തിരുവനന്തപുരം: നിയമസഭയിൽ മാസ്ക് ധരിക്കാതെ എത്തിയ എ.എൻ. ഷംസീർ എം.എൽ.എയ്ക്ക് സ്പീക്കറുടെ താക്കീത്. ശൂന്യവേളയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് റവന്യുമന്ത്രി മറുപടി പറയുന്നതിനിടെയാണ് ഷംസീർ മാസ്ക് ധരിക്കാതെയിരിക്കുന്നത് സ്പീക്കർ എം.ബി രാജേഷിന്റെ ശ്രദ്ധയിൽപെട്ടത്. ഉടൻ സ്പീക്കർ അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകി. "എ.എൻ. ഷംസീർ മാസ്ക് തീരെ ധരിക്കാത്തതായാണ് കാണുന്നത്. ഇത് ശരിയല്ല. സഭാ നടപടികൾ വെബ് കാസ്റ്റ് ചെയ്യുന്നതാണ്. ടി.വി ചാനലുകളിലൂടെ പൊതുജനങ്ങളും ഇത് കാണും. പല അംഗങ്ങളും മുഖത്തുനിന്ന് മാറ്റി താടിയിലും മറ്റുമായാണ് മാസ്ക് ധരിച്ചിരിക്കുന്നത്. ഇത് തെറ്റായ സന്ദേശമാണ് നൽകുന്നത്". സ്പീക്കർ ഇത് പറഞ്ഞയുടൻ ഷംസീർ മാസ്ക് ധരിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |