കൊച്ചി: കൊച്ചി നഗരസഭയിൽ പ്രോപ്പർട്ടി ടാക്സ് അടയ്ക്കാൻ ഒാൺലൈൻ സംവിധാനം വേണമെന്നാവശ്യപ്പെട്ട് അഡ്വ. ജി. കൃഷ്ണകുമാർ നൽകിയ ഹർജിയിൽ ഹൈക്കോടതി നഗരസഭയടക്കമുള്ള എതിർകക്ഷികൾക്ക് നോട്ടീസ് നൽകാൻ നിർദ്ദേശിച്ചു. ജസ്റ്റിസ് എ.എം. ബാദറിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഹർജിക്കാരൻ ഒാൺലൈനിൽ പ്രോപ്പർട്ടി ടാക്സ് അടയ്ക്കാനായി ശ്രമിക്കുമ്പോഴാണ് ഇത്തരത്തിലുള്ള ഒാൺലൈൻ സൗകര്യങ്ങൾ നഗരസഭയിലില്ലെന്ന് അറിഞ്ഞത്. സംസ്ഥാനത്തെ മറ്റ് അഞ്ച് കോർപ്പറേഷനുകളിലും ഒട്ടേറെ പഞ്ചായത്തുകളിലുമൊക്കെ ഒാൺലൈനായി നികുതിയടയ്ക്കാൻ സൗകര്യമുണ്ടെന്നിരിക്കെ മെട്രോ നഗരമെന്നു പേരുകേട്ട കൊച്ചിയിൽ ഇത്തരം സൗകര്യങ്ങളില്ലെന്ന് ഹർജിയിൽ പറയുന്നു. സ്മാർട്ട് കൊച്ചിയെന്ന് വിളിക്കുന്നുണ്ടെങ്കിലും കാര്യങ്ങൾ അത്ര സ്മാർട്ടല്ല. ഇവിടെ ഇ - ഗവേണൻസ് സൗകര്യങ്ങൾ ലഭിക്കാൻ അധികൃത നടപടി സ്വീകരിക്കണമെന്നും കൊവിഡ് വ്യാപനം രൂക്ഷമായ ഇക്കാലത്ത് ഒാൺലൈൻ മുഖേന പണമടയ്ക്കാൻ സൗകര്യം ഒരുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |