SignIn
Kerala Kaumudi Online
Friday, 19 April 2024 5.51 AM IST

ദി ഗ്രേറ്റ് ഡിജിറ്റൽ ഡിവൈഡ്

study

കൊവിഡ് മഹാമാരിക്ക് മുന്നിൽ ലോകം പകച്ചു നിന്നപ്പോഴും ജീവനറ്റു പോകേണ്ട ഒന്നല്ല നമ്മുടെ നാട്ടിലെ സ്‌കൂൾ വിദ്യാഭ്യാസമെന്ന രാഷ്ട്രീയ പ്രഖ്യാപനമായിരുന്നു ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് ചുവടുവെയ്ക്കാനുള്ള കേരളത്തിന്റെ തീരുമാനം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകൾ ഹൈടെക് ആവുകയും അക്കാഡമിക സൗകര്യങ്ങൾ വർദ്ധിക്കുകയും അദ്ധ്യാപകർക്ക് അടിസ്ഥാന സാങ്കേതിക പരിജ്ഞാനം ലഭ്യമാക്കിയതും പുതുസാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ നമുക്ക് കരുത്തു പകർന്നിരുന്നു. എന്നാൽ, ഓൺലൈൻ വിദ്യാഭ്യാസം രണ്ടാംവർഷത്തിലെത്തിയിട്ടും വിദ്യാർത്ഥികൾക്കിടെയിലെ ഡിജിറ്റൽ ഡിവൈഡ് കുറയ്ക്കാൻ കഴിഞ്ഞോ എന്നത് വലിയ ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. ഈ അദ്ധ്യയന വർഷം ആരംഭിച്ച് രണ്ടുമാസം പിന്നിട്ടിരിക്കുന്നു, സംസ്ഥാനത്തെ വലിയവിഭാഗം വിദ്യാർത്ഥികൾ ഇപ്പോഴും ഓൺലൈൻ ക്ലാസുകൾക്ക് പുറത്താണ് എന്നതാണ് വസ്തുത. പ്രത്യേകിച്ച് ആദിവാസി മേഖലകളിലെ വിദ്യാർത്ഥികൾ, ഇവരിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾ പലരും ഒരുതവണ പോലും ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാത്തവരാണെന്നത് ക്രൂരമായ യാഥാർത്ഥ്യമാണ്. ഈ ഡിജിറ്റൽ വേർതിരിവ് വലുതാകാതെ ശ്രദ്ധിക്കാൻ ഭരണകൂടത്തിനും സമൂഹത്തിനും ബാദ്ധ്യതയുണ്ട്.

വിക്ടേഴ്‌സ് ചാനൽ ഉപയോഗിച്ച് പാഠഭാഗങ്ങൾ സംപ്രേഷണം ചെയ്യുകയും അത് ടിവിയോ മറ്റ് ഡിജിറ്റൽ സംവിധാനങ്ങളോ ഉപയോഗിച്ച് കുട്ടികൾ കണ്ട് പഠിക്കുകയും ചെയ്ത രീതിയെയാണ് ഡിജിറ്റൽ വിദ്യാഭ്യാസം എന്ന് നാമിതുവരെ വിളിച്ചുപോന്നത്. ഇത് ഏറെ ഗുണപ്രദവും എന്നാൽ ചില പരിമിതികൾ ഉള്ളതുമാണെന്നത് ഉൾക്കൊള്ളണം. പ്രതിസന്ധി ഘട്ടത്തിലും കുട്ടികൾക്ക് ക്ലാസുകൾ ലഭ്യമാക്കാൻ സാധിച്ചു എന്നതാണ് പ്രധാന നേട്ടം. എന്നാൽ, സ്വന്തം അദ്ധ്യാപകരല്ല ക്ലാസെടുക്കുന്നത് എന്നതും കുട്ടികളുടെ പങ്കാളിത്തമില്ലായ്മയും ഇതിന്റെ പോരായ്മയായിരുന്നു. പക്ഷെ, ഈ രീതി സ്വീകരിച്ചു മുന്നോട്ടുപോയതു കൊണ്ടാണ് ഒരുതരത്തിലുള്ള ഡിജിറ്റൽ സംവിധാനവുമില്ലാത്ത കുട്ടികൾക്ക് പോലും പൊതുപഠനകേന്ദ്രങ്ങളിൽ ടെലിവിഷൻ സജ്ജീകരിച്ച് ക്ലാസുകൾ കാണാനുള്ള സൗകര്യമൊരുക്കാൻ സാധിച്ചത്.

കുട്ടികളും അവരുടെ തന്നെ അദ്ധ്യാപകരും പരസ്പരം ആശയവിനിമയം നടത്തുന്ന ഓൺലൈൻ ലൈവ് ക്ലാസിലേക്ക് മാറുകയാണ് നാമിപ്പോൾ. ആദ്യഘട്ടത്തിൽ ഗൂഗിൾ പ്ലാറ്റ്‌ഫോം ഉപയോഗിച്ചും തുടർന്ന് സ്വന്തമായ ഡിജിറ്റൽ പഠന പ്ലാറ്റ്‌ഫോം വികസിപ്പിച്ചും മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം. ഈ പദ്ധതി നടപ്പാക്കാൻ നമ്മൾ നടത്തിയ ഗൃഹപാഠം മതിയാകുമോ എന്നതാണ് ആശങ്ക. മുഴുവൻ കുട്ടികൾക്കും സ്വന്തമായി ഡിജിറ്റൽ പഠനോപകരണം ലഭ്യമാക്കേണ്ടതുണ്ട്. കൂടാതെ ഇന്റർനെറ്റ് കവറേജ് ഉറപ്പാക്കുകയും നിർദ്ധന വിദ്യാർത്ഥികൾക്ക് സൗജന്യമായി റീചാർജ് ചെയ്തു നൽകാനും നമുക്ക് കഴിയണം. ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ വിദ്യാഭ്യാസമേഖലയിൽ ഡിജിറ്രൽ വിപ്ലവം തീർക്കുക അസാദ്ധ്യം.

1.13ലക്ഷം കുട്ടികൾ ഓഫ് ലൈനിൽ

2021 - 22 അദ്ധ്യയന വർഷം ആരംഭിച്ച് രണ്ടുമാസം പിന്നിട്ടിട്ടും സമ്പൂർണ ഓൺലൈൻ ക്ലാസുകളിലേക്ക് മാറാൻ കഴിയാതെ പാലക്കാട് ജില്ല. ഇപ്പോഴും സ്വന്തമായി ഡിജിറ്റൽ പഠനോപകരണം ഇല്ലാത്തവരാണ് നല്ലൊരു വിഭാഗം വിദ്യാർത്ഥികളും. ടെലിവിഷൻ വഴിയുള്ള ഡിജിറ്റൽ പഠനത്തിൽ നിന്ന് ലൈവ് ഓൺലൈൻ ക്ലാസുകളിലേക്ക് മാറുമ്പോൾ ഓരോ വിദ്യാർത്ഥിക്കും മൊബൈലോ, ലാപ്ടോപ്പോ, ടാബ്‌ലെറ്റോ അനിവാര്യമാകുകയാണ്.

വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾ കേന്ദ്രീകരിച്ച് നടത്തിയ വിവരശേഖരണത്തിൽ പാലക്കാട് ജില്ലയിൽ ഒന്നുമുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലായി ആകെ 318453 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ 27.85 ശതമാനം ( 88720 പേർ) വിദ്യാർത്ഥികൾക്കു മാത്രമാണ് നിലവിൽ തടസമില്ലാതെ ക്ലാസുകൾ അറ്റൻഡ് ചെയ്യാനുള്ള സൗകര്യമുള്ളത്. 113479 കുട്ടികൾ ഓൺലൈൻ പഠനത്തിന് യാതൊരുവിധ സൗകര്യവുമില്ലാത്തവരാണ്, ആകെ വിദ്യാർത്ഥികളുടെ 35.63 ശതമാനം പേർ. ഇതുകൂടാതെ 75975 പേരെയാണ് ഓൺലൈൻ പഠനത്തിനാവശ്യമായ ഉപകരണം വാങ്ങാൻ കഴിവുള്ളവരായി കണ്ടെത്തിയത് ( 23.85% ). 40279 പേർ ( 12.64%)വായ്പയെടുത്ത് ഫോൺ വാങ്ങാൻ കഴിയുന്നവരാണെന്നും കണ്ടെത്തിയിട്ടുണ്ട്.

കൊവിഡിനെ തുടർന്ന് കുടുംബങ്ങളിലെ വരുമാനം നിലച്ചതാണ് ജില്ലയിലെ 35.63 % വിദ്യാർത്ഥികൾക്കും തിരിച്ചടിയായിട്ടുള്ളത്. സർക്കാരിന്റെയോ പൊതുസമൂഹത്തിന്റെയോ പിന്തുണയും സഹായവും ലഭിച്ചാൽ മാത്രമേ ഇവർക്ക് ഓൺലൈൻ പഠനം പൂർണ അർത്ഥത്തിൽ സാദ്ധ്യമാവുകയുള്ളൂ.

തദ്ദേശ സ്ഥാപനങ്ങളുടെ

ഇടപെടലിൽ ശുഭപ്രതീക്ഷ

ജില്ലയിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികളെ സംബന്ധിച്ച വിവരം വിദ്യാഭ്യാസ വകുപ്പിനെയും സർക്കാരിനെയും അറിയിച്ചിട്ടുണ്ട്. ഓരോ വിദ്യാലയവും കേന്ദ്രീകരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ കുട്ടികൾക്ക് പഠനോപകരണങ്ങൾ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചുവെന്നാണ് ജില്ലാ പഞ്ചായത്ത് അധികൃതർ നൽകുന്ന വിശദീകരണം. താലൂക്കുകൾ കേന്ദ്രീകരിച്ചുള്ള പദ്ധതിയാണ് ഇതിനായി ജില്ലാ പഞ്ചായത്തിന്റെ ആലോചനയിലുള്ളത്. ഇത്രയധികം കുട്ടികൾക്ക് മൊബൈൽ ലഭ്യമാക്കാൻ വലിയ സാമ്പത്തികം ആവശ്യമാണ്. പൊതുസമൂഹത്തിന്റെയും സന്നദ്ധ സംഘടനകളുടെയും സഹായം ഇതിനായി അഭ്യർത്ഥിച്ചിട്ടുണ്ടെന്നാണ് ജനപ്രതിനിധികൾ വ്യക്തമാക്കുന്നത്. ഇൗ ഇടപെടലുകൾ യഥാസമയം ഫലംകണ്ടാൽ കുട്ടികൾക്കിടയിലെ ഡിജിറ്റൽ വേർതിരിവ് ഒരു പരിധിവരെ മറികടക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

സാങ്കേതിക സൗകര്യങ്ങൾ ഒരുക്കി ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചാലും നേരിട്ടുള്ള സ്‌കൂളനുഭവങ്ങൾ കുട്ടികളെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. കുട്ടികളുടെ മാനസികാരോഗ്യവും കണക്കിലെടുക്കേണ്ടതുണ്ട്. എല്ലാവരും സ്‌കൂളിൽ എത്തുകയും അദ്ധ്യാപകരുടെ സ്‌നേഹവാത്സല്യങ്ങൾ ലഭിക്കുകയും സുഹൃത്തുക്കളുമായി കളിചിരികൾ പങ്കുവെയ്ക്കുകയും സമപ്രായക്കാരുമായി കൊടുക്കൽ വാങ്ങലുകൾ സാദ്ധ്യമാവുകയും ചെയ്യുമ്പോഴാണ് സ്‌കൂൾ അനുഭവം പൂർണമാകുന്നത്. ഇതിന് പകരമാവില്ല ഓൺലൈൻ /ഡിജിറ്റൽ മാതൃകകൾ. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം വിജ്ഞാന സമ്പാദനം മാത്രമല്ല, വൈകാരിക വികാസവും അതിൽ ഉൾപ്പെടുന്നുന്നതാണ്. ആളുകൾ തമ്മിലുള്ള സമൂഹ്യ അകലം മാറി എത്രയുംപെട്ടന്ന് നമ്മുടെ വിദ്യാർത്ഥികൾക്ക് സ്കൂളിലെത്തി പഠനം ആസ്വദിക്കാനാവട്ടെയെന്ന് ആശംസിക്കാം, പ്രതീക്ഷയോടെ കാത്തിരിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ONLINE CLASS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.