SignIn
Kerala Kaumudi Online
Thursday, 25 April 2024 11.35 AM IST

ദുരുപയോഗം മരുന്നിനുപോലും അരുത്!!

medicine

അത്യാവശ്യത്തിനും സുരക്ഷിതവുമായി മാത്രം ഉപയോഗിക്കാനുള്ളതാണ് മരുന്ന്. അത്യാവശ്യമില്ലാതയോ, നിർദ്ദേശിക്കപ്പെടാതയോ, അമിതമായോ ഉപയോഗിക്കപ്പെടുന്നതെല്ലാം ദുരുപയോഗത്തിന്റെ ഗണത്തിൽപ്പെടും. ദുരുപയോഗം കാരണം ശരിയായ പ്രയോജനം ലഭിക്കാതിരിക്കുകയോ, ദോഷങ്ങൾ ഉണ്ടാകുകയോ ചെയ്യാം.

വേദന സംഹാരികൾ, ചുമയ്ക്കുള്ള സിറപ്പുകൾ, ഉറക്കവും മയക്കവുമുണ്ടാക്കുന്നവ,

അലർജിക്കും ശ്വാസംമുട്ടലിനുമുള്ള മരുന്നുകളും തുടങ്ങി ആന്റിബയോട്ടിക്കുകൾ വരെ ഈ ലിസ്റ്റിലുണ്ടെന്നത് ഭയത്തോടെയാണ് വിലയിരുത്തേണ്ടത്.

ഒരാളിന്റെ വേദന ശമിക്കുന്നതിനായി ഡോക്ടർ നിർദ്ദേശിച്ച മരുന്ന് വേദനയ്ക്ക് സൂപ്പർ എന്ന രീതിയിൽ അദ്ദേഹം പോലുമറിയാതെ വീണ്ടും വീണ്ടും വാങ്ങിക്കഴിക്കുന്നവരും ചിലപ്പോൾ മറ്റുള്ളവർക്ക് രഹസ്യമായി നിർദ്ദേശിക്കുകയും ചെയ്യുന്നവരുണ്ട്. ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ പോലും ചിലർ സന്തോഷത്തോടെ ഉപയോഗപ്പെടുത്തുന്നു എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. അത് പാർശ്വഫലമാണെന്ന് തിരിച്ചറിയാത്തവരും കാണും. പാർശ്വഫലമായി വണ്ണം കൂട്ടുന്ന മരുന്നുകളും മയക്കമുണ്ടാക്കുന്നവയും ഈ വിധത്തിൽ അറിഞ്ഞും അറിയാതെയും ഉപയോഗിക്കുന്നവരുണ്ട് എന്നതാണ് യാഥാർത്ഥ്യം.

ഉറക്കക്കുറവ് കാരണം രക്തസമ്മർദ്ദം കൂടിയാൽ താൽക്കാലികമായി മാത്രമേ രക്തസമ്മർദ്ദം കുറയ്ക്കുന്നതിനുള്ള മരുന്ന് ഉപയോഗിക്കേണ്ടിവരികയുള്ളൂ. ഇത്തരം രോഗികളിൽ വളരെ വേഗത്തിൽ ഉറക്കക്കുറവ് പരിഹരിക്കാനും പ്രഷറിന്റെ മരുന്ന് നിർത്താനും സാധിക്കും. ഒരു ഡോക്ടറുടെ കർശനമായ നിർദ്ദേശവും വിലയിരുത്തലും ഇക്കാര്യത്തിൽ ഉണ്ടായിരിക്കുകയും വേണം. എന്നാൽ ഇതൊന്നും പലപ്പോഴും പാലിക്കപ്പെടുന്നില്ല.

