SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.20 AM IST

വിസ്മയ സ്ത്രീധന മരണം,​ കിരണിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു,​ സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് ആദ്യത്തെ പിരിച്ചുവിടൽ

kiran-vismaya

തിരുവനന്തപുരം: ശാസ്താംകോട്ടയിലെ ഭർത്തൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ ആയുർവേദ മെഡിക്കൽ വിദ്യാർത്ഥിനിയായ വിസ്മയ മരിച്ച സംഭവത്തിൽ ഭർത്താവായ മോട്ടാർ വാഹന വകുപ്പിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എസ്.കിരൺകുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. മരണം നടന്ന് നാല്പത്തിയാറാം ദിവസമാണ് സർക്കാർ നടപടി. കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടില്ല. പ്രതി റിമാൻഡിലാണ്.

കിരണിൽ നിന്ന് നേരിട്ട് മൊഴിയെടുത്തും സാക്ഷിമൊഴികൾ രേഖപ്പെടുത്തിയും കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് സ്ത്രീധന പീഡനത്തെ തുട‌‌ർന്ന് ഭാര്യ മരിച്ചുവെന്ന കാരണത്താൽ ഭർത്താവിനെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത്.

ഇനി സർക്കാർ സർവീസിൽ കിരണിന് ജോലി ലഭിക്കില്ല. സേവനം പ്രൊബേഷൻ കാലയളവിലായതിനാൽ പെൻഷനും അർഹതയുണ്ടാവില്ല.

2021 ജൂൺ 21നാണ് കൊല്ലം നിലമേൽ കൈതോട് സ്വദേശിയായ വിസ്മയ മരിച്ചത്. കൊല്ലം റീജിയണൽ ഓഫീസിൽ ഉദ്യോഗസ്ഥനായിരുന്ന കിരൺകുമാറിനെ ജൂൺ 22ന് സസ്‌പെൻഡ് ചെയ്തിരുന്നു. 45 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മോട്ടോർ വാഹന വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

ഇത്തരം മരണങ്ങൾ ആവർത്തിക്കരുതെന്ന സന്ദേശമാണ് ഈ നടപടിയിലുടെ ജീവനക്കാർക്കും സമൂഹത്തിനും നൽകുന്നതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

പിരിച്ചുവിടൽ കാരണം

# സ്ത്രീവിരുദ്ധ പ്രവൃത്തി. സാമൂഹ്യവിരുദ്ധവും ലിംഗനീതിക്ക് നിരക്കാത്തതുമായ നടപടി. ഗുരുതര നിയമലംഘനവും പെരുമാറ്റദൂഷ്യവും വഴി സർക്കാരിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും അന്തസ്സിനും സൽപ്പേരിനും കളങ്കംവരുത്തി

(1960ലെ കേരള സിവിൽ സർവീസ് പെരുമാറ്റച്ചട്ടം 11 (1) 8)


# സർക്കാർ ജീവനക്കാർ സ്ത്രീധനം കൊടുക്കാനും വാങ്ങാനും പാടില്ലെന്നതിന്റെ ലംഘനം

(1960ലെ പെരുമാറ്റച്ചട്ടം 93-സി)

പൊലീസ് കേസുമായി ബന്ധമില്ല

ക്രിമിനൽക്കേസിൽ പൊലീസ് നടപടി തുടരും. സർവീസ് ചട്ടം (മാനുവൽ ഫോർ ഡിസിപ്ലിനറി പ്രൊസീഡിംഗ്സ്) അനുസരിച്ച് നടപടിയെടുക്കാൻ സർക്കാരിന് അധികാരമുണ്ട്. ഇതു പ്രകാരം,കുറ്റം ചെയ്തിട്ടുണ്ടോ എന്നാണ് പരിശോധിച്ചത്.

ട്രൈബ്യൂണലിൽ ചോദ്യംചെയ്യാം

പിരിച്ചുവിട്ടതിനെതിരെ ഭരണഘടനയുടെ അനുച്ഛേദം 226 അനുസരിച്ച് അരുൺ കുമാറിന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാം. 48 മണിക്കൂറിന് മേൽ റിമാൻഡിലായാൽ സസ്പെൻഡ് ചെയ്യാം. കോടതി ശിക്ഷിച്ചാൽ മാത്രമേ കുറ്റക്കാരനാവൂ എന്നും പിരിച്ചുവിടൽ നിലനിൽക്കില്ലെന്നും നിയമവിദഗ്ദ്ധർ പറയുന്നുണ്ട്. കുറ്റാരോപണ മെമ്മോ നൽകി പ്രതിയുടെ ഭാഗം കേൾക്കണമെന്ന ചട്ടം ഇവിടെ പാലിച്ചിട്ടുണ്ട്.

ട്രഷറിയിൽ തിരിമറി നടത്തി പണാപഹരണം നടത്തിയ സംഭവത്തിൽ പിരിച്ചുവിടപ്പെട്ട ഉദ്യോഗസ്ഥന്റെ ഹർജി ട്രൈബ്യൂണലിന്റെ പരിഗണനയിലുണ്ട്.

'' സർക്കാരിനോട് ഒരുപാട് നന്ദിയുണ്ട്. മകൾക്ക് നീതി ലഭിച്ചുതുടങ്ങി. മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് നേരിട്ട് കണ്ടപ്പോൾ മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ഉറപ്പ് തന്നിരുന്നു. അതിലേക്കുള്ള ആദ്യപടിയാണിത്. ''

ത്രിവിക്രമൻ നായർ

(വിസ്മയയുടെ പിതാവ്)

'' നടപടി ഇത്രവേഗം പ്രതീക്ഷിച്ചിരുന്നില്ല. കുറ്റക്കാരനാണെങ്കിൽ നടപടിയെടുത്തശേഷം വീട്ടിലേക്ക് വരുമെന്നാണ് മന്ത്രി പറഞ്ഞത്. അദ്ദേഹം ഇന്ന് വരുമെന്ന് അറിയിച്ചിട്ടുണ്ട്. അവൾക്ക് നീതി ലഭ്യമാക്കാനാണ് ഇനിയുള്ള എന്റെ ജീവിതം.''

വിജിത്ത് വി. നായർ

(വിസ്മയയുടെ സഹോദരൻ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VISMAYA CASE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.