SignIn
Kerala Kaumudi Online
Wednesday, 22 September 2021 2.25 PM IST

രവിയെത്തേടി ഡൽഹിയിലെത്തിയിരുന്ന പാൽസൈക്കിൾ

rakesh-ravi

സോണിപ്പത്ത് : ഹരിയാനയിലെ സോണിപ്പത്തിൽ നിന്ന് ന്യൂഡൽഹിയിലെ ഛത്രസൽ സ്റ്റേഡിയത്തിലേക്ക് 47 കിലോമീറ്ററാണ്. ഈ ദൂരമത്രയും പഴയൊരു സൈക്കിളിൽ നിറയെ പാലും പഴങ്ങളുമായി മകനെക്കാണാൻ പോയിരുന്നൊരു പിതാവുണ്ട്. അന്ന് ഛത്രസൽ സ്റ്റേഡിയത്തിലെ ഹോസ്റ്റൽ മുറിയിൽ ഗുസ്തി പരിശീലിക്കുകയായിരുന്ന ആ മകൻ ഇന്ന് ടോക്യോയിലെ ഒളിമ്പിക് വേദിയിൽ മെഡലുമണിഞ്ഞു ചിരിക്കുമ്പോൾ രാകേഷ് ദഹിയ എന്ന പിതാവ് സംതൃപ്തനാണ്.

കൃഷിപ്പണിയിൽ പണ്ട് മകൻ തന്നെ സഹായിക്കാനെത്താത്തതിൽ ദേഷ്യമുണ്ടായിരുന്നെങ്കിലും അവന്റെ താത്പര്യം സ്പോർട്സിനോടാണെന്നറിഞ്ഞപ്പോൾ പിന്തുണച്ചതേയുള്ളൂ. സ്വന്തം പേരിൽ കൃഷിഭൂമിയില്ലാതിരുന്ന രാകേഷ് പാട്ടത്തിനെടുത്ത സ്ഥലത്താണ് കൃഷി ചെയ്തിരുന്നത്. അതിൽനിന്നുള്ള വരുമാനം കൊണ്ട് മകന് അവിടെ നല്ല ഭക്ഷണം വാങ്ങാനുള്ള പാങ്ങ് രാകേഷിനില്ലായിരുന്നു. അതുകൊണ്ട് വീട്ടിൽ വളർത്തുന്ന പശുക്കളുടെ പാലും നെയ്യും നാടൻ പഴങ്ങളുമായി ആഴ്ചയിൽ

രണ്ടുവട്ടമെങ്കിലും മകനെക്കാണാൻ ഡൽഹിയിലേക്ക് സൈക്കിൾചവിട്ടും.സൈക്കിളിന്റെ മണിയൊച്ചയ്ക്കായി രവികുമാർ കാത്തിരിക്കുന്നുണ്ടാകും.ഒരു പതിറ്റാണ്ടോളം രാകേഷ് ഈ യാത്ര പതിവാക്കിയിരുന്നു.

അച്ഛന്റെ ഈ കഠിനാധ്വാനം രവികുമാർ കാണാതിരുന്നില്ല . സുശീൽകുമാറിന്റെയും യോഗേശ്വർ ദത്തിന്റെയും കളരിയിൽ അവൻ കൈമെയ് മറന്ന് പരിശീലിച്ചു. ഓരോ പോരാട്ടത്തിനിറങ്ങുമ്പോഴും പൊരിവെയിലിൽ സൈക്കിൾ ചവിട്ടിവരുന്ന അച്ഛന്റെ ദൈന്യതയാർന്ന ചിത്രം മനസിൽ തെളിഞ്ഞു. പടവുകൾ ഓരോന്നായി ചവിട്ടിക്കയറി. മകൻ ലോകചാമ്പ്യൻഷിപ്പിൽ വെങ്കലം നേടുന്ന സമയത്ത് പാടത്ത് പണിയിലായിരുന്നു രാകേഷ് . അയൽക്കാർ പറഞ്ഞ വിവരം ചേറുപുരണ്ട തോർത്ത് കൊണ്ട് കണ്ണീരൊപ്പിയാണ് അയാൾ കേട്ടത്. ഒളിമ്പിക്സിലെ മകന്റെ പോരാട്ടസമയത്ത് രാകേഷ് പാടത്ത് പണിക്കിറങ്ങിയില്ല. മകന്റെ സെമി കാണാൻ കുടുംബാംഗങ്ങൾക്കൊപ്പം വീട്ടിലെ ടി.വിക്ക് മുന്നിലുണ്ടായിരുന്നു.

ഗുസ്തിക്കാരുടെ നാട്

സോണിപ്പത്ത് ഗുസ്തിക്കാരുടെ നാടാണ്. കുഞ്ഞുങ്ങൾ കാലുറപ്പിച്ചു നടക്കാനായാൽ അങ്കണവാടികളിലേക്കല്ല,അഖാഡകളിലേക്ക് പോകുന്ന നാട്. അവിടെ പിറന്ന രവികുമാറും ഗോദയിലിറങ്ങിയതിൽ അത്ഭുതമില്ലായിരുന്നു. പത്താം വയസിലാണ് ഫയൽവാനായി ആദ്യ വരവ്. പുതിയ ചെക്കന്റെ ഖ്യാതി കേട്ടറിഞ്ഞ ഗുരു സത്പാൽ എന്ന സത്പാൽ സിംഗ് തന്റെ കളരിയിലേക്ക് വിളിപ്പിച്ചു. ഈ സത്പാൽ ആളുചില്ലറക്കാരനല്ല,1982ലെ ഡെൽഹി ഏഷ്യാഡിൽ സ്വർണവും ടെഹ്‌റാനിൽ വെങ്കലവും നേടിയ ഗുസ്തിക്കാരനാണ്.കോച്ചെന്ന നിലയിൽ മൂപ്പ് ഇച്ചിരിക്കൂടെ കൂടും, സത്പാലിന്റെ ശിഷ്യനായിരുന്നു ഇരട്ട ഒളിമ്പിക് മെഡൽ നേടിയ സുശീൽ കുമാർ. ഛത്രസൽ സ്റ്റേഡിയത്തിലായിരുന്നു സത്പാലിന്റെ ക്യാമ്പ്. രവികുമാർ അങ്ങനെയാണ് അവിടേക്ക് എത്തുന്നത്.

ലോക നെറുകയിലെത്തിയ പോരാട്ടം

പതിനെട്ടാം വയസിൽ സാൽവദോറിൽ ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിക്കൊണ്ടായിരുന്നു രവികുമാറിന്റെ തുടക്കം. തൊട്ടുപിറകേ പരിക്ക് പിടികൂടിയെങ്കിലും അവൻ വിട്ടുകൊടുത്തില്ല. ബുക്കാറസ്റ്റിൽ ഇരുപത്തിമൂന്ന് വയസിന് താഴേയുള്ളവരുടെ ലോകചാമ്പ്യൻഷിപ്പിലും വെള്ളി നേടി ഒരു വർഷത്തിനുശേഷം തിരിച്ചുവന്നു. പ്രൊ റെസലിങ് ചാമ്പ്യൻഷിപ്പിൽ ഹരിയാന ഹാമേഴ്‌സിനുവേണ്ടി ഗോദയിലിറങ്ങിയ രവി തോൽവി എന്തെന്ന് അറിഞ്ഞില്ല. ക്വാർട്ടറിൽ നിഷ്പ്രഭമാക്കിയത് പഴയ ലോകചാമ്പ്യൻ യുകി തകാഹാഷിയെയാണ്. ഈ ജയത്തിന്റെ ബലത്തിലാണ് ടോക്യോയിലേയ്ക്ക് ടിക്കറ്റ് കിട്ടിയത്.

പ്ളസ് പോയിന്റ്സ്

  • മറ്റ് ഇന്ത്യൻ ഗുസ്തിക്കാരെ അപേക്ഷിച്ച് ഉയരക്കൂടുതലുണ്ട് രവികുമാറിന്. ഗോദയിൽ ഇതാണ് പലപ്പോഴും ഗുണകരമാവുന്നത്.
  • മികച്ച വേഗവും സ്റ്റാമിനയുമാണ് പ്ലസ് പോയിന്റുകളെന്ന് കോച്ച് വീരേന്ദർ കുമാർ പറയുന്നു.
  • മാനസികമായും ശാരീരികമായും കരുത്തനാണെന്ന് ഒപ്പം മത്സരിച്ചവർ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

2019ലെ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയിരുന്ന താരമാണ് ഹരിയാനക്കാരനായ രവികുമാർ.2020ലും 2021ലും നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിലെ സ്വർണമെഡൽ ജേതാവ്.

യോഗേശ്വറിന്റെ മുറിയിൽ നിന്ന്

ഡൽഹിയിലെ ഛത്രസൽ സ്റ്റേഡിയത്തിൽ പരിശീലിക്കുന്ന രവികുമാർ അവിടെ താമസിക്കുന്നത് 2012 ലണ്ടൻ ഒളിമ്പിക്സിൽ വെങ്കലം നേടിയ യോഗേശ്വർ ദത്ത് താമസിച്ചിരുന്ന മുറിയിലാണ്. ആ മുറി തനിക്ക് മെഡൽ ഭാഗ്യം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ഈ 23കാരൻ. യോഗേശ്വറിനെ സുശീൽ കുമാർ പിന്തുണച്ചപോലെ രവികുമാറിന് യോഗേശ്വറിന്റെ ഉപദേശങ്ങളും സഹായങ്ങളും ലഭിച്ചിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, RAKESH DAHIYA
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.