SignIn
Kerala Kaumudi Online
Friday, 19 April 2024 2.01 PM IST

എൻജിനീയറിംഗ് പഠന നിലവാരം ഇനിയും ഉയരണം

engineering

വേഗത്തിൽ ഫലം പ്രസിദ്ധീകരിച്ചതൊഴിച്ചാൽ സാങ്കേതിക സർവകലാശാലയുടെ എൻജിനിയറിംഗ് അവസാനവർഷ പരീക്ഷയിലെ വിജയശതമാനം അത്രയൊന്നും അഭിമാനിക്കാൻ വക നൽകുന്നില്ല. മുൻവർഷത്തെക്കാൾ അഞ്ചു ശതമാനം അധിക വിജയം നേടാനായെന്നത് ശരിതന്നെ. എന്നാൽ ഇതിനെക്കാൾ ഉയർന്ന വിജയം കൈവരിക്കുമ്പോഴാണ് സാങ്കേതിക മേഖലകളിൽ രാജ്യത്തിന് വാഗ്ദാനമാകേണ്ടവരുടെ കരുത്തും മികവും പുറത്തുവരുന്നത്. സംസ്ഥാനത്തെ 144 കോളേജുകളിലായി അവസാനവർഷം പരീക്ഷയെഴുതിയ 28424 പേരിൽ പകുതി പേർക്കേ ബിരുദസർട്ടിഫിക്കറ്റ് നേടാനായിട്ടുള്ളൂ. എൻജിനിയറിംഗ് പഠന നിലവാരത്തെക്കുറിച്ച് പൊതുവേ ഉയരാറുള്ള ആശങ്ക ബലപ്പെടുത്തുന്നതാണ് പരീക്ഷയിലെ വിജയശതമാനം. അഭിരുചിയും പഠനമികവും കമ്മിയായവർ കൂടുതലായി സാങ്കേതിക പഠനത്തിനെത്തുന്നതാണ് നിലവാരത്തകർച്ചയ്ക്കു കാരണമായി വിദഗ്ദ്ധർ പറയാറുള്ളത്. മറ്റു കോഴ്സുകളിൽ പ്രവേശനം ലഭിക്കാത്ത കുറെപ്പേരെങ്കിലും വഴിതെറ്റി ഈ മേഖലയിലെത്താറുണ്ട്. രക്ഷാകർത്താക്കളുടെ നിർബന്ധത്തിനു വഴങ്ങി എൻജിനിയറിംഗ് കോഴ്സ് തിരഞ്ഞെടുക്കേണ്ടിവരുന്നവരും കുറവല്ല. ഇങ്ങനെയുള്ളവരാകും പഠനം മുഴുമിപ്പിക്കാൻ കഴിയാതെ പോകുന്നത്. ഇപ്പോൾ ഫലം പുറത്തുവന്ന 2017-ലെ ബാച്ചിൽ 32525 പേരാണ് പ്രവേശനം നേടിയിരുന്നത്. അവസാനമായപ്പോൾ ഈ സംഖ്യ 28424 ആയി കുറഞ്ഞു. 4101പേർക്ക് അവസാന സെമസ്റ്ററിൽ കടക്കാനായില്ല. ഇവരിൽ പകുതിയും പഠനം നിറുത്തി പോയവരാണ്. ഇയർ ഔട്ട് നിബന്ധനയെന്ന കടമ്പയിൽ കുടുങ്ങി 988 പേർ കോളേജുകളിൽ താഴ്‌ന്ന സെമസ്റ്ററുകളിൽ തുടരുകയാണ്.

മികച്ച റിസൽട്ട് നൽകുന്നതിൽ സർക്കാർ കോളേജുകളും നിലവാരമുള്ള എയ്‌ഡഡ് - സ്വാശ്രയ സ്ഥാപനങ്ങളും ഈ വർഷവും പാരമ്പര്യം നിലനിറുത്തി. ഇക്കൂട്ടത്തിൽ തിരുവനന്തപുരത്തെ സി.ഇ.ടി, തൃക്കാക്കര മോഡൽ എൻജി. കോളേജ്, മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി, ടി.കെ.എം, രാജഗിരി എന്നിവ പ്രത്യേകം പരാമർശമർഹിക്കുന്നു. ഏറ്റവും ഉയർന്ന വിജയശതമാനം നേടിയത് ഈ കോളേജുകളാണ്. പ്രവേശന പരീക്ഷയിൽ ഏറ്റവും ഉയർന്ന റാങ്ക് നേടി എത്തിയ മിടുക്കരായ വിദ്യാർത്ഥികളുടെ സംഭാവനയായി ഇതിനെ കണക്കാക്കാം. ബി.ടെക് പാസായ 14743 പേരിൽ 3008 പേർ ഓണേഴ്സ് റാങ്കുമായാണ് ബിരുദം നേടിയിരിക്കുന്നത് എന്നതും പ്രത്യേകതയായി പറയാം.

സ്വാശ്രയ കോളേജുകളുടെ വരവോടെ എൻജിനിയറിംഗ് പഠനം സാധാരണ കുട്ടികൾക്കും കൈയെത്തിപ്പിടിക്കാമെന്ന നില വന്നത് വലിയ നേട്ടമായി ഗണിക്കപ്പെട്ടിരുന്നു. കോളേജുകൾ പെരുകിയതോടെ അവശ്യ നിലവാരം പോലും പലതിനുമില്ലെന്ന സ്ഥിതിയും വന്നുചേർന്നു. മികച്ച വിജയശതമാനം നൽകുന്നതിൽ സ്വാശ്രയ കോളേജുകളിൽ പലതും പിന്നാക്കം പോയി. എന്തിനിങ്ങനെയുള്ള കോളേജുകൾ തുടരുന്നെന്ന് ഹൈക്കോടതിയിൽ നിന്നുപോലും ചോദ്യം ഉയർന്നതാണ്. സാങ്കേതിക പഠന നിലവാരം ഉയർത്തുകയെന്ന ലക്ഷ്യത്തോടെ നിലവിൽ വന്ന സാങ്കേതിക സർവകലാശാല എൻജിനിയറിംഗ് കോളേജുകളിലെ പഠനനിലവാരം ഉയർത്താൻ ലക്ഷ്യമിട്ട് പല നടപടികളും ഇതിനകം സ്വീകരിച്ചിട്ടുണ്ട്. കുറെ നല്ല മാറ്റങ്ങൾ അതിനെത്തുടർന്ന് ഉണ്ടായിട്ടുമുണ്ട്.

ഓരോ വർഷം കഴിയുന്തോറും സീറ്റുകൾ വൻതോതിൽ ഒഴിഞ്ഞുകിടക്കുന്നത് എൻജിനിയറിംഗ് കോളേജുകൾ നേരിടുന്ന വലിയ പ്രശ്നമായിത്തീർന്നിട്ടുണ്ട്. ഇവിടെ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും ഇതാണു സ്ഥിതി. സീറ്റ് ഏതുവിധേനയും നിറയ്ക്കാനായി മാനേജുമെന്റുകൾ സ്വീകരിക്കുന്ന ഇളവുകളും അടവുകളും കൂടുതൽ നിലവാരത്തകർച്ചയ്ക്കും കാരണമാകുന്നുണ്ട്. പ്രവേശനത്തിനുള്ള യോഗ്യതാ മാനദണ്ഡങ്ങളിൽ വരുത്തുന്ന ഇളവുകൾ ആത്യന്തികമായി സാങ്കേതിക വിദ്യാഭ്യാസ മേഖലയെയാകും തകർക്കുക. പഠനനിലവാരം ഉയർത്താൻ നടത്തുന്ന ശ്രമങ്ങൾക്കൊപ്പം ഈ യാഥാർത്ഥ്യവും പരിഗണിക്കേണ്ടതുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.