ഒരു ആന്റിഅലർജിക് മരുന്ന് അലർജിയുള്ള ഒരാൾക്ക് ഡോക്ടർ നിർദ്ദേശിക്കുന്നതും അത് ഉപയോഗിക്കുന്നവർക്ക് അലർജി രോഗം കുറയുന്നതുമാണ് ചികിത്സ. എന്നാൽ,​ അതിന്റെ പാർശ്വഫലമായുണ്ടാകുന്ന മയക്കം കിട്ടാനായി ഡോക്ടറുടെ നിർദ്ദേശമില്ലാതെയും അലർജിക്കുള്ളൊരു ഗുളിക കഴിച്ചാൽ സുഖമായി കിടന്നുറങ്ങാം എന്ന് വിചാരിച്ച് ഉപയോഗിക്കുന്നതിനെ മരുന്നിന്റെ ദുരുപയോഗമായിട്ടു വേണം കരുതാൻ.

മരുന്നും പാർശ്വഫലവും

ചെറുതോ വലുതോ ആയ എന്ത് വേദന വന്നാലും ഉടൻതന്നെ വേദനാസംഹാരികൾ കഴിക്കുന്നവരും ആവശ്യത്തിനും അനാവശ്യത്തിനും പനിഗുളികകൾ കഴിക്കുന്നവരും ഇപ്രകാരം മരുന്ന് ദുരുപയോഗം ചെയ്യുന്നവരാണ്. ത്വക് രോഗങ്ങൾക്ക് പണ്ടെങ്ങോ ഡോക്ടർ നിർദ്ദേശിച്ച സ്റ്റിറോയ്ഡ് മരുന്നുകൾ തോന്നുമ്പോഴൊക്കെ പുരട്ടുന്നവർ ഒട്ടും കുറവല്ല. ചിലപ്പോൾ വീട്ടിലെ മറ്റാർക്കെങ്കിലുമോ സുഹൃത്തിനോവേണ്ടി ഡോക്ടർ കുറിച്ചതാകാം ഈ മരുന്ന്.

പല മരുന്നുകളുടെയും പാർശ്വഫലങ്ങൾ പരിശോധിച്ചാൽ അത്യാവശ്യത്തിനുപോലും അവ ഉപയോഗിക്കാൻ മടിക്കുമെന്നതാണ് സത്യം. ഒരു പ്രത്യേക രോഗാവസ്ഥയിൽ വിവിധങ്ങളായ കാര്യങ്ങൾ മനസ്സിലാക്കി ഒരു ഡോക്ടർതന്നെ മരുന്ന് നിർദ്ദേശിക്കുമ്പോൾ മാത്രമാണ് അത് സുരക്ഷിതമാകുന്നത്. എന്നിട്ടാണ് അല്പജ്ഞാനത്തിന്റേയും മറ്റൊരാളിനുണ്ടായ അനുഭവത്തിന്റേയും തനിക്കുതന്നെ മുമ്പുണ്ടായ സുഖത്തിന്റേയും പേരുപറഞ്ഞ് പ്രിസ്ക്രിപ്ഷനില്ലാതെ മരുന്നു വാങ്ങൽ നടത്തുന്നത്.

ആജീവനാന്തം മരുന്ന് കഴിക്കാൻ വിധിക്കപ്പെട്ടവർ എത്രനാൾ ഒരേമരുന്ന് മറ്റു കുഴപ്പങ്ങളൊന്നുമില്ലാതെ ഉപയോഗിക്കാമെന്ന് ഡോക്ടറോട് അന്വേഷിക്കണം. സ്ഥിരമായി കഴിക്കുന്നത് കാരണമുണ്ടാകാവുന്ന ലക്ഷണങ്ങളും രോഗാവസ്ഥകളും ചോദിച്ചു മനസ്സിലാക്കണം. മരുന്ന് കഴിക്കേണ്ട ഇടവേളകളും എത്ര ദിവസം വരെ കഴിക്കണമെന്നതും കൃത്യമായി അന്വേഷിക്കാതെ ഉപയോഗിച്ചത് കാരണം പല ആന്റിബയോട്ടിക്കുകളും ഇപ്പോൾ ഉപയോഗപ്പെടാത്തവരുണ്ട്. ശരിയായ ഇടവേള പാലിക്കാതെ കഴിക്കുന്ന പനി ഗുളിക കാരണം കരൾ സംബന്ധമായ രോഗമുണ്ടാകാമെന്ന നിർദ്ദേശം പലരും പാലിക്കപ്പെടുന്നില്ല.

മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്തൊക്കെയാണെന്ന് രോഗികളെ ശരിയായി ബോദ്ധ്യപ്പെടുത്തിയാൽ,​ അവ ശ്രദ്ധിക്കാനും യഥാസമയം ഡോക്ടറെ ബോദ്ധ്യപ്പെടുത്താനും രോഗികൾക്ക് കഴിയും. എന്നാൽ,​ അതിനുള്ള ബോധവൽക്കരണങ്ങൾ വളരെ കുറച്ചു മാത്രമേ ഉണ്ടാകുന്നുള്ളൂ.

ഒരു മരുന്ന് കഴിക്കുന്നത് കാരണം അസിഡിറ്റി ഉണ്ടാകുമെങ്കിൽ അത് മുൻകൂട്ടി മനസ്സിലാക്കി അസിഡിറ്റി ഒഴിവാക്കാനുള്ള ഭക്ഷണ കാര്യങ്ങൾ കുറെയൊക്കെ പാലിക്കാൻ ഡോക്ടർ നിർദ്ദേശിച്ചാൽ രോഗികൾ ശ്രമിക്കും. എന്നാൽ,​ അസിഡിറ്റിക്കുള്ള മരുന്ന് കഴിക്കുന്നവർക്ക് പോലും മരുന്ന് കഴിച്ചാൽ എന്തും കഴിക്കാം എന്ന് മാത്രമേ അറിയാവൂ. അതല്ലാതെ,​ തൽക്കാലം മരുന്ന് കഴിച്ച് രോഗത്തേയും ക്രമേണ ഭക്ഷണം ക്രമീകരിച്ച് രോഗ വർദ്ധനവിനേയും ഒഴിവാക്കാനുള്ള ബോധവൽക്കരണം നടക്കുന്നില്ല. അതുകൊണ്ടുതന്നെ,​ മറ്റൊരു ശ്രദ്ധയുമില്ലാതെ രോഗിക്ക് മരുന്ന് തുടരേണ്ടിവരികയും ക്രമേണ മരുന്ന് ഒഴിവാക്കാനാകാത്ത അവസ്ഥ ഉണ്ടാകുകയും മരുന്ന് കഴിച്ചാലും പ്രയോജനമില്ലാതാകുകയും വർദ്ധിച്ച രോഗവും മരുന്നിന്റെ അമിതഉപയോഗവും കാരണം കൂനിന്മേൽ കുരു എന്ന പോലെ മറ്റു രോഗങ്ങൾകൂടി ഉണ്ടാകുകയും ചെയ്യുമെന്നതാണ് ഇപ്പോൾ കാണുന്നത്.

കൊവിഡ് വേട്ടയാടാൻ തുടങ്ങിയ നാൾ മുതൽ ഏറ്റവും ചർച്ചാവിഷയമായിട്ടുള്ള കാര്യമാണ് അമിതമരുന്നുപയോഗം കൊണ്ടുള്ള പ്രശ്നങ്ങൾ. ഈ സാഹചര്യത്തിലെങ്കിലും അത്യാവശ്യത്തിന് മരുന്ന്, അതും ഡോക്ടർ നിർദ്ദേശിച്ചാൽ മാത്രം എന്ന എന്ന രീതിയാണ് നല്ലതെന്ന് അറിയണം. അല്ലാതെ തോന്നുന്ന എല്ലാ വൈഷമ്യങ്ങൾക്കും കാണുന്ന മരുന്ന് വാങ്ങി ഉപയോഗിച്ച് സ്വയം ചികിത്സകനാകുന്ന മനോഭാവം അനാവശ്യമാണ്. നഷ്ടപ്പെട്ടാൽ തിരികെ ലഭിക്കാത്തതും ഏറ്റവും വിലപ്പെട്ടതുമാണ് ആരോഗ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, MEDICINES
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.