SignIn
Kerala Kaumudi Online
Friday, 19 April 2024 8.02 PM IST

മാറുന്നു സഭയുടെ മുഖം

niyamasabha

പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം അവസാന ആഴ്ചയിലെത്തുമ്പോൾ കേരള രാഷ്ട്രീയത്തിൽ ജനാധിപത്യത്തിന്റെ പ്രസാദാത്മകത ദൃശ്യമാകുന്നുണ്ട്. ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ സക്രിയമായ സംവാദം ആരോഗ്യകരമാണ്. കൊവിഡ് മഹാമാരി കാലത്തിന്റെ പരിമിതികൾക്കിടയിൽ പൊതുസമൂഹം വീർപ്പുമുട്ടുമ്പോൾ, അഡ്രസ് ചെയ്യപ്പെടണമെന്ന് ജനങ്ങൾ ആഗ്രഹിച്ചു പോകുന്ന വിഷയങ്ങൾ സഭാതലത്തിൽ എത്തിക്കുന്നതിൽ പ്രതിപക്ഷത്തിന് സാധിച്ചിരിക്കുന്നു എന്നിടത്താണ് ജനാധിപത്യത്തിന്റെ പ്രസാദാത്മകത. പതിനഞ്ചാം കേരള നിയമസഭ ആരംഭിച്ചത് ജൂലായ് 22നായിരുന്നു. സഭ സമ്മേളിക്കുന്നത് ഈ മാസം 13 വരെ. ആകെ പതിനേഴ് ദിവസങ്ങൾ. ആദ്യം 20 ദിവസം ചേരാനിരുന്ന സമ്മേളന നടപടികൾ ഓണക്കാലം, കൊവിഡ് പ്രതിസന്ധി മുതലായ ഘടകങ്ങൾ കണക്കിലെടുത്ത് വെട്ടിച്ചുരുക്കിയതാണ്. ഇതിനിടെ, മുതലപ്പൊഴിയിലെ അശാസ്ത്രീയ ബണ്ട് നിർമ്മാണം ജീവനുകൾ അപഹരിക്കുന്ന വിഷയമുൾപ്പെടെ സഭയിൽ ചർച്ചചെയ്യപ്പെട്ട വിഷയങ്ങൾ അനവധി.

നിയമസഭാ കൈയാങ്കളിക്കേസും മറ്റും രാത്രികാലങ്ങളിലെ ചാനൽ ചർച്ചകളിലും മറ്റും വലിയ വിവാദങ്ങളായി ആഘോഷിക്കപ്പെടുന്ന കാലത്ത്, മുതലപ്പൊഴി പോലെ, സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട മത്സ്യത്തൊഴിലാളി സമൂഹത്തെ വലിയ തോതിൽ ബാധിക്കുന്ന വിഷയങ്ങൾ മുഖ്യധാരയിൽ നിന്ന് അകറ്റിനിറുത്തപ്പെടുമ്പോൾ, നിയമസഭയിൽ പ്രതിപക്ഷം അതിനെ സജീവ ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ തയാറായത് ചെറിയ കാര്യമല്ല. തിരസ്കൃത ജനതയുടെ ദുരിതങ്ങളിലേക്ക് വെളിച്ചം വീശാൻ നടത്തുന്ന ഇടപെടലുകൾ യഥാർത്ഥ ഇടതുപക്ഷരാഷ്ട്രീയം തന്നെയാണ്. പ്രതിപക്ഷത്തിന്റെ ഇരിപ്പിടം നിയമസഭയിൽ ചെയറിന് ഇടതുവശത്ത് സ്ഥാപിക്കപ്പെട്ടതിന് പിന്നിലും പ്രതിപക്ഷത്തിന്റേതാണ് യഥാർത്ഥ ഇടതുപക്ഷറോൾ എന്ന് പ്രഖ്യാപിക്കലാണ്.

വിപ്ലവത്തിന് മുമ്പ് ഫ്രാൻസിൽ രാജഭരണത്തെ എതിർത്തിരുന്നവർ രാജസഭയിൽ ഇടതുവശത്താണ് നിലയുറപ്പിച്ചത്. നിലവിലെ വ്യവസ്ഥിതിയിൽ മാറ്റം വരണമെന്ന് ചിന്തിക്കുകയും വാദിക്കുകയും ചെയ്യുന്നവരാണ് ഇടതുപക്ഷം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ആ അർത്ഥത്തിൽ, മുതലപ്പൊഴിയിലെ പാർശ്വവത്കൃതരുടെ ദുരിതാവസ്ഥയിൽ മാറ്റം കൊണ്ടുവരണമെന്ന് വാദിച്ച കേരളത്തിലെ ഇപ്പോഴത്തെ പ്രതിപക്ഷവും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും യഥാർത്ഥ ഇടതുപക്ഷത്തിന്റെ ചുമതലയാണ് നിറവേറ്റിയത്.

എന്തുകൊണ്ട് സഭ സ്തംഭിപ്പിക്കുന്നില്ല

രണ്ടാം പിണറായി മന്ത്രിസഭയിലെ രണ്ട് അംഗങ്ങൾക്കെതിരെ ചൂടുള്ള വിഷയങ്ങൾ വീണുകിട്ടിയിട്ടും പ്രതിപക്ഷം എന്തുകൊണ്ട് അതിനെ അവസരമാക്കിയെടുത്ത് മന്ത്രിമാരെ സമ്മർദ്ദത്തിലാക്കും വിധം നിയമസഭ സ്തംഭിപ്പിക്കാൻ മെനക്കെട്ടില്ലെന്ന ചോദ്യം വിമർശനരൂപേണ ഉയരുന്നുണ്ട്.

പ്രധാനമായും പ്രതിപക്ഷകക്ഷിക്ക് നേതൃത്വം കൊടുക്കുന്ന മുഖ്യപാർട്ടിയായ കോൺഗ്രസിനകത്ത് നിന്നുതന്നെയാണ് വിമർശനമുയരുന്നത്. പീഡന പരാതി ഒതുക്കിത്തീർക്കാൻ ടെലിഫോണിൽ ഇരയുടെ പിതാവിനെ വിളിച്ച മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ നാളെ ഉണ്ടാകരുതെന്ന് തലേന്ന് സെക്രട്ടേറിയറ്റ് നടയിൽ പ്രസംഗിച്ച പ്രതിപക്ഷനേതാവ് പിറ്റേന്ന് സഭയ്ക്കകത്ത് മന്ത്രിക്കെതിരായ പ്രതിഷേധം ശൂന്യവേളയിലെ വെറുമൊരു പ്രതീകാത്മക ഇറങ്ങിപ്പോക്കിൽ ഒതുക്കിയെന്നാണ് ഒരു വിമർശനം. നിയമസഭാ കൈയാങ്കളിക്കേസിൽ പ്രതിയായ മന്ത്രി വി. ശിവൻകുട്ടി, സുപ്രീംകോടതിയിലെ അദ്ദേഹത്തിന്റെ വിടുതൽഹർജി തള്ളപ്പെട്ടതോടെ ഇനി വിചാരണ നേരിടേണ്ടി വരുന്ന സാഹചര്യമുണ്ടായത് മറ്റൊരു വിഷയം. വിചാരണ നേരിടേണ്ട മന്ത്രി, മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കുകയോ അല്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കുകയോ വേണമെന്ന് പ്രതിപക്ഷം സഭയ്ക്കകത്തും പുറത്തും ഉന്നയിക്കുന്നതാണ്. മന്ത്രിക്കെതിരെ യു.ഡി.എഫ് പ്രത്യക്ഷസമരം പുറത്ത് നടത്താനിരുന്നതിന് തലേദിവസം നിയമസഭയിൽ, അദ്ദേഹത്തിനെതിരായ പ്രതിഷേധങ്ങൾക്ക് പ്രതിപക്ഷം താത്‌കാലിക സ്റ്റേ മെമ്മോ നൽകിയതാണ് കോൺഗ്രസിലെ തന്നെ പലരെയും പ്രകോപിപ്പിച്ച മറ്റൊരു വിഷയം.

എന്നാൽ, മന്ത്രി ശിവൻകുട്ടിക്കെതിരെ രണ്ട് ദിവസം ടോക്കൺ ബഹിഷ്കരണം നടത്തുക വഴി പ്രതിപക്ഷം തങ്ങളുടെ പ്രതിഷേധം കൃത്യമായി സഭയ്ക്കകത്ത് പ്രകടിപ്പിച്ചു കഴിഞ്ഞിട്ടുണ്ടെന്ന മറുവാദവുമുണ്ട്. സുപ്രീംകോടതി വിധിക്കു ശേഷം മന്ത്രി ആദ്യമായി സഭയിലെത്തിയ ദിവസവും അദ്ദേഹത്തിന്റെ ചോദ്യങ്ങൾ ബഹിഷ്കരിക്കുകയുണ്ടായി പ്രതിപക്ഷം. പക്ഷേ, സഭയൊന്നാകെ ബഹിഷ്കരിച്ച് ഓളത്തിനൊപ്പം സഞ്ചരിച്ചു നീങ്ങിയാൽ അത്, ജനങ്ങളുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തുമെന്ന് ഉയർന്ന് ചിന്തിക്കുന്ന പ്രതിപക്ഷത്തെയാണ് നാം കണ്ടത്.

നിയമസഭയിൽ അവർ മന്ത്രി ശിവൻകുട്ടിയോട് സഹകരിച്ചത്, കേരളത്തിലെ ലക്ഷോപലക്ഷം വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന സുപ്രധാന വിഷയത്തെ അഡ്രസ് ചെയ്യാനായിരുന്നു എന്നറിയുമ്പോഴാണ് അതിന്റെ പ്രസക്തി ബോദ്ധ്യമാവുക. പത്താംതരം പരീക്ഷയിൽ ഇത്തവണത്തെ വിജയം 99 ശതമാനത്തിന് മുകളിലാണ്. കേരളത്തിൽ വിജയിച്ചെത്തിയ മുഴുവൻ കുട്ടികൾക്കും ഇത്തവണ അവരാഗ്രഹിക്കുന്ന വിഷയത്തിൽ പ്ലസ് വൺ പഠനം സാധിക്കാത്ത സ്ഥിതിയുണ്ട്. അതിന് ഒരു പരിഹാരം കണ്ടെത്തി നൽകാനുള്ള ഇടപെടൽ നടത്തുകയെന്നത് പ്രതിപക്ഷത്തിന്റെ ബാദ്ധ്യതയായിരുന്നു. അപ്പോൾ അവർക്ക് സാമ്പ്രദായിക മാമൂലുകൾക്ക് അവധി കൊടുക്കേണ്ടി വന്നു. അതൊരു മഹാ അപരാധമാകുന്നേയില്ല. വളരെ പ്രധാനപ്പെട്ട ഒരു വിഷയം സഭയിൽ അഡ്രസ് ചെയ്യപ്പെട്ടിട്ടുണ്ട്. അതിന് പരിഹാരമുണ്ടാക്കാനുള്ള ശ്രദ്ധ സർക്കാരിൽ നിന്നുണ്ടാകുന്നുവെന്നിടത്തേക്ക് കാര്യങ്ങളെത്തിക്കാനായത് പോസിറ്റീവാണ്.

മറ്റൊന്ന്, ശിവൻകുട്ടിയോ ശശീന്ദ്രനോ രാജിവച്ചാലും ഇല്ലെങ്കിലും അത് ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയമല്ല, പ്രത്യേകിച്ച് കൊവിഡ് മഹാമാരിയുടെ ദുരിതങ്ങളുടെ കണക്കെടുത്ത് നോക്കുമ്പോൾ!

പ്രതിപക്ഷം മാനിക്കപ്പെടുമ്പോൾ

നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് ഇത്തവണ യു.ഡി.എഫിന് നേരിടേണ്ടി വന്നത്. കൊവിഡ് മഹാമാരിയുടെ കാലത്ത് നടന്ന തിരഞ്ഞെടുപ്പിൽ അതിന്റേതായ പരിമിതികളുണ്ടായിട്ടുണ്ടാവാം. പക്ഷേ, അതിനെക്കാൾ മഹാമാരിയുടെ വറുതിക്കിടയിൽ ജനങ്ങളുടെ ഇടയിലേക്കിറങ്ങിച്ചെല്ലാനുള്ള സോഷ്യൽ എൻജിനിയറിംഗ് വൈഭവം ഭരണകക്ഷിയായ ഇടതുമുന്നണി, പ്രത്യേകിച്ച് സി.പി.എം കാട്ടി എന്നിടത്താണ് യു.ഡി.എഫിന്റെ തിരിച്ചടിയിലേക്ക് കാര്യങ്ങളെത്തിച്ചത്. പുറമേക്ക് ഉയർന്ന വിവാദങ്ങളിലും മസാല രാഷ്ട്രീയത്തിലും അഭിരമിച്ചുനിന്ന യു.ഡി.എഫ് നേതൃത്വം യഥാർത്ഥത്തിൽ, വസ്തുതകളെ അണ്ടർ എസ്റ്റിമേറ്ര് ചെയ്തെന്ന് പറയുന്നതാകും ശരി. അവർ താഴേക്കിടയിലേക്ക് ഇറങ്ങിച്ചെന്നില്ല. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംഭവിച്ചത് പോലൊരു വിജയം താനേ വന്നുകൊള്ളുമെന്ന് അവർ നിനച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യം മറ്റൊന്നായിരുന്നെന്ന് മനസിലാക്കാൻ പാഴൂർ പടി വരെയൊന്നും പോകേണ്ടതില്ലായിരുന്നു.

ശരിക്കു പറഞ്ഞാൽ, അതിന് ശേഷം തീർത്തും അലസമായി സംഘടനാ സംവിധാനങ്ങൾ. കേരളത്തിലെ പരമ്പരാഗത രീതിയനുസരിച്ച് താനേ ഭരണത്തിലെത്തിക്കോളുമെന്ന് കോൺഗ്രസ്, മുസ്ലിംലീഗ് നേതാക്കൾ വിശ്വസിച്ചു. ഭരണം വന്ന ശേഷമുള്ള സ്വന്തം ലീലാവിലാസങ്ങളെ സ്വപ്നം കണ്ട് അവർ ഒഴുകിനടന്നു. സ്വപ്നലോകത്തിലെ ബാലഭാസ്കരന്മാർ ആയവരിൽ വലിയ നേതാക്കൾ വരെയുണ്ടായിരുന്നു.

പിണറായി വിജയനും സി.പി.എം നേതൃത്വവും മറുപക്ഷത്തെ ഈയവസ്ഥ മുൻകൂട്ടി തിരിച്ചറിഞ്ഞിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ അവർ നടത്തിയ തിരുത്തൽ പ്രക്രിയകളും സംഘടനാസംവിധാനത്തെ ചലിപ്പിക്കാൻ നടത്തിയ ഇടപെടലുകളുമൊക്കെ വലിയ ഗുണമായിട്ടുണ്ട്. മഹാമാരിക്കാലം, സാമൂഹ്യ ഇടപെടൽ വിപുലമാക്കാൻ മികച്ച അവസരമാക്കി അവർ മാറ്റിയെടുത്തു. ഫലം തുടർഭരണമായിരുന്നു!

അപ്രതീക്ഷിതമായ തിരിച്ചടിയിൽ നിന്ന് പാഠമുൾക്കൊണ്ടാണ് കോൺഗ്രസ് നേതൃത്വം സമൂലമായ അഴിച്ചുപണി നേതൃതലത്തിൽ നടത്തിയത്. കൊവിഡാനന്തര കാലം പല ശീലങ്ങളും മാറ്റേണ്ട കാലമായിരുന്നു. നമ്മുടെ രാഷ്ട്രീയശൈലിയിലും ക്രിയാത്മകമായ ചില മാറ്റങ്ങൾ ഈ കാലം ആവശ്യപ്പെടുന്നുണ്ട്. ഇക്കിളിപ്പെടുത്തുന്ന മസാല രാഷ്ട്രീയങ്ങൾക്ക് പിന്നാലെ നടന്ന് അഭിരമിക്കേണ്ട കാലമല്ല ഇത്.

അതേസമയം, നെറികേടുകളുണ്ടായാൽ തുറന്നുകാട്ടണം. പ്രതിപക്ഷം ജനങ്ങളിലേക്കിറങ്ങിച്ചെന്ന് അവരുടെ ദുരിതാവസ്ഥ മാറ്റിയെടുക്കാൻ ഇടപെടേണ്ടവരാണ്. അത്തരത്തിലുള്ള ഇടപെടൽ നടത്താൻ ഏറ്റവും അനുയോജ്യനായ നേതാവ് തന്നെയാണ് ഇപ്പോഴത്തെ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എന്നു പറയാം. അദ്ദേഹം വിഷയങ്ങളെ ഉപരിപ്ലവമായി സമീപിക്കുന്ന നേതാവല്ല.

