SignIn
Kerala Kaumudi Online
Friday, 19 April 2024 3.27 AM IST

കാശ്മീരിൽ ഭീകരത നാട് നീങ്ങുന്നു: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിക്ഷേപങ്ങൾ ഒഴുകുന്നു ലക്ഷ്യത്തിലേക്ക് അടുത്ത് മോദി

kashmir-modi

അനുഛേദം 370 എടുത്തുകളയുകയും ജമ്മു കാശ്മീരിനെ തളച്ചിരുന്ന ചങ്ങലകൾ പൊട്ടിച്ചെറിയുകയും ചെയ്തതിന്റെ രണ്ടാം വാർഷികമാണിന്ന്. 2019 ആഗസ്റ്റ് അഞ്ചിനായിരുന്നു രാജ്യം ആ സുപ്രധാന തീരുമാനമെടുത്തത്. രണ്ടുവർഷം പിന്നിടുമ്പോൾ കാശ്മീർ മുൻപ് എന്നത്തേക്കാളും ശാന്തമാണ്, സമാധാനപൂർണമാണ്. എവിടെയും മാറ്റത്തിന്റെ, പ്രതീക്ഷയുടെ കാഴ്ച ദൃശ്യമാണ്. പുതിയൊരു കാശ്മീർ ജന്മമെടുത്തിരിക്കുന്നു. ഇതിനിടയിൽ കാശ്മീർപ്രശ്നം ആഗോള തലത്തിലെത്തിക്കാനും അതിൽ ഐക്യരാഷ്ട്രസഭയെയും ലോകരാഷ്ട്രങ്ങളെയും ഇസ്ലാമിക രാജ്യങ്ങളെയും ഒക്കെ ഇടപെടുത്താനും ശ്രമങ്ങൾ നടന്നു. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജപ്പാൻ, ജർമ്മനി അടക്കമുള്ള രാഷ്ട്രങ്ങൾ ഇക്കാര്യത്തിൽ ഇടപെടാൻ തയ്യാറായില്ല; ഇത് തികച്ചും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ് എന്നതായിരുന്നു അവരുടെ നിലപാട്. പിന്നെ കണ്ടത് യു.എന്നിലെ ചില ശ്രമങ്ങളാണ്; കാര്യം അവിടേക്കെത്തിച്ചത് പാകിസ്ഥാനാണ്; സ്വാഭാവികമായും ചൈനയുടെ പിന്തുണയുമുണ്ടായിരുന്നു. അവിടെയും അവർക്ക് തിരിച്ചടിയാണുണ്ടായത്. പല പ്രമുഖ ഇസ്ലാമിക രാജ്യങ്ങളും പാക്കിസ്ഥാനൊപ്പമുണ്ടായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. സൗദി അറേബ്യ, യു.എ.ഇ, സിറിയ, കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങളുടെ അംബാസഡർമാർ 'അതൊക്കെ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണ് ' എന്ന ഡൽഹിയുടെ നിലപാട് ശരിവെച്ചതും നാം കണ്ടു. നയതന്ത്രതലത്തിൽ മോഡി സർക്കാരിന് വലിയ വിജയമാണ് ഉണ്ടായതെന്നർത്ഥം.

ജമ്മു കാശ്മീർ ഇന്നൊരു കേന്ദ്രഭരണ പ്രദേശമാണ്; അതുപോലെ ലഡാഖ് മറ്റൊരു കേന്ദ്രഭരണ പ്രദേശമായി. അനുഛേദം 370 എടുത്തുകളയുമ്പോഴും നരേന്ദ്ര മോദിയുടെ മനസിൽ കാശ്മീരിനു വേണ്ടിയുള്ള സമഗ്രമായ വികസന പദ്ധതിയായിരുന്നു ഉണ്ടായിരുന്നത്. അതാണ് കാശ്മീരിൽ പിന്നീട് കണ്ടത്. ജനാധിപത്യ സംവിധാനം ശക്തമാക്കാൻ ഗ്രാമപഞ്ചായത്ത്, ജില്ലാ ഡെവലപ്‌മെന്റ് കൗൺസിൽ തിരഞ്ഞെടുപ്പുകൾ നടത്തി; ഡിഡിസി തിരഞ്ഞെടുപ്പിൽ കാശ്മീർ പാർട്ടികളൊക്കെ പങ്കാളികളായി. പ്രതിഷേധിച്ചത് കൊണ്ട് കാര്യമില്ല, സംസ്ഥാനത്തെ രാഷ്ട്രീയത്തിൽ സജീവമായേ തീരൂ എന്ന് എല്ലാവർക്കും ബോദ്ധ്യമായി എന്നർത്ഥം. ഇനിയുള്ളത് നിയമസഭാ തിരഞ്ഞെടുപ്പാണ്. അത് ഇതിനകം സാദ്ധ്യമാവുമായിരുന്നു; എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച മണ്ഡല പുനർനിർണയ കമ്മിഷനുമായി സഹകരിക്കില്ലെന്ന നിലപാട് കശ്മീർ കക്ഷികൾ സ്വീകരിച്ചു; അതുകൊണ്ടാണ് ആ ജോലി പൂർത്തിയാവാതിരുന്നത്.

ഭീകരത നാടുനീങ്ങുന്നു

വലിയ വികസന പദ്ധതികളാണ് മോഡി സർക്കാർ കാശ്മീരിനായി കഴിഞ്ഞ മാസങ്ങളിൽ തയ്യാറാക്കിയത്. അനുഛേദം 370 പോയതോടെ ആർക്കും കാശ്മീരിൽ നിക്ഷേപം നടത്താമെന്ന സ്ഥിതിയുമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അനവധി നിക്ഷേപകർ ആ നാട്ടിലേക്കെത്തി. മുൻകാലങ്ങളിൽ അവർക്കാർക്കും അവിടെ ഭൂമി സ്വന്തമാക്കാൻ സാധിക്കില്ലായിരുന്നല്ലോ. ഏതെല്ലാം മേഖലകളിലാണ് ആദ്യഘട്ടത്തിൽ നിക്ഷേപം വേണ്ടത് എന്നത് സംബന്ധിച്ചും സംസ്ഥാന ഭരണകൂടം ധാരണയിലെത്തി. അതനുസരിച്ച് ഒരു വ്യവസായ നയവും ഉണ്ടാക്കി. സ്വകാര്യ മേഖലയിൽ പതിനായിരം കോടിയുടെ നിക്ഷേപത്തിനാണ് ആദ്യ ഘട്ടത്തിൽ അനുമതി നൽകിയത്. അവർക്ക് ആവശ്യമുള്ള ഭൂമി 40 വർഷത്തേക്ക് പാട്ടത്തിന് നൽകി. ഇതിനു പുറമെ സർക്കാർതലത്തിൽ അനവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. ദേശീയപാതകൾ, റെയിൽവേ വൈദ്യുതി പദ്ധതികൾ, ഗ്രാമീണ റോഡുകൾ അങ്ങനെ പലതും. ഈ ജൂണോടെ 25,000 കോടിയുടെ പദ്ധതികൾ പൂർത്തിയാക്കണമെന്നായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ ചിലതൊക്കെ താമസിച്ചുപോയിട്ടുണ്ട്. അത് പൂർത്തിയാവുമ്പോൾ അഞ്ച് ലക്ഷം യുവാക്കൾക്ക് തൊഴിൽ ലഭിക്കും.

മറ്റൊന്ന് അവിടെ സമാധാനമുണ്ടാവുന്നു എന്നതാണ്. ടൂറിസമായിരുന്നു കാശ്മീരിന്റെ പ്രധാന വരുമാന സ്രോതസ് ,​ അത് ഭീകരരുടെ തോക്കിനു മുന്നിൽ ഏറെക്കുറെ നിലച്ചു പോയതാണ്. ഇന്നിപ്പോൾ അതിന് പുനർജീവനുണ്ടായിരുന്നു. ഭീകരരുടെ ഭീഷണി പൂർണമായി ഒഴിഞ്ഞിട്ടില്ലെന്നത് ശരിയാണ്; എന്നാൽ അക്കൂട്ടർക്ക് ഒറ്റപ്പെട്ട ചില സാഹസങ്ങൾ നടത്താനേ ഇന്ന് കഴിയുന്നുള്ളൂ. താഴ്വരയിലടക്കം യുവാക്കൾ ഇന്ന് അത്തരം വിധ്വംസക കൂട്ടങ്ങളെ തള്ളിപ്പറയുന്നു എന്നത് പ്രതീക്ഷ പകരുന്ന കാഴ്ചയാണ്. ഇനി ഒന്നുകൂടി ബാക്കിയുണ്ട്; കാശ്മീർ താഴ്വരയിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായ കാശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം. അവർക്കായി താഴ്വരയിലടക്കം പദ്ധതികൾ തയ്യാറാവുന്നുണ്ട്. അതെ, കാശ്മീർ മാറുകയാണ്, വളരെ വേഗതയിൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, JAMMU KASHMIR, NARENDRA MODI, JAMMU KASHMIR DEVELOPMENT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.