SignIn
Kerala Kaumudi Online
Friday, 29 March 2024 7.55 AM IST

ആഢംബരകാറിന്റെ അഭ്യാസപ്രകടനത്തിൽ മകൻ നഷ്ടമായ ഉമ്മ കോടതിയിൽ ; ഒളിച്ചുകളിക്കല്ലേ പൊലീസേ....

aflah-faras
അഫ്‌ലഹ് ഫറാസ്

ബി.ടെക് വിദ്യാർത്ഥി അഫ്‌ലഹ് ഫറാസ് കൊല്ലപ്പെട്ട കേസിൽ കക്ഷി ചേരാൻ മാതാവ് അപേക്ഷ നൽകി

തലശ്ശേരി: തിരക്കേറിയ റോഡിലൂടെ അമിതവേഗതയിൽ അഭ്യാസപ്രകടനം നടത്തിയ ആഢംബര കാറിടിച്ച് മരിച്ച താഴെ ചമ്പാട് സ്വദേശി അഫ്‌ലഹ് ഫറാസിന്റെ മാതാവ് കേസിൽ കക്ഷി ചേരാൻ ഹരജി നൽകി. ബിടെക് വിദ്യാർത്ഥിയായ അഫ്‌ലഹ് ഫറാസ് മരിക്കാനിടയായ സംഭവത്തിൽ പൊലീസ് കടുത്ത അലംഭാവം കാട്ടുന്നുവെന്ന് ആക്ഷേപം ഉയരുമ്പോഴാണ് കുറ്റാരോപിതന് മുൻകൂർ ജാമ്യം നൽകുന്നതിനെ എതിർത്ത് അഫ് ലഹിന്റെ മാതാവ്

സൈദാർ പള്ളി ഗുൽദസ്തയിൽ ഫാസില തായത്ത് അഡ്വ. കെ. വിശ്വൻ മുഖേന ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു. ഇതടക്കമുള്ള ഹരജികൾ ഇന്ന് കോടതി പരിഗണിക്കും.

ഇക്കഴിഞ്ഞ ജൂലായ് 19ന് രാത്രിയിൽ ജൂബിലി റോഡിലുണ്ടായ സംഭവത്തിൽ ഫാസിലയുടെ മകനും ചെന്നൈ ഭാരതിയാർ യൂണിവേഴ്സിറ്റിയിലെ ബി.ടെക് വിദ്യാർത്ഥിയുമായ താഴെചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിൽ അഫ് ലാഹ് ഫറാസ് (19) ദാരുണമായി മരിച്ചത്. അപകടം വരുത്തിയ യുവാവിനെ തൊട്ടടുത്ത ദിവസം തന്നെ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും ഉന്നത ബന്ധങ്ങളും സ്വാധീനവും സാമ്പത്തികവും ഉള്ള പ്രതിയെ പിടികൂടാൻ അന്വേഷണ ഉദ്യോഗസ്ഥൻ ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് ആക്ഷേപം. അപകടത്തിനിടയാക്കിയ കാറോടിച്ചിരുന്ന കതിരൂർ ഉക്കാസ് മെട്ടയിലെ ഒമേഴ്സിൽ റൂബിൻ ഒമർ (20) ഇപ്പോഴും ഒളിവിലാണ്. കഴിഞ്ഞദിവസമാണ് തലശ്ശേരി ജില്ലാ കോടതിയിൽ ഒമർ മുൻകൂർ ജാമ്യ ഹരജി സമർപ്പിച്ചത്. കുറ്റാരോപിതനെ ഏതുവിധേനയും രക്ഷപ്പെടുത്തിയെടുക്കാനാണ് പൊലീസിന്റെ ശ്രമമെന്നാണ് അഫ് ലഹിന്റെ കുടുംബത്തിന്റെ ആരോപണം.

കേസ് നരഹത്യയ്ക്ക് ; പ്രതി മറയത്ത്

പ്രതിഷേധം കനത്തതോടെ നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്. പക്ഷെ രണ്ടാഴ്ച കഴിഞ്ഞിട്ടും റൂബിൻ ഉമർ ഇപ്പോഴും മറയത്തുതന്നെയാണ്.റൂബിനായി വ്യാപക തിരച്ചിൽ നടത്തുന്നുണ്ട് എന്നാണ് പൊലീസ് വിശദീകരണം.

