SignIn
Kerala Kaumudi Online
Friday, 19 April 2024 7.45 PM IST

കിഫ്ബിയുടെ പേരിൽ ചില്ലറ വിശ്വാസത്തകർച്ചകൾ

cartoon

'കിഫ്ബി'യുടെ അപഹാരമുണ്ടായാൽ നാട്ടിലെന്താണ് സംഭവിക്കുക എന്നാർക്കും ഒരെത്തും പിടിയും കിട്ടില്ല. ചിലപ്പോൾ നട്ടുച്ചയ്‌ക്ക് സൂര്യൻ അസ്തമിച്ചേക്കാം. നിയമസഭയിൽ മന്ത്രിമാർ പരസ്പരം വിശ്വാസമില്ലാത്തവരെപ്പോലെ പെരുമാറിയേക്കാം. ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ, 'കിഫ്ബീ നീ വല്ലാത്തൊരു പഹയനാണപ്പാ!' എന്നാരായാലും ചോദിച്ചു പോയെന്നിരിക്കും.

'കിഫ്ബി ബാധ' സഭയെ പിടികൂടിയ നിർണായക നേരത്ത് അങ്ങനെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിൽ റവന്യൂമന്ത്രി കെ. രാജന് വിശ്വാസത്തിന്റെ കണിക നഷ്ടപ്പെട്ടത് പോലെ തോന്നി. ചുരുങ്ങിയ നിമിഷത്തേക്ക് മാത്രമായിരുന്നെങ്കിലും അതൊരു ക്രമപ്രശ്നമാക്കിയെടുക്കാൻ തൃപ്പൂണിത്തുറ അംഗം കെ. ബാബു ഒട്ടും അമാന്തിച്ചില്ല. മന്ത്രിമാർ സംസാരിച്ചതിൽ വൈരുദ്ധ്യമൊന്നുമില്ലെന്ന് കെ.ബി. ഗണേശ്കുമാർ സർട്ടിഫൈ ചെയ്തതിനാൽ ബാബുവും കൂടുതൽ തർക്കിക്കാൻ നിന്നില്ലെന്നതാണ് കഥാന്ത്യം.

സമീപകാലത്തായി കിഫ്ബി ഉദ്യോഗസ്ഥർക്കെതിരെ സഭയിൽ പോരാടിക്കൊണ്ടിരിക്കുന്ന കെ.ബി. ഗണേശ് കുമാറിന്റെ ശ്രദ്ധ ക്ഷണിക്കൽ പ്രമേയമാണ് എല്ലാറ്റിനും കാരണമായതെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ. ഇതാരെയും മോശമാക്കാനോ വിമർശിക്കാനോ അല്ലെന്ന മുൻകൂർ ജാമ്യത്തോടെ, തന്റെ മണ്ഡലത്തിലെ റോഡ് വികസനത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയ കിഫ്ബി ഉദ്യോഗസ്ഥനെതിരെ ഗണേശ് കുമാർ ആഞ്ഞടിച്ചു. എസ്.ബി.ഐയിൽ നിന്ന് വായ്പയെടുത്ത് വീട് വയ്ക്കുന്നവരിൽ വീടിന്റെ ഡിസൈൻ ബാങ്ക് മാനേജർ അടിച്ചേല്പിക്കുമ്പോലെയാണ് കിഫ്ബി ഉദ്യോഗസ്ഥരുടെ രീതിയെന്നാണ് ഗണേശിന്റെ അഭിപ്രായം. റോഡ് വികസനത്തിന്റെ ഗുണനിലവാരമുറപ്പിക്കാനെന്ന് പറഞ്ഞ് സ്ഥലമെടുപ്പ് സർവേ നിർദ്ദേശിച്ച് കിഫ്ബിക്കാർ സ്റ്റോപ്പ് മെമ്മോ കൊടുത്തിരിക്കുകയാണത്രെ.

