SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.44 PM IST

എക്സൈസിൽ കയറി വെള്ളം ചേർത്ത്, തൈയും വാങ്ങി...

niyamasabha

ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് പറഞ്ഞത് തന്നെയായിരുന്നു ഇന്നലെ സഭയിലെ മിക്ക അംഗങ്ങളുടെയും അവസ്ഥ! 'എക്സൈസിൽ കയറി വെള്ളം ചേർത്ത് പഞ്ചായത്തിൽ കയറി, കൃഷിഭവനിൽ ചെന്ന് തൈയും വാങ്ങി ജലസേചനം നടത്താനൊന്നും' ആർക്കും സമയം കിട്ടിയില്ല. ഏഴ് വകുപ്പുകളുടെ ധനാഭ്യർത്ഥനകൾ ഒരുമിച്ചുവന്നാലിങ്ങനെയാണ്. എത്ര പ്രസംഗിച്ചാലും പോരാ, പോരാ എന്ന മാനസികാവസ്ഥയുള്ള സാമാജികരാണ് ഏറിയ കൂറും എന്നിരിക്കെ, ഏഴ് ധനാഭ്യർത്ഥനകൾ അവർക്ക് ചാകരയാവേണ്ടതാണ്, സമയമെന്ന വില്ലനില്ലായിരുന്നെങ്കിൽ.

എക്സൈസ്, ശുദ്ധജലവിതരണവും ശുചീകരണവും, നഗരവികസനം, കൃഷി, പഞ്ചായത്ത്, ഗ്രാമവികസനം, ജലസേചനം എന്നീ വകുപ്പുകളിന്മേലായിരുന്നു ധനാഭ്യർത്ഥന. നാല് മിനിറ്റ്, അഞ്ച് മിനിറ്റ്, എട്ട് മിനിറ്റ്, 9 മിനിറ്റ് എന്നിങ്ങനെയാണ് അനുവദിക്കപ്പെട്ട സമയം. അഞ്ച് മിനിറ്ര് കിട്ടിയ ചീഫ് വിപ്പ് ജയരാജിൽ നിന്ന് ആത്മഗതമുയർന്നത് ഈ ദൈന്യാവസ്ഥയിലായിരുന്നു!

കൃഷീവലനായ പി.ജെ. ജോസഫ് നാല് മിനിറ്റിൽ 'മണ്ണിലേക്കിറങ്ങി ശരിക്കും കൃഷി ചെയ്തു'. മണ്ണിന്റെ പി.എച്ച് മൂല്യം കൂട്ടിയാലേ കാർഷികോല്പാദനം വർദ്ധിപ്പിക്കാനാവൂ എന്നദ്ദേഹം ഉപദേശിച്ചു. അന്നം തരുന്നവനെന്നും രാജ്യസേവകനെന്നും പ്രകൃതിസംരക്ഷകനെന്നുമൊക്കെ കർഷകനെ വിളിക്കുമെങ്കിലും അവനോട് അവഗണനയാണെന്ന് മാത്യു കുഴൽനാടൻ പരിതപിച്ചു. ഒളിമ്പിക്സിൽ സ്വർണം നേടിയ നീരജ് ചോപ്ര കർഷകന്റെ പുത്രനാണെന്ന് ഓർമ്മിപ്പിച്ച് കൃഷിയുടെ മഹത്വത്തിലേക്ക് കടക്കാനാണ് പി.എസ്. സുപാൽ ശ്രമിച്ചത്. കർഷകവിരുദ്ധനയങ്ങളുടെ പേരിൽ കോൺഗ്രസിനെ കുറ്റം പറയാനും ശ്രദ്ധിച്ചു.

മുൻ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ അനുഭവത്തിൽ, നാട്ടിൽ മദ്യത്തിന്റെ ഉപഭോഗം കുറഞ്ഞിരിക്കുന്നു.

ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷിക്കാനൊരുങ്ങുന്ന ഇടതു സർക്കാർ പഞ്ചായത്തുകളുടെ കവർന്നെടുത്ത അധികാരങ്ങൾ തിരിച്ചുനൽകണമെന്ന് പ്രൊഫ. ആബിദ്ഹുസൈൻ തങ്ങൾ അഭ്യർത്ഥിച്ചു. തങ്ങളുടെ ആവശ്യത്തിൽ അദ്ഭുതപരതന്ത്രനായത് മുൻ കോഴിക്കോട് മേയർ കൂടിയായ തോട്ടത്തിൽ രവീന്ദ്രനാണ്. ഇവിടത്തെ തദ്ദേശഭരണസ്ഥാപനങ്ങളുടെ ഭരണസമിതികൾക്ക് അധികാരം പൂർണമായി വിട്ടുകൊടുത്തത് പോലെ മറ്റെവിടെയെങ്കിലുമുണ്ടോ എന്നാണദ്ദേഹത്തിന്റെ ചോദ്യം.

ഏഴ് വകുപ്പുകളും മൂന്ന് മന്ത്രിമാരും തോമസ് കെ. തോമസിനെ കുറച്ചൊന്നുമല്ല ആഹ്ലാദിപ്പിച്ചത്. ഓരോ മന്ത്രിയും ഒന്നിനൊന്ന് മെച്ചമാണ് അദ്ദേഹത്തിന്റെ കണക്കിൽ. ഏത്തവാഴയുടെ ചുവട്ടിൽ പാളയംകോടൻ ഉണ്ടാകില്ലെന്ന് അദ്ദേഹം തീർത്തുപറഞ്ഞു. അതായത്, പിണറായിമന്ത്രിസഭയിൽ എല്ലാം പിണറായി സമന്മാരാണത്രെ.

'ടോട്ടോചാൻ- ദ ലിറ്റിൽ ഗേൾ അറ്റ് ദ വിൻഡ' കഥയിലെ ടോട്ടോചാനെപ്പോലെ സഭയ്ക്കകത്തെ മാസ്കിടാത്ത വികൃതിക്കുട്ടിയെ സ്പീക്കർ കൈയോടെ പിടികൂടി ഉപദേശിച്ചു. "ബഹുമാനപ്പെട്ട എ.എൻ. ഷംസീർ, അങ്ങ് മാസ്ക് തീരേ ഉപേക്ഷിച്ചതായാണ് കാണുന്നത്." ശാസന തീർന്നപ്പോഴാണ്, പലരും മാസ്ക് താടിക്ക് താഴേക്ക് താഴ്ത്തിവച്ചതായി സ്പീക്കർ ശ്രദ്ധിച്ചത്. അവരെയും കൈയോടെ ശാസിച്ചു.

പുത്തുമല, കവളപ്പാറ, പെട്ടിമുടി ദുരന്തങ്ങൾക്കിരയായവരുടെ നഷ്ടപരിഹാരം വൈകുന്നതായിരുന്നു ശൂന്യവേളയിൽ ടി. സിദ്ദിഖും മറ്റും അടിയന്തരപ്രമേയമായി കൊണ്ടുവന്നത്. മൂക്ക് താഴേക്ക് നീണ്ട മൂന്നരക്കോടി മലയാളികളെ അന്യസംസ്ഥാനങ്ങളിലേക്ക് പിച്ചതെണ്ടാൻ വിട്ടിട്ടില്ലെന്നൊക്കെ റവന്യുമന്ത്രി കെ. രാജൻ ആവേശഭരിതനായെങ്കിലും, ദുരന്തസ്ഥലത്തെ മണ്ണ് പോലും ഇതുവരെ നീക്കാതെ പിച്ചതെണ്ടാൻ വിട്ടില്ലെന്നൊക്കെ പറഞ്ഞിട്ട് കാര്യവുമുണ്ടോയെന്ന് ചോദിച്ച് പ്രതിപക്ഷനേതാവ് ഇറങ്ങിപ്പോക്ക് പ്രഖ്യാപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIYAMASABHA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.