SignIn
Kerala Kaumudi Online
Sunday, 26 September 2021 5.20 AM IST

അവർ മരിച്ചതല്ല നിങ്ങളുടെ കഴിവുകേട് അവരെ കൊന്നതാണ്, അശാസ്ത്രീയമായ മണ്ടൻ നിർദ്ദേശങ്ങളുമായി സർക്കാർ എത്തിയിട്ടുണ്ടെന്ന് കെ സുധാകരൻ

k-sudhakaran

തിരുവനന്തപുരം: കൊവിഡ് പ്രതിരോധം പാടേ തകർന്ന് ദുരന്തഭൂമികയായി കേരളം മാറിയിരിക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. മാറിമാറി വന്ന കോൺഗ്രസ് മുന്നണി സർക്കാരുകളുടെ ദീർഘവീക്ഷണം കൊണ്ട് നാമാർജ്ജിച്ച എല്ലാ മികവുകളും തച്ചുടക്കപ്പെട്ടിരിക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. പൂച്ചയ്ക്കും പട്ടിയ്ക്കും വരെ ഭക്ഷണം കൊടുക്കണമെന്ന് ചാനലിൽ വന്നിരുന്ന് വായിച്ച മുഖ്യമന്ത്രി സാമ്പത്തിക പ്രശ്നങ്ങളിൽ നട്ടം തിരിയുന്ന ജനങ്ങളെ സമാധാനിപ്പിക്കാൻ യാതൊരുവിധ നിർദ്ദേശങ്ങളും നൽകുന്നില്ലെന്നത് കൗതുകകരമാണ്. ഏറ്റവും മികച്ച ആരോഗ്യ സംവിധാനങ്ങൾ ഏറ്റവും കഴിവുകെട്ട ഭരണാധികാരിയ്ക്ക് കിട്ടിയാൽ എന്തു സംഭവിക്കുമെന്നറിയേണ്ടവർ ഇപ്പോൾ കേരളത്തിലേക്ക് നോക്കിയാൽ മതിയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മൂന്ന് മാസങ്ങൾ കൊണ്ട് മുപ്പതോളം ആത്മഹത്യകൾ നടന്നുവെന്ന് മാദ്ധ്യമങ്ങൾ പറയുന്നു. അവർ മരിച്ചതല്ല നിങ്ങളുടെ കഴിവുകേട് അവരെ കൊന്നതാണ്! ഈ ദുരിതക്കയത്തിനിടയിലും പൊലീസിന് ടാർഗറ്റും കൊടുത്ത് ജനങ്ങളെ പിഴിയാനിറങ്ങുന്നത് മനുഷ്യ വിരുദ്ധമാണ്. ഇപ്പോഴിതാ കടകളിലേയ്ക്ക് പോകാനും മറ്റും അശാസ്ത്രീയമായ മണ്ടൻ നിർദ്ദേശങ്ങളുമായി സർക്കാർ എത്തിയിട്ടുണ്ട്. ജനങ്ങളെ ദ്രോഹിക്കാനും കൂടുതൽ പണം പിഴയായി പിഴിയാനും ഉണ്ടാക്കിയ ഈ വ്യവസ്ഥകൾ ഉടൻ പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി കോൺഗ്രസ് രംഗത്തിറങ്ങും. എത്രയും പെട്ടെന്ന് ജനങ്ങളുടെ പരാതികൾ പരിഹരിച്ച് അവരുടെ ജീവിതം സുഗമമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ശക്തമായി ആവശ്യപ്പെടുന്നതായും സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

കെ. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഏറ്റവും മികച്ച ആരോഗ്യ സംവിധാനങ്ങൾ ഏറ്റവും കഴിവുകെട്ട ഭരണാധികാരിയ്ക്ക് കിട്ടിയാൽ എന്തു സംഭവിക്കുമെന്നറിയേണ്ടവർ ഇപ്പോൾ കേരളത്തിലേയ്ക്ക് നോക്കിയാൽ മതി. മാറിമാറി വന്ന കോൺഗ്രസ് മുന്നണി സർക്കാരുകളുടെ ദീർഘവീക്ഷണം കൊണ്ട് നാമാർജ്ജിച്ച എല്ലാ മികവുകളും തച്ചുടക്കപ്പെട്ടിരിക്കുന്ന കാഴ്ചയാണ് കേരളത്തിൽ ഇന്ന് കാണുന്നത്. കോവിഡ് പ്രതിരോധം പാടേ തകർന്ന് ദുരന്തഭൂമികയായി കേരളം മാറിയിരിക്കുന്നു.ദിശാബോധമില്ലാത്ത ഭരണകൂടം ജനജീവിതം ദു:സ്സഹമാക്കിയിരിക്കുന്നു. കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു.

