കൊച്ചി: ലഹരിവസ്തുക്കളും ആയുധവുമായി മെട്രോയിൽ യാത്ര ചെയ്യാൻ ശ്രമിച്ച യുവാക്കളെ മെട്രോ സ്പെഷ്യൽ പൊലീസ് പിടികൂടി. അസം സ്വദേശി യൂസഫ് അലി(26), ഉദയംപേരൂർ ചുള്ളിക്കാട് വീട്ടിൽ അനന്തു(21) എന്നിവരെയാണ് പിടിയിലായത്. സംസ്ഥാനത്ത് മെട്രോ റെയിൽ ആക്ട് പ്രകാരമുള്ള പൊലീസിന്റെ ആദ്യ നടപടിയാണിത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനിൽ നിരോധിത പുകയില ഉത്പന്നങ്ങളും മദ്യക്കുപ്പികളും കഠാരകളുമായി യാത്ര ചെയ്യാൻ ശ്രമിക്കുകയായിരുന്നു പ്രതികൾ. പരിശോധനയ്ക്കിടെ കൊച്ചി മെട്രോ സ്പെഷ്യൽ പൊലീസ് അപകടകരമായ വസ്തുക്കളുമായി ഇരുവരെയും തടഞ്ഞു നിർത്തി. തുടർന്ന് മെട്രോ പൊലീസ് ഇൻസ്പെക്ടർ എ. അനന്തലാലിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി ഇവരെ അറസ്റ്ര് ചെയ്യുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |