തിരുവനന്തപുരം: ഹോക്കിയിൽ വെങ്കലമുൾപ്പെടെ ടോക്യോ ഒളിംപിക്സിൽ മെഡലുകൾ നേടിയ ഇന്ത്യൻ താരങ്ങളെ നിയമസഭ അഭിനന്ദിച്ചു. മലയാളിയായ ശ്രീജേഷിന്റെ മികച്ച സേവുകളാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് എന്നതിൽ കേരളത്തിന് അഭിമാനമുണ്ട്. മൻപ്രീത് സിംഗ് നയിച്ച ഇന്ത്യൻ ടീമിനും ശ്രീജേഷിനും സഭ അഭിനന്ദനം അറിയിച്ചു. 1980ന് ശേഷം ആദ്യമായാണ് ഹോക്കിയിൽ ഒളിംപിക്സ് മെഡൽ നേടുന്നത്. വനിതാവിഭാഗത്തിൽ മെഡൽ നഷ്ടപ്പെട്ടെങ്കിലും മികച്ച മത്സരം കാഴ്ചവച്ച ഹോക്കി ടീമിനെയും സഭ അഭിനന്ദിച്ചു.
പുരുഷവിഭാഗം ഫ്രീസ്റ്റൈൽ ഗുസ്തിതാരം രവികുമാർ ദഹിയ, വനിതാ ബോക്സിംഗിൽ ലവ്ലിന ബോർഗോഹെയ്ൻ എന്നിവരെയും സഭ അഭിനന്ദിച്ചു.
മത്സ്യത്തിന് അടിസ്ഥാന വില ഉറപ്പാക്കും
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാൻ ഹാർബറിലെ മത്സ്യ ലേലത്തിലും വിൽപ്പനയിലും ഇടനിലക്കാരുടെ അനാവശ്യ പ്രവണതകളെ നിയന്ത്രിച്ച് അടിസ്ഥാന വില നിശ്ചയിക്കാനായി ജില്ലാകളക്ടർ ചെയർമാനായ ഹാർബർ മാനേജ്മെന്റ് സൊസൈറ്റികൾ രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയെ അറിയിച്ചു. വകുപ്പ് ഉദ്യോഗസ്ഥർക്ക് പുറമെ ജനപ്രതിനിധികളും തൊഴിലാളി സംഘടനാ നേതാക്കളും യാന ഉടമകളും ഇതിൽ അംഗങ്ങളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |