു. ആ കിറ്റ് വിതരണം ഇപ്പോഴുമുണ്ട്. ഈ ഓണക്കാലത്ത് കിറ്റ് വിതരണം ആരംഭിച്ചു കഴിഞ്ഞു. പക്ഷേ, കിറ്റിൽ തീരാവുന്ന പ്രതിസന്ധിയുടെ കാലം അതിക്രമിച്ച് പോയിരിക്കുന്നുവെന്ന് കേരളം തിരിച്ചറിയുകയാണിപ്പോൾ.

ലോക്ക് ഡൗൺ നിയന്ത്രണങ്ങളും പൊലീസും

പൊലീസ് ഭരണം മാറിയേ തീരൂവെന്ന മുറവിളി കുറച്ചുകാലമായി കേരളീയ പൊതുസമൂഹത്തിലുയരുന്നുണ്ട്. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റപ്പോൾ എൻ.എസ്. മാധവനെപ്പോലുള്ള പ്രമുഖ എഴുത്തുകാരൻ പോലും ഇത്തരമൊരു നിർദ്ദേശം സർക്കാരിന് മുന്നിലേക്ക് വച്ചു.

പക്ഷേ, അങ്ങനെ പൊലീസ് മാറിയിട്ടുണ്ടോ? കൊവിഡ് ലോക്ക് ഡൗണിന്റെ മറവിൽ പൊലീസ് പലപ്പോഴും ജനങ്ങൾക്ക് മേൽ ഭരണകൂടത്തിന്റെ ആ പഴയ മർദ്ദനോപാധിയാകുന്നുണ്ട് എന്ന പഴിയാണ് ഉയർന്നു കേൾക്കുന്നത്. ഏറ്റവും ദൈന്യമായൊരു ചിത്രം കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സമൂഹമാദ്ധ്യമങ്ങളിലടക്കം ഏറെ ചർച്ചയായി. മത്സ്യം നിറച്ച കുട്ട, ധാർഷ്ഠ്യം നിറഞ്ഞ പൊലീസുകാരൻ തട്ടിത്തെറിപ്പിച്ചപ്പോൾ ദയനീയമായി വിലപിക്കുന്ന മത്സ്യത്തൊഴിലാളിയായ വീട്ടമ്മയുടെ ചിത്രം. കൊവിഡ് കാലത്ത് ആരുടെയും ഉള്ളുലയ്ക്കുന്ന ചിത്രം. രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ദൈന്യജീവിതങ്ങൾ ഏറെയുള്ള നാട്ടിൽ, ഇതുപോലുള്ള മനുഷ്യത്വം മരവിച്ചുപോയ ഭരണകൂട മർദ്ദനോപാധികൾ, കേരളീയ സമൂഹത്തോട് വിളിച്ചു പറയുന്നത്, നമ്മുടെ പൊലീസ് മാറാനുണ്ട് ഇനിയുമേറെ എന്നാണ്.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഏറെ പഴി കേൾപ്പിച്ചതായിരുന്നു സംസ്ഥാന പൊലീസിന്റെ ഇടപെടൽ. ഭരണകൂടഭീകരത എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലേക്ക് പോലും ചെന്നെത്തുന്ന പൊലീസ് രാജ് പലപ്പോഴും അടിസ്ഥാനവർഗത്തിന്റെ താത്‌പര്യത്തിനായി നിലകൊള്ളേണ്ട ഇടതുപക്ഷ സർക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്. കോഴിക്കോട് പന്തീരാങ്കാവിലെ സി.പി.എം പ്രവർത്തകർ തന്നെയായ രണ്ട് യുവാക്കളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത് സൃഷ്ടിച്ച വിവാദം ആരും മറന്നിട്ടില്ല.

പക്ഷേ, മുഖ്യമന്ത്രി പിണറായി വിജയൻ ആ അറസ്റ്റിനെ ന്യായീകരിക്കുകയാണുണ്ടായത്. കൊച്ചി വരാപ്പുഴയിൽ ആള് മാറി ശ്രീജിത്ത് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലിട്ട് ക്രൂരമായി മർദ്ദിച്ച കഥയും കേരള മന:സാക്ഷിയെ മരവിപ്പിക്കുന്നതായിരുന്നു. പക്ഷേ, പൊലീസിനെ കുറ്റം പറയാതെയുള്ള മുഖ്യമന്ത്രിയുടെ സമീപനമാണ് പലരും കൗതുകത്തോടെയും അമ്പരപ്പോടെയും അക്കാലം ചർച്ച ചെയ്തത്.

പിണറായി വിജയനെപ്പോലെ ഇച്ഛാശക്തിയുള്ള, കമ്മ്യൂണിസ്റ്റ് നേതാവിന് ചേർന്നതായില്ല ആ ശീലം. അടിയന്തരാവസ്ഥക്കാലത്ത് കസ്റ്റഡി മർദ്ദനമനുഭവിച്ച്, നിയമസഭയിലെത്തി ആ ഭീകരതയെ ഉള്ളുലയ്ക്കും വിധം വിവരിച്ച, അന്നത്തെ എം.എൽ.എയായ പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോഴാണ് ഇതുണ്ടായത് എന്നതാണ് ആ സംഭവങ്ങളുടെ രാഷ്ട്രീയമാനം ഉയർത്തിയത്.

പ്രതിപക്ഷവും മുഖ്യമന്ത്രിയും

പ്രതിപക്ഷനേതാവായി വി.ഡി. സതീശൻ വന്നത് നിയമസഭയിൽ അവരുടെ ഇടപെടലുകളിലെ ഗൗരവം ഒന്ന് കൂട്ടിയിട്ടുണ്ട് . സതീശൻ ഒന്നാന്തരം പാർലമെന്റേറിയനാണ്. നിയമസഭാ നടപടികളിൽ ഭാഗഭാക്കാകാൻ അങ്ങേയറ്റത്തെ കഠിനാദ്ധ്വാനവും ഗൃഹപാഠവും നടത്തുന്ന രാഷ്ട്രീയനേതാവ്. ഒരു വിഷയത്തിൽ അടുത്തദിവസം സഭയിൽ സംസാരിക്കേണ്ടതുണ്ടെങ്കിൽ, ആ വിഷയത്തിൽ ഇടപെടുന്ന ഏറ്റവും താഴേത്തട്ടിലുള്ള ആളുകളെ വരെ തേടിപ്പിടിച്ച് അവരുടെ അനുഭവങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞ് അതുകൂടി തന്റെ പ്രസംഗത്തിന് കരുത്തേകാൻ വിനിയോഗിക്കുന്ന നേതാവാണദ്ദേഹം. 2001ൽ ആദ്യമായി നിയമസഭാ സാമാജികനായ വി.ഡി. സതീശൻ , തുടക്കം മുതലേ അങ്ങേയറ്റത്തെ ആത്മാർത്ഥതയോടെയും സത്യസന്ധതയോടെയും നിയമസഭയെ സമീപിച്ചുവരുന്ന പാർലമെന്റേറിയനാണ്. ഒരു ടേം പിന്നിട്ടപ്പോഴേക്കും അദ്ദേഹം എല്ലാവരാലും ശ്രദ്ധിക്കപ്പെടുന്ന സാമാജികനായി മാറി.

കഴിഞ്ഞ സഭയിലായിരിക്കണം, മുഖ്യമന്ത്രി പിണറായി വിജയൻ, വി.ഡി. സതീശന്റെ നിയമസഭയിലെ പ്രകടനം അളന്നത്. അതുകൊണ്ടുതന്നെ സതീശന്റെ ഇടപെടലുകൾ അദ്ദേഹത്തിൽ ഒരു മതിപ്പ് സൃഷ്ടിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലികൾ അല്പമെങ്കിലും മനസിലാക്കാനാവുന്ന ഏതൊരാൾക്കും ബോദ്ധ്യമാകും. സതീശൻ പുതിയ പ്രതിപക്ഷനേതാവായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, സതീശന്റെ സാമാജിക ഇടപെടലുകളെ മുഖ്യമന്ത്രി പ്രകീർത്തിച്ചതും അതുകൊണ്ടാണെന്ന് വേണം കരുതാൻ.

സമീപകാലത്തെ പ്രതിപക്ഷത്തിന്റെ ഫ്ലോർ മാനേജ്മെന്റ്, ചില മാറ്റങ്ങൾ പ്രകടമാക്കുന്നുണ്ട്. കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഉന്നയിച്ച അടിയന്തരപ്രമേയം ഉദാഹരണമാണ്. അതിലെ പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടതായിരുന്നു കൊവിഡ് ദുരന്തനിവാരണ പാക്കേജ് . കഴിഞ്ഞ ദിവസം ഏതാണ്ട് അത്തരത്തിലൊരു പാക്കേജ് സർക്കാർ പ്രഖ്യാപിച്ചു.

അശാസ്ത്രീയ നിയന്ത്രണം, ഉദ്യോഗസ്ഥർ സർക്കാരിനെ തെറ്റിദ്ധരിപ്പിച്ച് അടിച്ചേല്പിക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. നമ്മൾ ജനപ്രതിനിധികളാണെന്നും ഉദ്യോഗസ്ഥർ പലതും പറഞ്ഞാലും ജനപ്രതിനിധികളെന്ന നിലയിൽ നമ്മുടേതായ ബോദ്ധ്യത്തോടെയുള്ള ഇടപെടലുകൾ നടത്തണമെന്നും പ്രതിപക്ഷനേതാവ് അതേ പ്രസംഗത്തിലാണ് സൂചിപ്പിച്ചത്. അത് മുഖ്യമന്ത്രിയിൽ തറച്ചിട്ടുണ്ടോ എന്നറിയില്ല. പക്ഷേ, കഴിഞ്ഞാഴ്ചത്തെ കൊവിഡ് അവലോകന യോഗത്തിൽ, ഇത്രയേറെ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടും ടെസ്റ്റ് പോസിറ്റിവിറ്രി നിരക്ക് കുറയാത്തതിൽ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

കൊവിഡ് മഹാമാരി ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടി നിൽക്കുന്ന സംസ്ഥാനം കേരളമാണ്. ആ കേരളത്തിലാണ് രണ്ടാഴ്ചയ്ക്കപ്പുറം സംസ്ഥാനത്തിന്റെ ഉത്സവമായ ഓണം വരാൻ പോകുന്നത്. ഓണക്കാലത്ത് വിപണി ചലിക്കുന്നത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമാണ്. ലോക്ക് ഡൗണും കൊവിഡ് വ്യാപനവും വെല്ലുവിളിയായി നിൽക്കുന്നു.

ഓണക്കാലത്ത് കേരളം തുറക്കാനാകുമോ? കുറേക്കൂടി ശാസ്ത്രീയ ഇടപെടലുകൾ ജനകീയ ഭരണകൂടത്തിൽ നിന്ന് ഉണ്ടാകേണ്ടതുണ്ട് എന്നുതന്നെയാണ് സമൂഹം ആവശ്യപ്പെടുന്നത്. നിയന്ത്രണങ്ങളുടെ കാര്യത്തിലല്ലാതെ, രോഗപരിശോധന, മരണനിരക്ക് കുറച്ചുനിറുത്തൽ, വാക്സിനേഷൻ എന്നിവയിലെല്ലാം രാജ്യത്തിന് ഏറ്റവും മികച്ച മാതൃകയായി കേരളം നിൽക്കുന്നുണ്ട് എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട് വേണം ക്രിയാത്മക വിമർശനത്തിലേക്ക് കടക്കാൻ എന്നുകൂടി പറഞ്ഞുകൊള്ളട്ടെ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VIVADAVELA
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.