മരണസംഖ്യ മറച്ചുവെച്ചും അശാസ്ത്രീയമായ കോവിഡ് നിയമങ്ങൾ അടിച്ചേൽപ്പിച്ചും എത്രകാലം മുന്നോട്ട് പോകാനാകും? മിസ്റ്റർ വിജയൻ , എഴുതിത്തയ്യാറാക്കിയ തിരക്കഥകൾ ചാനൽ മൈക്കുകൾക്ക് മുമ്പിൽ വന്നിരുന്ന് വെളുക്കെ ചിരിച്ചു കൊണ്ട് നോക്കി വായിച്ചാൽ ഈ നാട്ടിലെ പാവങ്ങളുടെ ജീവിത പ്രശ്നങ്ങൾ മാറില്ല. ജനോപകാരപ്രദങ്ങളായ തീരുമാനങ്ങളെടുക്കാൻ കഴിവില്ലെങ്കിൽ താൻപോരിമ മാറ്റി വെച്ച് വിദഗ് ദ്ധരുടെ അഭിപ്രായം തേടണം. അഹംഭാവം മാറ്റി വെച്ച് പ്രതിപക്ഷ നിർദ്ദേശങ്ങൾ കോവിഡ് പ്രതിരോധത്തിൽ സ്വീകരിച്ചാൽ ജനങ്ങൾക്ക് വലിയ ആശ്വാസമാകുമെന്നുറപ്പ്. പൂച്ചയ്ക്കും പട്ടിയ്ക്കും വരെ ഭക്ഷണം കൊടുക്കണമെന്ന് ചാനലിൽ വന്നിരുന്ന് വായിച്ച മുഖ്യമന്ത്രി സാമ്പത്തിക പ്രശ്നങ്ങളിൽ നട്ടം തിരിയുന്ന ജനങ്ങളെ സമാധാനിപ്പിക്കാൻ യാതൊരുവിധ നിർദ്ദേശങ്ങളും നൽകുന്നില്ലയെന്നത് കൗതുകകരമാണ്.

മൂന്ന് മാസങ്ങൾ കൊണ്ട് മുപ്പതോളം ആത്മഹത്യകൾ നടന്നുവെന്ന് മാധ്യമങ്ങൾ പറയുന്നു. അവർ മരിച്ചതല്ല നിങ്ങളുടെ കഴിവുകേട് അവരെ കൊന്നതാണ്! ആളുകളെ വെട്ടിക്കൊല്ലുന്ന പാർട്ടി കോവിഡ് കാലത്ത് ജനങ്ങളോട് സഹാനുഭൂതി കാണിക്കുമെന്ന അതിമോഹമൊന്നും ഞങ്ങൾക്കില്ല. എങ്കിലും ഈ ജനതയ്ക്ക് ഒരു ശരാശരി മികവെങ്കിലുമുള്ള മുഖ്യമന്ത്രിയെ നൽകാനുള്ള രാഷ്ട്രീയ ധാർമികത സി.പി.എം കാണിക്കേണ്ടിയിരുന്നു.കോവിഡ് പ്രതിരോധം താറുമാറാക്കിയ കഴിവുകേടിൻ്റെ പേരിൽ കെ കെ ഷൈലജയെ പുറത്താക്കിയെങ്കിലും പകരം വന്ന ആരോഗ്യമന്ത്രിയും മോശം പ്രകടനം കാഴ്ചവെയ്ക്കുന്നത് തന്നെയാണ് കേരളം കണ്ടു കൊണ്ടിരിക്കുന്നത്.

ഈ ദുരിതക്കയത്തിനിടയിലും പോലീസിന് ടാർഗറ്റും കൊടുത്ത് ജനങ്ങളെ പിഴിയാനിറങ്ങുന്നത് മനുഷ്യ വിരുദ്ധമാണ്. പിണറായി വിജയൻ്റെ അടിമക്കൂട്ടം ആയി അധഃപതിച്ച CPM-ൽ ജനനന്മ ആഗ്രഹിക്കുന്ന ഒരാളെങ്കിലും ഉണ്ടെങ്കിൽ നിവർന്ന് നിന്ന് ചുറ്റിനും നടക്കുന്ന ഭരണകൂടവീഴ്ചകൾ ചൂണ്ടിക്കാണിക്കണം. തങ്ങളെ നയിക്കുന്നത് കഴിവുകെട്ട ആളാണെന്ന ധാരണയിൽ എന്ത് വൃത്തികേടും ചെയ്യാൻ കാക്കിക്കുള്ളിലെ സഖാക്കൾ നിരത്തിലിറങ്ങിയാൽ അവർക്കു മുമ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജനകീയ പ്രതിരോധമുയർത്തുമെന്ന് താക്കീത് ചെയ്യുന്നു. കേരളത്തെ കലാപകലുഷിതമാക്കാനുളള ശ്രമങ്ങളിൽ നിന്ന് ആഭ്യന്തര വകുപ്പ് ഉടൻ തന്നെ പിൻമാറണം.

