SignIn
Kerala Kaumudi Online
Thursday, 25 April 2024 3.22 PM IST

ലീഗിൽ പുകയുന്നത്

p-k-kunjalikkutty

മഴ തോർന്നാലും മരം പെയ്യും പോലെയാണ് കേരളത്തിലെ മുസ്ലീം ലീഗിന്റെ അവസ്ഥ. നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ലീഗിൽ ചില മരങ്ങൾ കട പുഴകിയപ്പോൾ മറ്റു ചില മരങ്ങൾ ഇടമുറിയാതെ പെയ്തു കൊണ്ടിരിക്കുകയാണ്. ഏതാണ് വൻമരങ്ങൾ എന്നൊന്നും ചോദിക്കരുത്. മണ്ണിലേക്ക് ആഴ്ന്നിറങ്ങിയെന്ന് അവകാശപ്പെടുന്ന വേരുകൾ പലതും നാരുവേരുകളായെന്ന് തിരിച്ചറിയുമ്പോഴാണ് സംഘടനയുടെ കരുത്ത് അറിയുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ ലീഗിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ അരങ്ങേറിയ നാടകീയ സംഭവങ്ങളും വൻമരങ്ങളുടെ കടപുഴകലും എല്ലാം കൂടി ചേർത്തു വായിക്കുമ്പോഴാണ് ലീഗിൽ പുകയുന്നത് എന്താണെന്ന് വ്യക്തമാകൂ. മുസ്ളിം ലീഗിൽ നിന്നു പിളർന്നു പോയ ഇന്ത്യൻ നാഷണൽ ലീഗിൽ ഈയിടെ കൂട്ടയടിയുണ്ടായപ്പോൾ സി.പി. എം കണ്ണുരുട്ടിയതോടെ തത്കാലം ശമനമാകുകയായിരുന്നു. ലീഗിലെ കൂട്ടക്കലാപത്തിന് കോൺഗ്രസ് കണ്ണുരുട്ടിയാൽ എന്താകുമെന്ന് കണ്ടറിയണം. അതുകൊണ്ട് തന്നെ കോൺഗ്രസും വളരെ കരുതലോടെയാണ് നീക്കം നടത്തുന്നത്. ആകെയുള്ള ലീഗ് പോലും കൈവിട്ടു പോയാൽ പിന്നെ എന്താകും യു.ഡി. എഫിന്റെ സ്ഥിതി എന്നതിനെ കുറിച്ചും കോൺഗ്രസിൽ കടുത്ത ആശങ്കയും അനിശ്ചിതത്വവും നിലനിൽക്കുന്നുണ്ട്.

ഇവിടെ ലീഗ് നേതൃത്വത്തെയും അണികളെയും പിടിച്ചുലച്ച വിമർശനമുയർത്തിയത് ആരാദ്ധ്യനായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനാണെന്നത് ഏറെ ശ്രദ്ധേയം. അതും ലീഗിലെ ഉന്നത നേതാവായ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെയായിരുന്നു വിമർശനം. വിമർശനം കൊടുങ്കാറ്റായപ്പോൾ കുഞ്ഞാലിക്കുട്ടിക്ക് നിയമസഭ പോലും നിറുത്തിവച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. അത്രയും ഗൗരവമായിരുന്നു വിവാദങ്ങൾ. ലീഗിന്റെ അവസാനവാക്കായ പാണക്കാട് കുടുംബത്തിൽ നിന്നുയർന്ന നേതൃത്വ വിമർശനം ലീഗിനെ വല്ലാതെ ഉലയ്ക്കുമെന്നുറപ്പാണ്. ലീഗിലെ എല്ലാ പ്രശ്നത്തിനും ഉത്തരവാദി കുഞ്ഞാലിക്കുട്ടിയെന്നാണ് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കൂടിയായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈൻ അലി തുറന്നടിച്ചത്.

