SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.16 PM IST

ലോക്ക് ഡൗൺ രക്ഷയോ ശിക്ഷയോ?

lock-down

കൊവിഡ് മഹാമാരിയുടെ വരവോടെയാണ് ലോക്ഡൗണിനെക്കുറിച്ച് നാം കേൾക്കാൻ തുടങ്ങിയത്. കൊവിഡ് വൈറസിന്റെ ദ്രുതഗതിയിലുള്ള വ്യാപനശേഷി മനസിലായ പശ്ചാത്തലത്തിലാണ് രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കാൻ വൈവിദ്ധ്യമാർന്ന മാർഗങ്ങൾ ഭരണകൂടങ്ങൾ നടപ്പിലാക്കിത്തുടങ്ങിയത്.

സ്രവങ്ങളിലൂടെ രോഗാണു വ്യാപനമുണ്ടാകാതിരിക്കാൻ മാസ്‌ക് നിർബന്ധമാക്കി. രോഗികളുടെ സ്‌പർശനത്തിലൂടെയും രോഗവ്യാപനമുണ്ടാകാമെന്ന് തെളിയിക്കപ്പെട്ടപ്പോൾ കൈ കഴുകലിന് ജനങ്ങളെ ബോധവത്കരിക്കാൻ തുടങ്ങി. അങ്ങനെ കൈ കഴുകലും സാനിറ്റൈസർ ഉപയോഗവും നിത്യജീവിതത്തിന്റെ ഭാഗമായി. മാത്രമല്ല, സ്‌പർശനം മൂലമുള്ള രോഗബാധ തടയാൻ രണ്ടുമീറ്റർ 'ശാരീരിക അകലം' പാലിക്കണമെന്ന നിഷ്‌‌കർഷയും നിലവിൽ വന്നു. വാക്‌സിൻ ലഭ്യമായപ്പോൾ പല ഘട്ടങ്ങളായി 'വാക്‌സിനേഷൻ' നടപ്പിലാക്കാനുള്ള നടപടികൾക്കും ആരംഭം കുറിച്ചു.

രോഗവ്യാപനം തടയാൻ മേൽപ്പറഞ്ഞ സംവിധാനങ്ങൾ കർശനമായി നടപ്പിലാക്കുക തന്നെയാണ് ഏറ്റവും ഫലപ്രദം. എന്നാൽ കാര്യമായ കരുതലും ചിന്തയും കൂടാതെ ഏർപ്പെടുത്തിയ ലോക് ഡൗൺ - മനുഷ്യരുടെ ജീവിതം ദുസഹമാക്കി. ഇന്ത്യൻ ജനതയിൽ ഭൂരിഭാഗവും ദിവസവും ജോലിചെയ്ത് നിത്യവൃത്തി കഴിയുന്നവരാണ്. ലോക്‌ഡൗൺ ഏറ്റവും പ്രതികൂലമായി ബാധിച്ചത് ഈ വിഭാഗത്തിലുള്ളവരെയാണ്.

തൊഴിലാളികളുടെ അവസ്ഥയെക്കാൾ ദാരുണമാണ് തൊഴിൽ സംരംഭകരുടെ അവസ്ഥ. പല മാർഗങ്ങളിൽ നിന്ന് ലോൺ സ്വരൂപിച്ച് തുടങ്ങിയ സംരംഭങ്ങൾ, ലോക്‌ഡൗണിൽ നിശ്ചലമായി - കടബാദ്ധ്യതകളെത്തുടർന്ന് അവർ മാനസികമായി തകർന്നുനില്ക്കുകയാണ്. ഇത് കടക്കെണിയിലായ പലരെയും ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്തു. ലോക്‌ഡൗൺ എല്ലാ സാംസ്കാരിക പരിപാടികൾക്കും വിരാമമിട്ടു. കലാകാരന്മാരും നടീനടന്മാരും ഉൾപ്പെടെ ഈ രംഗത്ത് പ്രവർത്തിച്ചിരുന്നവരാകെ പട്ടിണിയിലാണ്. ഒന്നോർത്താൽ കാർഷികരംഗവും വ്യാവസായികരംഗവും സാംസ്കാരികരംഗവും മാത്രമല്ല ജീവിതത്തിന്റെ സമസ്ത മേഖലകളും സ്തംഭനാവസ്ഥയിലാവാൻ ലോക്‌ഡൗൺ കാരണമായി.

