SignIn
Kerala Kaumudi Online
Tuesday, 21 September 2021 5.12 AM IST

കേരള സർവകലാശാലയിൽ `കുഴൽ' ക്ഷാമം ബിരുദ സർട്ടിഫിക്കറ്റ് കിട്ടാതെ വിദ്യാർത്ഥികൾ

packing-tube

തിരുവനന്തപുരം: പാക്കിംഗ് ട്യൂബിന്റെ (കുഴൽ) സ്റ്റോക്ക് തീർന്നതോടെ ബിരുദ സർട്ടിഫിക്കറ്റുകൾ വിദ്യാർത്ഥികൾക്ക് വീട്ടിലേക്ക് അയച്ചുകൊടുക്കാനാവാതെ കേരള സർവകലാശാല. ഇതുമൂലം യഥാസമയം സർട്ടിഫിക്കറ്റ് കിട്ടാതെ വിദ്യാർത്ഥികൾ ബുദ്ധിമുട്ടിലായി. സർട്ടിഫിക്കറ്റുകൾ കേടുപാട് കൂടാതെ പോസ്റ്റൽ വഴി അയച്ചുകൊടുക്കുന്നതിനാണ് പ്ലാസ്റ്റിക് നിർമ്മിത പാക്കിംഗ് ട്യൂബുകൾ ഉപയോഗിക്കുന്നത്.

തമിഴ്‌നാട്ടിലെ ഒരു കമ്പനിയിൽ നിന്നാണ് സർവകലാശാല ഇവ വാങ്ങുന്നത്. ഓർഡർ കൊടുക്കാൻ വൈകിയതും കൊവിഡ് കാരണം ഉത്പാദനം നിലച്ചതുമാണ് തിരിച്ചടിയായത്. കുഴലുകൾ വഴി സർട്ടിഫിക്കറ്റ് അയയ്ക്കുന്നത് പുന:പരിശോധിക്കണമെന്ന തരത്തിൽ സർവകലാശാല അധികൃതർക്കിടയിൽ ഇടക്കാലത്ത് ചർച്ചകൾ നടന്നിരുന്നു. ഈ ആശയക്കുഴപ്പവും ഓർഡർ നൽകാൻ വൈകിയതിന് കാരണമായി. ഉന്നത വിദ്യാഭ്യാസത്തിനും ജോലിക്കുമൊക്കെയായി സർട്ടിഫിക്കറ്റ് ആവശ്യമുള്ളതിനാൽ നിരവധി വിദ്യാർത്ഥികൾ അന്വേഷണവുമായി സർവകലാശാലയിൽ എത്തുന്നുണ്ട്.

സർട്ടിഫിക്കറ്റുകളിൽ ഹോളോഗ്രാം പതിക്കുന്ന ജോലിയും വൈകുകയാണ്. സി ഡിറ്റിനുണ്ടാകുന്ന കാലതാമസമാണ് ഇതിന് കാരണമെന്നാണ് സൂചന. എന്നാൽ വ്യാജ സർട്ടിഫിക്കറ്റുകൾ കൂടുന്നത് കാരണം കൂടുതൽ സുരക്ഷിതത്വത്തോടെയാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതെന്നും അതുകൊണ്ടാണ് കാലതാമസമെന്നുമാണ് സർവകലാശാലയുടെ വിശദീകരണം.

പാക്കിംഗ് ട്യൂബിന്റെ വരവ്

മുൻകാലങ്ങളിൽ കവറിനകത്തിട്ടാണ് ബിരുദ സർട്ടിഫിക്കറ്റുകൾ വിദ്യാർത്ഥികളുടെ വീടുകളിലേക്ക് അയച്ചിരുന്നത്. ഇങ്ങനെയെത്തുന്ന സർട്ടിഫിക്കറ്റുകൾക്ക് കേടുപാട് പറ്റുന്നുവെന്ന പരാതി ഉയർന്നു. തുടർന്നാണ് വിദേശ സർവകലാശാലകളുടേയും ഉത്തരേന്ത്യൻ സർവകലാശാലകളുടേയും മാതൃക സ്വീകരിച്ച് പാക്കിംഗ് ട്യൂബുകളിൽ അയയ്ക്കാൻ തീരുമാനിച്ചത്.

''

കൊവിഡ് കാരണം ഉത്‌പാദനത്തിലുണ്ടായ കാലതാമസമാണ് കുഴലുകൾ കുറയാൻ കാരണം. സ്റ്റോക്കുണ്ടായിരുന്ന കുഴലുകൾ വഴി പരമാവധി വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്‌തിട്ടുണ്ട്. കുഴൽ ക്ഷാമത്തിന് പരിഹാരമായിട്ടുണ്ടെന്നാണ് കരുതുന്നത്. ഹോളോഗ്രാം വിഷയത്തിൽ ഇന്ന് തന്നെ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഉണ്ണികൃഷ്‌ണൻ നായർ, എക്‌സാം കൺട്രോളർ ഇൻ ചാർജ്, കേരള സർവകലാശാല

ബിരുദ സർട്ടിഫിക്കറ്റുകൾ വൈകുന്നത് ഭരണപരമായ വീഴ്‌ചയാണ്. വരുന്ന അക്കാഡമിക് വർഷമെങ്കിലും പരീക്ഷാഫലം വന്ന് ഒരു മാസത്തിനകം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാൻ തയ്യാറാകണം.

ആർ.എസ്.ശശികുമാർ, സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി ചെയർമാൻ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.