മുഈൻ അലി തങ്ങളുടെ വിമർശനം മുസ്ലിം ലീഗിൽ വരാനിരിക്കുന്ന കടുത്ത പ്രതിസന്ധിയുടെ സാമ്പിൾ വെടിക്കെട്ടായി മാത്രമേ കാണാൻ കഴിയൂ. മുസ്ലിം ലീഗ് നേതൃത്വം സമീപകാലത്ത് നേരിട്ടതിൽ ഏറ്റവും ഗുരുതരമായ ആരോപണമാണ് പാർട്ടി സംസ്ഥാന ആസ്ഥാനത്തുവച്ച് തൊടുത്തുവിട്ടത്. കെ. ടി ജലീൽ നിയമസഭയിലടക്കം ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്നതായി മുഈൻ അലിയുടെ വാക്കുകൾ. പരസ്യ വിമർശനം ഉന്നയിച്ച മുഈൻ അലിക്കെതിരെ എന്ത് നടപടിയെടിയെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടില്ല.

ലീഗിന്റെ മുഖപത്രവുമായി ബന്ധപ്പെട്ട വിഷയം വിശദീകരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിലേക്ക് മുയിൻ അലി യാദൃച്ഛികമായാണ് കടന്നുവന്നതെന്നും പറഞ്ഞത് പാർട്ടി നിലപാടല്ലെന്നും നേതൃത്വം വിശദീകരിക്കുന്നുണ്ടെങ്കിലും പ്രതിസന്ധി അയയുന്നില്ല. പരസ്യ പ്രസ്താവന പാടില്ലെന്നതിൽ കണിശതയുളള ലീഗ് നേതൃത്വം ഹൈദരലി തങ്ങളുടെ മകനെതിരെ എന്ത് നടപടി എടുക്കുമെന്നതാണ് ചോദ്യം. അഴിമതി തുറന്ന് പറഞ്ഞതിന്റെ പേരിൽ നടപടിയെടുത്താൽ രാഷ്ട്രീയ എതിരാളികൾ അത് ആയുധമാക്കുകയും ചെയ്യും. ചുരുക്കത്തിൽ ചന്ദ്രിക വിഷയത്തിലും എ.ആർ ബാങ്ക് ക്രമക്കേടിലും കടുത്ത പ്രതിസന്ധിയിലായിരുന്ന ലീഗിനെ കൂടുതൽ കുരുക്കിലാക്കുന്നതായി മുഈൻ അലിയുടെ വാക്കുകൾ.

ലീഗ് ഹൗസിൽ നടത്തിയ വിമർശനം നേതൃത്വത്തെയും പ്രവർത്തകരെയുമാകെ ഞെട്ടിച്ചിരിക്കയാണ്. പാർട്ടി പത്രത്തിലെ കള്ളപ്പണ നിക്ഷേപത്തിന്റെ പേരിൽ ഇഡി ചോദ്യം ചെയ്യുന്നത് ഹൈദരലി ശിഹാബ് തങ്ങളെ തളർത്തിയെന്നാണ് മുഈൻ അലി പറഞ്ഞത്. എല്ലാം കുഞ്ഞാലിക്കുട്ടിക്ക് അറിയാം, സാമ്പത്തിക ഫണ്ട് ഇടപാടുകൾ അദ്ദേഹമാണ് നടത്തുന്നതെന്നാണ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
എന്നാൽ ലീഗ് പ്രവർത്തകന്റെ ബഹളത്തിനിടയിൽ മുഈൻ അലിക്ക് പറയുന്നത് പൂർത്തിയാക്കാനും കഴിഞ്ഞില്ല. എന്നാൽ പ്രതിഷേധിച്ച പ്രവർത്തകൻ പിന്നീടൊന്നു അയഞ്ഞതും ഇരുവർക്കും നേരിയ ആശ്വാസമായി. പിതാവ് രോഗബാധിതനായതും ഇ. ഡിക്ക് മുന്നിൽ വീണ്ടും എത്തണമെന്നതും മൂലമായിരുന്നു ഹൈദരലി തങ്ങളുടെ മകന്റെ പരസ്യവിമർശനം.

അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായ കുഞ്ഞാലിക്കുട്ടിക്കെതിരേ പാണക്കാട് തറവാട്ടിൽ നിന്നു തന്നെ പ്രതിഷേധമുയർന്നത് ലീഗ് അണികളെ തെല്ലൊന്നുമല്ല ഞെട്ടിച്ചത്. പ്രശ്നം ചർച്ച ചെയ്യാൻ അടിയന്തര നേതൃയോഗം വിളിച്ചു ചേർത്തതും ആരോപണം നേതൃത്വത്തെ വല്ലാതെ അലോസരപ്പെടുത്തിയതു കൊണ്ടാണെന്നു സംശയമില്ല. ഉന്നത നേതാക്കൾക്കെതിരെ പ്രവർത്തകരിൽ നിന്ന് ഉയർന്നു തുടങ്ങിയ പ്രതിഷേധത്തെ എങ്ങനെ തടഞ്ഞു നിറുത്തണമെന്ന ഗവേഷണത്തിലാണ് ലീഗ് നേതൃത്വം. അഴീക്കോട് പോലുള്ള സിറ്റിംഗ് സീറ്റുകളിൽ ലീഗിന്റെ സ്ഥാനാർത്ഥി കെ. എം. ഷാജി പരാജയപ്പെട്ടതു പോലുള്ള സംഭവങ്ങൾ ലീഗിൽ ഏറെ വിവാദക്കൊടുങ്കാറ്റുയർത്തിയ സാഹചര്യത്തിലാണ് പുതിയ ആരോപണമെന്നതും ശ്രദ്ധേയമാണ്. ഷാജിയുടെ സ്ഥാനാർത്ഥിത്വമാണ് സീറ്റ് നഷ്ടപ്പെടാൻ കാരണമായതെന്ന് കോൺഗ്രസ് നേതൃത്വവും വിലയിരുത്തിയിരുന്നു. എന്നാൽ നിരവധി തവണ മത്സരിക്കുന്നില്ലെന്ന് ആവർത്തിച്ചിട്ടും തന്റെ മേൽ അഴീക്കോട് സീറ്റ് കെട്ടിവയ്ക്കുകയാണുണ്ടായതെന്നു പറഞ്ഞാണ് ഷാജി ഒടുവിൽ തടി തപ്പിയത്.

ആരോപണങ്ങളും അസ്വാരസ്യങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ പ്രവർത്തകരെ ഒപ്പം നിറുത്തു കയെന്നത് ഏറെ സാഹസികമായ അഭ്യാസമാണെന്ന് നേതൃത്വത്തിന് നന്നായി അറിയാവുന്നതുമാണ്. പരസ്യവിമർശനം ഉന്നയിച്ച മുഈൻ അലിക്കെതിരെ പാർട്ടി എന്ത് നിലപാട് സ്വീകരിക്കും എന്ന് കാത്തിരിപ്പാണ് ലീഗ് അണികൾ .

പരസ്യപ്രസ്താവന പാടില്ലെന്നതിൽ ഉറച്ചു നിൽക്കുന്ന പാർട്ടിയാണ് ലീഗ്. അതുകൊണ്ടു തന്നെ വല്ലാതെ ആശയക്കുഴപ്പത്തിലുമാണ്.

കഴിഞ്ഞാഴ്ച കോഴിക്കോട് നടന്ന ലീഗ് സംസ് ഥാന ഭാരവാഹികളുടെയും നിയമസഭ പാർട്ടിയുടെയും യോഗത്തിൽ ചില പാർട്ടി നേതാക്കൾക്കെതിരേ ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിമർശനങ്ങളും ആരോപണങ്ങളും തുറന്നുവിട്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MUSLIM LEAGUE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.