ജൂലായ് 20 ചൊവ്വാഴ്ച രാത്രി ഒൻപതരമണിയോടെയാണ് അപകടമുണ്ടായത്. ബലിപെരുന്നാൾ ആഘോഷിക്കാൻ നാല് സുഹൃത്തുക്കളോടൊപ്പം പജീറോ കാറിൽ തലശ്ശേരിയിലെത്തിയ ഉമർ കവല തോറും ഡ്രിഫ്റ്റ്,ബേൺ ഔട്ട് തുടങ്ങിയ സാഹസ പ്രകടനങ്ങൾ നടത്തിയിരുന്നു. ശരവേഗത്തിൽ നഗരം ചുറ്റിയ സംഘത്തിന്റെ പ്രകടനം ആളുകളെ ഭയപ്പെടുത്തുന്നതായിരുന്നു.ജൂബിലി ജംഗ്ഷനിലെ വളവിൽ റോംഗ് സൈഡ് കയറിയ പജീറോ ബന്ധുവീട്ടിൽ ലാപ്‌ടോപ് വാങ്ങാൻ പോയി മടങ്ങുകയായിരുന്ന അഫ്ളഹ് ഫറാസിന്റെ ബൈക്കിൽ ഇടിച്ചാണ് അപകടം. ഉടൻ തന്നെ കാറിന്റെ നമ്പർപ്ലേറ്റ് അഴിച്ചുമാറ്റി സംഘം മുങ്ങി. സി.സി ടി.വിയിൽ നിന്ന് തെളിവുകിട്ടിയിട്ടും തലശ്ശേരി പൊലീസ്‌ കേസ് ആദ്യം ഗൗരവത്തിലെടുത്തിരുന്നില്ല. ആക്ഷൻ കമ്മറ്റിയുണ്ടാക്കി നാട്ടുകാർ മുഖ്യമന്ത്രിക്കടക്കം പരാതി നൽകി പ്രതിഷേധം കടുപ്പിച്ചതോടെയാണ് നരഹത്യയ്ക്ക് കേസെടുത്തത്.

കുടുംബത്തിലെ വലിയ പ്രതീക്ഷയായിരുന്നു അവൻ. അതാണ് ഉന്നത സ്വാധീനവും പണവുമുള്ള ചിലർ ക്രൂരമായ വിനോദത്തിലുടെ കെടുത്തിക്കളഞ്ഞത്.ഇവർ രക്ഷപ്പെട്ടു കൂടാ.. പ്രതിയുടെ ജാമ്യ ഹരജി പരിഗണിയ്ക്കുമ്പോൾ, തനിക്ക് പറയാനുള്ളത് കൂടി കേൾക്കാൻ കോടതി അവസരമുണ്ടാക്കിത്തരണം-

ഫാസില തായത്ത് (ഫറാസിന്റെ മാതാവ്)

കുബേരൻമാർക്ക് വിലസാം: അരപട്ടിണിക്കാർക്ക് പെറ്റിയടി
മനുഷ്യജീവന് വില കൽപ്പിക്കാതെ, ആ ഢംബരക്കാറുകളിൽ റോഡുകളെ ഉത്സവമാക്കുമ്പോൾ കണ്ണടക്കുന്ന അധികൃതർ ജോലിയുമായി ബന്ധപ്പെട്ട് ബൈക്കിലും മറ്റും പോകുന്ന പാവങ്ങളെ ചെറിയ കുറ്റങ്ങളിൽ പോലും കടുത്ത നടപടിക്ക് വിധേയമാക്കുകയാണ്.സ്വാധീനമുണ്ടെങ്കിൽ ട്രാഫിക് നിയമങ്ങളെ കാറ്റിൽ പറത്തി ഗതാഗതക്കുരുക്കേറിയ ഇടുങ്ങിയ റോഡുകളിൽ മരണപ്പാച്ചിൽ നടത്തിയാലും പ്രശ്നമില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.