മനുഷ്യജീവിതം വഴിമുട്ടിക്കുന്ന ലോക്ഡൗൺ ഒഴിവായിക്കിട്ടാൻ, ജനത ഒന്നാകെ ആഗ്രഹിക്കുകയാണ്. അതേസമയം കൊവിഡ് 19 നു സമാനമായി ഭാവിയിൽ ഉണ്ടാകാനിടയുള്ള തീവ്രവ്യാപനശേഷിയുള്ള എല്ലാ സാംക്രമിക രോഗങ്ങളെയും നേരിടാൻ ശാസ്ത്രീയമായ ഒരു സംവിധാനം ഉരുത്തിരിയേണ്ടിയിരിക്കുന്നു. കൊവിഡ് കാലത്തെ ലോക്‌ഡൗൺ പൂർണമായും തെറ്റായിപ്പോയെന്നല്ല വിവക്ഷ. എന്നാൽ ലോക്ഡൗൺ പരമാവധി ഒരു മാസത്തിൽ നിറുത്തണമായിരുന്നു എന്നാണ് ഈ ലേഖകന്റെ അഭിപ്രായം.

ലോക്‌ഡൗൺ, ഒരു പകർച്ചവ്യാധിയെ സംബന്ധിച്ചിടത്തോളം രോഗചികിത്സയുടെ ഭാഗമല്ല. രോഗപ്രതിരോധ മാർഗവുമല്ല. രോഗവ്യാപനം തടയുന്നതിനു മറ്റു മാർഗങ്ങൾ പരാജയപ്പെടുമ്പോൾ മാത്രം ഉപയോഗിക്കേണ്ട അവസാനത്തെ പോംവഴിയാണ്. ലോക്‌ഡൗൺ പ്രഖ്യാപിക്കേണ്ടിവരുമ്പോൾ അതുമൂലം ലഭ്യമാകുന്ന സമയം ഏറ്റവും ഫലപ്രദമായി വിനിയോഗിച്ച് എത്രയും പെട്ടെന്ന് മനുഷ്യജീവിതം സാധാരണ നിലയിലാക്കുകയായിരുന്നു അഭികാമ്യം.

രോഗചികിത്സയും പ്രതിരോധവും കുറ്റമറ്റതാക്കിക്കൊണ്ട് രോഗത്തോടൊപ്പം ജീവിക്കുകയെന്ന മാർഗമാണ് ഇന്ത്യയെപ്പോലൊരു രാജ്യത്തിനു ഏറ്റവും അനുയോജ്യം. നമ്മുടെ കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ ലോക്‌ഡൗൺ സമയത്ത് തൊഴിൽ നഷ്ടപ്പെട്ടവർക്ക് ഭക്ഷ്യക്കിറ്റ് വിതരണത്തിലൂടെയും കമ്മ്യൂണിറ്റി കിച്ചണുകളിലൂടെയും മറ്റും ഭക്ഷണം വിതരണം ചെയ്യുന്നതിൽ സൂക്ഷ്മതയോടെ, സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിച്ചെന്ന് നിസംശയം പറയാം. എന്നാൽ വ്യാപകമായ രീതിയിൽ രോഗനിർണയം, രോഗപ്രതിരോധം, രോഗചികിത്സ എന്നീ മൂന്നു രംഗങ്ങളിലും യുദ്ധകാലാടിസ്ഥാനത്തിൽ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാൻ നമുക്ക് കഴിഞ്ഞില്ല. രോഗത്തോടൊപ്പം ജീവിക്കുമ്പോൾ രോഗം പകരാതിരിക്കാനുള്ള സംവിധാനങ്ങൾ കർക്കശമായി നടപ്പിലാക്കണം. വീടിലും റോഡിലും തൊഴിലിടങ്ങളിലും യാത്രാസംവിധാനങ്ങളിലും ഒക്കെ ഇത് നിർബന്ധമായും നടപ്പാക്കണമായിരുന്നു.

ബാംഗ്ളൂരിൽ പണ്ട് പ്ളേഗ് മഹാമാരി പടർന്നുപിടിച്ചപ്പോൾ ഡോ. പല്‌പു അവലംബിച്ച മാർഗം മാതൃകയാക്കാവുന്നതാണ്. എലിച്ചെള്ള് പകർത്തുന്ന പ്ളേഗ് രോഗത്തിന്റെ വ്യാപനം തടയാൻ അവലംബിച്ച മാർഗങ്ങൾ എലി നശീകരണവും കൊതുകുവലയുടെ വ്യാപകമായ ഉപയോഗവുമാണ്. യാത്രയ്ക്കുള്ള വാഹനങ്ങളും വീടുകളുടെയും തൊഴിലിടങ്ങളുടെയും ജനാലകളും കൊതുകുവലയിട്ട് സുരക്ഷിതമാക്കണമെന്ന് അദ്ദേഹം നിഷ്‌കർഷിച്ചു. ഏതാണ്ട് ഒരുമാസം കൊണ്ട് വാക്സിന്റെ അഭാവത്തിൽ പോലും പ്ളേഗിന്റെ വ്യാപനം ഫലപ്രദമായി തടയാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇതേ സമീപനം കൊവിഡ് 19ന്റെ കാര്യത്തിലും അനുകരണീയമാണ്. ഫലപ്രദമായ നിരവധി വാക്സിനുകൾ ലഭ്യമായ സാഹചര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ വാക്സിനേഷൻ 100 ശതമാനം ജനങ്ങൾക്കും ലഭ്യമാക്കേണ്ടതുണ്ട്. മാസ്‌ക് ധരിക്കുന്നതും കൂടുതൽ കൃത്യതയോടെ കൈ കഴുകുന്നതും ശ്വസനവ്യായാമം ചെയ്യുന്നതുമൊക്കെ നിത്യജീവിതത്തിന്റെ ഭാഗമാകേണ്ടതുണ്ട്.

കൂടെക്കൂടെയുണ്ടാകുന്ന സാംക്രമിക രോഗങ്ങളെ നേരിടാൻ എല്ലാ സൗകര്യങ്ങളോടും കൂടിയ ആശുപത്രികൾ സജ്ജമാക്കുന്നതിനുള്ള ഇടവേളകൾ മാത്രമായി ലോക്‌ഡൗൺ കാലം മാറേണ്ടതുണ്ട്. രോഗത്തോടൊപ്പം ജീവിക്കാൻ ആവശ്യമായ വാക്സിനേഷൻ സംവിധാനങ്ങളും രോഗചികിത്സയ്ക്കുള്ള അത്യാധുനിക സജ്ജീകരണങ്ങളും ഉറപ്പാക്കേണ്ടതുണ്ട്. ഈ ത്രിമാന ലക്ഷ്യങ്ങൾ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ നേടാൻ മാത്രമാകണം ലോക് ഡൗൺ. അതുകഴിഞ്ഞാലുടൻ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടുള്ള സാധാരണ ജീവിതം അനുവദിക്കുകയാണ് വേണ്ടത്. മാസ്ക് ധരിച്ചും ശാരീരിക അകലം പാലിച്ചുകൊണ്ടും സാധാരണ ജീവിതം സാദ്ധ്യമാകണം. എല്ലാ വ്യാപാര വ്യവസായ മേഖലകളുടെയും പ്രവർത്തനസമയം ദീർഘിപ്പിച്ചുകൊണ്ടോ രണ്ടോ മൂന്നോ ഷിഫ്‌റ്റ് ആക്കിക്കൊണ്ടോ ഈ മേഖലകളെ ഉത്തേജിപ്പിക്കാം. സർക്കാർ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും രണ്ട് ഷിഫ്‌റ്റ് ആക്കി പ്രവർത്തിപ്പിച്ചാൽ സാമൂഹിക അകലം പാലിക്കാൻ കഴിയും. കൊവിഡ് പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിനായി പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ സന്നദ്ധ സംഘടന അംഗങ്ങളെ പ്രവർത്തനസജ്ജമാക്കി രംഗത്തിറക്കാം. അങ്ങനെ രോഗങ്ങളോടൊപ്പം ജീവിച്ചുകൊണ്ട് രോഗചികിത്സാരംഗത്തും രോഗപ്രതിരോധ രംഗത്തും ഫലപ്രദമായ മാതൃകകൾ സൃഷ്ടിക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്.


(ലേഖകൻ കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലറാണ്)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCKDOWN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.