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് തീർത്തും പോസിറ്റീവായിരുന്നു. അംഗം ഉന്നയിച്ച വിമർശനങ്ങളും അതിനാലദ്ദേഹത്തിന് പോസിറ്റീവായി. എന്നാൽ പൊതുമരാമത്ത് വകുപ്പും കിഫ്ബിയും സർക്കാരിന്റെ അഭിമാനസ്തംഭങ്ങളാണെന്നും അവയെ രണ്ടായി ചിത്രീകരിച്ച് കുഴപ്പമാക്കാനുള്ള തത്‌പരകക്ഷികളുടെ ശ്രമം വിജയിക്കില്ലെന്നും കൂടി മന്ത്രി പറഞ്ഞുവച്ചു. കിഫ്ബി വഴിയുള്ള റോഡ് പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കൂടുതൽ സർവേയർമാരെ ലഭ്യമാക്കാൻ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് റിയാസ് മന്ത്രി പറഞ്ഞതാണ് രാജൻമന്ത്രിക്ക് ദഹിക്കാതെ പോയത്. സ്വതന്ത്രമായ സർവേ സംവിധാനം നടപ്പില്ലെന്ന് അദ്ദേഹം ഉടനിടപെട്ടു. സർവേ വകുപ്പിന് കീഴിൽ, നിലനിൽക്കുന്ന നിയമസംവിധാനമനുസരിച്ച് മുന്നോട്ട് പോകാം.

റവന്യൂമന്ത്രിയുമായി താനിക്കാര്യം സംസാരിച്ചതാണെന്ന് മന്ത്രി റിയാസ് ആദ്യമേ പറഞ്ഞിട്ടും മന്ത്രി രാജന് വല്ലാത്ത സംശയം തോന്നിയതാണ് ചിന്താക്കുഴപ്പത്തിന് കാരണം. താൻ പറഞ്ഞത് റവന്യൂമന്ത്രി മനസിലാക്കിയതിലെ കുഴപ്പമാണെന്ന് മരാമത്ത് മന്ത്രി അദ്ദേഹത്തെ സാന്ത്വനിപ്പിക്കാൻ ശ്രമിച്ചു. "പരസ്പരവിരുദ്ധമായി മന്ത്രിമാർ സംസാരിക്കുന്നത് ഓർഡറിലാണോ, സാർ?"- കെ. ബാബുവിന്റെ (തൃപ്പൂണിത്തുറ) ക്രമപ്രശ്നം. എങ്ങനെ തെറ്ര് പറയാനാകും ബാബുവിനെ? കൊവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച ഉത്തരവിൽ കടകളിൽ പോകാനും മറ്രും ചില സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കിയതാണ് പ്രതിപക്ഷത്ത് നിന്ന് കെ. ബാബുവും മറ്റും അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്. ഇതേ വിഷയത്തിൽ കഴിഞ്ഞ ദിവസത്തെ ക്രമപ്രശ്നമുൾപ്പെടെ, കൊവിഡ് കേസിൽ ഒരു ഡസൻ തവണ ഉന്നയിച്ച വിഷയമാണിതെന്നായി സ്പീക്കർ എം.ബി. രാജേഷ്. അദ്ദേഹം പ്രമേയ നോട്ടീസിന് അനുമതി നൽകിയെങ്കിലും സമയത്തിലദ്ദേഹം കാർക്കശ്യം കാട്ടി. ബാബുവിന് സംസാരിക്കാൻ അദ്ദേഹം അഞ്ച് മിനിറ്റേ കൊടുത്തുള്ളൂ. ബാബു കാര്യത്തിലേക്ക് കടക്കും മുമ്പേ മൈക്ക് ഓഫായി. ബാബുവും കൂട്ടരും കുറച്ചുനേരം ഒച്ചവച്ചിട്ടും പ്രയോജനമൊന്നുമുണ്ടായില്ല.

