SignIn
Kerala Kaumudi Online
Monday, 27 September 2021 4.39 AM IST

കഥ/ അപഗമനം

ee

പതിവില്ലാത്ത വിധം അമ്മ സംസാരിക്കാനാരംഭിച്ചു. വല്ലാത്ത ഉത്സാഹമായിരുന്നു അമ്മക്കപ്പോൾ. കണ്ണുകളിൽ അവാച്യമായ ഒരു തിളക്കം വന്നു നിറഞ്ഞു. ഒരു മന്ത്രവാദിനിയുടെ അടക്കം ചൊല്ലൽ പോലെ അധരങ്ങൾ പിടച്ചു.ഏറെയും ഗതകാലത്തെ അനർഘ നിമിഷങ്ങളെക്കുറിച്ചുള്ള അയവെട്ടലുകളായിരുന്നു. അച്‌ഛൻ ജീവിച്ചിരുന്നപ്പോഴത്തെ സ്‌മരണകളും, അനുഭവസാക്ഷ്യങ്ങളും. അടുക്കളയിൽ സഹായിക്കുന്ന വേളകളിൽ അച്‌ഛൻ പറയാറുള്ള കുസൃതിക്കഥകൾ, വെടിവെട്ടങ്ങൾ, അതിരാവിലേയുള്ള പത്രവായനയ്‌ക്കിടെ കണ്ടെത്തുന്നചില അസ്വാഭാവിക വാർത്തകളിലേക്ക് 'ഡേയ്" എന്നുള്ള വിളിയോടെ അമ്മയുടെ ശ്രദ്ധയെ ക്ഷണിക്കുന്നത്, വിവാഹ വാർഷികങ്ങളിൽ ഒരുമിച്ച് പുറത്തേക്ക് പോയിരുന്നത്, മുതലിയാരുടെ പലഹാരക്കടയിൽ നിന്ന് ഏറെ ഇഷ്ടപ്പെട്ട റെഡ്‌ ജിലേബി വാങ്ങിക്കൊടുത്തത്, ഒക്കെ ഇടതടവില്ലാതെ അമ്മ പറഞ്ഞു കൊണ്ടേയിരുന്നു. അടുത്തിരുന്ന് അമ്മയുടെ കൈത്തലമെടുത്ത് മടിയിൽ വച്ച് എല്ലാം ഞാൻ ഔത്സുക്യത്തോടെ മൂളിക്കേട്ടു.

ഇടക്കൊക്കെ അവരുടെ ശബ്ദം വല്ലാതെ ഇടറുകയും കണ്ണുകളിൽ നനവു പടരുകയും ചെയ്തു. അപ്പോഴൊക്കെ മാർദ്ദവമേറിയ ആ കൈത്തലമെടുത്ത് കൈപ്പത്തികൾക്കകത്ത് വച്ച് സ്‌നേഹത്തോടെ അമർത്തുകയും, അമ്മയോട് കുറച്ചു കൂടി അടുത്തേക്ക് ചേർന്നിരിക്കുകയും ചെയ്തു. അപ്പോഴേക്കും അടുക്കള ജോലി പൂർത്തിയാക്കി ലൈറ്റ് കെടുത്തിയിട്ട് രമ മുന്നിലേക്ക് വന്നു. പുറത്തെ ഇരുട്ട് മുഖത്തേക്ക് പടർന്നിട്ടെന്ന പോലെ അവളുടെ മുഖം കറുത്തിരുന്നു.' വരുന്നില്ലേ' എന്നൊരു മുനങ്ങലോടെ അവൾ പടിക്കെട്ടുകൾ കയറി മുകളിലേക്കു പോയി. മടിയിൽ വച്ചിരുന്ന അമ്മയുടെ കൈത്തലം വിടുവിച്ചിട്ട് എഴുന്നേറ്റു.അമ്മയുടെ മുഖം അപ്പോൾ എന്തോ പറയാനെന്നോണം വികസിക്കുകയും പിന്നീട് സായാഹ്നത്തിൽ കൂമ്പിയടയാൻ വിധിക്കപ്പെട്ടൊരു പുഷ്‌പത്തെപ്പോലെ ചുരുങ്ങിപ്പോവുകയും ചെയ്തു.

ഉറക്കം വരാതെ കട്ടിലിൽ വെറുതേ കിടക്കുമ്പോൾ കുറച്ചു മുമ്പത്തെ അമ്മയുടെ അസാധാരണമായ പെരുമാറ്റവും, സംസാരവുമായിരുന്നു മനസ്സിൽ . നീണ്ടൊരു മൗനത്തിന്റെ വാത്മീകത്തിൽ അമർന്നിരിക്കുകയായിരുന്നല്ലൊ കുറേ നാളായിട്ട് അമ്മ. അല്ലെങ്കിൽത്തന്നെ അവരാരോടു സംസാരിക്കാനാണ്?. അതിരാവിലേ താൻ ഓഫീസിലേക്ക് പോയിക്കഴിഞ്ഞാൽ പിന്നെ രമ മൊബൈലിന്റെ മായിക ലോകത്തായിരിക്കും. ഫെയ്സ് ബുക്ക്, വാട്സ് അപ്പ് കൂട്ടായ്മകളും ,യൂടൂബുമൊക്കെ വിട്ട് അവൾക്ക് മറ്റൊരു ലോകമില്ല. തന്നോടു പോലും വളരെക്കുറച്ചു മാത്രമാണ് അവൾ എന്തെങ്കിലും മിണ്ടാറുള്ളത്. പിന്നെയുള്ളത് അപ്പുവാണ് .പണ്ടൊക്കെ കഥകൾ കേൾക്കാനായി 'അച്ഛമ്മേ 'എന്ന വിളിയോടെ അമ്മയുടെ പിറകേ നടന്നിരുന്ന അവനും ഇപ്പോൾ അവരെ ഗൗനിക്കാറേയില്ല.അതിൽ അമ്മയ്ക്കു കുണ്ഠിതവുമുണ്ട്. അച്ഛന്റെ കാലശേഷം അമ്മ തികച്ചും ഒറ്റപ്പെട്ടു പോയി എന്നതൊരു സത്യം തന്നെയാണ്. ആരെയാണ് ഇക്കാര്യത്തിൽ കുറ്റപ്പെടുത്താനാവുക? മറ്റു പലതിലുമെന്നപോലെ കാലം വരുത്തുന്ന ഓരോരോ മാറ്റങ്ങൾ എന്ന് സമാധാനിക്കാനേ കഴിയൂ. .'എന്താ ചിന്തിച്ചു കിടക്കുന്നെ ,ഉറക്കം വരുന്നില്ലെ?' ,ഗാഢനിദ്രയിലാണ്ടു കിടന്ന അപ്പൂസിന്റെ മുടിയിഴകളിൽ തലോടികൊണ്ട് രമ ചോദിച്ചു. ''ങ്ഹും' ഉത്തരം ഒരു മൂളലിലൊതുക്കി നിർത്തി. അവൾ എന്തോ പറയാനെന്നോണം എന്റെ വശത്തേക്കു ചെരിഞ്ഞു കിടന്നു. 'അമ്മയെപ്പറ്റി ചിന്തിക്കുകയാണോ? ,നീണ്ടൊരു സംസാരത്തിന് ആമുഖമിട്ടു കൊണ്ട് അവൾ പറഞ്ഞു തുടങ്ങി.'' ഞാനും അമ്മയെപ്പറ്റിത്തന്നെ ആലോചിക്കുകയായിരുന്നു. അവരിപ്പോൾ പണ്ടത്തെപ്പോലല്ല. സ്വഭാവത്തിലാകെ മാറ്റമാണ്. എല്ലാറ്റിലും ആവശ്യമില്ലാതെ കയറി ഇടപെടുകയും ,തർക്കിക്കുകയും ചെയ്യും. എന്നോടു മാത്രമല്ല, അപ്പൂസിനോടും അങ്ങിനെയാ. അടുക്കളയിൽപ്പോലും അവർക്ക് അവരുടേതായ ചിട്ടകളും ,രീതികളുമാ .അവർക്കെല്ലാം എപ്പോഴുംവിസ്തരിച്ചു തന്നെ വേണം. എനിക്കെവിടെയാണ് അതിനൊക്കെ നേരം?. നിങ്ങൾ ഓഫീസിലേക്കു പോകുന്നതിനു മുമ്പുതന്നെ രാവിലേയും ,ഉച്ചക്കുമുള്ള ആഹാരം തയ്യാറാക്കണം. അപ്പൂന്റെ സ്‌കൂൾ വണ്ടി അതിരാവിലേ തന്നെ എത്തും .അവന്റെ ടിഫിനും അതിനിടയിൽ ഒരുക്കി വയ്ക്കണം .എല്ലാം സമയത്തിന് ഒപ്പിച്ചെടുക്കുന്ന പാട് എനിക്ക് മാത്രമറിയാം. അവർക്ക് എവിടെയെങ്കിലും അടങ്ങിയൊതുങ്ങി മിണ്ടാതിരുന്നാലെന്താ? കാലത്തേ വരും മുനയും മുള്ളും വച്ച വർത്തമാനവുമായി !.നിങ്ങളൊന്ന് പറഞ്ഞു മനസ്സിലാക്കണം.' അവൾ പതിവുപോലെ അമ്മയുടെ കുറ്റങ്ങളുടെ ഭാണ്ഡക്കെട്ടഴിച്ചു. ''ദേ ... ഇതൊക്കെ കേൾക്കുന്നുണ്ടോ?''എന്റെ നിശബ്ദതയിൽ അലോസരപ്പെട്ടുകൊണ്ട് തുടയിൽ ഒന്നു തട്ടിയിട്ട് അവൾ വീണ്ടുംചോദിച്ചു. ''ങ്ഹാ ... പറയാം' ,യാന്ത്രികമായി വരുത്തിയ ഒരു കോട്ടുവായുടെ അകമ്പടിയോടെ തിരിഞ്ഞു കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ കൂർക്കം വലി പൊങ്ങി.ഒരു കണക്കിന് അവൾ പറയുന്നതിലും കാര്യമുണ്ട്. അമ്മയുടെ സ്വഭാവത്തിലെ ചില മാറ്റങ്ങൾ ശ്രദ്ധിച്ചിരുന്നു. കഴിഞ്ഞൊരു ദിവസം അമ്മയുടെ ഉച്ചത്തിലുള്ള സംസാരം ശ്രവിച്ചുകൊണ്ടാണ് മുറ്റത്തേക്കിറങ്ങിച്ചെന്നത്. നോക്കുമ്പോൾ ഒരു കൂട്ടം കാക്കകൾക്കു നടുവിൽ അമ്മ ഇരിക്കുന്നു.വാരി വിതറുന്ന അരിമണികൾ കൊത്തിത്തിന്നു കൊണ്ട് അവ അമ്മയുടെ വളരെ അടുത്ത്, ഒരു കൂട്ടുകാരിയോടെന്ന പോലെ കലപില ശബ്ദങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് പറന്നു കളിക്കുന്നു. 'അമ്മയെന്താ കാക്കകളോട് കഥ പറയുകയാണോ?' എന്റെ ചോദ്യം കേട്ട് തെല്ലു ജാള്യതയോടെ അമ്മ തിരിഞ്ഞു നോക്കി. എന്നിട്ട് വരണ്ട ഒരു ചിരിയോടെ ശബ്ദം താഴ്ത്തി പറഞ്ഞു. 'തിരിച്ചു പറയാനറിയാത്ത ഇവറ്റകളോടെങ്കിലും ഞാനൊന്നു മിണ്ടിക്കോട്ടെടാ .'സഹതാപത്തോടെ അമ്മയെ നോക്കി നിൽക്കുമ്പോൾ ഹൃദയത്തിൽ വിഷമുള്ളു തറച്ചൊരു വേദനയായിരുന്നു.
******************************

അർദ്ധമയക്കത്തിലെപ്പൊഴോ ആണ് ആ ശബ്ദം കേട്ടത്. ഉറക്കം ഞെട്ടി കിടക്കയിൽ എണീറ്റിരുന്നു. അരികിൽ നിന്ന് രമയുടെ ഉച്ചത്തിലുള്ള കൂർക്കംവലി ഒരു പടഹധ്വനി പോലെ കേൾക്കുന്നുണ്ട്. താഴെ ആരോ കതക് പതിയെ തുറക്കുന്നതുപോലത്തെ ശബ്ദം വീണ്ടും കേട്ടു .പെട്ടെന്നെണീറ്റ് മൃദുവായ പാദ ചലനങ്ങളോടെ പടികളിറങ്ങി താഴേക്കു ചെന്നു.അമ്മയുടെ കിടക്കയിലേക്ക് പാളി നോക്കി. അവിടം ശൂന്യം! . അപ്പോഴാണ് മുൻവാതിൽ തുറന്നു കിടന്നത് ശ്രദ്ധിച്ചത്. പാതിരാത്രിയിൽ അമ്മയിതെവിടെപ്പോയി? ഇരുട്ടിൽ തപ്പിത്തടഞ്ഞ് പുറത്തേക്കിറങ്ങി.ചീവീടുകളുടെ കാതു തുളപ്പിക്കുന്ന ശബ്ദമാണ് എതിരേറ്റത്.അടുത്തെവിടെയോ നിന്നുയർന്ന മൂങ്ങയുടെ ചിലമ്പിച്ചതും ,വൃത്തികെട്ടതുമായ ഒച്ച വേട്ടനായ്ക്കളെപ്പോലെ, ഭീതി പരത്തിക്കൊണ്ട് കാതിൽ വന്നലച്ചു. എങ്ങും ഘോര ഘോരമായ ഇരുട്ട്. ചീവീടുകളുടെ വിളിയും, കൂമന്റെ കുറുകലും ഇപ്പോൾ കൂടിക്കലർന്ന് ഭീതിയുടെ വേറിട്ടൊരു മാറ്റൊലിയായിത്തീർന്നിരിക്കുന്നു. പെട്ടെന്നാണ് നടുക്കുന്ന ആ കാഴ്ചയിലേക്ക് നേത്രങ്ങൾ ചെന്നുടക്കിയത്. മുറ്റത്തരികത്തെ കിണറ്റിന്റെ പാലത്തിൽ അമ്മ ..... അന്ത്യവന്ദനം ചൊല്ലുന്നതു പോലെ കൈകൾ കൂപ്പി ആഴത്തിലേക്ക് കണ്ണുകൾ തുറിച്ചു കൊണ്ട് ...... പെരുവിരലിൽ നിന്നും മസ്തിഷ്‌കത്തിലേക്ക് ഒരു വിറ പടർന്നു . മിന്നൽപ്പിണർ പോലെ കുതിച്ചു...... പിറകിലൂടെ ചുറ്റിപ്പിടിക്കുമ്പോൾ താഴേക്കുള്ള കുതിപ്പിന്റെ അവസാന നിമിഷത്തിലായിരുന്നു അമ്മ .... 'അമ്മേ' അലർച്ചയോടെ ഒരു തൂവലിന്റെ ഘനം മാത്രം തോന്നിച്ച ആ ശരീരത്തെ വാരിയെടുത്ത് നെഞ്ചോടു ചേർക്കുമ്പോൾ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ മാറിലേക്ക് അമർന്നു കിടന്നു അമ്മ .കണ്ണുനീർ നെഞ്ചിലെ രോമങ്ങൾ കുതിർത്തു കൊണ്ടിരുന്നു.'' അമ്മേ .... എന്തിനിത്?'... മുഖം പിടിച്ചുയർത്തി ഗദ്ഗദത്തോടെയുള്ള ചോദ്യത്തിനുത്തരമായി അമ്മയുടെ കണ്ണുകളിൽ നിന്നും കുറച്ചു കണ്ണീർ കണങ്ങളടർന്നു വീഴുക മാത്രം ചെയ്തു. ഭുജത്തിൽ ശക്തിയായി അമർന്നിരുന്ന അമ്മയുടെ ലോലമായ വിരലുകൾക്ക് ഘനം വയ്ക്കുന്നതായി തോന്നി. പതിയെ അതൊരു കൃഷ്ണപ്പരുന്തിന്റെ മൂർച്ചയേറിയ കാൽവിരലുകളായി വളർന്ന് ഹൃദയത്തിലേക്ക് തറഞ്ഞു കയറി. നെഞ്ചിൽ നിന്നും ഒരു രക്ത നദിയൊഴുകാൻ തുടങ്ങി. ഇരു കൈകളുടെയും സ്ഥാനത്ത് മുളച്ചു പൊന്തിയ ചിറകുകളിലേക്ക് അത്ഭുതത്തോടെ നോക്കിയിരിക്കുമ്പോൾ പൊടുന്നനെ ഭൂമിയിൽ നിന്നുയർത്തപ്പെട്ടു. ചിറകുകൾ തിടുക്കപ്പെട്ട് വീശി മുകളിൽ സ്വഛമായി കാണപ്പെട്ട ആകാശനീലിമയിലേക്ക് ഞാൻ പറന്നുയർന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KATHA, WEEKLY, LITERATURE, KATHA
KERALA KAUMUDI EPAPER
TRENDING IN LITERATURE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.