2001ൽ ആദ്യമായി നിയമസഭാംഗമായ വി.ഡി സതീശന്റെ അന്ന് മുതലുള്ള, സഭയിലെ ഇടപെടലുകൾ പുതുതലമുറ രാഷ്ട്രീയവിദ്യാർത്ഥികൾക്ക് പാഠപുസ്തകമാണ്. ഏത് കാര്യത്തിലും വലിയ ഗൃഹപാഠം നടത്തുക അദ്ദേഹത്തിന്റെ ശീലമാണ്. നിയമസഭാ ലൈബ്രറിയുടെ സേവനം ഏറ്റവുമധികം ഉപയോഗിച്ചിട്ടുള്ള സാമാജികരുടെ പട്ടികയെടുത്താൽ, കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ ഒന്നാമത് സതീശനായിരിക്കും. അങ്ങനെയൊരു നേതാവിന്റെ ഇടപെടലുകളുടെ ഗൗരവം കുറച്ചു കാണുന്നത് ആരായാലും ആശാസ്യമായിരിക്കില്ല. നിയമസഭയിൽ വി.ഡി. സതീശന്റെ വിഷയാവതരണം ആധികാരമായിരിക്കുമെന്ന് നിയമസഭാ നടപടികൾ രണ്ട് പതിറ്റാണ്ടായി വീക്ഷിക്കുന്ന ഏത് രാഷ്ട്രീയവിദ്യാർത്ഥിക്കും ബോദ്ധ്യമാകും. ഒരു വിഷയത്തെ വെറും തിയറിറ്റിക്കലായി മാത്രം സമീപിക്കുന്ന ശീലമല്ല, മറിച്ച് പ്രായോഗികതലത്തിലെ ന്യൂനതകളും നേട്ടങ്ങളും കൂടി വിലയിരുത്തിയാവും അദ്ദേഹത്തിന്റെ ഇടപെടലുകൾ. അതിനായി, ഗുണഭോക്താക്കളെ കണ്ടെത്തി അവരുടെ അനുഭവങ്ങൾ ചോദിച്ചറിയുന്നതൊക്കെ അദ്ദേഹത്തിന്റെ ശീലമാണ്.

അദ്ദേഹം പ്രതിപക്ഷനേതാവായി എത്തിയ ശേഷമുണ്ടായ രണ്ട് നിയമസഭാ സമ്മേളനങ്ങളിലും, അദ്ദേഹം മുന്നോട്ടുവച്ച നിർദ്ദേശങ്ങളെ സർക്കാർ സ്വമനസാലേ സ്വീകരിച്ചതായി കാണാം. കൊവിഡ് കാല ദുരിതങ്ങളുടെ വ്യത്യസ്ത മാനങ്ങളിലേക്ക് വെളിച്ചം വീശുന്ന ഇടപെടലുകൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം നടത്തിയപ്പോഴാണ്, ലോക്ക് ഡൗൺ നിയന്ത്രണങ്ങളിലെ ഇളവുകളും പുതിയ കൊവിഡ് പാക്കേജുമടക്കമുള്ള ചില നടപടികൾ സർക്കാരിൽ നിന്നുണ്ടായതെന്ന് തോന്നിപ്പോകുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഭരണകക്ഷിയിൽ നിന്ന് അനാവശ്യ ഇടപെടലുകൾ അധികമുണ്ടാകാറില്ല എന്നതുതന്നെ ആ ഗൗരവത്തെ അവരുൾക്കൊള്ളുന്നുണ്ട് എന്നതിന് തെളിവാണ്.

മുതലപ്പൊഴിയിൽ മരിച്ചുവീണവരുടെ കണക്കിനെ ചൊല്ലി ഫിഷറീസ് മന്ത്രിയും വി.ഡി. സതീശനും തമ്മിലുണ്ടായ തർക്കം ശ്രദ്ധേയമായിരുന്നു. മരണം ഏതായാലും അത് വേദനാജനകമാണ്. അതിനെ പെരുപ്പിച്ച് കാട്ടുന്നതും മറ്രൊരർത്ഥത്തിൽ വേദനാജനകം തന്നെ. മന്ത്രി പൊലീസിന്റെ കണക്കുകളെ ഉദ്ധരിച്ച് പ്രതിപക്ഷം പറഞ്ഞ കൂടിയ കണക്കിനെ നിഷേധിച്ചപ്പോൾ, ഫിഷറീസ് വകുപ്പിന്റെ ആധികാരികമായ രേഖയെടുത്തുയർത്തി പ്രതിപക്ഷനേതാവ് നടത്തിയ പ്രതിരോധം മന്ത്രി പോലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അന്നത്തെ തർക്കം നമുക്ക് വ്യക്തമാക്കിത്തന്നു.

ഭരണ- പ്രതിപക്ഷ ബെഞ്ചുകൾക്കിടയിൽ ആരോഗ്യകരമായ സംവാദത്തിന് വഴി തുറക്കുന്നു എന്ന അർത്ഥത്തിൽ പതിനഞ്ചാം കേരള നിയമസഭയിലേക്കെത്തുമ്പോൾ ചില ശ്രദ്ധേയമായ മാറ്റങ്ങൾ സഭാതലത്തിൽ സംഭവിക്കുന്നുവെന്ന് പറയേണ്ടിയിരിക്കുന്നു. ജനാധിപത്യത്തിന് ആഹ്ലാദിക്കാനുള്ള ഇടം കേരള നിയമസഭയിലെങ്കിലും തുറന്നുകിട്ടുന്നു എന്നത് ചാരിതാർത്ഥ്യജനകമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIVADAVELA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.