SignIn
Kerala Kaumudi Online
Thursday, 25 April 2024 7.26 AM IST

അപകടവലകൾ വീശി സൈബർലോകം

children

കൊവിഡിൽ വിദ്യാലയങ്ങൾ അടയ്‌ക്കപ്പെട്ട് അദ്ധ്യാപകരും കൂട്ടുകാരും അകന്നു പോയപ്പോൾ, പഠനം ചോദ്യചിഹ്നമായി മാറിയപ്പോൾ നമുക്ക് സഹായകമായത് ഡിജിറ്റൽ ടെക്‌നോളജിയാണ്. അറിവിന്റെ വലിയ ലോകമാണ് ഡിജിറ്റൽ വിദ്യാഭ്യാസം തുറന്നിട്ടത്. എന്നാൽ പഠനത്തിൽ സഹായിക്കുന്നതിനൊപ്പം നാം പോലുമറിയാതെ ഡിജിറ്റൽ ടെക്‌നോളജിയും സൈബർലോകവും അദൃശ്യമായവലകൾ എറിയുന്നുണ്ട്. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ കൈവെള്ളയിലേക്ക്‌ ഫോണും ഇന്റർനെറ്റും എത്തിച്ച കൊവിഡ് പല മാതാപിതാക്കളും അറിയാത്ത ഒരു മഹാമാരിക്കു കൂടി തീ കൊളുത്തി, 'ഇന്റർനെറ്റ് അഡിക്ഷൻ '. കൊവിഡ് കാലത്തെ മൊബൈൽ ഉപയോഗം കുട്ടികളിൽ ഉയർന്ന തോതിലുള്ള ഇന്റർനെറ്റ് അടിമത്തം സൃഷ്‌ടിച്ചിട്ടുണ്ട്. 84.5 ശതമാനം കുട്ടികളിൽ ഇന്റർനെറ്റ് അടിമത്തം ഉയർന്ന മാനസിക സമ്മർദ്ദത്തിന് കാരണമാകുന്നു. ('Students' perceived stress and, Internet Addiction during the lockdown in India'', - 'India Journal of Private Psychiatry'- vol.14, 2020 June)

ഇന്റർനെറ്റ്‌ ലോകം കുട്ടികളെ ദുരുപയോഗപ്പെടുത്തുന്ന പ്രവണതയും കുട്ടികൾ സൗകര്യങ്ങളെ ദുരുപയോഗപ്പെടുത്തുന്ന രീതിയും ഏറിവരികയാണ്. വിവിധതരം ഗെയിമുകൾക്ക് അടിമകളാകുന്ന കുട്ടികൾ ഫോണില്ലാതെയുള്ള ജീവിതത്തെ ഭയക്കുന്നു. കുടുംബവുമായി ഇടപഴകാനോ മറ്റ് വിനോദങ്ങളിൽ ഏർപ്പെടാനോ സമയമില്ലാത്ത രീതിയിൽ അക്ഷരാർത്ഥത്തിൽ ഫോൺ കുട്ടികളെ പൂട്ടിയിട്ടിരിക്കുകയാണ്. ഫോൺ ഉപയോഗം തടസപ്പെടുന്ന സാഹചര്യത്തിൽ കുട്ടികൾ മാനസിക സമ്മർദ്ദത്തിലേക്കും വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും വരെ വഴുതിവീഴുന്ന ഗുരുതര സാഹചര്യവുമുണ്ട്.

ഓൺലൈൻ ഗെയിമുകളാണ് പ്രധാന വില്ലൻ. 'വാർവിക് യൂണിവേഴ്സിറ്റി' യിലെ ഗവേഷകർ നടത്തിയ പഠനമനുസരിച്ച്‌ കൊവിഡ് കാലത്ത് സൈബർ സെക്യൂരിറ്റി ക്രൈം 86ശതമാനം വർദ്ധിച്ചിട്ടുണ്ട്. സ്‌കൂളിലെ കൗൺസിലറാണെന്ന വ്യാജേന കുട്ടികളെ ഫോണിൽ വിളിക്കുകയും ദുരുപയോഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നവരെപ്പറ്റിയുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടുകഴിഞ്ഞു. ഒന്നര വർഷത്തിനിടയിൽ 3.17 ലക്ഷം സൈബർ ക്രൈമുകൾ രജിസ്റ്റർ ചെയ്യപ്പെട്ടെന്ന്‌ കേന്ദ്രസർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
നാം വിചാരിക്കുന്നതിലും എത്രയോ ഭീകരമാണ് ഡിജിറ്റൽ ലോകത്തിന്റെ ഒരു മുഖം. എങ്ങനെയാണ് ഗാഡ്ജറ്റുകൾ ഔചിത്യപൂർവം ഉപയോഗിക്കേണ്ടതെന്ന് നാം മനസിലാക്കണം. ഏതെങ്കിലും തരത്തിൽ ചതിയിൽ പെട്ടാൽ അത് തുറന്നു പറയാനുള്ള മനസ് എല്ലാ കൂട്ടുകാർക്കും ഉണ്ടാകണം.
ഡിജിറ്റൽ ടെക്‌നോളജി പരിചയപ്പെടുത്തുന്ന സാദ്ധ്യതകൾ ചെറുതല്ല. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്ന ഒട്ടനവധി ആപ്പുകളുണ്ട്. വീഡിയോ കോൺഫെറൻസിനുള്ള ആപ്പുകളും ആശയവിനിമയം ലഘൂകരിക്കുന്ന സാങ്കേതികവിദ്യകളും അറിവിന്റെ വിശാലലോകം തുറന്നിടുന്ന സാങ്കേതികവിദ്യകളും എല്ലാം നമ്മെ പല രീതിയിൽ സഹായിക്കുന്നുണ്ട്. എങ്ങനെയാണോ നാം ടെക്‌നോളജി ഉപയോഗിക്കുന്നത് അത്തരത്തിൽ അതിന്റെ പരിണിതഫലവും മാറുമെന്ന് അറിയുക.
മുക്കുനേരേ വരുന്ന വലകൾ ഏറെയാണ്. അതിൽ പലതും അദൃശ്യവുമാണ്. കരുതലോടെയുള്ളതും ശരിയായതുമായ പ്രവൃത്തികളിലൂടെ അത്തരം വലകളിൽ പെടാതെ നോക്കാം.
'കണ്ണുവേണമിരുപുറം എപ്പോഴും
കണ്ണുവേണം മുകളിലും താഴെയും
കണ്ണിനുള്ളിൽ കത്തിജ്വലിക്കും
ഉൾക്കണ്ണ്‌ വേണം അണയാത്ത കണ്ണ്.'
എന്ന കടമ്മനിട്ടയുടെ വരികൾ നമുക്ക് എപ്പോഴും ഓർത്തുവയ്ക്കാം.

( ലേഖിക കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്.)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CYBER TRAP
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.