ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ പ്രോഗ്രാം ആവിഷ്കരിക്കുമെന്ന് ചെന്നിത്തല
ഹരിപ്പാട്: ആറാട്ടുപുഴ പഞ്ചായത്തിൽ നിർമ്മിക്കുന്ന വലിയഴീക്കൽ പാലം കേന്ദ്രീകരിച്ച് പ്രത്യേക ടൂറിസം ഡെസ്റ്റിനേഷൻ പ്രോഗ്രാം ആവിഷ്കരിക്കാൻ ധാരണയായതായി രമേശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു. പാലത്തിന്റെ നിർവഹണ പുരോഗതി വിലയിരുത്താൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ നിയമസഭാ മന്ദിരത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
നാലുമണിക്കാറ്റ് അടക്കമുള്ള ടൂറിസ്റ്റ് പ്രോജക്ടുകളാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. പാലത്തിന്റെ മദ്ധ്യഭാഗത്തുള്ള ആർച്ച് സ്പാനുകളെ ബന്ധിപ്പിക്കുന്ന ജോയിന്റ് കോൺക്രീറ്റ്, പൂർത്തീകരിച്ച സ്പാനുകളുടെ ഹാൻഡ് റെയിൽ, ക്രാഷ് ബാരിയർ തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
ഹരിപ്പാട് മണ്ഡലത്തിലെ കരുവാറ്റ പഞ്ചായത്തിനെ കുട്ടനാട് മണ്ഡലത്തിലെ തകഴി പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന നെടുമുടി - കരുവാറ്റ റോഡിലെ കോരങ്കുഴി പാലത്തിന്റെ നിർമ്മാണത്തിനുള്ള ഫണ്ട് അടുത്ത ബഡ്ജറ്റിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് പി.ഡബ്ലിയു.ഡി ചീഫ് എൻജിനിയർക്ക് നിർദേശം നൽകി. ഹരിപ്പാട് മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന എൻ.എച്ച് റോഡിന്റെ പരിതാപകരമായ സാഹചര്യം രമേശ് ചെന്നിത്തല മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ഏറ്റവും നീളം കൂടിയ ബോ സ്ട്രിംഗ് ആർച്ച്
110 മീറ്റർ നീളമുള്ള ബോ സ്ട്രിംഗ് ആർച്ച് സ്പാൻ ദക്ഷണേന്ത്യയിലെ ഏറ്റവും നീളം കൂടിയ സ്പാനാണ്. ആർച്ച് സ്പാനുകളെ ഫോക്കസ് ചെയ്യുന്ന രീതിയിൽ ലൈറ്റുകൾ ക്രമീകരിക്കുന്നത് രാത്രികാലങ്ങളിൽ പാലത്തിന്റെ ദൃശ്യഭംഗി വർദ്ധിപ്പിക്കും. പാലത്തിന്റെ ഇലക്ട്രിക്കൽ ജോലികൾക്കായി മൂന്നുകോടി രൂപയുടെ പ്രത്യേക പ്രൊപ്പോസലും സമർപ്പിക്കും.
പൂർത്തിയാകാനുള്ളത്
1. വലിയഴീക്കൽ ഭാഗത്തെ അപ്രോച്ച് റോഡ് സംരക്ഷണ ഭിത്തി നിർമ്മാണം
2. പാലത്തിന്റെ ഉപരിതലത്തിലുള്ള മാസ്റ്റിക് അസഫൾട്ട്, ഹാൻഡ് റെയിൽ, ബി.സി പ്രവൃത്തികൾ
3. പെയിന്റിംഗ് വർക്കുകൾ
പാലത്തിന്റെ നീളം: 976 മീറ്റർ
''
മനോഹരമായ യാത്രാനുഭവമായിരിക്കും സഞ്ചാരികൾക്ക് പാലം സമ്മാനിക്കുക. സംസ്ഥാനത്തെ മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി വികസിപ്പിക്കുന്നതിനുള്ള എല്ലാ സാദ്ധ്യതകളുമുണ്ടിവിടെ.
രമേശ് ചെന്നിത്തല എം.എൽ.എ
''
പാലം നിർമ്മാണം 2021 സെപ്തംബറോടെ പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഊരാളുങ്കൽ സൊസൈറ്റി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |