ബോക്സർ ലവ്ലിന ബോർഗോഹയ്നും വനിതാ ഹോക്കി ടീമിനും ഇന്ന് സെമിഫൈനൽ
പുരുഷ ഹോക്കി ടീം സെമിയിൽ തോറ്റു, നാളെ വെങ്കലത്തിനായുള്ള പോരാട്ടം.
ടോക്യോ : പെൺപുലികളുടെ പോരാട്ടവീര്യത്തിൽ ഒളിമ്പിക് മെഡലൊച്ച മുഴങ്ങുന്നതും കാത്ത് ഇന്ത്യൻ ആരാധകർ.
ഇന്ന് വനിതകളുടെ ബോക്സിംഗ് സെമിഫൈനലിൽ തുർക്കിക്കാരി സുമനേലിയെ നേരിടുന്ന ലവ്ലിന ബോർഗോഹയ്ൻ ജയിച്ചാൽ വെള്ളി ഉറപ്പാക്കി, സ്വർണപ്രതീക്ഷയോടെ ഫൈനലിലെത്തും. തോറ്റാൽ വെങ്കലം ലഭിക്കും.
മത്സരം രാവിലെ 11 മണി മുതൽ
വനിതാ ഹോക്കിയിൽ ചരിത്രത്തിലാദ്യമായെത്തിയ സെമിയിൽ ഇന്ത്യ അർജന്റീനയെ നേരിടുന്നു. ജയിച്ചാൽ വെള്ളിയുറപ്പിച്ച്, സ്വർണം തേടി ഫൈനൽ പ്രവേശം. തോറ്റാൽ വെങ്കലത്തിനായുള്ള പോരാട്ടത്തിനിറങ്ങാം.
മത്സരം വൈകിട്ട് 3.30മുതൽ
ഇന്നലെ സെമിഫൈനലിനിറങ്ങിയ ഇന്ത്യൻ പുരുഷ ഹോക്കി ടീം ലോകകപ്പ് ചാമ്പ്യന്മാരായ ബെൽജിയത്തോട് 2-5ന് തോറ്റു. നാളെ വെങ്കലമെഡലിനായുള്ള പോരാട്ടത്തിൽ ഇന്ത്യ ജർമ്മനിയെ നേരിടും.
സിന്ധുവിന് വരവേൽപ്പ്
ടോക്യോയിൽ വെങ്കലം നേടി മടങ്ങിയെത്തിയ പി.വി.സിന്ധുവിന് ന്യൂഡൽഹി വിമാനത്താവളത്തിൽ വരവേൽപ്പ് നൽകി. തന്റെ രണ്ടാം ഒളിമ്പിക് മെഡലുമായി എത്തിയ സിന്ധുവിനെ ബാഡ്മിന്റൺ അസോസിയേഷൻ ഒഫ് ഇന്ത്യ ഭാരവാഹികൾ ചേർന്നാണ് സ്വീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |