SignIn
Kerala Kaumudi Online
Thursday, 25 April 2024 4.13 PM IST

വിധിയോട് പൊരുതി ഒടുവിൽ ശരണ്യ കീഴടങ്ങി

aa

അകാലത്തിൽ അന്തരിച്ച അഭിനേത്രി ശരണ്യ ശശിക്ക് ആദരാഞ്ജലികൾ.

തലപ്പാവ്, ഛോട്ടാ മുംബൈ, ബോംബെ മാർച്ച് 12 തുടങ്ങിയ ഒട്ടേറെ സിനിമകളിലൂടെയും എണ്ണമറ്റ ടെലിവിഷൻ സീരിയലുകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് ഇന്നലെ അന്തരിച്ച ശരണ്യ ശശി.

വർഷങ്ങളായി കാൻസറിന് ചികിത്സയിലായിരുന്നു ശരണ്യയുടെ അന്ത്യം ഇന്നലെ തിരുവനന്തപുരത്തെ പി.ആർ.എസ് ആശുപത്രിയിലായിരുന്നു .

മേയ് 23-നാണ് ശരണ്യയെ കൊവിഡ് ബാധിച്ച നിലയിൽ ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് ആരോഗ്യനില വഷളായതോടെ വെന്റിലേറ്റർ ഐ.സിയുവിലേക്കും മാറ്റിയിരുന്നു.

ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് ജീവിതത്തിൽ ഇരുട്ട് നിറയുക, ആ ഇരുട്ടിനൊപ്പം നീണ്ട ദൂരം നടക്കേണ്ടി വരിക. തുടരെത്തുടരെ വിഷമങ്ങളെ നേരിടേണ്ടി വരിക. ആർക്കും അത്ര എളുപ്പത്തിൽ നേരിടാൻ കഴിയുന്നതല്ല, ഈ അവസ്ഥകളൊന്നും. ഒരു പുഞ്ചിരി കൊണ്ടാണ് ഓർക്കാപ്പുറത്ത് ഒരു നിമിഷം കൊണ്ട് ഇല്ലാതായ അതുവരെയുള്ള ഇരുട്ടിനെ ശരണ്യ നേരിട്ടത്. ജീവിതം തന്നെ കീഴ്‌മേൽ മറിഞ്ഞ കാലം. താരത്തിളക്കത്തിൽ നിൽക്കുന്ന സമയത്താണ് ഗുരുതരരോഗം പിടിപ്പെട്ടത്. ജീവൻ നിലനിറുത്താൻ ചികിത്സയ്ക്ക് വലിയ തുക തന്നെ വേണ്ടിയിരുന്നു. ചികിത്സയ്ക്കുള്ള പണം പോലും കണ്ടെത്താനാകാതെ ശരണ്യ ഏറെ വലഞ്ഞിരുന്നു. രോഗം തിരിച്ചറിഞ്ഞ നാൾ മുതൽ ഇന്നോളം ഉറ്റകൂട്ടുകാരിയും അമ്മയുമൊക്കെയായി നിഴൽ പോലെ കൂടെ നടന്ന ആളാണ് അഭിനേത്രിയായ സീമ ജി.നായർ. പ്രതിസന്ധികളെയെല്ലാം നടന്ന് തോൽപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങി വന്ന ശരണ്യ എല്ലാവർക്കും അഭിമാനമായിരുന്നു. പ്രചോദനമായിരുന്നു. പക്ഷേ...

ശരണ്യയ്ക്ക് സ്വന്തമായി ഒരു വീടെന്ന സ്വപ്നം പൂർത്തിയാക്കിയിട്ട് ഒരുവർഷം തികയും മുൻപേയാണ് ഈ വിടവാങ്ങൽ. കണ്ണൂർ പഴയങ്ങാടി സ്വദേശിയായ ശരണ്യ തിരുവനന്തപുരത്ത് ശ്രീകാര്യത്താണ് വീട് വച്ചത്.


2012 ൽ ഒരു സീരിയൽ സെറ്റിൽ വച്ചാണ് ശരണ്യയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ തുടങ്ങുന്നത്. അന്ന് സീമ ജി. നായരും ശരണ്യയും തമ്മിൽ പരിചയമില്ല. ഒരു ഓണത്തിന് അമ്മയും ശരണ്യയും ഷോപ്പിംഗിന് പോകാനൊരുങ്ങുമ്പോഴാണ് ശരണ്യ തലചുറ്റി വീഴുന്നതും ആശുപത്രിയിലാകുന്നതും. അവിടെ വച്ചാണ് ഇതൊരു സീരിയസ് പ്രശ്‌നം ആണെന്ന് അറിയുന്നത്. പിന്നീട് നിരവധി ടെസ്റ്റുകൾ നടത്തി. ഒടുവിൽ കാൻസറാണെന്ന് ഡോക്ടർമാർ വിധിയെഴുതി. അന്ന് കെ.ബി. ഗണേശ്‌കുമാർ സീരിയൽ താരങ്ങളുടെ സംഘടന (ആത്മ)യിലെ പ്രസിഡന്റുമാണ്. സീമയും അന്ന് ആത്മയുടെ ഭാരവാഹിയാണ്. ''ഗണേഷട്ടൻ പറഞ്ഞാണ് ശരണ്യയുടെ അസുഖത്തെ കുറിച്ചറിയുന്നത്. പിന്നീട് അവൾക്കു വേണ്ട എല്ലാ കാര്യങ്ങൾക്കും മുന്നിൽ തന്നെയുണ്ടായിരുന്നു. അന്ന് ഇത്രയും വലിയൊരു ആത്മബന്ധം ഞങ്ങൾക്കിടയിലുണ്ടാകുമെന്ന് കരുതിയിരുന്നില്ല. അതുവരെ എനിക്കും ശരണ്യയ്ക്കും തമ്മിൽ ഒരു പരിചയവുമുണ്ടായിരുന്നില്ല. ഒരേ ഇൻഡസ്ട്രിയിൽ വർക്ക് ചെയ്യുന്ന രണ്ടു പേർ, അതായിരുന്നു ആകെയുണ്ടായിരുന്ന ബന്ധം. ഞാനവളുടെ സെക്കൻഡ് മദറാണെന്നാണ് ശരണ്യ പറയുന്നത്. എനിക്കവളെന്റെ സ്വന്തം മകൾ തന്നെയാണ്. കഴിഞ്ഞജന്മത്തിലെന്തോ കണക്ഷൻ ഞങ്ങൾ തമ്മിലുണ്ടാകും. മുജ്ജന്മ ബന്ധം എന്ന് പറയാനാണ് എനിക്കിഷ്ടം." സീമ ജി. നായരുടെ വാക്കുകൾ.

ആദ്യത്തെ സർജറി കഴിഞ്ഞതോടെ എല്ലാം പഴയപോലെ ആകുമെന്ന് കരുതിയിരിക്കവെയാണ് വീണ്ടും തിരിച്ചടിയായി രോഗം സ്ഥിരീകരിച്ചത്. ഒന്നര വർഷത്തെ ഇടവേളയിൽ രണ്ടാമത്തെ സർജറിയും. അങ്ങനെയിപ്പോൾ എട്ടു വർഷത്തിനിടയിൽ പത്ത് സർജറിയാണ് നടത്തിയത്. എട്ടെണ്ണം തലയിലും രണ്ടെണ്ണം കഴുത്തിലുമായിരുന്നു. ഒരെണ്ണം കഴിഞ്ഞ് അതിന്റെ ക്ഷീണം മാറുന്നതിന് മുന്നേ തന്നെ അടുത്ത സർജറി വേണ്ടി വരും. 29 വയസിനുള്ളിൽ ഒരുപാട് അനുഭവിച്ചു. ശരണ്യയുടെ അസാധാരണ മനക്കരുത്ത് കൊണ്ട് മാത്രമായിരുന്നു തിരിച്ചുവരവ് സാദ്ധ്യമായത്. ഇനിയൊരിക്കലും ആ അസുഖം ശരണ്യയെ ബുദ്ധിമുട്ടിക്കില്ല എന്ന് തന്നെയാണ് സുഹൃത്തുക്കളെല്ലാം വിശ്വസിച്ചിരുന്നത്.
സർജറികൾ തുടരെ തുടരെ വേണ്ടി വന്നതോടെ ചികിത്സയ്ക്കുള്ള ചെലവ് കണ്ടെത്തുക എന്നത് വലിയ ബുദ്ധിമുട്ടായി മാറി. ഏഴാമത്തെ സർജറിയായപ്പോൾ കൈയിൽ പത്ത് പൈസയില്ല. ശരണ്യയുടെ അമ്മ ഗീതച്ചേച്ചി വിളിച്ച് ഇനി ചികിത്സയ്ക്ക് ഒരു പൈസയും കൈയിലില്ലെന്ന് പറഞ്ഞ് കരഞ്ഞതോടെ അറിയാവുന്ന പലരെയും വിളിച്ച് സീമ വീണ്ടും സഹായം അഭ്യർത്ഥിച്ചു. പക്ഷേ, സഹായിച്ചവരെല്ലാം മുഖം കറുപ്പിച്ചു തുടങ്ങി. കുറേ വാതിലുകൾ മുട്ടി. എല്ലാം തുറന്നതിനേക്കാൾ വേഗത്തിൽ അടഞ്ഞുവെന്നതാണ് സത്യം. ചിലയിടത്ത് നിന്ന് മനസിന് വിഷമമുണ്ടാകുന്ന തരത്തിലും മറുപടി കിട്ടി.


''അങ്ങനെയാണ് സോഷ്യൽ മീഡിയയിൽ ഈ വാർത്ത വരണമെന്ന് തീരുമാനിക്കുന്നത്. ആളുകൾ വിശ്വസിക്കണമെങ്കിൽ ശരണ്യയുടെ അപ്പോഴത്തെ അവസ്ഥ കാണിക്കേണ്ടിയിരുന്നു. പക്ഷേ അവളോട് കാര്യം പറഞ്ഞപ്പോൾ അവൾക്കത് വലിയ ഷോക്കായിരുന്നു. അവളെ വച്ച് വീഡിയോ എടുക്കാൻ പറ്റില്ലെന്നും കരച്ചിലാണെന്നും പറഞ്ഞ് ഗീതച്ചേച്ചി എന്നെ ഫോണിൽ വിളിച്ച് സങ്കടപ്പെട്ടു. അവളെ പറഞ്ഞ് മനസിലാക്കുക എന്നതല്ലാതെ ഞങ്ങൾക്ക് മറ്റൊരു വഴിയുമുണ്ടായിരുന്നില്ല. അങ്ങനെയാണ് സൂരജ് പാലക്കാരനൊപ്പം ആദ്യ വീഡിയോ ചെയ്തത്. പ്രതീക്ഷിക്കാത്ത തരത്തിൽ ആളുകളിൽ നിന്നും സഹായം ലഭിച്ചു. അക്കാലത്താണ് ഫിറോസ് കുന്നംപറമ്പിലിനെ പറ്റി ഞാനറിയുന്നത്. അങ്ങനെ അദ്ദേഹത്തോട് കാര്യം പറഞ്ഞു. ഒരു ദിവസം ഫിറോസ് ശ്രീകാര്യത്തെ അവരുടെ വാടകവീട്ടിൽ നിന്ന് ലൈവ് പോയിരുന്നു. അങ്ങനെ ചികിത്സയ്ക്ക് 25 ലക്ഷം സമാഹരിച്ചു. ആ സർജറിയും കഴിഞ്ഞു. ഓരോ തവണയും സർജറി കഴിയുമ്പോൾ അതോടെ അവൾ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നാണ് കരുതിയത്. പക്ഷേ അസുഖം പിന്നെയും അവളെ ബുദ്ധിമുട്ടിച്ചു കൊണ്ടേയിരുന്നു. ഓരോ തവണയും സർജറി കഴിഞ്ഞ് പൊയ്‌ക്കൊണ്ടിരുന്നത് വാടകവീട്ടിലായിരുന്നു. വാടക കൊടുക്കാൻ തന്നെ ഏറെ പ്രയാസമായിരുന്നു അവർക്ക്. അങ്ങനെയാണ് ശരണ്യയ്ക്ക് സ്വന്തമായി വീട് വേണ്ടേയെന്ന് ഞാൻ ഗീതചേച്ചിയോട് ചോദിക്കുന്നത്. സുഖമില്ലാത്ത മകളെയും കൊണ്ട് ആ അമ്മ കഷ്ടപ്പെടുന്നത് കണ്ടുനിൽക്കാൻ കഴിയുന്ന കാഴ്ചയായിരുന്നില്ല. പക്ഷേ ആ അമ്മ അപ്പോഴും പറഞ്ഞു കൊണ്ടിരുന്നത് വീടെന്ന ചിന്തയൊന്നും ഞങ്ങൾക്കില്ല സീമാ എന്നായിരുന്നു. പക്ഷേ അവർക്ക് സ്വന്തമായി ഒരു വീട് വേണമെന്ന് മറ്റാരെക്കാളും നിർബന്ധം എനിക്കായിരുന്നു. അവരുടെ കഷ്ടപ്പാടുകൾ നേരിട്ട് അറിയാവുന്നവർക്ക് മാത്രമേ അതൊക്കെ മനസിലാകുമായിരുന്നുള്ളൂ.'' സീമ ഓർമ്മിക്കുന്നു.

ഏഴാമത്തെ സർജറി കഴിഞ്ഞതോടെ പിന്നെയും അവസ്ഥ കൂടുതൽ മോശമായി. ചെറിയ തളർച്ചയൊക്കെയായി. വിദഗദ്ധ ചികിത്സയ്ക്ക് വേണ്ടി ശരണ്യയെ ബാംഗ്ലൂരിലേക്ക് കൊണ്ടുപോയി. അപ്പോഴും ഇനിയെന്ത് എന്ന ചിന്ത ഞങ്ങളെ വല്ലാതെ വേദനിപ്പിച്ചിരുന്നു. അവിടത്തെ ചികിത്സ കഴിഞ്ഞപ്പോഴേക്കും ഇനി ആ അസുഖം ശരണ്യയെ ബാധിക്കില്ലെന്ന് അവരുടെ ഉറപ്പ് കിട്ടിയതായിരുന്നു. പക്ഷേ വിധി വീണ്ടും അവളെ പരീക്ഷിച്ചു. സർജറി കഴിഞ്ഞ് വീട്ടിലെത്തിയതോടെ ശരണ്യയുടെ ശരീരഭാരം വല്ലാതെ കൂടി. നടക്കാനൊന്നും പറ്റാതെ തളർന്ന് കിടപ്പായി. വീണ്ടും ശ്രീചിത്രയിലേക്ക് മാറ്റി. പിന്നെയും സർജറി. അതോടെ ശരീരം ഏറെക്കുറേ തളർന്ന അവസ്ഥയിലായി. കിടപ്പിലായി എന്നു പറയാം.അന്തരീക്ഷം ഒന്നു മാറിയാൽ ചിലപ്പോൾ അവൾക്ക് മാറ്റമുണ്ടാകുമെന്ന് കരുതി എന്റെ വീട്ടിലേക്ക് കൊണ്ടു വരുന്നത്. അങ്ങനെ കഴിഞ്ഞ ജൂണിൽ തിരുവനന്തപുരത്ത് നിന്നും എറണാകുളത്ത് എത്തിച്ചു. എന്റെ സുഹൃത്ത് സാബിത്ത് ഉമ്മർ വഴിയാണ് പീസ് വാലി ഹോസ്പിറ്റലിനെ കുറിച്ച് അറിയുന്നത്. അങ്ങനെ ജൂലായിലാണ് അവളെ പീസ് വാലിയിലേക്ക് കൊണ്ടുപോകുന്നത്. എട്ടു പേർ ചേർന്നാണ് അവളെയന്ന് വണ്ടിയിൽ കയറ്റിയത്. അവിടെ ദിവസവും ആറു മണിക്കൂർ നീളുന്ന ഫിസിയോതെറാപ്പിയിലൂടെ പതിയെ പതിയെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വന്നു. ആൾക്കാർ ചേർന്ന് എടുത്തു കൊണ്ടു പോയ ശരണ്യ അതേ വീട്ടിലേക്ക് ഈ മാസം ആദ്യം തിരിച്ച് നടന്ന് വന്നുവെന്നത് വലിയ സന്തോഷമായിരുന്നുവെന്ന് സീമ പറഞ്ഞിരുന്നു. പക്ഷേ ഇപ്പോൾ വിധിയോട് പൊരുതി കീഴടങ്ങി ശരണ്യ തിരിച്ച് നടന്നിരിക്കുന്നു; മറ്റൊരു ലോകത്തേക്ക്...

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SARANYA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.