SignIn
Kerala Kaumudi Online
Thursday, 28 March 2024 6.47 PM IST

ടാപ്പിൽ നിന്ന് ശുദ്ധജലം കുടിക്കാം

photo

രണ്ടു മൂന്നു ദിവസങ്ങൾക്കു മുൻപ് ഒഡിഷാ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ ഫോട്ടോയുമായി പ്രമുഖ പത്രങ്ങളിൽ ഒരു മുഴുവൻ പേജ് പരസ്യം പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. തലസ്ഥാനമായ ഭുവനേശ്വറിൽ ഇനി മുതൽ കുപ്പിവെള്ളത്തിന്റെ ആവശ്യമില്ല. ടാപ്പിൽ നിന്ന് വെള്ളം കുടിക്കാം. അത്ര ശുദ്ധമായ വെള്ളമാണ് പൈപ്പിലൂടെ എത്തുന്നതെന്ന് ആ സർക്കാർ വാക്ക് തരികയാണ്. അതൊരു ചെറിയ വാഗ്ദാനമല്ല. പരസ്യം വിശ്വസിച്ച് ടാപ് വെള്ളം കുടിച്ചിട്ട് അണുബാധയോ അസുഖമോ പിടിപെട്ടാൽ സർക്കാരിനെതിരെ കേസ് ഫയൽ ചെയ്യാം. ഇത്തരമൊരു ലക്ഷ്യം പൂർത്തീകരിക്കപ്പെട്ടതു പ്രശംസനീയ നേട്ടമാണെന്ന് സംശയമില്ല. ഇത് അസാദ്ധ്യമായ ഒരു സംഗതിയല്ല. കുടിക്കാനുള്ള നിലവാരമാണ് ഇപ്പോഴും യൂറോപ്പിലെയും അമേരിക്കയിലെയും ടാപ്പ് വെള്ളത്തിന്. എന്നാൽ ഇന്ത്യയിലെ നഗരങ്ങളിൽ കിട്ടുന്ന പൈപ്പ് വെള്ളം അങ്ങനെയങ്ങു വിശ്വസിക്കാൻ ആർക്കും ധൈര്യമില്ല. അവിടെയാണ് ഒഡിഷാ സർക്കാരിന്റെ പരസ്യം വേറിട്ട് നിൽക്കുന്നത്.

പരസ്യം വായിച്ചപ്പോൾ പഴയ തിരുവനന്തപുരത്തെപ്പറ്റി ഓർത്തു പോയി. ഒരു കാലത്ത് തിരുവനന്തപുരത്തെ പൈപ്പ് വെള്ളം നേരിട്ട് കുടിക്കാമായിരുന്നു. അരുവിക്കരയിലെ സംഭരണിയിലെ ജലം അന്ന് ശുദ്ധമായിരുന്നു. വെള്ളം വരുന്ന കാസ്റ്റ് അയൺ പൈപ്പുകൾ ഇടയ്ക്കിടെ പൊട്ടുമായിരുന്നില്ല. അന്ന് ജനസംഖ്യ കുറവായിരുന്നു; കുറച്ചു പേർക്കേ പൈപ്പ് വെള്ളം കിട്ടിയിരുന്നുള്ളൂ. എങ്കിലും ടാപ്പിൽ നിന്ന് വെള്ളമെടുത്ത് കുടിച്ചിരുന്ന ആ വിദൂരകാലം എനിക്കും ഓർമ്മയുണ്ട്. പിന്നെ ജലവിതരണം വിപുലീകരിക്കപ്പെട്ടു. അടുത്തടുത്ത് വീടുകളായി; കിണറുകളിലെ ജലം മലിനമായി. പല കിണറുകളും മൂടിപ്പോയി. പൈപ്പു വെള്ളത്തെ ആശ്രയിക്കാതെ നിവൃത്തിയില്ലാതായി. ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്ന ജലശുദ്ധീകരണ ശാലകൾ നിലവിൽ വന്നെങ്കിലും, എത്ര ശുദ്ധീകരിച്ചാലും ആ വെള്ളം കുടിക്കാൻ ആർക്കും ധൈര്യമില്ലാതായി. തിളപ്പിച്ചാറ്റിത്തന്നെ കുടിക്കണം എന്ന സ്ഥിതിയായി. അതിനു ക്ഷമയില്ലാത്തവർ കുപ്പിവെള്ളത്തെ ആശ്രയിക്കാൻ തുടങ്ങി. നവീൻ പട്നായിക്കിന്റെ അവകാശവാദം വായിച്ചപ്പോൾ ഈ ജലപുരാണം ഓർത്തു പോയി.

നമ്മളും ഇത്തരത്തിലുള്ള, അസാദ്ധ്യമെന്നു തോന്നുന്ന ചില വീണ്ടെടുക്കലുകൾ നടത്തേണ്ടതാണ്. ആത്മാഭിമാനം വളർത്തുന്ന വീണ്ടെടുക്കലുകൾ. ഓരോ ജില്ലയ്ക്കും ഓരോ പ്രദേശത്തിനും അഭിമാനകരമായിരുന്ന ചില അവകാശവാദങ്ങളുണ്ട്. എല്ലാം വീണ്ടെടുക്കാൻ സാധിക്കില്ല; ചിലതൊക്കെ ഇക്കാലത്തു അഭിലഷണീയമായിരിക്കുകയുമില്ല. എന്നാൽ വീണ്ടെടുക്കാവുന്ന വിഭൂതികളുടെ നീണ്ട പട്ടിക തന്നെ നമുക്ക് തയ്യാറാക്കാൻ സാധിക്കും. കേരളത്തിലെ ജലപാത പോലെ, ശുദ്ധമായൊഴുകിയിരുന്ന കിള്ളിയാർ പോലെ, കുട്ടനാടിന്റെ കർഷക സമൃദ്ധി പോലെ, ഇപ്പോൾ അന്യം നിന്നുപോയ ഔഷധമൂല്യമുള്ള അനേകം കേരളീയ സസ്യങ്ങൾ പോലെ, ചെറുതും വലുതുമായ അനുഗ്രഹങ്ങളുണ്ട്. കേരളത്തിന് മാത്രം സ്വന്തമായ കയർ - കരകൗശല - കൈത്തറി ഉത്‌പന്നങ്ങളുണ്ട്. കേരളം എന്ന വിസ്മയാവഹമായ സംസ്ഥാനത്തെ ലോകമനസിൽ പ്രതിഷ്ഠിക്കാൻ ഈ വീണ്ടെടുപ്പുകൾക്കു വലിയ കഴിവുണ്ട്. കോടികൾ മുടക്കുന്ന പരസ്യങ്ങളെക്കാൾ
വിശ്വാസ്യതയും. എന്നാൽ ഇവയൊന്നും എളുപ്പമല്ല. ഒഡിഷയിൽ 'പൈപ്പ് വെള്ളം കുടിക്കാം' എന്ന ഔദ്യോഗിക പ്രഖ്യാപനവും അവകാശവാദവും നടത്താൻ സാധിച്ചതിനു പിന്നിൽ, എന്തെല്ലാം പരിഷ്‌കാരങ്ങൾ വരുത്തിയിട്ടുണ്ടാകണം!
പൈപ്പുകൾ പൊട്ടുന്നില്ലെന്നും, പൊട്ടിയാൽത്തന്നെ മാലിന്യങ്ങൾ അവയിൽ കലരുന്നില്ലെന്നും ഉറപ്പു വരുത്തിയിട്ടുണ്ടാവും. ശുദ്ധീകരണത്തിൽ ആഗോള നിലവാരം ഉറപ്പു വരുത്തുകയും ആ നിലവാരം അനസ്യൂതം നിലനിറുത്താൻ വേണ്ട സംവിധാനങ്ങൾ ആവിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ടാവും. പരാതികൾ യഥാകാലം പരിഹരിക്കാൻ ആവശ്യമായ നിതാന്ത ജാഗ്രതാ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടാവും. ഒരു സാധാരണ ജലവിതരണ പദ്ധതികൾ ആവശ്യപ്പെടുന്നതിനെക്കാൾ ഉന്നത നിലവാരം പുലർത്തണമെങ്കിൽ അസാധാരണമായ നടപടികൾ സ്വീകരിച്ചേ മതിയാവൂ. ഒരു ജലവിതരണ പദ്ധതിയിലെ വെള്ളം ശുദ്ധീകരിക്കാതെ കുടിക്കാം എന്ന അവകാശവാദമില്ലെങ്കിൽ, 'ഇത്രയൊക്കെ മതി' എന്ന ആലസ്യം സ്വാഭാവികമായി വന്നുകൂടും; അനന്തരം വളർച്ച മുരടിക്കും. ഏതൊരു വീണ്ടെടുക്കൽ പദ്ധതിയും വിജയിക്കണമെങ്കിൽ ഒരുപാട് ത്യാഗങ്ങളും ഇച്ഛാശക്തിയും അനിവാര്യം. ഉദാഹരണത്തിന്, തിരുവനന്തപുരത്തെ കിള്ളിയാർ ശുദ്ധീകരണമെടുക്കാം. പുഴക്കരയിൽ
ആയിരക്കണക്കിന് മാലിന്യ സ്രോതസുകളുണ്ട്. അവയെല്ലാം സ്ഥിരമായി
നിവാരണം ചെയ്യണമെങ്കിൽ ഇരുകരയിലുമുള്ള ഖരമാലിന്യവും ദ്രവമാലിന്യവും സംസ്‌കരിക്കാൻ ബദൽ സൗകര്യങ്ങളുണ്ടാകണം. ഇരുവശത്തും ജീവിക്കുന്നവർ മുഴുവൻ കിള്ളിയാർ സംശുദ്ധമായി ഒഴുകുന്ന സങ്കല്‌പ ചിത്രത്തിൽ ആകൃഷ്ടരായി, വ്യത്യാസങ്ങൾ മറന്ന്, ഒറ്റമനസോടെ ത്യാഗമനസ്‌കരായി ആ യജ്ഞത്തിൽ ആമഗ്നരാകണം. ജനങ്ങളുടെ സമ്പൂർണ സഹകരണവും പങ്കാളിത്തവും അഭിമാന ബോധവും ഉണർത്താൻ സാധിച്ചാൽ പിന്നെ, പദ്ധതികൾ താനേ വിജയിക്കും. അതിന്റെ കരുത്തിൽ സ്ഥാപിത താത്‌പര്യങ്ങളുടെ കുതന്ത്രങ്ങളെ അതിജീവിക്കാനാവും; പരമ്പരാഗത ശൈലികൾ വർജ്ജിക്കാനാവും; സ്വാർത്ഥമോഹങ്ങളെ തോല്‌പിക്കാനാവും.. ആ വിജയം ഗുണഭോക്താക്കളെയും സഹകാരികളെയും ആവേശം കൊള്ളിക്കും. അത് കേരളത്തെ അഭിമാനം കൊള്ളിക്കും. ഭുവനേശ്വറിന്റെ മാതൃക പിന്തുടർന്ന് തിരുവനന്തപുരത്തെ ടാപ്പുകളിൽ നിന്ന് (പണ്ട് കാലത്തെപ്പോലെ) നേരിട്ട് കുടിക്കാൻ കഴിയുന്ന സംശുദ്ധജലം ലഭ്യമാക്കുമെന്ന് നമുക്കും തീരുമാനിച്ചുകൂടേ? എന്ത് വില കൊടുത്തിട്ടാണെങ്കിലും. ഈ വിധമുള്ള ചില ഇച്ഛാശക്തിയും നിർണയങ്ങളുമാണല്ലോ എല്ലാ നേട്ടങ്ങളുടെയും ചാലകശക്തി. ഒഡിഷയ്ക്കു ചെയ്യാൻ സാധിച്ചത് കേരളത്തിന് അസാദ്ധ്യമല്ലോ!

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIRAKATHIR
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.