SignIn
Kerala Kaumudi Online
Monday, 20 September 2021 8.43 PM IST

ലോക്ക്ഡൗൺ ഇളവ്: ഉത്തരവിലെ വൈരുദ്ധ്യം നിഷേധിച്ച് മന്ത്രി, പ്രതിഷേധിച്ച് പ്രതിപക്ഷം

lock-down

തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലെ ഇളവുകൾ സംബന്ധിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ നടത്തിയ പ്രസ്താവനയ്ക്ക് വിരുദ്ധമായി സർക്കാർ ഉത്തരവിറക്കിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി. സർക്കാർ ഉത്തരവ് ഒരിക്കലും നിയമസഭയിലെ പ്രസ്താവനയ്ക്ക് വിരുദ്ധമാകരുതെന്നും അത് സഭയോടുള്ള അവഹേളനമാണെന്നും ശൂന്യവേളയിൽ ക്രമപ്രശ്നത്തിലൂടെ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. എന്നാൽ പ്രസ്താവനയുടെ അന്തസ്സത്തയും സർക്കാരിന്റെ ഉത്തരവും തമ്മിൽ വ്യത്യാസമില്ലെന്നും പ്രസ്താവനയിലൂടെ പൊതു അഭിപ്രായം രേഖപ്പെടുത്തുക മാത്രമാണുണ്ടായതെന്നും മന്ത്രി പറഞ്ഞു. പ്രായോഗിക നിർദ്ദേശങ്ങളാണ് ഉത്തരവിൽ പ്രതിപാദിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. തുടർന്ന് സ്പീക്കർ എം.ബി. രാജേഷ് ക്രമപ്രശ്നം തള്ളിയതോടെയാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്.

തുറക്കാൻ തീരുമാനിച്ച കടകളുടെ വാതിലുകൾക്ക് ഉത്തരവിലൂടെ പൂട്ടിട്ടിരിക്കുകയാണെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. അപ്രായോഗിക നിർദ്ദേശങ്ങളാണ് ഉത്തരവിലൂടെ ഉണ്ടായിരിക്കുന്നത്. ഇതനുസരിച്ച് ജോലിക്ക് പോകുന്നയാളെ പോലും തടഞ്ഞുനിറുത്തി പൊലീസിന് പിഴയടിക്കാം. പൊലീസിന് ടാർഗറ്റ് കൊടുത്തിരിക്കുകയാണ്. കേരളത്തെ പിഴ സംസ്ഥാനമാക്കി (ഫൈൻ സ്റ്റേറ്റ്) മാറ്റിയിരിക്കുകയാണ്. ഈ മാസം 20 കോടി പിരിക്കാനാണ് നിർദ്ദേശമെന്നും സതീശൻ കുറ്റപ്പെടുത്തി. ഉത്തരവിറക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് പി.സി. വിഷ്ണുനാഥും പ്രസ്താവന മന്ത്രി തിരുത്തുകയോ അല്ലെങ്കിൽ ചീഫ് സെക്രട്ടറി ഉത്തരവ് തിരുത്തുകയോ വേണമെന്ന് കെ. ബാബുവും ആവശ്യപ്പെട്ടു.

 കഴിഞ്ഞ ദിവസത്തെ മന്ത്രിയുടെ പ്രസ്താവന

കടകളും ബാങ്കുകളും സർക്കാർ- പൊതുമേഖല സ്ഥാപനങ്ങളും മറ്റും സന്ദർശിക്കുന്നവർ ആദ്യ ഡോസ് വാക്സിനെങ്കിലും എടുത്തവരോ 72 മണിക്കൂറിന് മുമ്പ് ആർ.ടി.പി.സി.ആർ പരിശോധന നടത്തിയവരോ ഒരു മാസത്തിന് മുമ്പ് കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവരോ ആകുന്നതാകും അഭികാമ്യം.

 വൈകിട്ട് ഇറക്കിയ ഉത്തരവ്

ആദ്യ ഡോസ് വാക്സിനെടുത്തവരോ 72 മണിക്കൂറിന് മുമ്പ് ആർ.ടി.പി.സി.ആർ പരിശോധന നടത്തിയവരോ ഒരു മാസത്തിന് മുമ്പ് കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവരോ മാത്രമേ കടകളിലും മറ്റും പ്രവേശിക്കാവൂ. അടിയന്തരസാഹചര്യങ്ങളിലേ മറ്റുള്ളവർ വീടിന് പുറത്തിറങ്ങാവൂ.

'നിയമസഭയിലെ പ്രസ്താവന പൊതുപ്രാധാന്യമെന്ന നിലയ്ക്കാണ്. അത് പ്രാവർത്തികമാക്കാനുള്ള പ്രായോഗിക ഉത്തരവാണിറക്കിയത്. രണ്ടും തമ്മിൽ വൈരുദ്ധ്യമില്ല".

-വീണാ ജോർജ്, ആരോഗ്യമന്ത്രി

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: UNLOCK
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.