SignIn
Kerala Kaumudi Online
Tuesday, 21 September 2021 10.25 AM IST

ജനപ്രതിനിധികളേ, നിങ്ങളും നിയമത്തിന് അതീതരല്ല

photo

ജനങ്ങൾ ലൈവായി കണ്ട നിയമസഭ കൈയാങ്കളി കേസ് പിൻവലിക്കാൻ കിണഞ്ഞു ശ്രമിച്ച സംസ്ഥാന സർക്കാരിന് രാജ്യത്തെ കോടതികളിൽ നിന്ന് ലഭിച്ച തിരിച്ചടികൾ ചെറുതല്ല. ഒപ്പം നിയമനിർമ്മാണം നടത്തുന്നവർ നിയമത്തിന് അതീതരല്ലെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് കോടതി വിധികൾ. എന്തെങ്കിലും പരിരക്ഷയുണ്ടെങ്കിൽ എന്തുമാകാമെന്ന തോന്നൽ മാറ്റേണ്ട സമയം അതിക്രമിച്ചെന്നും വിധിന്യായങ്ങളിൽ വ്യക്തമാണ്.

തടസങ്ങളും പക്ഷപാതവുമില്ലാതെ ചുമതലകൾ നിർവഹിക്കാനാണ് എം.എൽ.എമാർക്ക് അവകാശങ്ങളും പരിരക്ഷകളും നൽകിയിട്ടുള്ളത്. അത് തുല്യതയ്‌ക്കും മുകളിലെന്ന് അടയാളപ്പെടുത്തുന്ന പദവിയല്ല. കുറ്റാരോപിതർ നിയമസഭാംഗമെന്ന ഉത്തരവാദിത്വപ്പെട്ട പദവി വഹിച്ചവരാണ്. മറ്റ് പൗരന്മാർക്ക് ബാധകമാകുന്ന ക്രിമിനൽ നിയമങ്ങൾ ഇവർക്കും ബാധകമാണ്. ക്രിമിനൽ നിയമങ്ങൾക്ക് അതീതരെന്ന് എം.എൽ.എമാർക്ക് അവകാശപ്പെടാനാവില്ല. നിയമങ്ങളുണ്ടാക്കുന്നവരെന്ന നിലയ്ക്ക് ജനപ്രതിനിധികളുടെ മേൽ ജനങ്ങൾക്ക് വിശ്വാസമുണ്ട്. ക്രിമിനൽ നിയമങ്ങൾ തങ്ങൾക്ക് ബാധകമല്ലെന്ന വാദം എം.എൽ.എമാർ ഉന്നയിക്കുന്നത് ആ വിശ്വാസത്തെ വഞ്ചിക്കുന്ന നടപടിയാകുമെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം എം.,എൽ.എമാർ സ്വന്തം പ്രവൃത്തിയിൽ നടപ്പിൽ വരുത്താനാണ് ശ്രമിക്കേണ്ടത്.

എം.എൽ.എമാർക്ക് അവകാശവും പരിരക്ഷയും നൽകുന്ന 194 ാം ഭരണഘടനാ വകുപ്പിനെ തെറ്റിദ്ധരിച്ചാണ് കേസ് അവസാനിപ്പിക്കാൻ സർക്കാർ അപേക്ഷ നൽകിയതെന്ന കാര്യത്തിൽ തർക്കമില്ല. അവകാശവും പരിരക്ഷയും എം.എൽ.എമാരെ പ്രൊസിക്യൂട്ട് ചെയ്യുന്നതിന് ത‌ടസമെന്ന ധാരണ ഭരണഘടന വ്യവസ്ഥയോടുള്ള വഞ്ചനയാണ്. പ്രതിഷേധത്തിന്റെ പേരിൽ പൊതുമുതലും സ്വകാര്യമുതലും നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നതാണ് പാർലമെന്റിന്റെയും കോടതിയുടെയും നിലപാട്. പൊതുമുതൽ നശിപ്പിക്കുന്നത് തടയാൻ കേന്ദ്ര നിയമമുണ്ട്. ബഡ്ജറ്റ് അവതരണത്തോടുള്ള പ്രതിഷേധമെന്ന നിലയിൽ സഭയിലെ പൊതുമുതൽ നശിപ്പിക്കുന്നത് സാമാജിക ചുമതലകളുടെ ഭാഗമായ ന‌ടപട‌ിയല്ല. ഭരണഘടനാപരമായ മാർഗവുമല്ലെന്ന് ഇനിയെങ്കിലും തിരിച്ചറിയണം.

നിയമസഭാംഗങ്ങളുടെ അവകാശങ്ങൾ ക്രിമിനൽ പ്രവൃത്തിക്ക് പരിരക്ഷ നൽകുമെന്ന നിലപാട് ഭരണഘടനാ വ്യവസ്ഥയോടുള്ള വഞ്ചനയാണെന്നാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. നിയമസഭയിൽ നടത്തുന്ന ക്രിമിനൽ പ്രവൃത്തികൾ എം.എൽ.എമാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ല. അതിക്രമങ്ങളെ സഭാ നടപടിയുടെ ഭാഗമെന്ന് കരുതാനാവില്ല. പ്രതിഷേധത്തിന്റെ മറവിലുള്ള ക്രിമിനൽ നടപടികൾക്ക് സംരക്ഷണമില്ല. പൊതുമുതൽ നശിപ്പിക്കുന്നത് സഭയിലെ സംരക്ഷിത അവകാശങ്ങളുടെ ഭാഗമല്ലെന്നും കോടതി പറഞ്ഞുവച്ചു.

കഴിഞ്ഞ ദിവസം പാർലമെന്റിൽ ബഹളമുണ്ടായപ്പോൾ കേരള നിയമസഭയിലെ കൈയാങ്കളി കേസിലെ വിധി ചൂണ്ടികാട്ടിയാണ് സ്‌പീക്കർ ഓംബിർള അംഗങ്ങളെ നേരിട്ടത്. ജനപ്രതിനിധികൾ വിധിയിലെ നിരീക്ഷണങ്ങൾ ശരിയായ തലങ്ങളിലൂടെ വായിച്ചെടുക്കുകയാണ് വേണ്ടത്. അധികാരം കൈയിലുണ്ടെങ്കിൽ ഏത് ജനാധിപത്യവിരുദ്ധ പ്രവർത്തനവും നടത്താമെന്ന സമീപനത്തിനെതിരെയുള്ള മുന്നറിയിപ്പാണ് സുപ്രീംകോടതി വിധിയിലൂടെ വ്യക്തമാകുന്നത്. സർക്കാർ തന്നെ അതിന് മുൻകൈയെടുത്തപ്പോൾ ഒരിക്കലും ആവർത്തിച്ചുകൂടെന്ന ഓർമ്മപ്പെടുത്തലു കൂടിയാണ് ചരിത്ര വിധിക്ക് പിന്നിലുള്ളത്. കോടതി വിധിയെ ധാർമ്മികതയുടെ അളവുകോലുകൊണ്ടാണ് ജനപ്രതിനിധികൾ വിലയിരുത്തേണ്ടത്.

പരമോന്നത നീതിപീഠം ജനാധിപത്യക്രമത്തെക്കുറിച്ച് കൂടുതൽ പാഠങ്ങൾ സർക്കാരിനെ ഓർമ്മിപ്പിച്ചു. നിയമസഭയ്‌ക്ക് അകത്ത് നടക്കുന്ന നട‌പടികളിൽ ക്രിമിനൽ കേസുകൾ എടുക്കാനാവില്ലെന്ന വാദമാണ് യഥാർത്ഥത്തിൽ സർക്കാർ ഉയർത്തിയത്. ഇത് സി.ജെ.എം കോടതി മുതൽ പരമോന്നത നീതിപീഠം വരെ തള്ളിയത് ഭരണഘടനാപരമായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടു തന്നെയാണ്. നിയമസഭയ്‌ക്ക് അകത്ത് അംഗങ്ങൾക്ക് ചില അവകാശങ്ങളുണ്ട്. അവിടെ നടത്തുന്ന പ്രസംഗങ്ങളു‌ടെ പേരിൽ നടപടിയെടുക്കാൻ ആവില്ല. അംഗങ്ങൾക്ക് സ്വതന്ത്രമായി അഭിപ്രായ പ്രകടനം നടത്തുന്നതിനു വേണ്ടിയാണ് അത്. നിയമസഭാ സാമാജികനെന്ന നിലയിൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് മാത്രമേ എം.പി., എം.എൽ.എ എന്നിവർക്ക് പ്രത്യേക അവകാശങ്ങൾ ആവശ്യപ്പെടാനാകൂ. അക്രമം നട‌ത്തുന്നത് സഭയിലെ ഒരു സാമാജികന്റെ ന്യായമായ പ്രവൃത്തിയുടെ ഭാഗമല്ലെന്ന് സുപ്രീംകോടതി വിധി വ്യക്തമാക്കുന്നു. നിയമനിർമ്മാതാക്കൾ നിയമത്തിന് അതീതരല്ല. നിയമവാഴ്ചയാണ് ജനാധിപത്യത്തിന്റെ ആധാരശില. അത് ഉറപ്പുവരുത്താനുള്ള പ്രാഥമിക ബാദ്ധ്യത നിയമനിർമ്മാണ സഭയിലെ അംഗങ്ങൾക്കു തന്നെയാണ്. യഥാർത്ഥത്തിൽ ഈ വിധിയുമായി ബന്ധപ്പെട്ട ബോധവത്കരണങ്ങളും സംവാദങ്ങളുമാണ് ഇനി ഉയർന്നു വരേണ്ടത്.

സ്പീക്കറുടെ അനുമതിയോടെയല്ല സാമാജികർക്കെതിരെ കേസ് എടുത്തതെന്നായിരുന്നു സർക്കാരിന്റെ പ്രധാന വാദം. ഇന്ത്യൻ ശിക്ഷാനിയമ പ്രകാരം ശിക്ഷിക്കപ്പെടാവുന്ന കുറ്റങ്ങൾ സാമാജികരുടെ അവകാശ സംരക്ഷണത്തിനായി നിയമസഭ നടപടിയുടെ ഭാഗമായി കാണാനാകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തൽ. നിയമസഭയിലെ ചർച്ചകളിൽ സ്വതന്ത്രമായി പങ്കെടുക്കുന്നതിനായാണ് സാമാജികർക്ക് അവകാശങ്ങൾ നല്കിയിരിക്കുന്നത്. ഇവിടെ ആരോപണം സാമാജികർ സ്പീക്കറുടെ ഡയസിലേക്ക് അതിക്രമിച്ച് കയറി കുഴപ്പങ്ങളുണ്ടാക്കി നിയമസഭയുടെ പ്രവർത്തനം തടസപ്പെടുത്തിയെന്നാണ്. ഇത്തരം പ്രവൃത്തികൾ തെളിയിക്കപ്പെട്ടാൽ ഒരുവിധത്തിലും നിയമസഭയുടെ സ്വതന്ത്രമായ പ്രവർത്തനത്തിന്റെ ഭാഗമായി കണക്കാക്കാനാകില്ല. ഭരണഘടനയുടെ 194ാം അനുച്ഛേദത്തിലെ വ്യവസ്ഥകൾക്ക് അപ്പുറം സഭയ്ക്കുള്ളിൽ നടക്കുന്ന പ്രവൃത്തിയുടെ പേരിൽ സാമാജികർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്യുന്നതിന് സ്പീക്കറുടെ അനുമതി തേടേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
സാമാജികർക്ക് സഭയ്ക്കുള്ളിൽ പൂർണമായ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്ന് ഭരണഘടനയുടെ 105, 194 അനുച്ഛേദങ്ങൾ ഉറപ്പ് നല്കുന്നുണ്ട്. എന്നാൽ യാതൊരു നിയന്ത്രണവുമില്ലാതെ സഭയ്ക്കുള്ളിൽ സംസാരിക്കാമെന്ന് ഇതിന് അർത്ഥമില്ല. സഭയുടെ അന്തസ് നഷ്ടപ്പെടുത്തുന്ന പ്രവൃത്തി ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ പ്രത്യാഘാതം അവർ നേരിടണം. ഭരണഘടനക്കും സഭയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന മാർഗ നിർദേശങ്ങൾക്കും നിയമങ്ങൾക്കും അനുസൃതവുമായാണ് സാമാജികർക്ക് സഭയ്‌ക്കകത്തെ ഇടപെടലിെന്റ പേരിൽ പ്രൊസിക്യൂഷൻ നടപടികളിൽ നിന്ന് പ്രത്യേക ഇളവുകൾ അനുവദിച്ചിട്ടുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമസഭയുടെ സുഗമമായ പ്രവർത്തനവും സഭയുടെ അന്തസും ആധികാരികതയും സ്വാതന്ത്ര്യവും സംരക്ഷിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. സാമാജികൾക്ക് നൽകിയിട്ടുള്ള സംരക്ഷണത്തിന് അർഹതയുള്ള കുറ്റകൃത്യമാണ് പ്രതികൾ ചെയ്തതെന്ന് പ്രഥമദൃഷ്ട്യാ കരുതാനാവില്ല. സഭയുമായി ബന്ധപ്പെട്ടതല്ലാത്തതും നിയമപരമായി ഇളവനുവദിച്ചിട്ടില്ലാത്തതുമായ കുറ്റകൃത്യങ്ങൾ സാധാരണ പൗരൻ നടത്തിയതിന് തുല്യമാകും. ഇത്തരം കുറ്റകൃത്യങ്ങൾ നിയമസഭയ്‌ക്കകത്ത് നടന്നുവെന്നത്‌ കൊണ്ട് മാത്രം കുറ്റകൃത്യമല്ലാതാവുന്നില്ല. കേസെടുക്കാൻ സ്പീക്കറുടെ അനുമതി വേണമെന്ന് നിർദേശിക്കാനാകില്ലെന്നുമുള്ള ഹൈക്കോടതി നിരീക്ഷണങ്ങൾ സുപ്രീംകോടതി ശരിവയ്‌ക്കുകയാണ് ചെയ്‌തത്. നിയമസഭാ സാമാജികരും മൗലികമായ കടമകൾ പാലിക്കാൻ ബാദ്ധ്യസ്ഥരാണ്. പൊതുസ്വത്ത് സംരക്ഷണവും സംഘർഷം ഒഴിവാക്കലും ഈ കടമകളുടെ കൂട്ടത്തിൽ വരുന്നതാണെന്ന് കോടതി വിധിയിൽ വ്യക്തമാണ്. ജനപ്രതിനിധികളും നിയമത്തിന് അതീതരല്ലെന്ന് വ്യക്തതയോടെ പറഞ്ഞുവച്ച സുപ്രീംകോടതി ഒരു മാർഗനിർദ്ദേശം കൂടിയാണ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ജനപ്രതിനിധികൾ തിരിച്ചറിയണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NIYAMASBHA
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.