കാത്തുകാത്തിരുന്ന് പ്രസവിച്ചപ്പോൾ കുട്ടി ചാപിള്ളയായ അവസ്ഥയാണ് കാത്തുകാത്തിരുന്ന് ഇറങ്ങിയ ലോക്ക് ഡൗൺ ഇളവിന്റെ ഉത്തരവിറങ്ങിയപ്പോൾ ബാബുവിന് കാണാനായത്. പ്രമേയാവതാരകൻ എന്താണ് പറയാനുദ്ദേശിച്ചതെന്ന് ആർക്കും മനസിലായില്ലെന്ന് മന്ത്രി വീണ ജോർജ് അതിശയിച്ചതിൽ തെറ്റില്ല. ബാബു പറഞ്ഞു തുടങ്ങുമ്പോഴേക്കും സമയം തീർന്ന് പോയാൽ പിന്നെയങ്ങനെയല്ലേ വരൂ! ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമുറപ്പാക്കുകയാണ് പ്രഥമ പരിഗണനയെന്നാണ് മന്ത്രിയുടെ വാദം. അതിനാൽ ഉത്തരവിങ്ങനെയൊക്കെയേ നിലനിൽക്കുകയേയുള്ളൂ!

സർക്കാരിന്റെ ഉത്തരവനുസരിച്ചാണെങ്കിൽ റിവേഴ്സ് ക്വാറന്റൈനിൽ കഴിയേണ്ട അറുപത് വയസ് കഴിഞ്ഞവർക്കേ ഇനി കടയിൽ പോകാനാവൂവെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. അമ്പത് കൊല്ലം മുമ്പ് ആളുകളുടെ പേടിസ്വപ്നമായിരുന്ന ഹേഡ് കുട്ടൻപിള്ള പൊലീസ് കേരളത്തിലേക്കിപ്പോൾ തിരിച്ചെത്തിയിരിക്കുന്നതായി അദ്ദേഹം ഭയപ്പെട്ടു. വഴിയിലാരെ കണ്ടാലും പെറ്റിയടിക്കുന്ന പൊലീസിനെ ഉണ്ടാക്കിവച്ച ഈ സർക്കാർ ചരിത്രത്തിലറിയപ്പെടാൻ പോകുന്നത് പെറ്റി സർക്കാർ എന്നായിരിക്കുമെന്ന് സതീശൻ പരിതപിച്ചു. പശുവിന് പുല്ലരിയാൻ പോകുന്നവരിൽ നിന്നുപോലും രണ്ടായിരം രൂപ ഫൈനടിക്കുന്ന പൊലീസിനെയോർത്താണ് എം.കെ. മുനീർ വ്യസനിച്ചത്.

അംഗങ്ങൾക്ക് സ്വന്തമായി ബില്ലുകളോ പ്രമേയങ്ങളോ ഉണ്ടാക്കി അവതരിപ്പിക്കാനവസരം സിദ്ധിക്കുന്ന വെള്ളിയാഴ്ചകളിലെ പതിവനുസരിച്ച് ഇന്നലെ സഭ മുമ്പാകെയെത്തിയത് അഞ്ച് ബില്ലുകൾ. അന്ധവിശ്വാസ നിർമ്മാർജനം മുതൽ ടൂറിസത്തിനായി അപ്പക്സ് കൗൺസിലുണ്ടാക്കാനുള്ള ബില്ല് വരെ. ആകാശത്തിന് കീഴിലുള്ള എന്തിനെപ്പറ്റി ബില്ല് കൊണ്ടുവരാനും ആർക്കും ലൈസൻസുള്ളതിനാൽ ഇന്നലെ അവസരം വിനിയോഗിച്ച് കൃതാർത്ഥരായവർ കെ.ഡി. പ്രസേനൻ, എൻ. ഷംസുദ്ദീൻ, ടി.ജെ. വിനോദ്, എം. രാജഗോപാലൻ, ഒ.എസ്. അംബിക എന്നിവരാണ്. ഈ സമ്മേളനത്തിലെ ആദ്യ വെള്ളിയാഴ്ച പൂർത്തിയാക്കാതെ വച്ച ചില ബില്ലുകളിലും തുടർചർച്ചയുണ്ടായി. ചർച്ചകളിനിയും തുടരും, അനാദികാലത്തോളം എന്ന അശരീരി എവിടെയോ മുഴങ്ങിക്കേട്ടോ?

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIYAMASABHA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.