ജനങ്ങളിലേയ്ക്ക് നേരിട്ട് സാമ്പത്തിക സഹായം എത്തിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണം. വൈദ്യുതി ബില്ലുകൾ ഒഴിവാക്കി കൊടുക്കണം. ഓരോ കുടുംബത്തിനും 100 യൂണിറ്റ് വൈദ്യുതി എങ്കിലും സൗജന്യമായി കൊടുക്കാൻ തയ്യാറാകണം. പോളിംഗ് ബൂത്ത് തലത്തിൽ വാക്സിനേഷൻ ഡ്രൈവുകൾ നടത്തണം. തമിഴ്നാട് സർക്കാർ ചെയ്തത് പോലെ സ്വകാര്യ ആശുപത്രികളിൽ സൗജന്യ വാക്സിൻ ലഭ്യമാക്കാനുള്ള സാദ്ധ്യത തേടണം. പഞ്ചാബിലെ കോൺഗ്രസ് സർക്കാരുമായി ബന്ധപ്പെട്ട് സ്കൂളുകൾ തുറക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് അന്വേഷിക്കണം. ജനങ്ങളുടെ ഉപജീവനമാർഗങ്ങൾക്ക് തടസ്സം വരാതെ തന്നെ നിയന്ത്രണങ്ങൾ മുന്നോട്ട് കൊണ്ടു പോകണം. എന്നും വൈകുന്നേരം വന്നിരുന്ന് വാർത്ത വായിക്കുന്നതിലല്ല, പ്രവൃത്തികളിലാണ് കാര്യമെന്ന് ഇനിയെങ്കിലും തിരിച്ചറിയുക.

വീണ്ടും വികലമായ നടപടികളിലൂടെ കോവിഡ് വ്യാപിപ്പിച്ച് ജനജീവിതം ദുരിതപൂർണ്ണമാക്കാനാണ് പിണറായി വിജയൻ്റെ ശ്രമമെങ്കിൽ കൈയ്യും കെട്ടി നോക്കി നിൽക്കില്ലെന്ന് മുന്നറിയിപ്പ് നൽകുന്നു. ഇപ്പോഴിതാ കടകളിലേയ്ക്ക് പോകാനും മറ്റും അശാസ്ത്രീയമായ മണ്ടൻ നിർദ്ദേശങ്ങളുമായി സർക്കാർ എത്തിയിട്ടുണ്ട്. വാക്സിൻ കിട്ടാതെ ജനം നെട്ടോട്ടമോടുമ്പോൾ വാക്സിൻ കിട്ടിയവരോ, RTPCR ടെസ്റ്റ് നെഗറ്റീവ് ആയവരോ ,കോവിഡ് വന്നു പോയവരോ മാത്രം വീടിന് പുറത്തിറങ്ങിയാൽ മതി എന്ന് ഉപദേശികൾ എഴുതിക്കൊടുക്കുമ്പോൾ ഒരക്ഷരം മാറാതെ അതൊക്കെ ജനങ്ങൾക്ക് വായിച്ച് കൊടുക്കുന്ന ഭരണാധികാരിയ്ക്ക് സാമാന്യബുദ്ധി അൽപമെങ്കിലുമുണ്ടോ? ജനങ്ങളെ ദ്രോഹിക്കാനും കൂടുതൽ പണം പിഴയായി പിഴിയാനും ഉണ്ടാക്കിയ ഈ വ്യവസ്ഥകൾ ഉടൻ പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി കോൺഗ്രസ് രംഗത്തിറങ്ങും. എത്രയും പെട്ടെന്ന് ജനങ്ങളുടെ പരാതികൾ പരിഹരിച്ച് അവരുടെ ജീവിതം സുഗമമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ശക്തമായി ആവശ്യപ്പെടുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: K SUDHAKARAN, KPCC, KPCC PRESIDENT, PINARAYI, PINARAYI VIJAYAN, CPM, K K SHAILAJA, VEENA GEORGE, COVID19, COVID, VACCINE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.